Current Date

Search
Close this search box.
Search
Close this search box.

എന്തിനാണ് ഞങ്ങളെ കരയിക്കുന്നത്?

‘സന്‍ആ മുതല്‍ ഹദറമൗത്ത് വരെ ചെന്നായക്കൂട്ടത്തെയല്ലാതെ മാറ്റാരെയും പേടിക്കാതെ ഒരു സ്ത്രീ ഒറ്റക്കു സഞ്ചരിക്കുന്ന കാലം വരും’ കരച്ചിലും പിഴിച്ചലുമില്ലാതെ ആരാലും ചാരിത്ര്യം പിച്ചിച്ചീന്താതെ ആരെയും ഭയക്കാതെ ധൈര്യമായി ലക്ഷ്യംസ്ഥാനത്തേക്കു ഒറ്റക്കു പോകുന്ന പെണ്‍ദിനങ്ങള്‍. അധര്‍മവും അനീതിയുമില്ലാത്ത അങ്ങനെയൊരു കാലത്തെയാണ് പ്രവാചകന്‍ മുന്നില്‍ കണ്ടത്. പക്ഷേ അത് അടുത്തൊന്നും ഉണ്ടാവാനിടയില്ലെന്നാണ് ഓരോരോസംഭവങ്ങളും നമുക്ക് കാട്ടിത്തരുന്നത്. ഡല്‍ഹിയിലെ പേരറിയാത്തൊരു പെണ്‍കുട്ടി ബസ്സില്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍ അതിനെത്തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ കണ്ടപ്പോഴും പ്രതികളെ കോടതി ശിക്ഷിക്കുന്നതു കണ്ടപ്പോഴും എല്ലാവരും കരുതിയിരുന്നു, സമാന സംഭവങ്ങള്‍ ഇനി ഉണ്ടാവില്ലെന്ന്. അല്ലെങ്കില്‍ അടുത്തൊന്നും സംഭവിക്കുകയില്ലെന്നെങ്കിലും. പക്ഷേ വീണ്ടും പഞ്ചാബില്‍ അതേപോലൊരു സംഭവം ആവര്‍ത്തിക്കപ്പെട്ടു.

അന്ന് എല്ലാവരും പറഞ്ഞിരുന്നു, രാത്രി ഒറ്റക്കുയാത്ര ചെയ്തതുകൊണ്ടാണെന്നും കാമുകന്റെ കൂടെ പോയതുകൊണ്ടാണെന്നും. പക്ഷേ ഇന്നവള്‍ പോയത് അമ്മയുടെയും സഹോദരിയുടെയും കൂടെയാണ്. അവരും പെണ്ണാണല്ലോ. ബസ്സില്‍നിന്നും എടുത്തുചാടിയ പെണ്‍കുട്ടി മരിച്ചു. അമ്മ ഗുരുതരാവസ്ഥയിലുമാണ്. എന്നാലും പറയാനുണ്ട് നമ്മുടെ മന്ത്രിമാര്‍ക്കേറെ. മരിച്ചത് ദൈവത്തിന്റെ വിധിയാണുപോലും. പഞ്ചാബ് മന്ത്രിയുടെ വാക്കുകളിങ്ങനെയെങ്കില്‍ ഗോവ ഫാക്‌റി മന്ത്രിയുടെ വാക്കുകള്‍ മറ്റൊന്നാണ്. പെണ്‍കുട്ടികള്‍ ഹിന്ദുധര്‍മ്മപ്രകാരം ജീവിക്കാത്തതും വസ്ത്രധാരണ രീതിയുമൊക്കെയാണത്രെ കാരണം. പെണ്ണായ അദ്ദേഹത്തിന്റെ ഭാര്യയുടെ അഭിപ്രായം മൂപ്പര്‍ ഏറ്റുപറഞ്ഞതാണ്. ഇങ്ങ് കേരളത്തിലെത്തുമ്പോള്‍ പീഢനങ്ങളെയൊന്നും പുരുഷന്മാരെ മാത്രം കുറ്റക്കാരായി കാണാനാവില്ലെന്ന് കേരള കോണ്‍ഗ്രസ്സിന്റെ മഹിളാമണികളുടെ പ്രതിനിധികളും പറയുന്നു. പ്രമാദമായ സ്ത്രീപീഢനക്കേസുകളിലെ പെണ്‍പ്രതിസ്സാന്നിധ്യമാണവര്‍ ചൂണ്ടിക്കാട്ടിയത്. അതൊരു വസ്തുത തന്നെയാണുതാനും.

അങ്ങ് ജപ്പാനിലെത്തുമ്പോള്‍ പീഢനത്തിന്റെയും ദുരിതത്തിന്റെയും ഇല്ലായ്മയുടെംയും വല്ലായ്മയുടെയും കണക്കുപറഞ്ഞു കരയാന്‍ ഒരിടം തന്നെയാണ് സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുന്നത്. മനസ്സുതുറന്നുകരയാന്‍ മറ്റെവിടെയും പോകേണ്ടെന്നുകരുകതി ആരും കാണാതെ ഒറ്റൊക്കൊന്നിരുന്ന് കരയാന്‍ ടോക്കിയോവിലെ ഒരു ഹോട്ടല്‍ ശൃംഖലയാണ് ഇത്തരമൊരു പദ്ധതി തയ്യാറാക്കിയത്. കരളലിയിപ്പിക്കുന്ന പാട്ടും സിനിമയും ബുക്കുകളുമൊക്കെയാണ് പെണ്ണിനെ കരയിക്കാന്‍ ഒരുക്കിയിരിക്കുന്നത്. മുറിയുടെ ഒരു രാത്രി വാടക 83 ഡോളറാണ്. അതായത് ഇന്ത്യന്‍ രൂപയിലെത്തുമ്പോള്‍ അത് 5321 രൂപ. കുറച്ചു മുമ്പ് ഗര്‍ഭപാത്രത്തില്‍ വെച്ചു തന്നെ പെണ്ണിനെ കൊല്ലാന്‍ വേണ്ടി മിക്ക ക്ലിനിക്കുകാരും 500 രൂപ നല്‍കൂ 5 ലക്ഷം സമ്പാദിക്കൂ എന്ന് പരസ്യം ചെയ്തതായി കേട്ടിരുന്നു. അന്ന് 500 രൂപ മുടക്കാന്‍ തയ്യാറല്ലാത്ത പാവം പെണ്ണിനാണിപ്പോള്‍ ജനിച്ചുപോയ പാപം കരഞ്ഞു കഴുകിത്തീര്‍ക്കാനായി കരയല്‍ ക്ലിനിക്കുകള്‍ എന്നുതോന്നുന്നു.

ഇങ്ങനെ പെണ്ണ് കരഞ്ഞും ആണവളെ കരയിപ്പിച്ചും എത്രനാള്‍ നാം മുന്നോട്ടുപോകും. പെണ്ണിന് സാമൂഹിക സദാചാരനിയമങ്ങല്‍ പഠിപ്പിച്ചും ഓര്‍മിപ്പിച്ചും മതനേതാക്കന്മാരും രാഷ്ട്രീയനേതാക്കന്മാരും സാംസ്‌കാരിക നേതാക്കന്മാരും പത്രപ്രസ്താവനകളും വാട്‌സ് ആപ്പ് സന്ദേശങ്ങളും അയക്കും. ലോകത്തിന്റെ എല്ലാപ്രശ്‌നങ്ങള്‍ക്കും കാരണം ഈ പെണ്ണും മൊബൈലുമാണെന്നു വിചാരിച്ച് നടന്നതുകൊണ്ടു മാത്രം കാര്യമുണ്ടോ. മറ്റൊന്നും പ്രസംഗിക്കാനും തങ്ങളെക്കൊണ്ടു സമൂഹത്തെ നേര്‍വഴിക്ക് നടത്താനും ആവില്ലെന്നുകരുതുന്നവര്‍ക്ക് ഈ വിഷയങ്ങള്‍ നല്ലൊരു വിഭവം തന്നെയാണ്.

പക്ഷേ ഈ പെണ്ണ് ആരാണ്? അന്യന്റെ വീട്ടിലെ പെണ്ണ് പുറത്തിറങ്ങി നടക്കുമ്പോള്‍ മാത്രമാണ് അവളൊരു വെറും പെണ്ണ് മാത്രമാകുന്നത്. ഒന്നാലോചിച്ചുനോക്കൂ. ഈ പെണ്ണുങ്ങളത്രയും ഓരോരുത്തരുടെയും മകളും അനിയത്തിയും ഭാര്യയും അമ്മയുമൊക്കയല്ലേ. മാതൃത്വത്തെ വിലമതിക്കാത്ത മതങ്ങളുണ്ടോ? മകളെ സംരക്ഷിക്കാത്ത മതങ്ങളുണ്ടോ? ഭാര്യക്ക് സുരക്ഷിതത്വം കൊടുക്കാന്‍ എല്ലാ തത്വസംഹിതകളും ആഞ്ജാപിച്ചിട്ടില്ലേ? സഹോദരിക്ക് ആത്മബലം നല്‍കാനല്ലേ സഹോദരനോട് കല്‍പ്പിക്കപ്പെട്ടത്. മതതത്വങ്ങളുദ്ധരിച്ച് പെണ്ണിനുമേല്‍ രോശംകൊള്ളുന്നവരേ ഈ തത്വങ്ങളെന്തേ ആണ്‍സമൂഹത്തോട് പ്രാവര്‍ത്തികമാക്കാന്‍ നിങ്ങള്‍ കല്‍പ്പിക്കുന്നില്ല. അന്യപെണ്ണിനെ കാണുമ്പോള്‍ നിങ്ങളുടെ കണ്ണുകളെ താഴ്ത്തട്ടെയെന്ന ദൈവത്തിന്റെ വചനങ്ങളെന്തേ വാട്ട്‌സ് ആപ് സന്ദേശങ്ങളായി പ്രചരിക്കാത്തത്. സ്വന്തം മകളെ കാമക്കണ്ണുകള്‍ കൊത്തിവലിക്കരുതെന്നാഗ്രഹിക്കുന്ന പിതാവിന്റെയും സ്വന്തം സഹോദരി റോഡില്‍ മാനം പോയവളായി അലമുറയിടരുതെന്നും ആഗ്രഹിക്കുന്ന സഹോദരന്റെയും ബാധ്യതയാണീ ആപ്തവാക്യങ്ങള്‍ ആണ്‍ സമൂഹത്തോടോതിക്കൊടുക്കല്‍.

പെണ്ണിനോടുമാത്രമല്ല, ആണിനോടും പ്രതിബന്ധതയും സ്‌നേഹവും നിങ്ങള്‍ക്കാര്‍ക്കുമില്ലേ. പെണ്ണിന്റെ ചാരിത്ര്യം നഷ്ട്‌പ്പെടുന്നതോടൊപ്പം ഒരാണ്‍കുട്ടി കൂടി കെട്ടുപോവുകയാണ് എന്ന വസ്തുത ഇനിയെങ്കിലും മറക്കരുത്. ആരുടെയൊക്കെയോ മകനും സഹോദരനും ഭര്‍ത്താവും അച്ഛനുമാണവന്‍. കുറ്റവാളികള്‍ക്ക് കല്‍ത്തുറങ്കുകള്‍ വിധിക്കുന്ന ന്യായപീഠങ്ങള്‍ ഇന്ന് കുറ്റവാളിയുടെ പ്രായം കുറച്ചിരിക്കുകയാണ്. പതിനെട്ടില്‍ നിന്നും പതിനാറാക്കിയിക്കയാണിപ്പോള്‍. പതിനാറു വയസ്സിന്റെ നിഷ്‌കളങ്ക ബാല്യങ്ങളെ കല്‍ത്തുറങ്കിലേക്കയക്കുന്നത് കാണാനാകാതെ വിലപിക്കുന്ന മാതാവും പിതാവും അപ്പുറമെവിടെയോ ഉണ്ട്. പെണ്ണിനെ കെട്ടിയിട്ടും ആണിനെ അഴിച്ചുവിട്ടും ഇത്തരം പ്രശ്‌നങ്ങളെ പരിഹരിക്കാനാവില്ല. സദാചാരത്തിന്റെ ബാലപാഠങ്ങള്‍ മകനും മകള്‍ക്കും ഒപ്പം ഓതിക്കൊടുക്കുന്ന രക്ഷാകര്‍തൃത്വമാണിവിടെ ആവശ്യം. എന്നിട്ടും നിലക്കുനില്‍ക്കാത്തവര്‍ക്ക് നിയമത്തിന്റെ ബലിഷ്ഠ കരങ്ങളും.

Related Articles