Current Date

Search
Close this search box.
Search
Close this search box.

മുറിവേല്‍ക്കുന്ന സമുദായം

കണ്ണൂര്‍ ജില്ലയിലെ ഓണപ്പറമ്പില്‍ നിന്നും പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് നിന്നും സമുദായത്തിന് മുറിവേല്‍പിക്കുന്ന സംഘര്‍ഷങ്ങള്‍ക്കും അശുഭവാര്‍ത്തകള്‍ക്കുമാണ് നാം സാക്ഷിയാകേണ്ടിവന്നത്. അതിനാല്‍ തന്നെ മതസംഘടനകളുടെ പ്രവര്‍ത്തനങ്ങളെയും മുന്‍ഗണനകളെയും കുറിച്ച് ഗൗരവതരമായ ചില ആലോചനകള്‍ക്ക് ഇവ വഴിയൊരുക്കുന്നുണ്ട്.
മുസ്‌ലിം സംഘടനകളുടെ എണ്ണത്താലും അവയുടെ വൈവിധ്യമായ പ്രവര്‍ത്തനങ്ങളാലും സമ്പന്നമാണ് കേരളം. സമൂഹത്തിനും സമുദായത്തിനും ഗുണകരമായ പല പ്രവര്‍ത്തനങ്ങളും വ്യത്യസ്ത സംഘടനകളുടെയും കൂട്ടായ്മകളുടെയും ഭാഗത്ത് നിന്നുണ്ടാകുന്നു എന്നതും വിസ്മരിക്കാവതല്ല. എന്നാല്‍ ഒരു ബഹുസ്വര സമൂഹത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അനുവര്‍ത്തിക്കേണ്ട സാമാന്യ മര്യാദകളും അതിര്‍വരമ്പുകളും പാലിക്കുന്നതില്‍ നാം ബഹുദൂരം പിറകോട്ട് പോകുന്നുണ്ടോ എന്ന് ഗൗരവതരമായ ആലോചനകള്‍ക്ക് വിധേയമാക്കേണ്ട ഒന്നാണ്. പരസ്പര വിയോജിപ്പിക്കുകളും എതിര്‍പ്പുകളും സകല സീമകളും ലംഘിച്ച് തെരുവിലേക്ക് വലിച്ചിറക്കപ്പെടുമ്പോള്‍ ഉണ്ടായേക്കാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെ കുറിച്ച് നാം അവബോധമുള്ളവരാണോ. തങ്ങളുടെ എതിര്‍കക്ഷികളെ മലര്‍ത്തിയടിക്കാനുള്ള വ്യഗ്രതകള്‍ക്കിടയില്‍ രാജ്യത്തെ ഇതര വിഭാഗങ്ങള്‍ക്ക് ഉത്തമമായ ഇസ്‌ലാമിക സംസ്‌കാരം പകര്‍ന്നു നല്‍കേണ്ട പ്രബോധകരാണ് തങ്ങളെന്ന യാഥാര്‍ഥ്യം വിസ്മരിക്കപ്പെടുകയാണ് ചെയ്യുന്നത്. സ്റ്റേജുകളില്‍ നിന്നും പേജുകളില്‍ നിന്നും അണികളിലേക്ക് ഒഴുക്കുന്ന ഈ ലഹരി മൂത്ത് മൂത്ത് ഒടുവില്‍ തമ്മില്‍ തല്ലുകയും കൊല്ലുകയും ചെയ്യുന്ന അവസ്ഥ വരെ എത്തിയിരിക്കുന്നു. നേതാക്കള്‍ നാക്കിലൂടെ പടവാളേന്തുമ്പോള്‍ അണികള്‍ ചെറിയ ചില പ്രായോഗിക പരീക്ഷണങ്ങള്‍ നടത്തുന്നുവെന്ന് മാത്രം.

ഇടക്കാലത്ത് ചെറിയ ക്ഷതം സംഭവിച്ച ഖണ്ഡനമണ്ഡനങ്ങളും വാഗ്വാദങ്ങളും വീണ്ടും തലപൊക്കിക്കൊണ്ടിരിക്കുകയാണ്. കവലകളിലെ ഫഌക്‌സ് ബോര്‍ഡുകളിലും ഫെയ്‌സ് ബുക്ക് സ്റ്റാറ്റസുകളിലുമെല്ലാം പ്രതിഫലിക്കുന്നത് ആദര്‍ശപരമായി ഊര്‍ദ്ധശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന ഒരു സമുദായത്തിന്റെ വിഴുപ്പലക്കലുകളുടെയും തെറിയഭിഷേകങ്ങളുടെയും നാട്ടക്കുറികളാണ്. മതപണ്ഡിതന്മാര്‍ എന്നറിയപ്പെടുന്ന മിക്കവരും ഇന്ന് ഡോക്ടറേറ്റ് എടുത്തുകൊണ്ടിരിക്കുന്നത് സമുദായത്തിനിടയില്‍ എങ്ങനെ കക്ഷിത്വവും വിഭാഗീയതയും അരക്കെട്ടുറപ്പിക്കാം എന്നതിനെ കുറിച്ചാണ്. അസഹിഷ്ണുതയാണ് അവര്‍ പ്രധാനമായും ഉല്‍പാദിപ്പിക്കുന്നത്. ആദര്‍ശപരമായി ഒരേ വൃത്തത്തിലുള്ളവര്‍ക്കിടയില്‍ തന്നെ കക്ഷിത്വത്തിന്റെയും വിഭാഗീയതയുടെയും വന്‍മതിലുകളാണ് പടുത്തുകൊണ്ടിരിക്കുന്നത്. ഇസ്‌ലാമിക സംസ്‌കാരത്തിന്റെയും നാഗരികതയുടെയും പ്രശോഭിത അധ്യായമായ സ്‌പെയിനിന്റെ പരാജയത്തെ വിശകലനം ചെയ്തവരൊക്കെ ചൂണ്ടിക്കാണിച്ച അന്നത്തെ മതപുരോഹിതന്മാരുടെ അതേ ദൗത്യമാണ് അറിഞ്ഞോ അറിയാതെയോ നമ്മുടെ കാലത്തും അനുധാവനം ചെയ്തുകൊണ്ടിരിക്കുന്നത്.

ഗുണകാംക്ഷ മതത്തിന്റെ അന്തസത്തയായ ഒരു ദര്‍ശനത്തിന്റെ വക്താക്കള്‍ക്ക് എങ്ങനെ ഇപ്രകാരം അസഹിഷ്ണുത ഉല്‍പാദിപ്പിക്കാന്‍ കഴിയും!  നീ മുഖേനെ ഒരാള്‍ക്ക് സന്‍മാര്‍ഗം ലഭിക്കുന്നത് ഐഹികലോകത്തെ മുഴുവന്‍ വിഭവങ്ങളേക്കാളും േ്രശഷ്ഠമായ കാര്യമായിട്ടാണ് പ്രവാചകന്‍(സ) നമ്മെ പഠിപ്പിച്ചിട്ടുള്ളത്. എന്നാല്‍ അതിന്റെ മറുവശത്തെ കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. ഒരു ബഹുസ്വര സമൂഹത്തില്‍ നാം ഒരാള്‍ക്ക് ഇസ്‌ലാമില്‍ എത്തുന്നതിന് തടസ്സമായി മാറുന്നുവെങ്കില്‍ എത്രത്തോളം ഗൗരവകരമായ കുറ്റമാണതെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരസ്പരം ചെളിവാരിയെറിയാനും പരിഹസിക്കാനും കട്ട് ചെയ്തും മോര്‍ഫിംഗ് നടത്തിയും ഉപയോഗിക്കുമ്പോള്‍ സംവാദത്തില്‍ പാലിക്കേണ്ട ഇസ്‌ലാമിക അധ്യാപനങ്ങളെയുമാണല്ലോ നാം പരിഹസിക്കുന്നത്.

ഇത്തരം നിലപാടുകളില്‍ ഒരു പുനര്‍വിചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. പരസ്പരം തെറിവിളിക്കുന്നതിനും പരിഹസിക്കുന്നതിനും ഉപയോഗിക്കുന്ന ഊര്‍ജ്ജം എന്ത് ഫലമാണ് സമൂഹത്തിനും സമുദായത്തിനും നല്‍കിയിട്ടുള്ളത്. അനുയായികള്‍ക്ക് ലഭിക്കുന്ന താല്‍ക്കാലിക ആത്മരതിയും നിര്‍വൃതിയും മാത്രമാണ് അത്തരം വേദികളുടെ പ്രധാന സംഭാവന. അല്‍പ സമയത്തേക്ക് അനുയായികളെ സജീവമാക്കുന്നതിനും ആവേശം കൊള്ളിക്കുന്നതിനും ഉപകരിച്ചേക്കാം. ആ ലഹരി പരസ്പരം കലഹിക്കാനും തല്ലിപ്പിരിയാനും കൊല്ലാനും വരെ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന ദുരന്തത്തിന് നാം സാക്ഷികളാകുമ്പോള്‍ ചില തിരുത്തലുകള്‍ക്ക് നാം ധൈര്യപ്പെടേണം.

Related Articles