Current Date

Search
Close this search box.
Search
Close this search box.

ഈ മൗനം കുറ്റകരം

ജീവിതഗന്ധിയായ ഒരു ദര്‍ശനമെന്ന നിലയില്‍ ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ മനുഷ്യജീവിതത്തിന്റെ മുഴുവന്‍ മേഖലകളോടും സംവദിക്കുന്നു. ഇസ്‌ലാമിനെ പ്രധിനിധീകരിക്കുന്നു എന്ന നിലക്ക് മുസ്‌ലിംകള്‍ക്ക് ജീവിതത്തില്‍ ചില കടമകളും ബാധ്യതകളുമുണ്ട്. അതില്‍ അതിപ്രധാനമായ ഒന്നാണ് സാമൂഹിക ദുരാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുക എന്നത്.

സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള കുറ്റകരമായ മൗനം ഒരു സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ ചെറിയ ഒരു ഉദാഹരണമാണ് വര്‍ത്തമാനകാലത്തെ വിവാഹങ്ങള്‍. വിവാഹം യഥാര്‍ത്ഥത്തില്‍ രണ്ടു പേര്‍ ആത്മാര്‍ഥതയോടെ പരസ്പര സഹകരണത്തോടെ ഒരുമിച്ചു ജീവിക്കാന്‍ തയ്യാറാവുന്നതിന്റെ തുടക്കമാണ്. രണ്ട് ഹൃദയങ്ങള്‍ തമ്മിലുള്ള ഉടമ്പടിയാണത്. എന്നാല്‍ ഇന്ന് വിവാഹങ്ങള്‍ ധൂര്‍ത്തിന്റെയും ആഡംബരത്തിന്റെയും ഉത്സവങ്ങളായി മാറിയിരിക്കുന്നു. സ്ത്രീധനം പോലുള്ള അനാചാരങ്ങള്‍ അതിന്റെ പവിത്രതയെ കളങ്കപ്പെടുത്തികൊണ്ടിരിക്കുന്നു. വിവാഹം ഏറ്റവും ലളിതമാക്കുക എന്നതാണ് ഇസ്‌ലാമിന്റെ അധ്യാപനം. നിര്‍ഭാഗ്യവശാല്‍ ഇതേ ഇസ്‌ലാമിന്റെ ആളുകളാണ് വിവാഹധൂര്‍ത്ത്, സ്ത്രീധനം തുടങ്ങിയ ദുരാചാരങ്ങളില്‍ മുന്നില്‍ നടക്കുന്നവര്‍. അല്ലാഹുവിന്റെ ഉത്തമദാസന്മാരായ സത്യവിശ്വാസികള്‍ ഇത്തരം തിന്മകളില്‍ നിന്ന് വിട്ടുനില്‍ക്കുക മാത്രമല്ല ചെയ്യേണ്ടത്, മറിച്ച് സ്ത്രീധനം പോലുള്ള സാമൂഹിക തിന്മകളെ കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുകയും അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. അല്ലാത്ത പക്ഷം അല്ലാഹുവിന്റെ കഠിന ശിക്ഷക്ക് നാം ഇരയായിത്തീരുമെന്നാണ് വിശുദ്ധഖുര്‍ആനും തിരുസുന്നത്തും നമ്മെ പഠിപ്പിക്കുന്നത്.

സമൂഹത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന തിന്മകള്‍ക്കെതിരെ പ്രവര്‍ത്തിക്കേണ്ടതിന്റെ ഗൗരവത്തെ കുറിച്ച് നബി(സ) പറയുന്നു: ‘നിങ്ങളില്‍ ആരെങ്കിലും വല്ല തിന്മയും കണ്ടാല്‍ തന്റെ കൈ കൊണ്ട് അത് തിരുത്തട്ടെ, അതിന് കഴിഞ്ഞില്ലെങ്കില്‍ തന്റെ നാവ് കൊണ്ട്, അതിനും കഴിഞ്ഞില്ലെങ്കില്‍ തന്റെ ഹൃദയം കൊണ്ട്, അതാവട്ടെ ഈമാനില്‍ ഏറ്റവും ദുര്‍ബലമായതാണ് ‘ (മുസ്‌ലിം). മനുഷ്യന്റെ  സുപ്രധാനമായ മൂന്ന് അവയവങ്ങളാണ് കൈ, നാവ്, ഹൃദയം എന്നിവ. ഇവ മൂന്നും ഉപയോഗിച്ച് തിന്മകള്‍ക്കെതിരെ പോരാടണമെന്ന് കല്‍പ്പിക്കുന്നതിലൂടെ, ഒരു മനുഷ്യന് സാധ്യമാകുന്ന മുഴുവന്‍ കഴിവുകളും ഉപയോഗിച്ച് ഇതിനെതിരെ രംഗത്തുവരണമെന്ന് നബി (സ) പഠിപ്പിക്കുന്നു. മനസ്സില്‍ ഈമാനിന്റെ കണികയെങ്കിലും അവശേഷിക്കുന്ന ആളുകള്‍ സമൂഹത്തില്‍ വ്യാപിച്ച തിന്മകളെ ഹൃദയം കൊണ്ട് വെറുക്കുകയെങ്കിലും ചെയ്യേണ്ടതുണ്ട്. സമൂഹത്തിലെ ജീര്‍ണതകള്‍ക്കെതിരെ ശബ്ദിക്കുന്നവരാണ് സത്യവിശ്വാസികളെന്ന് ഖുര്‍ആനില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്.

ആഢംബര വിവാഹങ്ങള്‍ സ്ത്രീധനം തുടങ്ങിയ സമൂഹിക വിപത്തുകള്‍ക്കെതിരെ വേണ്ട വിധത്തില്‍ പ്രതികരിക്കാത്തതിന്റെ പ്രത്യാഘാതങ്ങളാണ് കേരളീയ സമൂഹം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പിറക്കാന്‍ പോകുന്നത് പെണ്‍കുട്ടിയാണെന്ന് മനസ്സിലായാല്‍ അവളെ ഗര്‍ഭത്തില്‍ വെച്ച് തന്നെ നശിപ്പിക്കുകയോ, ജനിച്ചത് പെണ്‍കുട്ടിയാണെന്നറിയുമ്പോള്‍ അവള്‍ക്ക് നല്‍കേണ്ട സ്ത്രീധനത്തിനെ കുറിച്ചും  അവളുടെ വിവാഹചെലവുകളെ കുറിച്ചും ആലോചിച്ച് വിലപിക്കുകയോ ചെയ്യുന്ന മാതാപിതാക്കള്‍ യൂറോപ്പിലോ അമേരിക്കയിലോ അല്ല; മറിച്ച് പ്രബുദ്ധ കേരളത്തിലാണെന്നത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്. സ്ത്രീധനം പോലുള്ള അനാചാരങ്ങള്‍ പെണ്‍ ഭ്രൂണഹത്യക്ക് ഒരു പരിധി വരെ കാരണമായിട്ടുണ്ട് എന്നത് വസ്തുതയാണ്. സമൂഹിക തിന്മകള്‍ക്കെതിരെ കണ്ണടക്കുന്നത് ഒരു സമൂഹത്തെ ഒന്നടങ്കം തകര്‍ച്ചയിലേക്ക് നയിക്കുന്നു.

നിരന്തരമായ ബോധവല്‍ക്കരണത്തിലൂടെ മാത്രമെ ഉപരിസൂചിത തിന്മകളെ സമൂഹത്തില്‍ നിന്ന് ഉന്മൂലനം ചെയ്യാന്‍ സാധിക്കുകയുള്ളു. ഇതിന് മുസ്‌ലിംകള്‍ മുഴുവന്‍ ശക്തിയും ഉപയോഗിച്ച് രംഗത്തിറങ്ങേണ്ടതുണ്ട്. എങ്കില്‍ മാത്രമെ വിശുദ്ധ ഖുര്‍ആന്‍ വിഭാവനം ചെയ്ത ഉത്തമ സമുദായം എന്ന പദവിക്ക് മുസ്‌ലിം സമൂഹം അര്‍ഹമാവുകയുള്ളൂ.

Related Articles