Current Date

Search
Close this search box.
Search
Close this search box.

ഡല്‍ഹി; നല്‍കുന്ന പാഠങ്ങള്‍

വര്‍ത്തമാന ഇന്ത്യ ഉറ്റുനോക്കുന്നത് രാജ്യത്തിന്റെ തലസ്ഥാന നഗരിയിലേക്കാണ്. ഭരണസിരാകേന്ദ്രത്തില്‍ ആധിപത്യത്തിന്റെ മട്ടുപ്പാവില്‍ അള്ളിപ്പിടിച്ചിരിക്കുന്നവര്‍ക്കെതിരെയുള്ള വിധിയെഴുത്തായിരുന്നു പുതിയ തെരഞ്ഞെടുപ്പ് ഫലം. ആ അര്‍ത്ഥത്തിലാണ് നാമിതിനെ വിശകലനം ചെയ്യേണ്ടത്. വലിയ വായില്‍ വാചോടാപം മുഴക്കി ഭരണീയരുടെ ജീവിതത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തിയതിന് ജനം കൊടുത്ത ചുട്ട മറുപടിയായിട്ട് വേണം കരുതാന്‍.

കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നവരുടെ രാഷ്ട്രീയ പാപ്പരത്തമാണ് ഇതിലൂടെ ബോധ്യമായിരിക്കുന്നത്. തങ്ങള്‍ ചൊല്ലുംപടി രാജ്യത്തെ മാറ്റിമറിക്കാനാവുമെന്ന സ്വപ്‌നമാണ് ഇതോട അസ്തമിച്ചിരിക്കുന്നത്. പ്രകടന പത്രികയിലും ബജറ്റിലുമെല്ലാം കുത്തി നിറക്കുന്ന വായ്ത്താരികള്‍ ലക്ഷ്യം നേടിയെടുത്തശേഷം വിസ്മരിക്കുന്ന ദുരവസ്ഥയും പിടിപ്പുകേടും സംജാതമായിരിക്കുകയാണ്. കോര്‍പറേറ്റുകള്‍ക്കും സാമ്രാജ്യത്വ ശക്തികള്‍ക്കും ഈ രാജ്യത്തെ തീറെഴുതുകയും ഒളിയജണ്ടകള്‍ മെനയുകയും എന്നാല്‍ ഒളിയജണ്ടകളെല്ലാം തങ്ങളുടെ തലതൊട്ടപ്പന്മാരിലൂടെ പുറത്ത് വരുന്ന സ്ഥിതിവിശേഷം. ജനങ്ങളുടെ വെറുപ്പ് സമ്പാദിക്കാനേ ഇതിലൂടെ ഉപകരിക്കൂ. ആധുനിക ഫറോവമാര്‍ ഉന്നമിടുന്ന ലക്ഷ്യങ്ങളെല്ലാം തെറ്റാനുള്ള എളുപ്പമാര്‍ഗമായി ഈ തെരഞ്ഞെടുപ്പിനെ കാണാന്‍ നമുക്ക് സാധിക്കും.

രാജ്യത്തെ മുതലാളി  സവര്‍ണ  വരേണ്യ  വിഭാഗങ്ങളെ മാത്രം പരിഗണിച്ച് ദുര്‍ബല  അധഃസ്ഥിത വിഭാഗങ്ങളെ എത് വിധേനയും ഉന്മൂലനം ചെയ്യാനുള്ള തന്ത്രങ്ങള്‍ ഇനി അധികകാലം വിലപോവില്ല എന്നതിനുള്ള ശക്തമായ താക്കീത് കൂടിയാണിത്. അധികാരമെന്നാല്‍ തോന്നുംപടി ചെയ്യാനുള്ള ലൈസന്‍സല്ല എന്നും അത് ഉത്തരവാദിത്തമാണെന്നും ഇനിയെങ്കിലും തിരിച്ചറിയാന്‍ ഭരണകര്‍ത്താക്കള്‍ക്ക് കഴിയണം. ഇത്തരത്തിലുള്ള ജനനായകര്‍ കടന്നുവരുന്നതു കൊണ്ടാണ് പല ഛിദ്രശക്തികളെയും തുരത്തുവാന്‍ സാധിക്കുന്നത്. ന്യൂനപക്ഷങ്ങളെ നിരന്തരം ചാപ്പകുത്തിയും വ്യക്തിസ്വാതന്ത്ര്യങ്ങള്‍ക്ക് മേല്‍ താഴിട്ട് പൂട്ടിയും ഭരണകൂടം മതിമറക്കുന്നു. പൗരാവകാശ ധ്വംസനങ്ങള്‍ കൊണ്ട് ഇനി മുന്നോട്ട് പോവാനാവില്ലെന്നും അതിനറുതി വരണമെന്നും ജനങ്ങളാഗ്രഹിക്കുന്നതിന്റെ പരിണിത ഫലങ്ങളാണ് ഉപരിസൂചിത സംഭവങ്ങളില്‍ നിന്നും തെളിയുന്നത്. വര്‍ഗീയ വിദ്വേഷങ്ങളും അജണ്ടകളും വ്യാപിപ്പിക്കുകയെന്നതിലപ്പുറം ജനങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യാന്‍ അധികാരികള്‍ക്ക് സാധിച്ചിട്ടില്ല. രാജ്യത്ത് ഇന്ന് നടമാടുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാതെ അതിനെ കൂടുതല്‍ വഷളാക്കാനാണ് ഭരണകൂടം തുനിയുന്നത്. ഇവിടെയുള്ള ദാരിദ്ര്യവും വിദ്യാഭ്യാസ  ആരോഗ്യ പ്രശ്‌നങ്ങളും തൊഴിലില്ലായ്മയും അടിക്കടി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാം തങ്ങളുടെ വരുതിയിലാക്കുക എന്ന ഏക അജണ്ടയുടെ മേച്ചില്‍പ്പുറങ്ങളില്‍ വിഹരിക്കുന്നവരാണ് ഇവിടെയുള്ള കങ്കാളി വര്‍ഗങ്ങളെല്ലാം. അതുകൊണ്ട് ഇവിടെ മതപരിവര്‍ത്തനമല്ല ആവശ്യം, മനപരിവര്‍ത്തനമാണ്. ഡല്‍ഹി ഒരുപാട് പാഠങ്ങളാണ് നമുക്കും അധികാര വര്‍ഗത്തിനും പകര്‍ന്നു നല്‍കുന്നത്. കാലപഴക്കം ചെന്ന പ്രവാചക ചരിത്രത്തോളം ചൂരുള്ള ഒന്നായി നമുക്ക് ഇതിനെയും വിലയിരുത്താം. ഇതില്‍ നിന്നും വ്യക്തമായ പാഠമുള്‍കൊണ്ട് വരുംകാലം ഉദാത്ത രീതിയില്‍ രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ ഇവിടെയുള്ള അധികാരവര്‍ഗത്തിന് കഴിയട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം.
(അല്‍-ജാമിഅ അല്‍-ഇസ്‌ലാമിയ, ശാന്തപുരം വിദ്യാര്‍ഥിയാണ് ലേഖകന്‍)

Related Articles