Current Date

Search
Close this search box.
Search
Close this search box.

വഴിതെറ്റിക്കുന്ന പരസ്യങ്ങളുടെ ലോകത്ത്

‘എന്റെ ടീച്ചര്‍ പറഞ്ഞല്ലോ പെപ്‌സിയില്‍ വിഷമാണെന്ന്. പിന്നെ നിങ്ങളെന്തിനാണ് അതിന്റെ പരസ്യത്തില്‍ അഭിനയിക്കുന്നത്?’ നിഷ്‌കളങ്കമായ ഒരു കൊച്ചു കുട്ടിയുടെ ചോദ്യം. ജയ്പൂരില്‍ ഒരു ചടങ്ങില്‍ ഈ ചോദ്യത്തെ അഭിമുഖീകരിച്ച മെഗാസ്റ്റാര്‍ അമിതാഭ് ബച്ചനെ അത് സ്വാധീനിച്ചു. താന്‍ ഇനിമുതല്‍ പെപ്‌സി കമ്പനിയുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് പരസ്യമായി തന്നെ പ്രഖ്യാപിച്ചു. അതിലൂടെ കോടിക്കണക്കിന് രൂപ വേണ്ടെന്ന് വെച്ചു. അദ്ദേഹം പരസ്യം സംബന്ധിച്ച തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു ; പുകയിലയും മദ്യവും ഉപയോഗിക്കാത്തതിനാല്‍ ഞാന്‍ അവയുടെ പരസ്യത്തില്‍ അഭിനയിക്കാറില്ല. ഒരു ഉല്‍പന്നത്തിന്റെ പരസ്യത്തില്‍ സഹായിക്കുമ്പോള്‍ മറ്റുള്ളവരുടെ ജീവിതത്തെ അത് ബാധിക്കില്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.’

അമിതാഭ് ബച്ചന്റെ ഈ നിലപാട് ഏറെ സ്വാഗതാര്‍ഹവും പ്രശംസനീയവുമാണ്. ഒരു നല്ല മാതൃകയും. പരസ്യം നിത്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരിക്കുന്ന ഇന്ന് നാം അതിനെ കുറിച്ച് ബോധവാന്‍മാരായിരിക്കേണ്ടതുണ്ട്. നമ്മുടെ അനുവാദം പോലും ചോദിക്കാതെ കടന്നു വരുന്ന അവ നമ്മുടെ ജീവിതത്തിലേക്ക് നുഴഞ്ഞു കയറാനാണ് ശ്രമിക്കുന്നത്. മനസ്സില്‍ മോഹങ്ങള്‍ വളര്‍ത്തി മനുഷ്യനെ പുതിയ പുതിയ ആവശ്യങ്ങളുടെ അടിമയാക്കി മാറ്റുകയാണ് അവ ചെയ്യുന്നത്. പരസ്യങ്ങളില്‍ തെളിയുന്ന ഉല്‍പന്നങ്ങള്‍ അവശ്യ വസ്തുക്കളുടെ സ്ഥാനം കയ്യടക്കുകയാണ് ചെയ്യുന്നത്.

പരസ്യങ്ങള്‍ നിരുപദ്രവകരമാണെന്ന ധാരണ തെറ്റാണെന്നു മാത്രമല്ല, അത്യധികം അപകടകരം കൂടിയാണ്. അവ നമ്മുടെ വ്യക്തി ജീവിതത്തെ തീര്‍ത്തും അന്യവത്കരിക്കുന്നു. ചിന്തയെ കെടുത്തുന്നു. പാരമ്പര്യങ്ങളില്‍ നിന്ന് നമ്മെ പിഴുതെടുക്കുന്നു. ജീവിതത്തിന്റെ സകല മേഖലകളിലും നുഴഞ്ഞു കയറി ഇടപെടുന്നു. നാം എന്ത് തിന്നണം, എങ്ങനെ തിന്നണം, എന്ത് ധരിക്കണം, തലയിലെന്ത് തേക്കണം, മുഖമെങ്ങനെ വൃത്തിയാക്കണം, ചിരിയും നോട്ടവും വരെ എങ്ങനെയായിരിക്കണമെന്നു തീരുമാനിക്കുന്നത് പരസ്യങ്ങളാണ്. നമ്മുടെ ആഗ്രഹങ്ങളെയും ഇച്ഛകളെയും നിയന്ത്രിക്കുന്നത് അവയാണ്. പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന അമിതാഭ് ബച്ചനടക്കമുള്ള ഇമേജുകളാണ് ഇന്ന് പലരുടെയും മാതൃകാ പുരുഷന്‍മാര്‍. കൃത്രിമവും വ്യാജവുമായ പരിവേഷങ്ങള്‍ സൃഷ്ടിച്ച് നമ്മെ നിത്യനാശത്തിലേക്ക് എത്തിക്കുന്ന ഉല്‍പന്നങ്ങള്‍ പോലും നമ്മെ കൊണ്ട് വാങ്ങിപ്പിക്കാന്‍ പരസ്യങ്ങള്‍ക്ക് സാധിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഉല്‍പന്നങ്ങള്‍ നമ്മെ സേവിക്കുകയല്ല; നാം അവയെ സേവിക്കുകയാണ് ചെയ്യുന്നത്. അവ നമ്മുടെ അടിമകളാകുന്നതിന് പകരം നാം അവയുടെ അടിമകളായി മാറുന്നു.

പരസ്യങ്ങളില്‍ മനുഷ്യന്റെ പ്രാഥമികാവശ്യങ്ങള്‍ക്ക് ഒരിക്കലും പരിഗണന ലഭിക്കാറില്ല. ആര്‍ഭാട ജീവിതത്തിനാവശ്യമായ ആഡംബര വസ്തുക്കളാണ് അവയില്‍ സ്ഥാനം പിടിക്കാറുള്ളത്. അവയൊക്കെ അനിവാര്യമാണെന്ന ധാരണ സൃഷ്ടിച്ച് അവ കൈവശപ്പെടുത്താന്‍ കഴിയാതിരിക്കുന്നത് വലിയ ന്യൂനതയാണെന്ന തോന്നലുണ്ടാക്കുകയാണ് അവ ചെയ്യുന്നത്. അതിന്റെ ഇരകളാണ് സമൂഹത്തിലെ ഏറെപേരും. വ്യവസായ ലോകത്തിന്റെ വിപണ തന്ത്രം തിരിച്ചറിഞ്ഞ് പരസ്യങ്ങളുടെ പ്രലോഭനങ്ങളില്‍ പെടാതിരിക്കാന്‍ നിതാന്ത ജാഗ്രത അനിവാര്യമാണ്. സ്വന്തം ജീവിതത്തിന്റെ മേലുള്ള നിയന്ത്രണം പരസ്യക്കമ്പനികള്‍ക്ക് വിട്ടുകൊടുക്കാതിരിക്കാനുള്ള ഇച്ഛാശക്തിയാണ് നമുക്കിന്നാവശ്യം. ഒഴുകി കൊണ്ടിരിക്കുന്ന വെള്ളത്തില്‍ ശവം കൊണ്ടിട്ടാലും കീഴ്‌പ്പോട്ട് ഒഴുകും. ഒഴുക്കിനെതിരെ നീന്താന്‍ ജീവന്‍ വേണം. കരിയിലകള്‍ കൊച്ചു കാറ്റിലും പാറിപ്പറക്കും. ജീവനുള്ള സസ്യത്തിന്റെ ഇലകളേ കൊടുങ്കാറ്റിലും ഉറച്ചു നില്‍ക്കുകയുള്ളൂ. അതിനാല്‍ പരസ്യങ്ങളുടെ പ്രളയത്തില്‍ മുങ്ങി വ്യക്തിത്വവും അസ്തിത്വവും നഷ്ടപ്പെടാതിരിക്കാന്‍ നമ്മള്‍ കരുത്ത് നേടണം.

Related Articles