Current Date

Search
Close this search box.
Search
Close this search box.

തീവ്രവാദം ഇസ്‌ലാമിക പ്രതിഭാസമോ?

terrorism333-islam.jpg

അക്രമവും തീവ്രവാദവും ഒരു ഇസ്‌ലാമിക പ്രതിഭാസമാണോ? ഇന്ന് പലരും ഉന്നയിക്കുന്ന ഒരു ചോദ്യമാണിത്. അക്രവും തീവ്രവാദവും ഒരു ഇസ്‌ലാമിക പ്രതിഭാസമാണെന്ന് ഒരിക്കലും പറയാവതല്ല. അക്രമത്തിന് മതമോ രാഷ്ട്രമോ ഇല്ല. ഏതെങ്കിലും ഇസ്‌ലാമിന്റെ പേരില്‍ അറിയപ്പെടുന്ന ഗ്രൂപ്പുകള്‍ അക്രമം നടത്തുന്നുവെങ്കില്‍ അത് തീവ്രവാദമാണ്. ഇത്തരത്തില്‍ ആക്രമണം നടത്തുന്ന വേറെയും ഗ്രൂപ്പുകളും രാഷ്ട്രങ്ങള്‍ പോലുമുണ്ട്. ഇസ്രയേല്‍ അതിന്റെ മികച്ച ഉദാഹരണമാണ്.

അക്രമം ദേശപരിധികളില്ലാതെ എല്ലായിടത്തുമുള്ളതാണ്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി അക്രമത്തെ ഉപയോഗപ്പെടുത്തുന്ന വ്യക്തികളുടെയും സംഘങ്ങളുടെയും രാഷ്ട്രങ്ങളുടെയും വലിയൊരു പട്ടിക തന്നെയുണ്ട്. ഫലസ്തീനികള്‍ക്കും ലബനാന്‍ ജനതക്കും എതിരെ കടുത്ത അക്രമണങ്ങളും പീഡനങ്ങളും നടത്തിയിട്ടുള്ള രാഷ്ട്രമാണ് ഇസ്രയേല്‍.

ചിലയാളുകള്‍, പ്രത്യേകമായ എടുത്തു പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് മാര്‍കിസ്റ്റ് ആശയങ്ങള്‍ ഉയര്‍ത്തുന്നവര്‍ സാമ്പത്തിക അസ്വമത്വത്തിന്റെ ഫലമായുണ്ടാകുന്ന പ്രതിഭാസമായിട്ടാണ് അക്രമത്തെ വിശദീകരിക്കുന്നത്. ഈ വിശദീകരണത്തിലെ വസ്തുതയെ നമുക്ക് നിഷേധിക്കാനാവില്ല. ദാരിദ്യം ഭയന്ന് മക്കളെ വകവരുത്തരുതെന്ന് പറഞ്ഞിട്ടുള്ള വിശുദ്ധ ഖുര്‍ആന്‍ അക്രമമെന്ന പ്രതിഭാസത്തിന് പിന്നിലുള്ള ഈ ഘടകത്തെ അവഗണിക്കുന്നില്ല.

ഗൂഢാലോചനാ സിദ്ധാന്തം ഉപയോഗിച്ചാണ് മറ്റുചിലര്‍ അക്രമത്തെ വിശദീകരിക്കുന്നത്. അതായത് എല്ലാ ആക്രമങ്ങള്‍ക്ക് പിന്നിലും പൈശാചികമായ ആസൂത്രമണമുണ്ട്. വളരെ പ്രചാരമുള്ള ഒരു വിശദീകരണമാണിത്. ഉത്തരവാദി മറ്റാരോ ആയതുകൊണ്ട് നമ്മുടെ എല്ലാ തരത്തിലുള്ള ഉത്തരവാദിത്വവും അതില്ലാതാക്കുന്നു. അതേസമയം നമ്മെയത് രാഷ്ട്രീയ അടിച്ചമര്‍ത്തലുകള്‍ക്ക് മുന്നില്‍ അശക്തരുമാക്കുന്നു. മത, സാമൂഹിക, രാഷ്ട്രീയ അടിച്ചമര്‍ത്തലുകളെ നാം അഭിമുഖീകരിക്കുന്നുണ്ട്. മനുഷ്യന്‍ സ്വതന്ത്രനാണ്. അതു കൊണ്ട് തന്നെ ഈ വിശദീകരണത്തെ അംഗീകരിച്ചു കൊടുക്കരുത്. ഇനി യഥാര്‍ത്ഥത്തില്‍ നമുക്കെതിരെ ആരെങ്കിലും ഗൂഢാലോചന നടത്തുന്നുണ്ടെങ്കില്‍ അതൊരു ന്യായീകരണമാണോ? എന്തുകൊണ്ട് നമുക്കതില്‍ ആസൂത്രണങ്ങളില്ല? എപ്പോഴും മറ്റുള്ളവരാല്‍ നാം ഇരകളാക്കപ്പെടല്‍ അനിവാര്യമോ?

ഈ പ്രതിഭാസത്തിനുള്ള ഒരൊറ്റ ഉത്തരം കണ്ടെത്തു പ്രയാസം തന്നെയാണ്. എന്തുകൊണ്ടെന്നാല്‍ വിവിധ വശങ്ങളുള്ള സങ്കീര്‍ണമായ പ്രശ്‌നമാണത്. ഈ പ്രതിഭാസത്തിന് പിന്നിലുള്ള കാരണങ്ങളെ ആന്തരികം, ബാഹ്യം, മനശാസ്ത്ര ഘടകങ്ങള്‍ എന്നിങ്ങനെ വിശേഷിപ്പിക്കാം. ബൗദ്ധിക ഘടകങ്ങള്‍, സാമൂഹിക സാമ്പത്തിക ഘടകങ്ങള്‍ എന്ന തരത്തില്‍ അവയെ വിലയിരുത്തിയവരുമുണ്ട്. ചില ആളുകള്‍ ഊന്നല്‍ നല്‍കുന്നത് ബാഹ്യഘടകങ്ങള്‍ക്കാണ്. എന്നാലിത് ശാസ്ത്രീയമോ വൈജ്ഞാനികമോ ആയ ചിന്തയല്ല. എല്ലാ ഘടകങ്ങളെയും പരിഗണിച്ചു കൊണ്ടുള്ള ഒരു വിലയിരുത്തലാണ് വേണ്ടത്.

ഈ പ്രതിഭാസത്തിന് പിന്നിലെ ഘടകങ്ങള്‍
1. മധ്യമ ചിന്താ രീതിയുടെ അഭാവം. യുവാക്കള്‍ക്ക് അവരുടെ മാര്‍ഗം കാണിച്ചു കൊടുക്കുന്നതിന് ഇസ്‌ലാമിന്റെ മധ്യമ നിലപാടിന്റെ അടിസ്ഥാനത്തിലുള്ള ചിന്താരീതി പുറത്തു വരേണ്ടത് അനിവാര്യമാണ്. ഇത്തരം ചിന്താരീതിയുടെ അഭാവം തീവ്ര ചിന്തക്കും തത്വങ്ങള്‍ക്കും രംഗം തുറന്നു കൊടുക്കുന്നു.
2. ഖുര്‍ആനില്‍ നിന്നും പ്രവാചകചര്യയില്‍ നിന്നുമുളള തെളിവുകളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിവുള്ള പണ്ഡിതന്‍മാരുടെ അഭാവം. അവരുടെ അഭാവത്തില്‍ ആ സ്ഥാനത്തേക്ക് കടന്നിരിക്കുന്നത് ഭരണകൂടങ്ങള്‍ക്ക് പാദസേവ ചെയ്യുന്ന പണ്ഡിതന്‍മാര്‍ എന്നറിയപ്പെടുന്ന വിഭാഗമാണ്. അതിന്റെ ഫലമെന്നോണം യുവാക്കള്‍ക്ക് അവരിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു. സങ്കീര്‍ണമായ വിഷയങ്ങളില്‍ ഫത്‌വ പറയാനുള്ള ഒരു വിഭാഗം മാത്രമായി അവര്‍ മാറ്റിയിരുത്തപ്പെടുകയും ചെയ്യുന്നു.
3. അടിച്ചമര്‍ത്തലും ജനാധിപത്യത്തിന്റെ അഭാവവും ആളുകളെ നിയമം കയ്യിലെടുക്കുന്നതിലേക്ക് നയിക്കുന്നു. അടിച്ചമര്‍ത്തല്‍ അക്രമമായും അക്രമം പിന്നീട് കൂടുതല്‍ അക്രമങ്ങളിലേക്കും വളരുന്നു.
4. ഇസ്‌ലാമിനെ ഔദ്യോഗിക മതമായി അംഗീകരിച്ചതും തങ്ങളുടെ നിയമങ്ങളുടെ അടിസ്ഥാനം ഇസ്‌ലാമാണെന്ന് വാദിക്കുന്നതുമായ നിരവധി രാഷ്ട്രങ്ങളുണ്ട്. എന്നാല്‍ അവിടെയൊന്നും നടപ്പാക്കുന്നത് ഇസ്‌ലാമിക ശരീഅത്തല്ല എന്നത് പ്രധാനപ്പെട്ട ഒരു ഘടകമാണ്. പിന്നീട് ശരീഅത്തിന് നേര്‍ വിരുദ്ധമായ നിയമങ്ങളാണ് അവിടെ ആളുകള്‍ കാണുന്നത്. ഇത്തരം നിയമങ്ങള്‍ അക്രമണത്തിന്റെ പാത സ്വീകരിക്കാന്‍ യുവാക്കളെ പ്രകോപിപ്പിക്കുമെന്നുറപ്പാണ്.
5. അഴിമതി വ്യാപകമായതും സമൂഹത്തില്‍ അടിച്ചമര്‍ത്തലുകള്‍ വര്‍ധിച്ചതും അസ്വസ്ഥതകള്‍ക്കുള്ള കാരണങ്ങള്‍ തന്നെയാണ്.

വിവ: നസീഫ്‌

Related Articles