Current Date

Search
Close this search box.
Search
Close this search box.

നാദാപുരം നമ്മോട് പറയേണ്ടത്

നാദാപുരം എന്ന നാട് വീണ്ടും വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്. ഷിബിന്‍ എന്ന പത്തൊമ്പൊതുകാരന്റെ വധവും അതിനെത്തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളുമാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍ക്ക് നിദാനം. പ്രബുദ്ധമെന്ന് നമ്മള്‍ അഭിമാനത്തോടെ അവകാശപ്പെടുന്ന നമ്മുടെ നാടിന്റെ അമൂല്യമായ പാരമ്പര്യങ്ങള്‍ക്ക് ഒട്ടും നിരക്കാത്തതും തീര്‍ത്തും നീചവുമായ അക്രസംഭവങ്ങളുമാണ് നാദാപുരത്തെ തൂണേരിയില്‍ അരങ്ങേറിയത്. കാടത്തമെന്നോ, മൃഗീയതയെന്നോ പേരിട്ടു വിളിച്ചാലും അതിന്റെ വിശേഷണങ്ങള്‍ മതിയാവില്ല. നാടിന്റെ സമാധാനപരമായ അന്തരീക്ഷത്തിനും മൂല്യവത്തായ സങ്കല്‍പങ്ങള്‍ക്കും കാവലാളുകളാകേണ്ട മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളാണ് രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികളെ സ്തബ്ധരാക്കുന്ന ഇത്തരം കാടത്തരങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് എന്നത് നമ്മേച്ഛുക്കളുടെ വേദനകള്‍ക്ക് ആഴം വര്‍ധിപ്പിക്കുന്നു. ഇത്തരം അക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ തിരിച്ചറിഞ്ഞ് അവര്‍ക്കെതിരെ ക്രിയാത്മകവും രചനാത്മകവും സമാധാനപരവുമായ രീതിയില്‍ പ്രതികരിക്കേണ്ടത് മനസാക്ഷിയുള്ള ഏതൊരു പൗരന്റെയും ബാധ്യതയാണ്.

നാദാപുരം സംഭവത്തിനു പിന്നിലെ മുഖ്യ കാരണക്കാര്‍ കേരളത്തിലെ പ്രമുഖ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളായ മുസ്‌ലിം ലീഗും, സി.പി.എം ഉം ആണ്. ഒരു കുടുംബത്തിന്റെ ഭാവി പ്രതീക്ഷയായ ‘ഷിബിന്‍’ എന്ന യുവാവിനെ നിസ്സാരമായ പ്രശ്‌നത്തിന്റെ പേരില്‍ കൊലപ്പെടുത്തിയ വ്യക്തികളെ തീറ്റിപ്പോറ്റിയവരെന്ന നിലക്കും അവരുടെ ചെയ്തികള്‍ക്ക് ന്യായകീരണം ചമക്കുന്നവരെന്ന നിലക്കും മുസ്‌ലിംലീഗുകാര്‍ കുറ്റക്കാര്‍ തന്നെയാണ്. പാര്‍ട്ടിയുടെ പേരില്‍ ‘മുസ്‌ലിം’ എന്നു ചേര്‍ത്താല്‍ ചെയ്യുന്നതെല്ലാം ദീനീ കാര്യമാകുമെന്ന മിഥ്യാധാരണ ഇക്കൂട്ടര്‍ക്കുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മനുഷ്യ ജീവന് അങ്ങേയറ്റത്തെ പവിത്രത കല്‍പിക്കുകയും, ‘ഒരു നിരപരാധിയായ മനുഷ്യനെ കൊല്ലുന്നത് മുഴുവന്‍ മനുഷ്യരെയും കൊല്ലുന്നതിന് സമമായ കുറ്റകൃത്യമാണെന്ന് ‘(വി.ഖു: 5-32) പഠിപ്പിക്കുയും ചെയ്ത വിശുദ്ധ ഗ്രന്ഥത്തിന്റെ അനുയായികളെന്ന് അവകാശപ്പെടുന്നവര്‍ക്ക് എങ്ങനെയാണ് ഈ ക്രൂരകൃത്യം ചെയ്യാന്‍ കഴിയുക? കുറ്റകൃത്യം ചെയ്തവരെ ന്യായീകരിക്കാന്‍ സാധിക്കുക? നേതൃത്വമെങ്കിലും അല്‍പം ദീനീ നിലപാട് സ്വീകരിക്കേണ്ടതായിരുന്നു. അവരും ദീനീ വിരുദ്ധവും അവസാരവാദപരവുമായ നിലപാടാണ് സ്വീകരിച്ചത്.

മാനവികതക്ക് ക്ഷേമകരമായ ഭാവി വാഗ്ദാനം ചെയ്ത് മുദ്രാവാക്യം വിളിച്ച കമ്മ്യൂണിസ്‌ററ് സഖാക്കള്‍ കാണിച്ചുവെച്ച ചെയ്തികള്‍ പെരുങ്കള്ളന്മാരെയും ഗുണ്ടാത്തലവമ്മാരേയും പോലും ലജ്ജിപ്പിക്കും വിധത്തിലുള്ളതായിരുന്നു. എന്താണര്‍ കാണിച്ചു വെച്ചത്?പട്ടാപ്പകല്‍ വീടുകളിലേക്ക് അതിക്രമിച്ചു കയറി വാതിലുകള്‍ അടിച്ചു തകര്‍ത്തു. സ്ത്രീകളെ ഭീഷണപ്പെടുത്തി അവരുടെ ആഭരണങ്ങള്‍ അഴിച്ചു വാങ്ങി അവരെയും പിഞ്ചു പൈതങ്ങളെയും വീട്ടില്‍ നിന്നും ആട്ടിയിറക്കി. എന്നിട്ട് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമെല്ലാം കൊള്ളയടിച്ച് വീടൊന്നാകെ ഒരു പ്രത്യേക രാസവസ്തു ഉപയോഗിച്ച് കത്തിച്ചു കളഞ്ഞു. വീട്ടിലെ വാതിലുകളും ജനലുകളുമെല്ലാം കത്തിച്ചാമ്പലായി. മാര്‍ബിള്‍ തറപോലും പൊട്ടിത്തകര്‍ന്നു. വീടിനു വെളിയിലുള്ള മുന്തിയം ഇനം വാഹനങ്ങള്‍ക്കും തീയിട്ടു. മനുഷ്യന് കുടിവെള്ളം ലഭിക്കുന്ന കിണറുകളും അവര്‍ വിഷമയമാക്കി. ആ പ്രദേശത്തെ എഴുപതിലധികം മുസ്‌ലിം വീടുകളാണ് കമ്മ്യൂണിസ്റ്റ് കാപാലികരുടെ ആക്രമണങ്ങള്‍ക്കിരയായത്. ഇതാണോ കമ്മ്യൂണിസ്റ്റുകാര്‍ വിഭാവന ചെയ്യുന്ന ക്ഷേമ സങ്കല്‍പം. ആരെങ്കിലും ചെയ്ത കുറ്റത്തിന് നിരപാധികളെ ബലിയാടാക്കുന്നതില്‍ എന്തു മാനവികതയാണ് കമ്മ്യൂണിസ്റ്റുകാര്‍ കാണുന്നത്. പാര്‍ട്ടി പ്രവര്‍ത്തകയായ പ്രദേശത്തെ എം.എല്‍.എ സംഭവത്തെക്കുറിച്ച് പറഞ്ഞത് അത് സ്വാഭാവികമായ പ്രതികരണമെന്നാണ്. ജനങ്ങളുടെ വോട്ടു വാങ്ങി ഭരണത്തിലേറിവയരും പാര്‍ട്ടിയുടെ നെറികേടുകളെ ന്യായീകരിക്കാന്‍ ജനങ്ങളെ വഞ്ചിക്കുന്ന ദുരവസ്ഥ. ഇന്ത്യ കണ്ട ഏറ്റവും ദാരുണമായ വര്‍ഗീയ കലാപങ്ങളിലൊന്നായ ‘ഗുജറാത്ത് കലാപം’ നടന്ന കാലത്തെ സംഘ്പരിവാര്‍ ചെയ്തികളെ അനുസ്മരിപ്പിക്കും വിധത്തിലായിരുന്നു നാദാപുരത്തെ സിപി.എം സഖാക്കളുടെ വിളയാട്ടങ്ങള്‍.

കേരള മനസാക്ഷിയെ ഞെട്ടിച്ച ഈ ദാരുണ സംഭവത്തോട് പോലീസും, ഭരണമേധാവികളും പുലര്‍ത്തിയ നിസ്സംഗതയാണ് ഏറ്റവും ഗൗരവമര്‍ഹിക്കേണ്ടത്. സംഭവം നടന്ന ഘട്ടത്തില്‍ സഹായം തേടിവരോട് കൈമലര്‍ത്തുന്ന സമീപമാണ് പോലീസ് സ്വീകരിച്ചത്. കൊള്ളക്കാരെയും അക്രമികളെയും പിടികൂടുന്നതിലും തികഞ്ഞ അലംബാവമാണ് ഉത്തരവാദിപ്പെട്ടവര്‍ കാണിച്ചത്. പൗരന്മാരുടെ ജീവന്റെയും സമ്പത്തിന്റെയും സംരക്ഷണ ഉത്തരവാദിത്വമുള്ള സര്‍ക്കാറുകള്‍ കൈയും കെട്ടി നോക്കി നില്‍ക്കുന്ന ദുരവസ്ഥ. ഇത് ജനാധിപത്യ ഇന്ത്യയാണോ എന്ന് സംശയിച്ചു പോകും വിധമാണ് സര്‍ക്കാറിന്റെ ഇടപെടലുകള്‍. ഇത്തരം അക്രമ സംഭവങ്ങളോട് സര്‍ക്കാറും പോലീസും ഇതേ നയം തുടരുകയാണെങ്കില്‍ ഈ നാടിന്റെ സമാധാനാന്തരീ്ക്ഷം പൂര്‍ണ്ണമായും തകരാന്‍ അധിക കാലം വേണ്ടി വരില്ല.     ‘ദൈവത്തിന്റെ സ്വന്തം നാട്’ പിശാചിന്റെ സ്വന്തം നാടായി മാറാന്‍’ അധിക നാള്‍ കാത്തിരിക്കേണ്ടി വരില്ല.

ജാതി, മത ഭേദമന്യേ ഒരൊറ്റ മനസ്സോടെ രാജ്യത്തിന്റെ അഭിവൃദ്ധിക്കായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ പൗരന്മാര്‍ക്ക് സാധിക്കേണ്ടതുണ്ട്. വ്യത്യസ്ത മതങ്ങളും ജാതികളും ഭാഷകളുമെല്ലാം നിലനില്‍ക്കുന്ന രാജ്യത്തിന്റെ നിലനില്‍പിന്റെ ആധാരം നാം ഉയര്‍ത്തിപ്പിടിക്കുന്ന ‘നാനാത്വത്തില്‍ ഏകത്വം’ എന്ന ആശയവും, നമ്മുടെ മതേതരത്വ സങ്കല്‍പങ്ങളുമൊക്കെയാണ്. സമഭാവനയോടെയും, സ്‌നേഹത്തോടെയും ഐക്യത്തോടെയുമുള്ള സഹവര്‍ത്തിത്വവും ഇടപെടലുകളും പൗരന്മാര്‍ക്കിടയിലുണ്ടാകണമെന്ന് ഈ തത്വങ്ങള്‍ നമ്മോട് വിളിച്ചു പറയുന്നുണ്ട്. അത്തരം രാജ്യതാല്‍പര്യങ്ങളും തത്വങ്ങളും മുറുകെപ്പിടിക്കാന്‍ നാം ബാധ്യസ്തരാണ്. വര്‍ഗീയതക്കും മതസ്പര്‍ധകള്‍ക്കും അതീതമായ ഒരു നാടിന്റെ പിറവിക്ക് നാം പ്രതിജ്ഞാബദ്ധരാകണം. പൗരന്മാരുടെ സൈ്വരജീവിതം തകര്‍ക്കുന്ന ഇത്തരം അക്രമപ്രവര്‍ത്തനങ്ങളോട് നിസ്സംഗത പാലിക്കുന്ന സര്‍ക്കാറിനെയും സമൂഹമനസ്സില്‍ വര്‍ഗീയ വിഷം ചുരത്തുകയും അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന ലീഗ്, സി.പി.എം പോലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ഒറ്റപ്പെടുത്താനും പുതിയ ബദലുകള്‍ കണ്ടെത്താനും സമൂഹം തയ്യാറാകേണ്ടതുണ്ട്.

Related Articles