Current Date

Search
Close this search box.
Search
Close this search box.

ഓന്‍ലൈനിലാകുമ്പോള്‍ നാം മറക്കുന്നത്

സോഷ്യല്‍ മീഡിയകള്‍ ജീവിതത്തിന്റെ ഒഴിച്ചു കൂടാനാവാത്ത ഒരു ഭാഗമായി മാറിയിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. പല വിവരങ്ങളും നമ്മിലേക്ക് ആദ്യം എത്തിച്ചു തരുന്നതും നമ്മുടെ അഭിപ്രായങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതും അവയാണ്. ഇന്ന് പലരും ഓണ്‍ലൈന്‍ ജീവിതത്തില്‍ കൂടുതല്‍ സജീവമാകുന്നതിനും ഓഫ്‌ലൈന്‍ ജീവിതത്തേക്കാള്‍ അതിന് പ്രാധാന്യം നല്‍കുന്നതിന്റെയും കാരണവും ഒരുപക്ഷേ അതായിരിക്കാം. ജീവിതത്തില്‍ നിരവധി പേരെ പരിചയപ്പെടുകയും ഒപ്പം കൂട്ടുകയും നിരന്തരം ഇടപഴകുകയും ചെയ്യുന്ന ഒരു മേഖലയായതിനാല്‍ നേരിട്ടുള്ള ബന്ധങ്ങളില്‍ പാലിക്കേണ്ട മര്യാദകള്‍ പാലിക്കാതിരിക്കാന്‍ ന്യായമൊന്നുമില്ല. എന്നാല്‍ നേരിട്ട് മറ്റൊരാളുടെ മുഖത്ത് നോക്കി പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ ഓണ്‍ലൈനിലൂടെ പറയാന്‍ പലര്‍ക്കും മടിയില്ലെന്നത് അത്തരം മര്യാദകള്‍ പാലിക്കപ്പെടുന്നില്ല എന്നതിന്റെ അടയാളമായിട്ട് തന്നെയാണ് വായിക്കേണ്ടത്.

എന്തെങ്കിലും വിഷയം കിട്ടുമ്പോഴേക്ക് അതിലെ യാഥാര്‍ത്ഥ്യമോ വസ്തുതയോ അന്വേഷിക്കാതെ അതിന്റെ പ്രചാരകരാവുകയോ അല്ലെങ്കില്‍ വിമര്‍ശകരാവുകയോ ചെയ്യുന്ന വലിയൊരു വിഭാഗത്തെ നമുക്കിന്ന് കാണാം. വ്യാജ പ്രചാരണങ്ങള്‍ക്ക് ഏറെ സാധ്യതയുള്ള ഒരു മാധ്യമമാണ് തങ്ങള്‍ ഉപയോഗിക്കുന്നതെന്നെ വസ്തുത പോലും മറന്നാണ് അവരത് ചെയ്യുന്നത്. തന്റെ യഥാര്‍ത്ഥ വ്യക്തിത്വം പോലും മറച്ച് വെക്കാനുള്ള സൗകര്യം ആര്‍ക്കും എന്തു പറയാനുള്ള സൗകര്യമാണത് നല്‍കുന്നത്. അത്തരക്കാരെ നിയന്ത്രിക്കാന്‍ നമുക്ക് സാധിക്കില്ല, എന്നാല്‍ നമ്മെ നിയന്ത്രിക്കാന്‍ അവരെ ഒരിക്കലും അനുവദിച്ചു കൂടാ. അത്തരം വ്യാജ പ്രചാരണങ്ങള്‍ ഏറ്റെടുക്കുമ്പോഴും അതിനെ വിമര്‍ശിക്കുമ്പോഴും നമ്മുടെ നിയന്ത്രണം അവര്‍ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് അതില്‍ നിന്ന് ഒരു വാര്‍ത്ത ലഭിക്കുമ്പോള്‍  അതിന്റെ വസ്തുത ഉറപ്പു വരുത്തുക എന്ന ശീലമാണ് ആദ്യം നാം വളര്‍ത്തിയെടുക്കേണ്ടത്. ധാര്‍മികയില്ലാത്തവര്‍ പടച്ചു വിടുന്ന വാര്‍ത്തകളുടെ നിജസ്ഥിതി അന്വേഷിക്കണമെന്ന ഖുര്‍ആനിക കല്‍പന വിസ്മരിക്കുന്നവരായി നാം മാറരുത്. സൂക്ഷ്മതയുടെ അഭാവത്തില്‍ നാം അറിയാതെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ഒരു ദ്രോഹമായിട്ടത് മാറിയേക്കാം എന്ന് കാരണവും ഖുര്‍ആന്‍ പഠിപ്പിക്കുന്നു.

സാധാരണ ജീവിതത്തില്‍ ആളുകളെ അപമാനിക്കുകയും അവരുടെ അഭിമാനം വ്രണപ്പെടുത്തുകയും ചെയ്യുന്നതിനേക്കാള്‍ ഗുരുതരമാണ് അത് സോഷ്യല്‍ മീഡിയകളിലാകുമ്പോള്‍. തിരുത്താനുള്ള അവസരം പോലും നഷ്ടപ്പെടുത്തി നിരന്തരം കൂടുകള്‍ ആളുകളിലേക്കത് എത്തുമ്പോള്‍ എത്രത്തോളം അപകടമാണ് അതുണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ നാം കാത്തുസൂക്ഷിക്കേണ്ടുന്ന സര്‍വമൂല്യങ്ങളും ഗുണങ്ങളും അതിലേറെ ജാഗ്രതയോടെ പാലിക്കേണ്ട ഇടമായിട്ടാണ് സോഷ്യല്‍ മീഡിയകളെ കാണേണ്ടത്. സോഷ്യല്‍ മീഡിയകളില്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രതിനിധീകരിച്ച് എല്ലാ ഇസ്‌ലാം വിമര്‍ശനങ്ങള്‍ക്കും മറുപടി പറയുക എന്ന ദൗത്യം ഏറ്റെടുത്തവരും സൂക്ഷ്മത പാലിക്കേണ്ടതുണ്ട്. പ്രകോപനം മാത്രം ഉദ്ദേശിച്ചുള്ള പോസ്റ്റുകളെ അങ്ങനെ തന്നെ മനസ്സിലാക്കി അവഗണിക്കാനും മറുപടി അര്‍ഹിക്കുന്നവക്ക് മാത്രം ഏറ്റവും യുക്തമായ രൂപത്തില്‍ മറ്റൊരാളുടെയും വിശ്വാസത്തെയും അഭിമാനത്തെയും വ്രണപ്പെടുത്താതെയായിരിക്കണം മറുപടികള്‍. നവമാധ്യമങ്ങളുടെ സാധ്യതകള്‍ ഏറ്റവും നന്നായി ഉപയോഗപ്പെടുത്താനായിരിക്കണം നാം എപ്പോഴും ശ്രമിക്കേണ്ടത്.

Related Articles