Current Date

Search
Close this search box.
Search
Close this search box.

ജനാധിപത്യ വാഴ്ചയിലെ അവിഹിത വേഴ്ചകള്‍

എന്തൊക്കെ ന്യൂനതകള്‍  പറഞ്ഞാലും ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥ ഒരത്ഭുത പ്രതിഭാസമായി വിലയിരുത്തപ്പെടുന്നുവെന്നത് ഭാരതീയനെ സംബന്ധിച്ചിടത്തോളം അഭിമാനത്തോടൊപ്പം പ്രതീക്ഷയ്ക്ക് വകനല്‍കുന്നുണ്ട്. എന്നാല്‍ ശേഷിക്കുന്ന ഇത്തരം പ്രതീക്ഷകള്‍ പോലും  തകര്‍ത്തു തരിപ്പണമാക്കുന്ന അപ്രിയ സത്യങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ പങ്കുവയ്ക്കപ്പെടുന്നത്.

പതിനാറാം ലോകസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രസാരണ രീതിയില്‍ പ്രത്യക്ഷമായും പരോക്ഷമായും നടമാടിയ ജനാധിപത്യവിരുദ്ധ നിലപാടുകളും മര്യാദകെട്ട പ്രവര്‍ത്തനങ്ങളും പുതിയ വാര്‍ത്താ പ്രളയത്തില്‍ മുക്കിക്കളയാന്‍ അണ്ണാക്ക് മുട്ടുവോളം വിഹിതം നല്‍കപ്പെട്ട മാധ്യമങ്ങള്‍ക്ക് സാധിച്ചിരിക്കുന്നു. വടക്കേ ഇന്ത്യന്‍ ഗ്രാമത്തിലെ  ഒരു തെരഞ്ഞെടുപ്പ് ബൂത്തില്‍ കല്‍പിക്കപ്പെട്ട ചിഹ്നത്തില്‍ തന്നെയാണോ വോട്ട് രേഖപ്പെടുത്തുന്നതെന്ന് ഉറപ്പ് വരുത്തുന്ന വീഡിയൊ ഇന്ത്യന്‍ ജാനാധിപത്യ വ്യവസ്ഥയോടുള്ള അവശേഷിക്കുന്ന വിശ്വാസ്യതയേയും ദഹിപ്പിച്ചു കളയും. Tintu-Mon Rocks പ്രസ്തുത വീഡിയൊ പങ്കുവയ്ക്കുന്നുണ്ട് .

യാന്ത്രികമായ ജീവിത സൗകര്യങ്ങളില്‍ അഭിരമിക്കുന്ന മനുഷ്യനില്‍ നിന്ന് മാനവിക മാനുഷിക മൂല്യങ്ങള്‍ പടിയിറങ്ങുന്നുവെന്ന സന്ദേഹം ശക്തിയാര്‍ജിച്ചു കൊണ്ടിരിക്കുന്നു.
…………………………………

വ്യവസ്ഥയെ ചോദ്യം ചെയ്യാം പക്ഷെ നിഷേധ നിലപാടുകള്‍ കരണീയമല്ല. ജനാധിപത്യ സംവിധാനത്തില്‍ അനഭിലഷണീയമായ കീഴ്‌വഴക്കമാണ് ‘നോട്ട’ പ്രധാനം ചെയ്യുന്നതെന്ന വാദഗതിക്കാരുമുണ്ട്. നിഷ്‌ക്രിയമായ ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ ‘നോട്ട’ കളമൊരുക്കുമെന്നാണ് ഇവര്‍ സമര്‍ഥിക്കുന്നത്. Sabeena Shajahan തന്റെ വാദഗതികള്‍ വിശദമാക്കിയതില്‍ നിന്നും ഒരു ഭാഗം ഇവിടെ പങ്കു വയ്ക്കുന്നു.

‘ഒന്നിനോടുള്ള നമ്മുടെ നിഷേധം മറ്റൊന്നിലൂടെ പ്രതിഫലിപ്പിക്കുവാന്‍ കഴിയാത്ത ഒരു പുതുതലമുറയെ നമ്മള്‍ വളര്‍ത്തി എടുക്കുകയാണ്. നമുക്ക് ഇഷ്ടമായത് സംഭവിച്ചില്ലെങ്കില്‍ ഒന്നും വേണ്ടാ എന്നു പറഞ്ഞ് മാറിയിരിക്കാന്‍ ശ്രമിക്കുന്നത് വിഡ്ഡിത്തമാണ്. 90 ശതമാനം വോട്ട് നോട്ടയ്ക്ക് ലഭിച്ചാലും ബാക്കി പത്തുശതമാനത്തില്‍ ഭൂരിപക്ഷം ലഭിക്കുന്ന ആള്‍ തിരഞ്ഞെടുക്കപ്പെടും എന്നുള്ളതു കൊണ്ട് രോഷപ്രകടനത്തിനപ്പുറം ഇതുകൊണ്ട് ഭരണഗതിക്ക് മാറ്റങ്ങളുണ്ടാക്കാന്‍ കഴിയില്ല’.
…………………………………
ഇന്ത്യാ മഹാരാജ്യത്തെ പുതിയ ഭരണമാറ്റത്തില്‍ അസന്തുഷ്ടരായവരോട് ഗൗരവതരമായ ഒട്ടേറേ കാര്യങ്ങള്‍ മീഡിയകളില്‍ പങ്കുവയ്ക്കപ്പെടുന്നുണ്ട്.ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാഷ്ട്രം തന്നെയാണെന്നും, ജനാധിപത്യത്തിന്റെ സാദ്ധ്യതകള്‍ ചൂഷണം ചെയ്ത് തന്നെയാണ് അവര്‍  അധികാരത്തിലെത്തിയതെന്നും നിങ്ങള്‍ എന്തേ മറക്കുന്നു? എന്ന് ചോദിക്കുകയാണ് Bachoo Mahe.

‘ഇനിയാണ് നമുക്ക് ശരിയായ റോള്‍ നിര്‍വഹിക്കാനുള്ളത്. ഫാസിസം ഭയക്കുന്നത് സ്വതന്ത്ര അഭിപ്രായങ്ങളെയും അസഹിഷ്ണുത കൈക്കൊള്ളുന്നത് വിയോജിപ്പിന്റെ സ്വരത്തോടുമാണ്; അത് വളം വലിച്ചെടുക്കുന്നത് ഭീതിദമായ മൗനത്തില്‍ നിന്നുമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടാനുള്ള ഏതൊരു ശ്രമത്തെയും ജാഗ്രത്തായി പ്രതിരോധിക്കുക. ഏതൊരു അവകാശനിഷേധങ്ങളെയും ഉറക്കെയുറക്കെ ചോദ്യം ചെയ്യുക. ജനാധിപത്യത്തിന്റെ ഒന്നല്ലെങ്കില്‍, മറ്റൊരു സ്തംഭത്തെ തരാതരം യുക്തമായി ഉപയോഗിക്കുക. മോങ്ങാനുള്ള സമയമല്ലിത്; കൂടുതല്‍ ഉശിരോടെ ജനാധിപത്യത്തെ പ്രതിരോധിക്കാന്‍ ഗോദയില്‍ ഇറങ്ങേണ്ട നേരമാണ്. മൗനം ഫാസിസത്തിലേക്കുള്ള പടവുകളെ അടുപ്പിക്കുക മാത്രമേയുള്ളൂ’.
…………………………..
വിവരാവകാശ നിയമം പോലെ സേവനാവകാശ നിയമവും ജനങ്ങളുടെ അവകാശവും ഭരണസുതാര്യതയും ഉറപ്പുവരുത്തുന്നു. ആയതിനാല്‍ സേവനാവകാശ നിയമത്തെ ജനാധിപത്യ വ്യവസ്ഥിതിയിലെ ഏറ്റവും ശക്തമായ നിയമങ്ങളില്‍ ഒന്നായിട്ടാണ് വിലയിരുത്തപ്പെടുന്നത്. കേരള സംസ്ഥാന സേവനാവകാശ നിയമം
2012-ല്‍ പ്രബല്യത്തില്‍ വന്നു. ജനോപകാരപ്രദമായ ഈ സേവന വ്യവസ്ഥയെക്കുറിച്ച് വ്യക്തമായ വിശദീകരണം നല്‍കുകയാണ് Deepu S Nair Kovalam.

‘സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി സാധാരണക്കാര്‍ ആഫീസുകളില്‍ കയറിയിറങ്ങേണ്ടി വരുന്ന അവസ്ഥയ്ക്ക് ഒരു പരിഹാരമാണ് സേവനാവകാശ നിയമം. പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ നല്‍കാന്‍ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക. ഓരോ സര്‍ക്കാര്‍ സേവനത്തിനും സമയപരിധി നിര്‍ണയിക്കുക. സേവനം സമയബന്ധിതമായി ജനങ്ങള്‍ക്കു നല്‍കുക. വാണിജ്യ, വ്യാപാര സേവനങ്ങള്‍ ഉറപ്പാക്കുക. നിര്‍ധനര്‍ക്കും അധസ്ഥിത വിഭാഗങ്ങള്‍ക്കുമുള്ള സേവനങ്ങള്‍ക്കു മുന്‍ഗണന നല്‍കുക. കൈക്കൂലി ആവശ്യപ്പെട്ടു സേവനം വൈകിക്കാനുള്ള പ്രവണത ഇല്ലാതാക്കുക. ഭരണ സുതാര്യത ഉറപ്പുവരുത്തുക. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഉത്തരവാദിത്ത ബോധവും കാര്യക്ഷമതയും ഉണ്ടാക്കിയെടുക്കുക. സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുക എന്ന ജനങ്ങളുടെ മൗലികാവകാശം പ്രാവര്‍ത്തികമാകുക ഇതൊക്കെയാണ് ഈ നിയമം ലക്ഷ്യമിടുന്നത്’.

Related Articles