Current Date

Search
Close this search box.
Search
Close this search box.

സഫര്‍ മഹ്മൂദ്മാരെയാണ്‌ നമുക്ക് വേണ്ടത്

മുസ്‌ലിംകളെ അനുനയിപ്പിക്കാനും കൂടെ നിര്‍ത്താനും ബി ജെ പി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സകാത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. സയ്യിദ് സഫര്‍ മഹ്മൂദ് സ്വീകരിച്ച സമീപനം ധീരവും ശ്രദ്ധേയവുമത്രെ. സച്ചാര്‍ കമ്മറ്റി സ്‌പെഷല്‍ ഓഫീസറായിരുന്ന അദ്ദേഹം, നരേന്ദ്ര മോഡി സ്വീകരിച്ച അന്യായവും അനീതിപരവുമായ മുസ്‌ലിം വിരുദ്ധ സമീപനം ഒന്നൊന്നായി തുറന്നു കാണിച്ചു. പവ്വര്‍ പോയന്റ് പ്രസന്റേഷനിലൂടെ ഗുജറാത്ത് കലാപത്തിന്റെ ഇരകള്‍ അനുഭവിക്കുന്ന നരകതുല്യമായ അവസ്ഥ വിശദീകരിച്ചു. മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ ഉള്‍പ്പടെ സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാത്തതും വികസനകാര്യത്തില്‍ മുസ്‌ലിം പ്രദേശങ്ങളെ അവഗണിച്ചതും ഉദാഹരണ സഹിതം എടുത്തു കാണിച്ചു. സഫര്‍ മഹ്മൂദ് ഇതെല്ലാം തുറന്നു കാണിച്ചത് മോഡിയുടെ സാന്നിദ്ധ്യത്തിലാണ്. ബി ജെ പി വെബ്‌സൈറ്റിലെ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ ഉദ്ധരിച്ച് എന്തു കൊണ്ട് മുസ്‌ലിംകള്‍ മോഡിയെയും ഭാരതീ ജനത പാര്‍ട്ടിയെയും വെറുക്കുന്നുവെന്ന് വ്യക്തമാക്കി. ഇതൊക്കെ തിരുത്താതെ മോഡിയോടും ബി ജെ പിയോടുമുള്ള സമീപനം മാറ്റാനാവില്ലെന്ന് തറപ്പിച്ചു പറയുകയും ചെയ്തു.

ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഡോ. സഫര്‍ മഹ്മൂദ് സ്വീകരിച്ച സമീപനം പ്രശംസനീയവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്. അക്രമിയായ അധികാരിയുടെ മുമ്പില്‍ സത്യം തുറന്നു പറയലാണ് ഏറ്റവും ശ്രേഷ്ഠമായ ജിഹാദ് എന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. അക്രമമര്‍ദ്ദനങ്ങള്‍ക്കും അനീതിക്കും നേരെ മൗനം പാലിക്കുന്നവര്‍  ഊമയായ പിശാചുക്കളാണെന്ന് പറഞ്ഞിട്ടുമുണ്ട്. അക്രമം അരങ്ങേറുന്നത് കാണുകയും മര്‍ദ്ദിതരുടെ രോദനം കേള്‍ക്കുകയും ചെയ്യുമ്പോള്‍, അക്രമത്തെ പ്രതിരോധിക്കാനും മര്‍ദ്ദിതരെ തുണക്കാനും ആരെയും കാണുന്നില്ലെങ്കില്‍ അതിനര്‍ത്ഥം ഇസ്‌ലാമിക സമൂഹം അവിടെ നിലനില്‍ക്കുന്നില്ലെന്നതാണ് എന്ന് ശഹീദ് സയ്യിദ് ഖുത്വുബ് എഴുതുന്നു.

നമ്മുടെതു പോലുള്ള ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധത്തിന്റെ നേരിയ ഇലയനക്കമെങ്കിലുമില്ലാതെ അക്രമവും അനീതിയും നടക്കുകയില്ലെന്ന് ഉറപ്പുവരുത്താന്‍ നമുക്ക് സാധിക്കണം. നിശ്ശബ്ദ ഭൂരിപക്ഷത്തിന്റെ മൗനമാണ് അക്രമികള്‍ക്ക് സൈ്വരവിഹാരത്തിന് അവസരമൊരുക്കുന്നത്. അതിനറുതി വരുത്താന്‍ സഫര്‍ മഹ്മൂദിനെപ്പോലുളളവര്‍ ധാരാളമായി രംഗത്ത് വരേണ്ടിയിരിക്കുന്നു. പൈശാചികമായ മൗനം ഭഞ്ജിക്കപ്പെടുക തന്നെ വേണം.

Related Articles