Current Date

Search
Close this search box.
Search
Close this search box.

ഭീകരന്മാരെ സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍

ഭീകരരെ സൃഷ്ടിക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് എത്രത്തോളമാണെന്ന് വെളിപ്പെടുത്തുന്നതായിരുന്നു കഴിഞ്ഞ ദിവസം മലയാളത്തിലെ മുത്തശ്ശിപ്പത്രവും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും പുറത്തുവിട്ട വാര്‍ത്ത. ഒരു പത്രത്തിനവന്‍ മലയാളി ഡോക്ടറാണെങ്കില്‍ മറ്റൊന്നിന് അവന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയാണ്. പിടിയിലായ ഏഴാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ളവനെ ഡോക്ടറും മെഡിക്കല്‍ വിദ്യാര്‍ഥിയുമാക്കിയത് മറ്റാരും അല്ല മാധ്യമങ്ങള്‍ തന്നെയാണ്. അവന്‍ പെട്ടന്ന് കൊടുംഭീകരനും ഇന്ത്യന്‍ മുജാഹിദീന്‍ ബോംബ് നിര്‍മാണ വിദഗ്ദന്‍ വഖാസ് അഹ്മദിന്റെ കൂട്ടാളിയുമായി മാറി. ഒരു വാര്‍ത്ത നല്‍കുമ്പോള്‍ പ്രാഥമികമായ അന്വേഷണം പോലും നടത്താതെ തങ്ങളുടെ ഊഹങ്ങളെ മാത്രമാണ് അവലംബമായെടുക്കുന്നത് എന്നതിന്റെ വ്യക്തമായ തെളിവാണ് ഇത്. എന്നാല്‍ തെറ്റു മനസ്സിലാകുമ്പോള്‍ ഒരു ചെറിയ തിരുത്ത് കൊടുക്കുക എന്ന മാധ്യമ ധര്‍മമെങ്കിലും അവര്‍ ചെയ്യുമോ?

തല്ലുകേസിലെ പ്രതിയെ കൊടുംഭീകരനാക്കി ചിത്രീകരിച്ചപ്പോള്‍ അവന് നല്ല ഒരു പേര് കോടുക്കാനും നമ്മുടെ മുത്തശ്ശി പത്രം മറന്നില്ല. പേര് പോലീസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഞങ്ങളത് സ്ഥിരീകരിക്കുന്നു, അവന്റെ പേര് അജ്മല്‍ തന്നെയാവട്ടെ എന്ന് അവര്‍ നിശ്ചയിച്ചു. ഒരു മുസ്‌ലിം പേരുകൊടുത്താലല്ലേ ഭീകരന് സ്വീകാര്യത ലഭിക്കുകയുള്ളൂ. എന്നാല്‍ യാഥാര്‍ത്ഥ്യം അടുത്ത ദിവസം തന്നെ പുറത്തു വന്നു. പിടിക്കപ്പെട്ടത് മെഡിക്കല്‍ വിദ്യാര്‍ഥിയോ ഡോക്ടറോ അല്ല, അവന്റെ പേര് അജ്മലും അല്ല. പിടിക്കപ്പെട്ട യുവാവിന്റെ അമ്മ മേരി വര്‍ഗീസ് ഇടക്കാലത്ത് ഇസ്‌ലാം സ്വീകരിച്ച് ഫാത്തിമയായിരുന്നു എന്നതാണ്. വിനു വര്‍ഗീസ് അഫ്‌സല്‍ വിനുവുമായി മാറിയിരുന്നു.

ഭീകരത ഒരു സമുദായത്തിന്റെ മേല്‍ കെട്ടിവെക്കുന്നത് എങ്ങനെയെന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ കഥ. ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ കാരണം ജീവിതം തകര്‍ന്നു പോയെ എത്രയോ വ്യക്തികളും കുടുംബങ്ങളും നമ്മുടെ രാജ്യത്തുണ്ട്. അവരൊക്കെ ഇന്നും അതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നു. ലെറ്റര്‍ബോംബിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുഹ്‌സിന്‍ ഒരു പ്രതീകം മാത്രമാണ്. ഇതുപോലെയുള്ള എത്രയോ മുഹ്‌സിനുമാര്‍ നമുടെ നാട്ടിലുണ്ട്. ആരെങ്കിലും പിടിക്കപ്പെടുമ്പോള്‍ അത് ഒരു സമുദായത്തിന്റെ പേരില്‍ ചാര്‍ത്തി അവരെ ഒന്നടങ്കം ഭീകരരായി മുദ്രകുത്തുന്നതും വലിയ അപകടമാണുണ്ടാക്കുക. സമൂഹത്തിന്റെ സാഹോദര്യത്തോടെയും സഹവര്‍ത്തിത്തോടെയുമുള്ള ജീവിതത്തെയാണത് ബാധിക്കുക. ആളുകള്‍ പരസ്പരം സംശയത്തോടെയും ആശങ്കയോടെയും ജീവിക്കുന്ന ഒരു അന്തരീക്ഷം ഉണ്ടാക്കി അതില്‍ നിന്ന് മുതലെടുപ്പ് നടത്തുന്നവര്‍ക്ക് മാത്രമാണ് ഇത്തരം വാര്‍ത്തകളും മാധ്യമങ്ങളും ഗുണം ചെയ്യുക. അവരുടെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്ന വസ്തുത ജനങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതികരിക്കുമ്പോള്‍ മാത്രമേ ഈയൊരവസ്ഥക്ക് മാറ്റം ഉണ്ടാവുകയുള്ളൂ.

Related Articles