Current Date

Search
Close this search box.
Search
Close this search box.

ദാരിദ്ര്യം ഒരു പ്രശ്‌നമാണ്

ദാരിദ്ര്യം ഇല്ലാതാക്കാനും ദാരിദ്രത്തിനെതിരെ പൊരുതാനും ഒരു പാട് സംവിധാനങ്ങളും സംഘടനകളുമുണ്ട് ലോകത്ത്. പക്ഷെ എന്നിട്ടും ദാരിദ്ര്യം ഒരു പ്രശ്‌നമായി നില നില്‍ക്കുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. സര്‍ക്കാരുകളും എന്‍.ജി.ഒ കളും നടത്തുന്ന ദാരിദ്ര നിര്‍മാര്‍ജനം കേവല സ്ഥിതിവിവരക്കണക്കുകളെടുക്കുന്നതിലും ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിലും മാത്രം ഒതുങ്ങിപ്പോകുന്നു. വ്യത്യസ്ത രാജ്യങ്ങളുടെ വളര്‍ച്ചാനിരക്ക് കണക്കുകളില്‍ ഉയരുമ്പോഴും രാജ്യം ദാരിദ്ര്യത്തില്‍ തന്നെയാണ് കഴിയുന്നത്. റിപ്പോര്‍ട്ടുകളിലും മാധ്യമങ്ങളിലും കാണുന്ന വളര്‍ച്ചാനിരക്ക് ജനജീവിതത്തില്‍ പ്രകടമാകുന്നില്ല. അതിനര്‍ത്ഥം രാജ്യത്തിന്റെ സ്ഥിതിവിവിരക്കണക്കുകള്‍ക്ക് എന്തോ കുഴപ്പമുണ്ടെന്നാണ്. കടലാസിലെ കണക്കുകളും വ്യത്യസ്ത രാജ്യങ്ങളിലെ ജീവിതാനുഭവങ്ങളും കാണുമ്പോള്‍ ജനങ്ങള്‍ ഏത് വിശ്വസിക്കും?

ഉദാരവല്‍ക്കരണം നടപ്പാക്കിയതിന് ശേഷമാണ് ഈ സ്ഥിതിവിശേഷം ഇന്ത്യയില്‍ കൂടി വന്നത്. ഇതിന് മുഖ്യ കാരണം പണം കൊണ്ടുള്ള ഊഹ ഇടപാടുകളും നിയന്ത്രണം കുറഞ്ഞ കമ്പോള സ്വാതന്ത്ര്യവുമാണ്. യതാര്‍ത്ഥത്തില്‍ പൊതു നന്മക്കായി ജാഗ്രത പുലര്‍ത്തേണ്ട ഭരണ കൂടങ്ങള്‍ വന്‍കിട കമ്പനികളുടെ ദല്ലാള്‍മാരാവുകയാണ്. ഉല്‍പാദനത്തെക്കാള്‍ കൂടുതല്‍ പണത്തിന് പ്രാമുഖ്യം വന്നിരിക്കുന്നു. പണം യഥാര്‍ത്ഥത്തില്‍ സേവനത്തിനുള്ള ഉപാധിമാത്രമാണ്, അത് സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനമല്ല. കറന്‍സിയും മറ്റു ഫിനാന്‍ഷ്യല്‍ സാങ്കേതിക പദങ്ങളുമുപയോഗിച്ച് കോര്‍പ്പറേറ്റുകള്‍ കച്ചവടം ചെയ്യുമ്പോള്‍ കോരന് കുമ്പിളിലും കഞ്ഞി കുടിക്കാനാവുന്നില്ല.

കോര്‍പറേറ്റുകളും അവരുടെ പറ്റുകാരായ രാഷ്ട്രീയക്കാരും നടത്തുന്ന ദാരിദ്ര നിര്‍മാര്‍ജ്ജനം കേവലം ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകുന്നു. കേവല ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൊണ്ട് മാത്രം ദാരിദ്രം ഇല്ലാതാക്കാനാവില്ലെന്നാണ് അനുഭവം നമ്മെ പഠിപ്പിക്കുന്നത് . സര്‍ക്കാരിന്റെയും എന്‍.ജി.ഒ കളുടെയും ക്ഷേമപ്രവര്‍ത്തനങ്ങളില്‍ പലതും അനധികൃത സമ്പത്ത് വെളുപ്പിച്ചെടുക്കാനുള്ള കണക്കിന്റയും കടലാസിന്റയും മായാജാലങ്ങളാണ്. ഇതിനപ്പുറം കമ്പോളത്തിന്റെയും സാമ്പത്തിക സ്ഥാനപനങ്ങളുടെയും നിയന്ത്രണം ധാര്‍മിക മൂല്യങ്ങളാല്‍ നയിക്കപ്പെടണമെന്ന് മൂല്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് താല്‍പര്യമുണ്ട്.

ഭൂമിയിലെ വിഭവങ്ങള്‍ മനുഷ്യര്‍ക്കെല്ലാവര്‍ക്കും ജീവിതാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ളതും അതിന് മതിയാകുന്നതുമാണ്. മനുഷ്യനാവശ്യമായ ധനം ഭൂമിയിലില്ലെന്ന വിശ്വാസം തന്നെ യതാര്‍ത്ഥത്തില്‍ ദൈവ നിഷേധമാണ്. മനുഷ്യര്‍ക്ക് ആവശ്യമായത് നല്‍കാന്‍ ദൈവത്തിന് കഴിയുന്നില്ല എന്നാണല്ലോ അതിനര്‍ത്ഥം. പക്ഷെ എല്ലാവര്‍ക്കും ആവശ്യമായ വിഭവങ്ങള്‍ ഭൂമിയിലുണ്ട് പക്ഷെ അത് കൃത്യമായി വിതരണം ചെയ്യപ്പെടുന്നില്ല എന്നതാണ് പ്രശ്‌നം.ആഫ്രിക്കയുള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 22,000 കുട്ടികള്‍ ദിവസവും പോഷകാഹാരക്കുറവ് കൊണ്ട് മരിച്ചു വീഴുമ്പോള്‍ സമ്പന്ന രാജ്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ മൂന്നിലൊന്നും ഉപയോഗിക്കാതെ പാഴായിപോകുന്നതയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആവശ്യങ്ങള്‍ക്കായല്ല ഭക്ഷണം പോലും ഉല്‍പാദിപ്പിക്കുന്നത് മറിച്ച് കച്ചവടം വിജയിപ്പിക്കാനാണ്.

ഭൂമിയിലെ അസംസ്‌കൃത വസ്തുക്കളെല്ലാം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. അത് കൃത്യമായി വിതരണം ചെയ്യപ്പെടേണ്ട ചുമതല ഭരണ കര്‍ത്താക്കള്‍ക്കുണ്ട്. അത് ഏതെങ്കലും വ്യക്തികളില്‍ മാത്രം ഒതുങ്ങിക്കൂടിയാല്‍ ജനങ്ങള്‍ക്ക് ഭരണകൂടത്തിലുള്ള വിശ്വാസം ഇല്ലാതാകും. വിശ്വാസം അത് നഷ്ടപ്പെട്ടാല്‍ പിന്നീടുണ്ടാവുക അരാജകത്വമാണ്. അത് രാജ്യത്തിന്റെ തകര്‍ച്ചയിലേക്കായിരിക്കും നയിക്കുക.

Related Articles