Current Date

Search
Close this search box.
Search
Close this search box.

ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും ഒതുങ്ങുന്ന പ്രവാചകസ്‌നേഹം

ഒരു റബീഉല്‍ അവ്വല്‍ കൂടി ആഗതമായതോടെ മുത്ത്‌നബിയെ കുറിച്ച ചര്‍ച്ചകള്‍ ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍നെറ്റ് വര്‍ക്കുകളിലും പേജുകളിലും സ്‌റ്റേജുകളിലുമെല്ലാം സജീവമായിരിക്കുകയാണ്. മുസ്‌ലിം സമൂഹത്തില്‍ മതപരമായ ഉണര്‍വ് ഇന്ന് എങ്ങും പ്രകടമാണ് എന്നത് ഏറെ ആഹ്ലാദകരമാണെങ്കിലും അകക്കാമ്പില്ലാത്ത കുറേ ബാഹ്യപ്രകടനങ്ങളും വെച്ചുകെട്ടലുകളുമായി അവ പരണമിക്കുന്നുണ്ടോ എന്ന് നാം ഗൗരവത്തില്‍ ആലോചിക്കേണ്ടതുണ്ട്. ഏതൊരുവിഷയത്തിലും ശക്തമായി അനുകൂലിക്കുന്ന ഒരുവിഭാഗത്തെ കാണാം. നിശിതമായി വിമര്‍ശിക്കുന്ന മറുവിഭാഗവും കുറവല്ല. ഇപ്രകാരം രണ്ട് കംപാര്‍ട്ടുമെന്റുകളിലായി ഓരോ സീസണിലും ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലും കുറേ ഉദ്ധരണികള്‍ നിരത്തിയുള്ള ചതുരംഗക്കളിയാണ് അരങ്ങേറുന്നത്. അറിഞ്ഞോ അറിയാതെയോ നാമോരോരുത്തരും സമകാലിക പ്രബോധനദൗത്യം ഇതുതന്നെയാണെന്ന് മനസ്സിലാക്കുകയും അതില്‍ ആത്മനിര്‍വൃതിയടയുകയും ചെയ്യുന്നു.

പ്രവാചകന്റെ ജന്മദിനവുമായി ബന്ധപ്പെട്ട ഈ ചര്‍ച്ചകളില്‍ എന്താണ് അരങ്ങേറുന്നത്! പ്രവാചകന്റെ ജന്മദിനം ആഘോഷിക്കുന്നവര്‍ ആരൊക്കെയോ തയ്യാറാക്കിയ കുറേ ഉദ്ധരണികളും പോസ്റ്റുകളും നിരത്തി എതിര്‍പക്ഷത്തെ തോല്‍പിക്കാനുള്ള പുറപ്പാടുമായി വാളോങ്ങുന്നത് കാണാം. തങ്ങളുടെ വീക്ഷണത്തോട് വിയോജിക്കുന്നവരെ പ്രവാചക വിരോധികളും പ്രവാചകസ്‌നേഹമില്ലാത്തവരുമായി ചിത്രീകരിക്കാനുള്ള മത്സരവും സജീവമാണ്. മറുവശത്ത് ഇതിനെ എതിര്‍ക്കുന്നവര്‍ കുറേ ഉദ്ധരണികളുമായി പ്രവാചക ജന്മദിനം അനിസ്‌ലാമികമാണെന്ന് സ്ഥാപിക്കാനുള്ള ശക്തമായ പുറപ്പാട് കാണാം. അതിന്റെ മാസ്മരികതയില്‍ ലയിച്ച് വലിയ തുകകള്‍ വരെ ഇനാം പ്രഖ്യാപിക്കുന്ന പ്രവണതയും വിരളമല്ല. ലഘുലേഖകളും വീഡിയോ ക്ലിപ്പുകളും ഇതിനു മാറ്റുകൂട്ടുന്നു. കുറേ ഷെയറുകളിലും കമന്റുകളിലും അവസാനിക്കുന്നു ഇരുകൂട്ടരുടെയും പ്രവാചകസ്‌നേഹം.

യഥാര്‍ഥത്തില്‍ ഇതാണോ ആത്മാര്‍ഥമായ തിരുനബി സ്‌നേഹപ്രകടനം? ഈ സീസണില്‍ ആര്‍ക്കും വിയോജിപ്പില്ലാത്ത സര്‍വാംഗീകൃതമായ പ്രവാചകജീവിതത്തിലെ ഒരു തിരുസുന്നത്തെങ്കിലും സ്വന്തം ജീവിതത്തില്‍ പുനരുജ്ജീവിപ്പിക്കാതെ തിരുനബിയെ എങ്ങനെ നമുക്ക് സ്‌നേഹിക്കാന്‍ കഴിയും! പ്രവാചകന്റെ അരുമശിഷ്യനായ ഇബ്‌നു ഉമറിന്റെ പ്രവാചകസ്‌നേഹത്തെ നാം വായിച്ചിട്ടില്ലേ! പ്രവാചക ജീവിതത്തിലെ ഓരോ ചലനങ്ങളും അതേ പടി ഒപ്പിയെടുത്ത് പ്രവാചകന്‍ ഇരുന്നിടത്ത് ഇരുന്നും കിടന്നിടത്ത് കിടന്നും ഉപദേശം നല്‍കിയിടത്ത് ഉപദേശം നല്‍കിയും പ്രവാചകനോടൊപ്പം സഞ്ചരിക്കാന്‍ വെമ്പല്‍കാട്ടിയ ഇബ്‌നു ഉമറിനെ(റ) ചരിത്രം വിശേഷിപ്പിച്ചത് മുത്തബിഉസ്സുന്ന പ്രവാചക ചര്യയെ അതേ പടി ഒപ്പിയെടുത്തവന്‍ എന്നാണ്. ഈ പ്രവാചക സുന്നത്തിനെ പുനരുജ്ജീവിപ്പിക്കുന്നതില്‍ ആരുണ്ട് ഇന്ന് മത്സരിക്കാന്‍! പ്രവാചക ജീവിതം ചര്‍ച്ചചെയ്യപ്പെടുന്ന ഓരോ ഘട്ടത്തിലും ശ്രദ്ദേയമായ ഒരു തിരുസുന്നത്ത് നാം നമ്മുടെ ജീവിതത്തില്‍ പകര്‍ത്തുുകയാണെങ്കില്‍ പത്ത് വര്‍ഷം കഴിയുമ്പോള്‍ ശ്രദ്ദേയമായ പത്ത് സുന്നത്തുകള്‍ നമ്മുടെ ജീവിതത്തിലേക്ക് ആവാഹിച്ചുകൊണ്ട് നമ്മുടെ തിരുനബി സ്‌നേഹത്തിന് ജീവിതം കൊണ്ട് നമുക്ക് മാറ്റുകൂട്ടാന്‍ നമുക്ക് കഴിയും. അല്ലെങ്കില്‍ അടുത്തവര്‍ഷവും ഇത്തരത്തിലുള്ള കുറേ ഉദ്ധരണികള്‍ പുതിയ ഭാവത്തിലും രൂപത്തിലും നമ്മെ തേടിയെത്തും. അതു ഷെയര്‍ ചെയ്തും കമന്റടിച്ചും നമ്മുടെ തിരുനബി സ്‌നേഹം നാം ആഘോഷിച്ചു ആത്മരതിയില്‍ കഴിഞ്ഞുകൂടും.

പ്രവാചകജീവിതം ഇത്രമേല്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടും പ്രവാചകജീവിതത്തിലെ ശോഭനചിത്രങ്ങള്‍ മനോഹരമായി എഴുതപ്പെട്ട എത്രപുസ്തകങ്ങള്‍ നാം വായിച്ചു! പ്രവാചകന്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഓരോ വേളയിലും ഓരോ പുസ്തകമെങ്കിലും നമുക്ക് വായിക്കാനും മനനം ചെയ്യാനും നാം സമയം കണ്ടെത്തുന്നില്ലെങ്കില്‍ നമ്മുടെ പ്രവാചകസ്‌നേഹത്തിന് മാറ്റ് കുറവുണ്ട് എന്ന് നാം തിരിച്ചറിയണം.

പ്രവാചകവിമര്‍ശനവും ഒരു ഹരമായി മാറിയ കാലമാണിത്. ലിബറലിസ്റ്റുകളും കപട മതേതരവാദികളും നിരീശ്വരവാദികളുമെല്ലാം സോഷ്യല്‍നെറ്റ് വര്‍ക്കുകളും ആധുനിക മാധ്യമങ്ങളുമുപയോഗിച്ച് പ്രവാചകനെ അധിക്ഷേപിക്കാനും തെറ്റായ ധാരണകള്‍ ജനിപ്പിക്കാനും ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതിന് നാം സാക്ഷിയാണ്. അവര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളെ പഠിക്കാനും വിലയിരുത്താനും വസ്തുനിഷ്ടമായും വിവേകത്തോടെയും സമൂഹമധ്യത്തില്‍ അതിനെ അഡ്രസ്സ് ചെയ്യാനുമുള്ള എന്ത് പരിശ്രമമാണ് നാം നേടിയെടുത്തത്! കവിതകള്‍ കൊണ്ട് പ്രവാചകനെ അധിക്ഷേപിച്ചവര്‍ക്കെതിരെ അതേ കവിത കൊണ്ട് ശക്തിയായി പ്രതിരോധിച്ചു പ്രവാചകന്റെ നാവായി മാറിയാണ് ഹസ്സാനുബ്‌നു സാബിത്ത്(റ) പ്രവാചകസ്‌നേഹം പ്രകടിപ്പിച്ചത്. പ്രവാചകനെതിരെ കുപ്രചരണങ്ങള്‍ എഴുതുകയും ആരോപണങ്ങളുമായി രംഗത്തുവരികയും ചെയ്തുകൊണ്ട് ബുദ്ധിജീവി ചമയുന്നവര്‍ മാധ്യമങ്ങളില്‍ വിഹരിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാനുളള ഒരു മുന്നൊരുക്കവും നടത്താതെ നമുക്കെങ്ങനെ തിരുനബി സ്‌നേഹം പ്രകടിപ്പിച്ച ഹസ്സാനുബ്‌നുസാബിത്തിന്റെ ആധുനിക പതിപ്പുകളാകാന്‍ നമുക്ക് സാധിക്കും?

നാം ജീവിക്കുന്ന സമൂഹത്തില്‍ ഭൂരിപക്ഷം ജനതയും പ്രവാചകന്റെ മഹിതമായ ജീവിതത്തെ കുറിച്ച് മൗലികസ്രോതസ്സുകളില്‍ നിന്ന് മനസ്സിലാക്കാന്‍ ഭാഗ്യം സിദ്ധിക്കാത്തവരാണ്. പ്രവാചകനെ കുറിച്ച വിവരങ്ങളധികവും ഒന്നുകില്‍ ഇസ്‌ലാം വിമര്‍ശകരുടെ ഭാഗത്ത് നിന്നോ തെറ്റായ സ്രോതസ്സുകളില്‍ നിന്നോ ആയിരിക്കും. ഇവിടെ സന്നിഹിതരായവര്‍ ഈ സത്യസന്ദേശത്തിന് സാക്ഷിയാകാന്‍ ഭാഗ്യം സിദ്ധിക്കാത്തവര്‍ക്ക് പകര്‍ന്നുകൊടുക്കുക എന്ന അറഫാമൈതാനിയിലെ പ്രവാചകാഹ്വാനം ചെവിക്കൊണ്ട് പ്രവാചക സന്ദേശം പ്രചരിപ്പിക്കാന്‍ ആഫ്രിക്കയിലേക്കും ഏഷ്യയിലേക്കും ലോകത്തിന്റെ നാനാഭാഗത്തേക്കും ഗിരിമാര്‍ഗം താണ്ടിക്കടന്നു ഇസ് ലാമിനെ പ്രബോധനം ചെയ്തു നട്ടുവളര്‍ത്തിയ നമ്മുടെ പൂര്‍വീകരുടെ പ്രവാചകസ്‌നേഹത്തെ ഫേസ്ബുക്കിലൂടെയും വാട്ട്‌സ്ആപ്പിലൂടെയുമുള്ള ഏതാനും ഉദ്ധരണികള്‍ ഷെയര്‍ ചെയ്യുന്നതിലൂടെ നമുക്ക് പ്രകടിപ്പിക്കാന്‍ കഴിയുമോ?

Related Articles