Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിംകള്‍ക്കെതിരെ വെറുപ്പ് വളര്‍ത്തുന്നവര്‍

 

വെറുപ്പ് ഏറ്റവും ശക്തമായ രാഷ്ട്രീയ ഉപകരണമാണ്. ഭരണകൂടം തന്നെ അതുല്‍പാദിപ്പിക്കുന്നു. അത് പൊതു സമൂഹത്തില്‍ കുത്തിക്കയറ്റുന്നു. മാധ്യമങ്ങളും അതു തന്നെ ചെയ്യുന്നു. ഇന്ത്യയില്‍ വെറുപ്പ് ഏറ്റവും കൂടുതല്‍ വളര്‍ത്തപ്പെടുന്നത് മുസ്‌ലിംകള്‍ക്കെതിരെയാണ്. ഈ വസ്തുതയെ തെളിവുകളുടെ പിന്‍ബലത്തോടെ വിശകലനം ചെയ്യുന്ന പ്രൗഢമായ രണ്ടു പഠനങ്ങള്‍ പച്ചക്കുതിരയുടെ പുതിയ ലക്കം പ്രസിദ്ധീകരിച്ചിട്ടുണ്ട്.(2013 ജൂലൈ)

ജീവന്‍ ജോബ് തോമസിന്റെ ലേഖനത്തിന്റെ ആദ്യഭാഗത്ത് വിശദീകരിക്കുന്നത് കുറ്റകൃത്യങ്ങളില്‍ കൂടുതല്‍ മുസ്‌ലിംകളാണെന്ന പൊതു ബോധം വളര്‍ത്തുന്നതില്‍ ജാതീയതയും അധികാര കേന്ദ്രങ്ങളും മാധ്യമങ്ങളും വഹിച്ച പങ്കിനെ സംബന്ധിച്ചാണ്. മഹാഭാരത കാലം മുതല്‍ക്കു തന്നെ ഇവിടെ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ വിധിക്കാറുള്ളത് കുറ്റത്തിന്റെ അടിസ്ഥാനത്തിലല്ല ; മറിച്ച് ചെയ്തത് ആരെന്ന് നോക്കിയാണെന്ന് ദുര്യോദനന്റെയും യുധിഷ്ഠിരന്റെയും അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ലേഖകന്‍ സമര്‍ത്ഥിക്കുന്നു. സത്യസന്ധനായി വിധി നടത്തിയ ദുര്യോധനന്‍ ക്രൂര കഥാപാത്രവും പരാജിതനുമായി. ജാതീയതയുടെ അടിസ്ഥാനത്തില്‍ വിധി നടത്തിയ യുധിഷ്ഠിരന്‍ നല്ലവനും ജേതാവുമായി. ഇതേ സമീപനമാണ് ഇന്നും ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്നും അതിനാലാണ് ജയിലിലെ കുറ്റവാളികള്‍ കൂടുതലും മുസ്‌ലിംകളായതെന്നും ജോബ് തോമസ് സമര്‍ത്ഥിക്കുന്നു. 2012 ഡിസംബറില്‍ ‘ഇന്ത്യ ടുഡേ’ നടത്തിയ പഠനത്തിലെ വസ്തുത അദ്ദേഹം ഉദ്ധരിക്കുന്നു. ‘നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കുന്ന ഒരു മുസ്‌ലിമാണെങ്കില്‍ ജയിലില്‍ അകപ്പെടാനുള്ള സാധ്യത മറ്റുള്ള ഏതു സമുദായത്തില്‍ ജീവിക്കുന്നവരേക്കാള്‍ ഇരട്ടിയാണ്’.

ലേഖകന്‍ തുടര്‍ന്നെഴുതുന്നു. ‘കമല്‍ ഹാസനും എ പി ജെ അബ്ദുല്‍ കലാമും ഷാറൂഖ് ഖാനും അമേരിക്കന്‍ സുരക്ഷാ സംവിധാനത്തില്‍ തട്ടി മറിഞ്ഞു വീണത് തീവ്രവദിയാണെന്ന ഭയത്താലാണെങ്കില്‍ നമ്മുടെ സമൂഹത്തില്‍ ആഗോള മിത്തിനേക്കാള്‍ ഭീകരമായ മിത്തുകള്‍ നിലനില്‍ക്കുന്നുണ്ട്’. അതിന് സ്വന്തം അനുഭവം തെളിവായി ഉദ്ധരിക്കുകയും ചെയ്യുന്നു.

അബ്ദുന്നാസര്‍ മഅ്ദനിയുമായി പിണറായി വിജയന്‍ വേദി പങ്കിട്ടത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് വോട്ടു കുറയാന്‍ കാരണമായെന്ന പൊതു ബോധവും അത് സി പി എമ്മിനെ പോലും സ്വാധീനിച്ചതും മുസ്‌ലിം വിരുദ്ധ മനോഭാവത്തിന്റെ പ്രതിഫലനമാണ്.

ദാവൂദ് ഇബ്രാഹിം, ഛോട്ടാ ശക്കീല്‍ എന്നിവരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച ശ്രീശാന്തിനെതിരെ ‘മക്കോക്ക’ പ്രയോഗിച്ച് ജയിലിലിട്ടപ്പോള്‍ കേരളീയ പൊതുബോധം അതിനെ നിരാകരിച്ചു. ശ്രീശാന്തിനു പകരം ഇര്‍ഫാന്‍ പത്താനോ സഹീര്‍ ഖാനോ ആയിരുന്നെങ്കില്‍ കേരളീയ പൊതുബോധത്തിന്റെ തീര്‍പ്പ് എന്താകുമായിരുന്നുവെന്ന വളരെ പ്രസക്തമായ ചോദ്യം ജോബ് തോമസ് ഉയര്‍ത്തുന്നു.

‘അബ്ദുന്നാസര്‍ മഅ്ദനിക്ക് എന്തുകൊണ്ടാണ് സാധാരണ ഒരു പൗരന് ലഭിക്കേണ്ട നീതി പോലും ലഭിക്കാത്തത്? ഒരിക്കല്‍ അനുഭവിച്ച നീതി നിഷേധം ലോകം മുഴുവന്‍ തിരിച്ചറിഞ്ഞ് ചര്‍ച്ചകള്‍ക്ക് വിധേയമായിട്ടുകൂടി രണ്ടാമതും അതേ അനുഭവത്തിലൂടെ അയാള്‍ കടന്നു പോകേണ്ടി വരുന്നത് എന്തു കൊണ്ട്?’  ലേഖകന്‍ ഉയര്‍ത്തുന്ന ഈ ചോദ്യത്തിന് അദ്ദേഹം തന്നെ മറുപടി നല്‍കുന്നു. ഭരണകൂടവും മാധ്യമങ്ങളും ജാതീയതയും വളര്‍ത്തിയ വെറുപ്പും മുന്‍വിധിയും.

Related Articles