Current Date

Search
Close this search box.
Search
Close this search box.

മലയാളികളുടെ കപട സദാചാരം

ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിയ്ക്ക് പുറത്ത് എന്ന നിലപാട് ആദ്യം തിരുത്തണം. ഭദ്രമായ ഒരു രാഷ്ട്രീയ സാമൂഹിക വ്യവസ്ഥയില്‍ നിയമം ഏതിന്റെ പേരിലായാലും കയ്യിലെടുക്കാന്‍ അനുവദിച്ചുകൂടാ. സദാചാരത്തിന്റെപേരിലായാലും ദുരാചാരത്തിന്റെ പേരിലായാലും അനാചാരത്തിന്റെ പേരിലായാലും അനാശാസ്യത്തിന്റെ പേരിലായാലും, എന്നല്ല അക്രമണ പ്രത്യാക്രമണത്തിന്റെ പേരിലായാലും. മലിനമല്ലാത്ത ഒരു കുടുംബാന്തരീക്ഷം നമ്മുടെ സാമാന്യബോധമാണ്. പാരമ്പര്യമായി അംഗീകരിച്ച് പോരുന്ന ചില ചിട്ട വട്ടങ്ങള്‍ കാത്തു സൂക്ഷിച്ചുപോരുന്നതു കൊണ്ടാണ് നമ്മുടെ രാജ്യത്ത് കുടുംബ സംവിധാനം വലിയ പോറലൊന്നും ഏല്‍ക്കാതെ നിലനിന്നു പോരുന്നത്. കുത്തഴിയാത്ത ഒരു സാമുഹിക ക്രമത്തെ അക്രമപ്പെടുത്താനുള്ള ശ്രമങ്ങള്‍ രാഷ്ട്രീയാന്ധതയുടെ പേരില്‍ വിസ്മരിക്കപ്പെട്ടുകൂട. ഇവ്വിഷയത്തിലെ തന്റെ നിലപാടുകള്‍ കൃത്യമായി കെ സുരേന്ദ്രന്‍ (K Surendran) പങ്കുവെച്ചതില്‍ നിന്നും വളരെ പ്രസക്തമായത് മാത്രം  ഇവിടെ പകര്‍ത്തുന്നു.

കേരളത്തില്‍ കൗമാരക്കാര്‍ക്കിടയില്‍ നടക്കുന്ന ലൈംഗികാതിക്രമങ്ങളും മയക്കുമരുന്ന് പ്രയോഗവും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങളുടെയും വീഡിയോകളുടെയും ദുരുപയോഗം സംബന്ധിച്ചുളളതാണ്. ഏതാണ്ട് നൂറിലധികം പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ കഴിഞ്ഞ 4 വര്‍ഷത്തിനിടെ ആത്മഹത്യചെയ്തതായി പോലീസിന്റെ രേഖകള്‍ തന്നെ സമ്മതിക്കുന്നുണ്ട്.

മറ്റുളളവരുടെ മക്കളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഒരു രക്ഷിതാവും സ്വന്തം മക്കളുടെ സ്വാതന്ത്ര്യത്തിന്റെ കാര്യം വരുമ്പോള്‍ ഇതനുവദിക്കുന്നില്ലെന്നതാണ് മറ്റെല്ലാത്തിലേയുംപോലെ മലയാളികളുടെ കപട സദാചാരം. ഇവിടെ ആണ്‍ പെണ്‍ ബന്ധങ്ങള്‍ക്കിടയിലെ പോസിറ്റീവ് റിലേഷന്‍ഷിപ്പിനെ സംബന്ധിച്ച ചര്‍ച്ചകളും നമ്മുടെ വിദ്യാഭ്യാസത്തില്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ടോ? കൗമാരക്കാരുടെ മാനസികനിലയെ സംബന്ധിച്ച വല്ല പഠനങ്ങളും നമ്മുടെ കരിക്കുലത്തിലുണ്ടോ? സമൂഹത്തിന് ഇതിലൊന്നും ഒരു ഉത്തരവാദിത്വവുമില്ലേ

…………………………

ഒരു മാതൃകാ സമൂഹത്തെക്കുറിച്ചുള്ള സങ്കല്‍പങ്ങളെ ഓമനിക്കുന്നവര്‍ക്ക് അടങ്ങിയിരിക്കാനാകില്ല. വ്യവസ്ഥകളോട് കലഹിച്ചും സമൂഹത്തിന്റെ ജിര്‍ണ്ണാവസ്ഥകളോട് പരിതപിച്ചും ഒരു നല്ല നാളേക്ക് വേണ്ടി തന്നാലാവുന്ന കര്‍മ്മങ്ങളില്‍ ഭാഗധേയത്വം ഉറപ്പു വരുത്തിയും സമൂഹത്തില്‍ സദാ സജീവമായിരിക്കും. എല്ലാമെല്ലാം മുറപോലെ നടന്നിട്ടും കലഹങ്ങള്‍ക്കൊണ്ട് മുഖരിതമായ ഭൂമിക തന്നെ അപ്രത്യക്ഷമാകുന്നുവോ എന്നാശങ്കപ്പെടുകയാണ് ശ്രീകലാ പ്രകാശന്‍ (Sreekala Prakasan).  

വ്യവസ്ഥകളോട് നിരന്തരം കലഹിച്ചു കൊണ്ട് എഴുതുമ്പോള്‍ എന്താണെന്ന് അറിയില്ല ആകെ ഒരു സുഖം. ആത്മഹത്യാ മുനമ്പില്‍ കയറി നിന്ന് ജീവിതത്തെ സ്വപ്നം കാണുന്നത് പോലെ. ബഹളങ്ങള്‍ക്കിടയില്‍ മൌനത്തെ ഓര്‍ക്കുന്നത് പോലെ, വരച്ചു കഴിഞ്ഞ ചിത്രതിനിടയില്‍ നിന്ന് കൊണ്ട് ക്യാന്‍വാസ് തെരയുന്നത് പോലെ. എത്ര അറിഞ്ഞാലും അറിയാത്തത് ചിലത് കരുതി വെക്കണം. നൂലുകള്‍ക്കിടയില്‍ നിന്ന് വര്‍ണ്ണങ്ങള്‍ മാറ്റിയെടുക്കാന്‍ കഴിയണം. ഒരു അബ്‌സ്ട്രാക്റ്റ് ചിന്തയില്‍ നിന്ന് കൊണ്ട് സോഷ്യലിസം മുറുകെ പിടിക്കുമ്പോള്‍ പടിക്കപ്പുറത്തു നിന്നും വീടിനകത്തേക്ക് ഫാസിസം കടന്നു വരുന്നത് കാണാന്‍ രസമുണ്ടാകും?

………………………………………..

ഒരു വ്യക്തിയുടെ സംസ്‌കാരവും ജിവിത മര്യാദകളും കൃത്യമായി അറിയുന്നവര്‍ വീട്ടുകാരും അയല്‍ക്കാരും സഹവാസികളുമായിരിക്കും. കുടുംബ ബന്ധങ്ങളെക്കുറിച്ച് അണ്ണാക്കു കീറുന്നവരുടെ കാര്യം അവരുടെ വീട്ടുകാര്‍ക്കേ അറിയൂ. ദേശസ്‌നേഹം വാതോരാതെ വിളമ്പുകയും അയല്‍വാസിയുമായി കടുത്ത ശത്രുത പുലര്‍ത്തുകയും ചെയ്യുന്ന കേമന്മാരും നമുക്ക് അന്യമല്ല. ഇത്തരത്തിലുള്ള ചില നാട്ടുവര്‍ത്തമാനങ്ങള്‍ പങ്കുവയ്ക്കുകയാണ് സി കേശവനുണ്ണി(C Kesavanunni Parappanangadi)

ഗ്രാമങ്ങളില്‍ നിന്നും ഏറെകുറെ പൂര്‍ണമായും ഒഴിഞ്ഞുപോയ ബാധ ഒരു പക്ഷെ അതിര്‍ത്തി പ്രശ്‌നമായായിരിക്കും. മതിലുകളും ഗേറ്റ്കളും ‘തന്റെ ഇടത്തെ’ പൂര്‍ണമായും സുരക്ഷിതമാക്കി എന്ന് മലയാളികള്‍ക്ക് സമാധാനിക്കാം. അയല്‍വാസികളുമായുള്ള ബന്ധങ്ങള്‍ ഉലയാനും സിവില്‍ വ്യവഹാരങ്ങള്‍ക്ക് കാരണമാവാനും മുന്‍പൊക്കെ  പ്രധാനമായും കാരണമായിരുന്നത് അതിര്‍ത്തി പ്രശ്‌നങ്ങളാണ്. പ്രാകൃതമായൊരു വൈകാരിക പ്രതികരണമായിരുന്നു അതിര്‍ത്തി പ്രശ്‌നങ്ങളോട് നമുക്കുണ്ടായിരുന്നത്.

അത്ഭുതപ്പെടുത്തുന്ന കാര്യമതല്ല. ദേശബോധവും ദേശിയവികാരവും അളവില്‍ കവിഞ്ഞു നമുക്കുണ്ട്. ജനിച്ച ദേശത്തോടും ഭാഷയോടും നമ്മള്‍ പ്രതിബദ്ധതയും പ്രതിജ്ഞാബദ്ധതയും ഉള്ളവരെന്നു സ്വയം വിശ്വസിക്കുകയും ചെയ്യുന്നു. അഖണ്ഡഭാരത ഐക്യ സമരജാഥയില്‍ പങ്കെടുത്തുവന്നു അയല്‍വാസിക്കെതിരെ അതിര്‍ത്തി പ്രശ്‌നത്തില്‍ കോടതിയില്‍ വ്യവഹാരം നല്‍കാന്‍ നമുക്ക് കഴിയുന്നത് എങ്ങനെ എന്നത് എന്റെ ചെറുപ്പത്തിലെ ഒരു സന്ദേഹമായിരുന്നു. ഇന്നും പരിഹരിക്കപ്പെടാത്ത ഒരു സംശയം..  

ഒരയല്‍വാസിയോടുപോലും സന്ധിയാവാനും സ്‌നേഹവും ബഹുമാനവും പങ്കെട്ടെടുക്കാനും കഴിയാതെ പോകുന്ന നമുക്ക് ഒരു ദേശത്തെ മുഴുക്കെ സ്‌നേഹിക്കാന്‍ കഴിയുന്നതിന്റെ രഹസ്യം എന്തായിരിക്കാം. അതിര്‍ത്തിയിലെ മതിലിനും കവാടത്തിനും കാവലാളായി നില്‍ക്കുന്ന പട്ടാളത്തെപോലെ നമ്മുടെ പറമ്പതിര്‍ത്തിയില്‍ നമ്മള്‍ കാവലാളാവുന്നത് എന്തിനായിരിക്കാം. ഓരോ അയല്‍വാസിയും ശത്രുരാജ്യമെന്നോ….?

Related Articles