Current Date

Search
Close this search box.
Search
Close this search box.

തലമറക്കാനുള്ള അവകാശം രക്ഷിതാക്കള്‍ ആര്‍ജവം കാണിക്കണം

കഴിഞ്ഞ ബുധനാഴ്ച ജൂലൈ മൂന്നിന് ജമാഅത്തെ ഇസ്‌ലാമി കേരള ജനറല്‍ സെക്രട്ടറി പി മുജീബുറഹ്മാന്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എന്‍ എം അന്‍സാരി എന്നിവരോടൊന്നിച്ച് വിദ്യാഭ്യാസ മന്ത്രി ജനാബ് അബ്ദുറബ്ബുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ലഭിച്ചു. സംസാരത്തിനിടയില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിനികളുടെ തലമറക്കാനുള്ള സ്വാതന്ത്ര്യം തടയുന്ന പ്രവണത ചര്‍ച്ചാ വിധേയമാക്കി. അപ്പോള്‍ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു : ‘ചില കേന്ദ്രീയ വിദ്യാലയങ്ങളില്‍ നിന്ന് ആക്ഷേപം കിട്ടിയപ്പോള്‍ ഞാന്‍ അന്വേഷിച്ചു. അതിന് സ്ഥാപനാധികൃതര്‍ പറഞ്ഞ മറുപടി അദ്ധ്യാപക-രക്ഷാകര്‍തൃസമിതിയുടെ തീരുമാനമാണെന്നും അതംഗീകരിക്കാമെന്ന് അഡ്മിഷന്‍ സമയത്ത് രക്ഷിതാക്കള്‍ എഴുതിത്തന്നിട്ടുണ്ടെന്നുമാണ്’.

അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു : ‘അങ്ങനെയൊരു തീരുമാനമെടുക്കുന്നതും രക്ഷിതാക്കളെക്കൊണ്ട് എഴുതി വാങ്ങിക്കുന്നതും നമ്മുടെ ഭരണഘടന അംഗീകരിക്കുന്ന മതസ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങള്‍ക്കും എതിരാണ്. അതിനാല്‍ സര്‍ക്കാര്‍ അതംഗീകരിക്കാന്‍ പാടില്ലാത്തതാണ്’.

ഞങ്ങളുടെ അഭിപ്രായപ്രകടനത്തോട് വിദ്യാഭ്യാസ മന്ത്രിയും യോജിച്ചു. എന്നാല്‍ ഭരണഘടനാപരമായ അവകാശം അടിയറവെക്കാനും ഇസ്‌ലാമിക ബാധ്യത ഉപേക്ഷിക്കാനും സന്നദ്ധരായ രക്ഷിതാക്കളോട് വല്ലാത്ത സഹതാപം തോന്നി.

സ്വന്തം മക്കള്‍ ഡോക്ടര്‍മാരോ എഞ്ചിനീയര്‍മാരോ മറ്റു പ്രൊഫഷനലുകളോ ആകുന്നതിനു മുമ്പ് മനുഷ്യനാകണമെന്ന കാര്യം മറക്കാവതല്ല. ഇസ് ലാമിക ശാസനകള്‍ ലംഘിക്കാന്‍ കൂട്ടുനില്‍ക്കുന്നത് കടുത്ത അപരാധമാണ്. ഇക്കാര്യത്തിലാണെങ്കില്‍ ഒരു നിര്‍ബന്ധിതാവസ്ഥയുമില്ല. കുട്ടികളെ അനിസ്‌ലാമിക രീതിയില്‍ വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്താല്‍ അവര്‍ നമുക്ക് പരലോകത്ത് മത്രമല്ല, ഈ ലോകത്തും ശാപവും ശല്യവുമായി മാറുമെന്ന കാര്യം ഓര്‍ക്കുക. നമുക്കെതിരെ അല്ലാഹുവിന്റെ മുമ്പില്‍ അവര്‍ സാക്ഷി പറയുകയും ചെയ്യും.

സാധ്യതയുടെ പരമാവധി ഇസ്‌ലാമിക നിയമങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കുന്നതില്‍ നാം നിഷ്‌കര്‍ഷ പുലര്‍ത്തണം. അടിമത്തം അംഗീകരിക്കുന്നത് അപമാനകരമാണ്. സാംസ്‌കാരികമായ അധിനിവേശത്തിന് അടിപ്പെട്ടാല്‍ നാശം അനിവാര്യമത്രെ. തലകുനിക്കാന്‍ പറയുമ്പോള്‍ മുട്ടുകുത്തുകയും മുട്ടുകുത്താന്‍ പറയുമ്പോള്‍ കുനിയുകയും കുനിയാന്‍ പറയുമ്പോള്‍ ഇഴയുകയും ചെയ്യുന്ന ഒരു ജനതക്ക് നിലനില്‍ക്കാന്‍ അര്‍ഹതയില്ല. അതുകൊണ്ടു തന്നെ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കാനും സാംസ്‌കാരിക സവിശേഷതകളും മതാചാര-അനുഷ്ടാന സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാനും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആര്‍ജവം കാണിക്കണം. അടിയറവ് അത്യന്തം അപമാനകരമാണ്.
 

Related Articles