Current Date

Search
Close this search box.
Search
Close this search box.

ലോകം വളര്‍ന്നില്ലായിരുന്നേല്‍ ഞങ്ങളേറെ വളരുമായിരുന്നു എന്നാണോ..?

കഴിഞ്ഞുതീര്‍ന്ന ആഴ്ചയില്‍ വായനയെക്കുറിച്ച
ശക്തമായ ആലോചനകളായിരുന്നു സോഷ്യല്‍ മീഡിയകളില്‍ നടന്നത്.

വായന കുറഞ്ഞ് കുറഞ്ഞ് അത് നമ്മില്‍ നിന്നടര്‍ന്ന് പോകുന്നുണ്ടോ
എന്ന ചര്‍ച്ചകളാല്‍ സജീവമായിരുന്നു ഇ ലോകം….

ടെലിവിഷനും കമ്പ്യൂട്ടറും ഫേസ്ബുക്കുമൊക്കെ
വായനയുടെ ശവസംസ്‌കാരത്തിന് ആദരവെടി പൊട്ടിക്കുന്ന ടൂള്‍സ് ആയി
പരിണാമം ചെയ്യുന്നുണ്ടെന്ന് പലരും പറയാറുണ്ട്..

ഇതൊക്കെ ഉള്ളത് കൊണ്ട് വായന പറ്റേ കുറഞ്ഞൂട്ടോ എന്ന പഴയകാല വീരസ്യങ്ങളില്‍ മതിമറക്കുന്ന ചിലര്‍ അക്കാര്യം
പേര്‍ത്തും പേര്‍ത്തും നമ്മോട് പങ്കുവെക്കാറും ഉണ്ട്…

അങ്ങനെ കാര്യങ്ങളെ വായിക്കുന്നവര്‍
ലോകം ഇങ്ങനെ വളര്‍ന്നില്ലായിരുന്നെങ്കില്‍
ഞങ്ങളൊക്കെ എന്ത്മാത്രം വളരുമായിരുന്നു എന്ന ഉഡായ്പില്‍ വിശ്വസിക്കുന്നവരാണെന്ന് പറയുന്നു കെ ഇ എന്‍ …
സ്വന്തം ആലസ്യത്തെ, മടിയെ ആദര്‍ശവല്‍കരിക്കുകയാണര്‍ ..
മടി ഒരു എക്‌സ്‌ക്യൂസായി മാറുമ്പോഴാണ് വായനയുടെ മറവില്‍ ടെലിവിഷനേയും മറ്റും ചീത്തവിളിക്കല്‍ ഒരു പതിവായി മാറുന്നതെന്നും കെ ഇ എന്‍ പറയുന്നു…

ശരിക്കും ഓരോ കണ്ടുപിടുത്തവും നമുക്കൊട്ടേറെ സമയം തരികയല്ലേ ചെയ്യുന്നത്….

********************************************************************************

ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ ഏതെന്ന് ചോദിച്ചാല്‍
എണ്ണിപ്പറയാന്‍ നമുക്കെത്രായിരം പുസ്തകങ്ങളുണ്ട് മനസ്സില്‍ …..

ബാബുഭരദ്വാജ് പക്ഷെ
 നമ്മളാരും ഒരിക്കലും പറയാന്‍ സാധ്യതയില്ലാത്ത
 രണ്ട് പുസ്തകങ്ങളെ പറ്റി പറയുന്നു…

 റെയില്‍വേ ടൈം ടേബിളും ഫോണ്‍ ഡയറക്ടറിയും

എത്ര വായിച്ചാലും തീരാത്ത കൃതികളാണിത് രണ്ടും
എന്ന് പറയുന്നു അദ്ദേഹം റെയില്‍വേ ടൈംടേബിള്‍ എന്ന പുസ്തകത്തില്‍ …

‘ടെലഫോണ്‍ ഡയറക്ടറിയില്‍ ഉള്ളത്ര കഥാപാത്രങ്ങള്‍
 വേറൊന്നിലും കാണില്ല…
 റെയില്‍വേ ടൈംടേബിളില്‍ ഉള്ളത്ര വഴികളും കാലവും സഞ്ചാരങ്ങളും കര്‍മങ്ങളും മറ്റൊന്നിലുമില്ല…
ഇവ രണ്ടിലുമുള്ളത്ര സംഖ്യകള്‍ ഒരു എഞ്ചുവടിയിലും കാണില്ല…
നിങ്ങള്‍ക്ക് സ്ഥലനാമങ്ങള്‍ കൊണ്ട് കളിക്കാം..
മനുഷ്യനാമങ്ങള്‍ കൊണ്ട് കളിക്കാം… ലോകത്ത് ഇത്രപ്പോരം മനുഷ്യരോ ഇത്രപ്പോരം സ്ഥലങ്ങളോ എന്ന് അല്‍ഭുതം കൂറാം..’

*************************************************************************

നമ്മുടെ വായനകളിലും നിറയെ മതില്‍ വേലികളാണ്…..
മുന്‍വിധികളുടെ രണ്ടാള്‍ പൊക്കമുള്ള മതില്‍ തീര്‍ത്താണ്
നമ്മള്‍ വായിക്കാന്‍ തുടങ്ങുന്നത് തന്നെ….

എത്രയോ മതിലുകള്‍ ഇനിയും ഇടിയാനുണ്ട് എന്ന് പറയുന്നു ഇബ്രാഹീം ബേവിഞ്ച..

പലരും പറയാന്‍ മടിക്കുന്ന കാര്യങ്ങളെ
വളച്ച് കെട്ടില്ലാതെ പറയുന്നു എന്നിടത്താണ്
ബേവിഞ്ച തന്റേതായ ഇടം തീര്‍ക്കുന്നത്…
 
ഇബ്രാഹീം ബേവിഞ്ചയുടെ മതിലുകള്‍ ഇനിയും ഇടിയാനുണ്ട് എന്ന പുസ്തകത്തിലെ വരികളാണ് താഴെ..

‘പൊതു കൃതികള്‍., പൊതുവായന, പൊതു പ്രസിദ്ധീകരണങ്ങള്‍ എന്നൊക്കെ പറയുന്നതിന്റെഅര്‍ഥം എനിക്ക് മനസ്സിലായിട്ടില്ല..

സുകുമാര്‍ അഴീക്കോട് മാഷിന്റെ തത്വമസി പൊതുവായനക്കുള്ളതും
 ഇവി അബ്ദുവിന്റെ ഖുര്‍ആനിക സൗന്ദര്യശാസ്ത്രത്തെക്കുറിച്ചുള്ള പഠനങ്ങള്‍ മതവായനക്കുള്ളതുമാകുന്നതെങ്ങനെ…?
ശ്രീനാരായണ ഗുരുവിനെ കുറിച്ച് എം കെ സാനുമാഷ് എഴുതിയാല്‍ അത് പൊതുവായനക്കുള്ളതും മുഹമ്മദ് കണ്ണ്, വക്കം മൗലവിയെകുറിച്ച് എഴുതിയാല്‍ അത് മതവായനക്കുള്ളതുമാകുന്നതെങ്ങനെ.?… മതിലുകള്‍ ഇനിയും ഇടിയാനുണ്ട്.. ‘

Related Articles