Current Date

Search
Close this search box.
Search
Close this search box.

കൊബാനിയിലെ പുതിയ ഖിബ്‌ല

മുസ്‌ലിംകള്‍ വളരെ പവിത്രതയും ആദരവും കല്‍പിക്കുന്ന മസ്ജിദുകളിലൊന്നായ അഖ്‌സക്ക് നേരെ ഇസ്രയേല്‍ കയ്യേറ്റങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുകയും ശക്തിപ്പെടുകയുമാണിന്ന്. 1969-ലെ തീവെപ്പിന് ശേഷം അല്‍-അഖ്‌സ അടച്ചിടാന്‍ ഇസ്രയേല്‍ ഒരിക്കല്‍ കൂടി ധൈര്യം കാണിച്ചിരിക്കുന്നു. ലോകം മുഴുവന്‍ ഇസ്രയേലിന് മേല്‍ കടുത്ത സമ്മര്‍ദം ചെലുത്തുമ്പോഴും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് സ്വീകരിക്കുന്ന മൃദു സമീപനവും നാം കാണേണ്ടതാണ്. വെസ്റ്റ്ബാങ്കിന്റെ മണ്ണില്‍ ഒരു മൂന്നാം ഇന്‍തിഫാദ അനുവദിക്കില്ലെന്ന് വീമ്പുപറയുന്ന അബ്ബാസ് ഇസ്രയേലിന്റെ കഴിഞ്ഞ ഗസ്സ ആക്രമണ കാലത്ത് വെസ്റ്റ്ബാങ്കില്‍ നിന്ന് ഒരു വെടിയുണ്ട പോലും ഇസ്രയേലിനെതിരെ ഉതിര്‍ക്കപ്പെട്ടിട്ടില്ലെന്ന് വലിയ അഭിമാനത്തോടെയാണ് പറയുന്നത്. ഇത്തരം മൃദുസമീപനങ്ങലിലൂടെ ഫലസ്തീന്‍ പ്രസിഡന്റ് തന്നെ കുടിയേറ്റത്തിന് വളം വെച്ചു കൊടുക്കുകയല്ലേ ചെയ്യുന്നത്?

ഒരു കാലത്ത് തുനീഷ്യയില്‍ അഭയം തേടിയ തന്നെയും തന്റെ ഭരണകൂടത്തെയും തിരികെ റാമല്ലയിലെത്തിച്ചത്ത് ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധമോ ഇസ്രയേലുമായുള്ള അടുപ്പമോ ആയിരുന്നില്ലെന്ന് അബ്ബാസ് മറക്കുകയാണ്. ഒന്നാം ഇന്‍തിഫാദയാണ് അദ്ദേഹത്തിന്റെ മടക്കത്തിന് അവസരമൊരുക്കിയത്. ഇന്നും അബ്ബാസ് തന്റെ അധികാര കസേരയിലിരിക്കുന്നതിന്റെ ക്രെഡിറ്റ് ഇസ്രയേലിനെ പിടിച്ചു കുലുക്കിയ രണ്ടാം ഇന്‍തിഫാദക്ക് മാത്രമാണ്. ഇതെല്ലാം വിസ്മരിച്ച് യാതൊരു നാണവുമില്ലാതെയാണ് മൂന്നാം ഇന്‍തിഫാദക്കെതിരെ അദ്ദേഹം വാളെടുക്കുന്നത്. ഫലസ്തീന്‍ ജനതയെ ലോകത്തെ ഏറ്റവും വലിയ യാചക സമൂഹമാക്കുന്ന നിരര്‍ത്ഥകമായ സമാധാന ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും അദ്ദേഹം തന്നെ.

ഖുദ്‌സിന്റെയും മസ്ജിദുല്‍ അഖ്‌സയുടെയും സംരക്ഷണത്തിന് ഫലസ്തീന്‍ അതോറിറ്റി എന്താണ് ചെയ്യുന്നത്? ഇക്കാലമത്രയും അവയെ സംരക്ഷിച്ചതും സംരക്ഷിക്കുന്നതും ധീരരായ ഖുദ്‌സ് നിവാസികളാണ്. അതിനെതിരെ ജൂത കയ്യേറ്റങ്ങളുണ്ടായപ്പോഴെല്ലാം സഹായത്തിനായി ഓടിയെത്തിയതും പോരാടിയതും അവരാണ്. മസ്ജിദുല്‍ അഖ്‌സ അടച്ചിട്ട തീരുമാനം അധികം വൈകാതെ തിരുത്താന്‍ നെതന്യാഹു തയ്യാറായതിന് പിന്നിലെ രഹസ്യവും അതാണ്. ഖുദ്‌സ് ജനതയുടെ രോഷം ഒരു മൂന്നാം ഇന്‍തിഫാദക്ക് തിരികൊളുത്തുമോയെന്ന് നെതന്യാഹു ഭയക്കുന്നു. തീവ്രജൂതമത വിശ്വാസിയും, മസ്ജിദുല്‍ അഖ്‌സയില്‍ ജൂതന്‍മാര്‍ നടത്തിയ ആക്രമണങ്ങളുടെ സൂത്രധാരനെന്നും അറിയപ്പെടുന്ന യഹൂദാ ഗ്ലിക്കിനെ നേരെയുണ്ടായ വെടിവെപ്പ് ശക്തമായ സന്ദേശമാണ് സയണിസ്റ്റ് കുടിയേറ്റക്കാര്‍ക്ക് നല്‍കുന്നത്. തങ്ങളുടെ പവിത്ര സ്ഥലങ്ങള്‍ക്ക് നേരെയുള്ള കയ്യേറ്റം ഒരു ഖുദ്‌സ് നിവാസിയും അംഗീകരിക്കില്ലെന്ന സന്ദേശം.

ഖുദ്‌സിനേക്കാള്‍ പവിത്രതയും വിശുദ്ധിയുമുള്ളതാണ് കൊബാനിയെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ളതാണ് അറബ് മുസ്‌ലിം ഭരണാധികാരികളുടെ സമീപനം. കൊബാനിയെ ഐ.എസിന്റെ കൈകളില്‍ നിന്ന് മോചിപ്പിക്കാന്‍ ലോകം ഒന്നടങ്കം ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ഖുദ്‌സില്‍ ഇസ്രയേല്‍ നടത്തുന്ന അക്രമണങ്ങളോ മസ്ജിദുല്‍ അഖ്‌സ അടച്ചിടുന്നതോ മുസ്‌ലിം ഭരണാധികാരികള്‍ക്ക് പോലും ഒരു വിഷയമാകുന്നില്ല. മുസ്‌ലിംകളുടെ ഒന്നാം ഖിബ്‌ലയേക്കാള്‍ പവിത്രമായ എന്തോ അവിടെയുണ്ടെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. അമേരിക്ക എവിടേക്ക് തിരിയുന്നുവോ അവിടേക്ക് തിരിയുക എന്ന നയം സ്വീകരിക്കുന്നവര്‍ക്ക് ഒബാമ ഭരണകൂടം നിശ്ചയിച്ചു കൊടുത്ത പുതിയ ഖിബ്‌ലാണ് കൊബാനി.

ഇന്ന് നമ്മുടെ അജണ്ടകള്‍ തീരുമാനിക്കുന്നത് നമ്മളല്ല എന്നതാണ് അടിസ്ഥാന പ്രശ്‌നം. മറ്റുള്ളവര്‍ വെച്ചു നീട്ടുന്ന അജണ്ടകള്‍ക്ക് പിന്നില്‍ ചലിക്കുന്നവരായി മുസ്‌ലിം സമൂഹം മാറിയിരിക്കുന്നു. ഈയൊരവസ്ഥക്ക് മാറ്റം വന്നാല്‍ മാത്രമേ നഷ്ടപ്പെട്ട അന്തസ്സും പ്രതാപവും വീണ്ടെടുക്കാന്‍ മുസ്‌ലിം സമൂഹത്തിന് സാധിക്കുകയുള്ളൂ.

കടപ്പാട് : അബ്ദുല്‍ബാരി അത്വ്‌വാന്‍

Related Articles