Current Date

Search
Close this search box.
Search
Close this search box.

ബ്രദര്‍ഹുഡ് : നിരോധനങ്ങളെ അതിജീവിച്ച പ്രസ്ഥാനം

ഒടുവില്‍ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. ഈജിപ്തിലെ ഏറ്റവും വലിയ സംഘടിത സാമൂഹിക രാഷ്ട്രീയ ശക്തിയും ലോകത്തുടനീളം വേരുകളുള്ള അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ എന്ന ഇസ്‌ലാമിക പ്രസ്ഥാനത്തെ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് കൈറോ അതിവേഗ കോടതി പുറപ്പെടുവിച്ചിരിക്കുന്നു. സംഘടനയെ മാത്രമല്ല, സാമ്പത്തികമായിട്ടോ മറ്റേതെങ്കിലും മാര്‍ഗത്തിലോ അതിനെ സഹായിക്കുന്നവയെയും ഇഖ്‌വാന്‍ അംഗങ്ങള്‍ക്ക് അംഗത്വമുള്ള മറ്റ് സംഘടനകളെയും കൂട്ടായ്മകളെയും നിരോധിച്ചിട്ടുണ്ട്. അപ്രകാരം തന്നെ പ്രസ്ഥാനത്തിന്റെ സ്ഥാവര ജംഗമ സ്വത്തുക്കളെല്ലാം കണ്ടു കെട്ടാനും ഉത്തരവില്‍ പറയുന്നുണ്ട്. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ഈജിപ്ഷ്യന്‍ പാര്‍ലമെന്റ്, പ്രസിഡന്റ് തെരെഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷം നേടിയപ്പോഴെല്ലാം തന്നെ പ്രസ്ഥാനവും അതിന്റെ നേതാക്കളും കടുത്ത പീഢനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഓഫീസും സ്വത്തുക്കളും കൊള്ളയടിക്കപ്പെടുകയും തകര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 2012-ല്‍ പുതിയ ഭരണഘടനക്കുള്ള ഹിതപരിശോധനയില്‍ മുന്നില്‍ എത്തിയപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ ഫ്രീഡം ജസ്റ്റിസ് പാര്‍ട്ടി അധ്യക്ഷനായ മുഹമ്മദ് മുര്‍സി പ്രസിഡന്റായ ഈജിപ്ത് സര്‍ക്കാറിനെ കഴിഞ്ഞ ജൂലൈ മൂന്നിനു അട്ടിമറിച്ചതിനു ശേഷം ഇഖ്‌വാനുല്‍ മുസ്‌ലിമൂനുമായി ബന്ധമുള്ള എല്ലാ പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും പൂട്ടുകയും നിരവധി പത്രപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

മുര്‍സിയുടെ അനുയായികള്‍ സമാധാനപരമായ പ്രതിഷേധ പ്രകടനങ്ങളുമായി  പട്ടാള അട്ടിമറിക്കെതിരെ രംഗത്തിറങ്ങിയെങ്കിലും അട്ടിമറിയെ പിന്തുണക്കുന്ന വാര്‍ത്താമാധ്യമങ്ങളുടെ പിന്‍ബലത്തില്‍ സുരക്ഷാ സൈനികരെ വിന്യസിച്ച് അതിനെ   വളരെ ക്രൂരമായ രീതിയില്‍ അടിച്ചമര്‍ത്തുകയായിരുന്നു പട്ടാള ഭരണകൂടം ചെയ്തത്.  അതില്‍ ഏറ്റവും കിരാതമായ ദിവസമായിരുന്നു കഴിഞ്ഞ ആഗസ്റ്റ് 14. റാബിഅ അദവിയ്യയിലും അന്നഹ്ദ ചത്വരത്തിലും സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന നിരായുധരായ മുര്‍സി അനുകൂലികള്‍ക്കു  നേരെ സുരക്ഷാ സേന  നിറയൊഴിക്കുകയും അതില്‍ ആയിരക്കണക്കിനു നിരപരാധികള്‍ പിടഞ്ഞു വീണു മരിക്കുകയും അതിലേറെ ആളുകള്‍ക്ക പരിക്കേല്‍ക്കുകയും ചെയ്തു.  ലോക മനസ്സാക്ഷിയെ തന്നെ ഞെട്ടിച്ച സംഭവം ചരിത്രത്തില്‍ ഇന്നും ഒരു മുറിവായി അവശേഷിക്കുന്നു. അതിനു ശേഷം ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ പരമോന്നത കാര്യദര്‍ശിയായ ഡോ.മുഹമ്മദ് ബദീഅടക്കം നിരവധി നേതാക്കള്‍ അറസ്റ്റു ചെയ്യപ്പെടുകയും ചെയ്തു.

ബ്രദര്‍ഹുഡിനെ നിരോധിക്കാനുള്ള തീരുമാനം അതിവേഗം നടപ്പിലാക്കുമ്പോള്‍ മനസ്സിലാകുന്നത്  ഒരു നിരോധനത്തിനു പട്ടാള അട്ടിമറി ഭരണകൂടം തയ്യാറാകുകയായിരുന്നുവെന്ന നഗ്ന സത്യമാണ്. ബ്രദര്‍ ഹുഡിനെ നിരോധിക്കാന്‍ അപ്പീല്‍ നല്‍കിയ തജമ്മുഅ് പാര്‍ട്ടി പൂര്‍ണമായും സൈനിക അട്ടിമറിയെ പിന്തുണക്കുന്ന കക്ഷിയാണ്. മുഹമ്മദ് മുര്‍സി അധികാരത്തിലിരിക്കുമ്പോള്‍ തന്നെ അതിനെതിരെ ഇറങ്ങിത്തിരിച്ചവരാണിക്കൂട്ടര്‍. ബ്രദര്‍ഹുഡിനും അതിന്റെ നേതാക്കള്‍ക്കുമെതിരായ ഒരാരോപണവും ഇതു വരെ തെളിയിക്കാന്‍ തജമ്മുഅ് പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല.

ബ്രദര്‍ഹുഡിനെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും രാഷ്ട്രീയമായും സാമൂഹികമായുമുള്ള ജീവിതത്തില്‍നിന്നും അകറ്റി നിര്‍ത്താന്‍ വേണ്ടിയാണ് പുതിയ നിരോധന ഉത്തരവ് ഇറക്കിയിരിക്കുന്നത് എന്ന് ആര്‍്ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. അതുമൂലം അധികാരത്തില്‍ തിരിച്ചു വന്നാല്‍ അവര്‍ ഇസ്രായേലിനു ഭീഷണിയാകും എന്ന ഭയവും ഇതിനു പിന്നിലുണ്ട്. അതായത്, അട്ടിമറിക്കെതിരെ സമാധാനപരമായും അല്ലാതെയും ആര്‍ തന്നെ പ്രതികരിച്ചാലും ജനറല്‍ സീസി അതിനെയെല്ലാം അടിച്ചമര്‍ത്തും എന്നര്‍ഥം.

സാമൂഹിക രാഷ്ട്രീയ ജീവിതത്തില്‍ നിന്നും ബ്രദര്‍ഹുഡിനെ അകറ്റുക എന്നത് ജനറല്‍ സീസിയുടെ കീഴ്‌വഴക്കമല്ല, അദ്ദേഹം പൂര്‍വ്വികന്‍മാരുടെ പാത പിന്തുടരുന്നുവെന്നു മാത്രം. ഇവിടെ ഒരു ചോദ്യമുയര്‍ന്നു വരുന്നു. നിരോധനത്തിന്റെ ലക്ഷ്യം പരിശോധിക്കുമ്പോള്‍, ബ്രദര്‍ഹുഡ് ഈജിപ്ഷ്യന്‍ സമൂഹത്തില്‍ നിന്നും തുടച്ചു നീക്കപ്പെടുമോ? അല്ലെങ്കില്‍ പട്ടാള ഭരണത്തിന്‍ കീഴില്‍ നിയമസാധുതയില്ലാതെ തന്നെ നിരോധനത്തെ അതിജീവിക്കുമോ ? ഇതിനുള്ള ഉത്തരങ്ങള്‍ നമുക്ക് ബ്രദര്‍ഹുഡിന്റെ ചരിത്രത്തില്‍ നിന്നും അവലോകനം ചെയ്‌തെടുക്കാവുന്നതെയുള്ളൂ.

1928-ല്‍ പ്രബോധകനും അധ്യാപകനുമായ സയ്യിദ് ഹസനുല്‍ ബന്ന അറബ് ലോകത്തും മുസ്‌ലിം രാജ്യങ്ങളിലും ഇസ്‌ലാമിക ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ സ്ഥാപിക്കുന്നത്. ഭാവിയില്‍ ശക്തമായ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.  തങ്ങളുടെ ആദര്‍ശ ലക്ഷ്യത്തെ കുറിച്ചും ഈ മാര്‍ഗത്തില്‍ അഭിമുഖീകരിക്കാനിരിക്കുന്ന തീഷ്ണമായ പരീക്ഷണങ്ങളെ കുറിച്ചും ഇമാം ഹസനുല്‍ ബന്ന ഓരോ പ്രവര്‍ത്തകനും മികച്ച വിദ്യാഭ്യാസം നല്‍കിയതായി കാണാം. നിലവിലെ ഈജിപ്തിലെ സംഭവ വികാസങ്ങളെയും അതിനു പിന്നിലെ പശ്ചാത്യന്‍ രാഷ്ട്രങ്ങളുടെ അജണ്ടകളെ കുറിച്ചും മുസ്‌ലിം രാഷ്ട്രങ്ങള്‍ എന്തുകൊണ്ട് അവയെ പിന്തുണക്കുന്നുവെന്നെല്ലാം ക്രാന്തദര്‍ശിയായ ഇമാം ബന്ന നേരത്തെ തന്നെ പ്രവചിച്ചത് കാണാം. നിങ്ങള്‍ മര്‍ദനത്തിന്റെയും പരീക്ഷണത്തിന്റെയും ഘട്ടത്തില്‍ പ്രവേശിക്കുക. നിങ്ങള്‍ കല്‍ത്തുറുങ്കിലടക്കപ്പെടും ; നാട്ടില്‍ നിന്നും പുറത്താക്കപ്പെടും. നിങ്ങളുടെ വീടുകള്‍ കൊള്ളയടിക്കപ്പെടുകയും സ്വത്തുക്കള്‍ കണ്ടുകെട്ടുകയും പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കുകയും ചെയ്യും. ആ പരീക്ഷണ ഘട്ടം കുറേ നീണ്ടുനിന്നെന്നുവരാം. പക്ഷെ അന്ത്യവിജയം സത്യത്തിന്ന്, അല്ലാഹുവിന്റെ പാര്‍ട്ടിക്ക് മാത്രം. 1930-ല്‍ തന്നെ ബന്ന ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ ഇത്തരത്തില്‍ അഭിസംബോധന ചെയ്യുകയുണ്ടായി.
1936-നും 1947-നും ഇടയില്‍ ഇഖ്‌വാന്‍ പോരാളികള്‍ സയണിസ്റ്റുകള്‍ ഫലസ്തീന്‍ ഭൂമി കയ്യേറിയതിനെതിരെ ശക്തമായി പോരാടി. 1947-ല്‍ ഫലസ്തീനില്‍ നിന്നും അറബ് സേന അവരോട് മടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഫലസ്തീന്‍ ജൂതന്മാര്‍ അധീനപ്പെടുത്തുകയുണ്ടായി. 1949-ല്‍ ബ്രദര്‍ഹുഡ് പോരാളികളെ ഫാറൂഖ് രാജാവ് തടവിലാക്കുകയും ചെയ്തു. അതിന്റെ സ്ഥാപകന്‍ ഹസനുല്‍ ബന്ന രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. പക്ഷേ ഇഖ്‌വാന്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരികയും 1953-ല്‍ ഫാറൂഖ് രാജാവിനെ പുറത്താക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു. ഈജിപത് വിപ്ലവ നേതാവ് ജമാല്‍ അബ്ദുന്നാസിര്‍ ഇവരുടെ ശക്തി തിരിച്ചറിയുകയും അവരുമായി സന്ധിയാകാന്‍ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ ഇരു കക്ഷികളും തങ്ങളുടെ വാദത്തില്‍ ഉറച്ചു നിന്നതിനാല്‍ ആ ശ്രമം വൃഥാവിലാകുകയും 1954-ല്‍ ഇഖ്‌വാനെ പിരിച്ചു വിടുകയും ചെയ്തു. നിരവധി നേതാക്കളെ തൂക്കിലേറ്റുകയും ആയിരങ്ങളെ അറസ്റ്റ് ചെയ്യുകയും അതിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുകയും നിയമ സാധുതയില്ലാത്ത പാര്‍ട്ടിയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നിരുന്നാലും അന്‍വര്‍ സാദത്തിന്റെ കാലത്തും ഹുസ്‌നി മുബാറക്കിന്റെ കാലത്തും അവര്‍ ശക്തമായി പ്രവര്‍ത്തിച്ചു. തങ്ങളുടെ കരുത്തുറ്റ നേതാക്കളെല്ലാം തടവിലായിരുന്നിട്ടു കൂടി മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിക്കുകയും ചെയ്തു.
 2011 ജനുവരി 25-ലെ വിപ്ലവത്തിനു തിരികൊളുത്തിയത് ഇഖ്‌വാന്‍ അല്ലെങ്കിലും അവര്‍ അപ്പോഴും നട്ടെല്ലുള്ള കരുത്തുറ്റ ഒരു സംഘടന തന്നെയായിരുന്നു. മറ്റു പാര്‍ട്ടികള്‍ സ്വതന്ത്രരായി വിഹരിക്കുമ്പോള്‍ തന്നെ വിപ്ലവ സമയത്ത് വിലക്കുകളുണ്ടായിരിക്കത്തന്നെ ഏറ്റവും ജനകീയ ശ്രദ്ധ പിടിച്ചു പറ്റിയത് ഇഖ്‌വാന്‍ ആയിരുന്നു. ഈജിപ്ഷ്യന്‍ മീഡിയകളും മതേതര ശക്തികളും ശക്തമായ പ്രചരണങ്ങള്‍ നടത്തിയിട്ടും എല്ലാ പാര്‍ട്ടികള്‍ക്കും മേല്‍ ഇഖ്‌വാന്‍ വെന്നിക്കൊടി നാട്ടി. പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിലും പ്രസിഡന്റ് തെരെഞ്ഞെടുപ്പിലും അവര്‍ക്കായിരുന്നു മുന്‍തൂക്കം.

അധികാര കാലയളവില്‍ ദേശീയവും അന്തര്‍ദേശീയവുമായ ശീതയുദ്ധം മുഹമ്മദ് മുര്‍സിക്കെതിരെ തലയുയയര്‍ത്തിത്തുടങ്ങി. ബ്രദര്‍ഹുഡ് അധികാരത്തില്‍ നിന്നും അട്ടിമറിക്കപ്പെട്ടപ്പോള്‍ ശക്തി ഉപയോഗിച്ച്  ഏതാനും ദിവസത്തിനുള്ളില്‍ തന്നെ  പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താമെന്നും  കളി അവിടെ അവസാനിപ്പിക്കാമെന്നും പ്രതിപക്ഷം കണക്കു കൂട്ടി. എന്നാല്‍ പ്രതിപക്ഷത്തെയും പട്ടാള ഭരണകൂടത്തെയും അമ്പരപ്പിച്ചു. മുസ്‌ലിംകളും അല്ലാത്തവരുമായ ആയിരങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട്  പ്രതിഷേധ പ്രകടനങ്ങള്‍ ബ്രദര്‍ഹുഡിന്റെ നേതൃത്വത്തില്‍ ഇന്നും അലയടിച്ചുകൊണ്ടിരിക്കുകയാണ്. അതിനകം തന്നെ നിരവധി നേതാക്കളെയും സമര സജ്ജരായ ഒട്ടനവധി കോര്‍ഡിനേറ്റര്‍മാരെയും പട്ടാള ഭരണകൂടം തടവിലാക്കിക്കഴിഞ്ഞു.

മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഇത്രയും കാലത്തെ ചരിത്രത്തില്‍ നിന്നും നമുക്ക് മനസ്സിലാകുന്നത് അവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലാത്തവരായിയിരുന്നു. വാര്‍ത്താ മാധ്യമങ്ങളെല്ലാം തന്നെ ഭരണകൂടത്തിന്റെ ചട്ടുകങ്ങളായതിനാല്‍ അതിലൂടെ ശ്രദ്ധ പിടിച്ചു പറ്റാനും അവര്‍ക്ക് സാധിച്ചിട്ടില്ല. ഞാന്‍ ഒരു കാര്യം പ്രവചിക്കുകയാണ്. ഇപ്പോഴത്തെ നിരോധനം ബ്രദര്‍ഹുഡിനോടുളള പൊതു ജനത്തിന്റെ സഹതാപം വര്‍ദ്ധിക്കുന്നതിനു മാത്രമേ ഉപകരിക്കുകയുള്ളൂ. ഏറ്റവും പുതിയ വിധിയെ അത് അതിജീവിക്കുക തന്നെ ചെയ്യും. എങ്ങനെയെന്നും എന്തു കൊണ്ടെന്നും നിങ്ങള്‍ ഒരു പക്ഷേ ചോദിച്ചേക്കാം. ഉത്തരം വളരെ ലളിതമാണ്, ഏതല്ലാം കാലഘട്ടത്തില്‍ ഈ പ്രസ്ഥാനം നിരോധിക്കപ്പെട്ടിട്ടുണ്ടോ അപ്പോഴൊക്കെ അതിനെ അതിജീവിക്കാന്‍ അതിന് കഴിഞ്ഞിട്ടുണ്ട്. ജവനാധിപത്യം എന്ന് പുനസ്ഥാപിച്ചാലും അന്ന് അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂനെന്ന വിപ്ലവ പ്രസ്ഥാനത്തിനു മറ്റെല്ലാ പാര്‍ട്ടികള്‍ക്കു മീതെയും അധികാരം നേടാന്‍ കഴിയും.

വിവര്‍ത്തനം : ശഫീഅ് മുനീസ്.ടി

Related Articles