Current Date

Search
Close this search box.
Search
Close this search box.

കൗമാരത്തെ ചവച്ചരക്കുന്ന റാക്കറ്റുകള്‍

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കടുത്ത പന്തിരിക്കരയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്യുകയും മറ്റൊരു വിദ്യാര്‍ഥിനി ആത്മഹത്യക്കുറിപ്പെഴുതി വെക്കുകയും ചെയ്ത സംഭവത്തിന് പിന്നില്‍ സെക്‌സ് റാക്കറ്റെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ക്കാണ് നാം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. ഒരു സ്ത്രീയടക്കം 10 പേര്‍ ഉള്‍പ്പെട്ട പെണ്‍വാണിഭ മാഫിയയ്ക്ക് എതിരേയാണ് ഇരയുടെ കുടുംബം പരാതി നല്‍കിയത്. സ്‌നേഹം നടിച്ചും  പ്രലോഭനങ്ങളിലൂടെയുമാണ് പീഡനം നടത്തിയിരുന്നത്. പിന്നീട് നഗ്‌നഫോട്ടോ ഇന്റര്‍നെറ്റിലൂടെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് നിരന്തരമായി പീഢിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു.

ആധുനിക സാങ്കേതിക വിദ്യയുടെ വര്‍ധിതമായ ഉപയോഗവും ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന നഗ്നതയുടേതായ സംസ്‌കാരവും സമൂഹത്തെ ഇന്ന് വലിയ ഒരു അര്‍ബുദമായി ഗ്രസിച്ചിരിക്കുകയാണ്. ജീവിതത്തിന്റെ ലക്ഷ്യം എന്നാല്‍ പരമാവധി ആസ്വദിക്കലാണെന്നും ത്രസിപ്പിക്കുന്ന മദ്യവും മയക്കുമരുന്നും പെണ്ണുമില്ലെങ്കില്‍ മുന്തിരിച്ചാറു പോലുള്ളൊരീ ജീവിതത്തിന് എന്തര്‍ഥമാണെന്നാണ് യുവതലമുറയെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. തേന്‍പുരട്ടിയ മധുരവാക്കുകളും മൊബൈല്‍, വാഹനം, പണം തുടങ്ങിയ സൗകര്യങ്ങളുടെ പ്രലോഭനവുമായി കഴുകക്കണ്ണോടെ നരാധമന്മാര്‍ വലവിരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നത് ഈ പശ്ചാതലത്തിലാണ്. മക്കളോട് ‘ സ്‌നേഹ’ മുള്ള മാതാപിതാക്കളെന്നത് അത്യന്താധുനികമായ ഇത്തരം ഉപകരണങ്ങള്‍ എത്രയും പെട്ടെന്ന് മക്കള്‍ക്കെത്തിച്ചുകൊടുക്കുന്നവരാണ് എന്ന ധാരണ് മിക്ക മാതാപിതാക്കളെയും സ്വാഭാവികമായും മക്കളെയും ആരോ പറഞ്ഞുപഠിപ്പിച്ചിരിക്കുന്നു. ഇത് ലഭിക്കുന്നവര്‍ അതിന്റെ തണലില്‍ തങ്ങളുടെ ആസ്വാദനവുമായി മുന്നോട്ടുപോകുന്നു. അത്ര സാമ്പത്തിക ശേഷിയും സൗകര്യവുമില്ലാത്തവര്‍ ഉള്ളയിടം തേടി പോകുന്നു എന്നുമാത്രം.

‘ഒളിച്ചോട്ടവും ഓടിപ്പോയി കല്യാണം കഴിക്കുന്നതും നിയന്ത്രിക്കാന്‍ രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് ധാര്‍മികവിദ്യാഭ്യാസം നല്‍കുകയാണ് വേണ്ടതെന്ന് ഡല്‍ഹി കോടതിക്ക് ഈയിടെ പ്രസ്താവന ഇറക്കേണ്ടിവന്നു എന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. ഈ സംഭവമടക്കമുള്ള നിരവധി പ്രശ്‌നങ്ങള്‍ ഒരു വലിയ ദുരന്തമായി മാറിക്കഴിഞ്ഞതിന് ശേഷമാണ് രക്ഷിതാക്കളും ഉത്തരവാദിത്തപ്പെട്ടവരും അറിയുന്നത് എന്നതിനെ കുറിച്ചും നാം വിലയിരുത്തേണ്ടതുണ്ട്. രക്ഷിതാക്കളുടെ അടിയന്തര ശ്രദ്ദയുണ്ടാവേണ്ട ചില നിരീക്ഷണങ്ങളും അഡീഷണല്‍ സെഷന്‍സ് ജഡ്ജി വീരേന്ദര്‍ ഭട്ടിന്റെ പ്രസ്താവനയിലുണ്ട്. ‘മൊബൈല്‍ഫോണും ഇന്റര്‍നെറ്റും കേബിള്‍ ടി.വി.യും വ്യാപകമായ ഇന്നത്തെ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ധാര്‍മികമൂല്യങ്ങള്‍ പകര്‍ന്നുകൊടുക്കുക എന്ന വലിയ ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്കുണ്ട്. അങ്ങനെ നല്ല ധാര്‍മികനിലവാരവും നല്ലതും ചീത്തയും ആകര്‍ഷകവുമായവ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ കഴിയുന്നവരുമാക്കി അവരെ മാറ്റണം. ആകര്‍ഷകമായതെല്ലാം എല്ലായ്‌പ്പോഴും നല്ലതല്ലെന്നും നല്ലതിനു മാത്രമേ എല്ലാ അര്‍ഥത്തിലും കീഴ്‌പ്പെടേണ്ടതുള്ളൂവെന്നും അവര്‍ക്ക് പറഞ്ഞുകൊടുക്കണം.  കുട്ടികള്‍ക്ക് ധാര്‍മിക വിദ്യാഭ്യാസം നല്‍കുകയും കൗമാരപ്രായത്തില്‍ അവരുടെ എല്ലാ പ്രവൃത്തികളും നിരീക്ഷിക്കുകയും ജാഗ്രതപാലിക്കുകയുമാണ് വേണ്ടത്’

 എന്തുകാരണത്താലാണ് താന്‍ ഇത്തരത്തില്‍ കൊലചെയ്യപ്പെട്ടത് എന്നതിനെ കുറിച്ച് ജീവനോടെ കുഴിച്ചുമൂടപ്പെട്ട ജാഹിലിയ്യാ കാലത്തെ പെണ്‍കുട്ടി ഉയര്‍ത്തുന്ന ഒരു ചോദ്യം വിശുദ്ധഖുര്‍ആന്‍ ഗൗരവതരത്തില്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ജീവിതത്തിന്റെ ഇളം പ്രായത്തില്‍ വിടരും മുമ്പെ നരാധമന്മാരുടെ ക്രൂരമായ ലൈംഗികവും മാനസികവുമായ പീഢനത്തിരയായിക്കൊണ്ട് ജീവിതം തന്നെ കയര്‍ത്തുമ്പില്‍ അവസാനിപ്പിക്കേണ്ടി വന്ന പെണ്‍കുട്ടി നമ്മുടെ സമൂഹത്തിന് മുമ്പിലെ വലിയ ചോദ്യഛിഹ്നമാണ്. ജാനകിക്കാട്ടിലും മറ്റുപ്രദേശങ്ങളിലും കൊണ്ടുപോയുള്ള ഇവരുടെ ക്രൂരമായ ആസ്വാദനങ്ങള്‍ക്ക് മുമ്പില്‍ ഒരു പക്ഷെ മൃഗങ്ങള്‍ പോലും നാണിച്ചുപോയിട്ടുണ്ടാവും. ഈ മൃഗീയതക്ക് അറുതിവരുത്താനും ഉമ്മയെയും പെങ്ങന്മാരെയും സഹോദരിയെയുമെല്ലാം തിരിച്ചറിയാന്‍ കഴിയുന്ന ഒരവസ്ഥ സംജാതമാകുകയും ചെയ്യണമെങ്കില്‍ പ്രതികളെ മാതൃകപരമായി ശിക്ഷിക്കപ്പെടണം. ഭരണത്തിന്റെയും നോട്ടുകെട്ടുകളുടെയും രാഷ്ട്രീയത്തിന്റെയും സ്വാധീനമുപയോഗിച്ച് കേസുകള്‍ ഒതുക്കാന്‍ ഒരു പക്ഷെ സാധിച്ചേക്കാം, അതിന് നിരവധി ഉദാഹരണങ്ങളും നമ്മുടെ മുമ്പിലുണ്ട്. ഏതായാലും പീഢനത്തിനിരയായ പെണ്‍കുട്ടികള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇവരെ വേട്ടയാടിക്കൊണ്ടിരിക്കും തീര്‍ച്ച. മാത്രമല്ല, നിങ്ങള്‍  കൊന്നുതള്ളുകയും ചവച്ചരക്കപ്പെടുകയും ചെയ്യപ്പെട്ട ഈ പെണ്‍കൊടികളുടെ മാതാപിതാക്കളുടെ അധരങ്ങളില്‍ നിന്നുതിര്‍ന്നു വീഴുന്ന ഓരോ ചുടുനിശ്വാസങ്ങളെയും പ്രാര്‍ഥനകളെയും നിങ്ങള്‍ കരുതിയിരിക്കുക!!!

Related Articles