Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തിലെ സംഭവവികാസങ്ങളെ ശഹീദ് ഹസനുല്‍ ബന്ന വിലയിരുത്തുന്നു

ലോകചരിത്രത്തിലെ സമരവിസ്മയമാണ് ഈജിപ്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഭരണത്തിലിരിക്കുന്ന പ്രസ്ഥാനത്തെ ഒരു സുപ്രഭാതത്തില്‍ പശ്ചാത്യരാഷ്ട്രങ്ങളുടെയും സയണിസത്തിന്റെയും മതമേലധ്യക്ഷന്മാരുടെയും പിന്തുണയോടെ സൈന്യം അട്ടിമറിക്കുന്നു. അന്ന് മുതല്‍ അമ്പത് ദിവസങ്ങളായി അവര്‍ ഈജിപ്തിന്റെ തെരുവീഥികളില്‍ സമര പോരാട്ടങ്ങളിലാണ്. നേതാക്കന്മാരുടെ അറസ്‌റ്റോ ഉറ്റവരുടെ കൊലപാതകമോ അവരെ തളര്‍ത്തുന്നില്ല..ഒരു പ്രസ്ഥാനത്തിന് സാഹചര്യം തികച്ചും പ്രതികൂലമായിട്ടും ഇതെല്ലാം സാധിക്കുന്നതെങ്ങനെ?

എന്നാല്‍ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ചരിത്രവും നാള്‍വഴിയും വിശകലനവിധേയമാക്കിയ ഒരാള്‍ക്കും ഇതില്‍ അതിശയോക്തി ഉണ്ടാകാനിടയില്ല. ശഹീദ് ഹസനുല്‍ ബന്നയുടെയും സയ്യിദ് ഖുതുബിന്റെയും രക്തം പുരണ്ട ആ മണ്ണ് ഒരായിരം രക്തസാക്ഷികള്‍ക്ക് ജന്മം നല്‍കിക്കൊണ്ടേയിരിക്കുകയാണ്. തങ്ങളുടെ ആദര്‍ശ ലക്ഷ്യത്തെ കുറിച്ചും ഈ മാര്‍ഗത്തില്‍ അഭിമുഖീകരിക്കാനിരിക്കുന്ന തീഷ്ണമായ പരീക്ഷണങ്ങളെ കുറിച്ചും ഇമാം ഹസനുല്‍ ബന്ന ഓരോ പ്രവര്‍ത്തകനും മികച്ച വിദ്യാഭ്യാസം നല്‍കിയതായി കാണാം. നിലവിലെ ഈജിപ്തിലെ സംഭവ വികാസങ്ങളെയും അതിനു പിന്നിലെ പശ്ചാത്യന്‍ രാഷ്ട്രങ്ങളുടെ അജണ്ടകളെ കുറിച്ചും മുസ്‌ലിം രാഷ്ട്രങ്ങള്‍ എന്തുകൊണ്ട് അവയെ പിന്തുണക്കുന്നുവെന്നെല്ലാം ക്രാന്തദര്‍ശിയായ ഇമാം ബന്ന നേരത്തെ തന്നെ പ്രവചിച്ചത് കാണാം. അതു തന്നെയാണ് ഇന്ന് അക്ഷരം പ്രതി പുലര്‍ന്നുകൊണ്ടിരിക്കുന്നത്.

എന്ത്‌കൊണ്ട് അറബ് രാഷ്ട്രങ്ങളും ശൈഖന്മാരും എതിര് നില്‍ക്കുന്നു?

ശഹീദ് ഹസനുല്‍ ബന്ന വിവരിക്കുന്നു : ‘ഇസ്‌ലാമിന്റെ യാഥാര്‍ഥ്യത്തെ കുറിച്ച ജനങ്ങളുടെ അജ്ഞത നിങ്ങളുടെ മാര്‍ഗത്തില്‍ വിലങ്ങുതടിയായി നില്‍ക്കും. രാഷ്ട്രത്തലവന്മാരും സമുദായ നേതാക്കളും അധികാരസ്ഥരും ഉന്നതസ്ഥാനീയരും നിങ്ങളുടെ നേരെ പല്ലിറുമ്മും. ഭരണകൂടങ്ങള്‍ ഏകസ്വരത്തില്‍ നിങ്ങള്‍ക്കെതിരെ കലിതുള്ളും. ഓരോ ഭരണകൂടവും നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കും. നിങ്ങളുടെ മാര്‍ഗത്തില്‍ മുള്ളുകള്‍ വിതറും; വിലങ്ങുകള്‍ വലിച്ചിടും.

എല്ലാവരും കൂടിച്ചേര്‍ന്ന് നിങ്ങള്‍ക്കുചുറ്റും ഊഹാപോഹങ്ങളുടെ പൊടിപടലങ്ങളുയര്‍ത്തും. കുറ്റാരോപണങ്ങളുടെ ധൂമിക സൃഷ്ടിക്കും. ശക്തി, സ്വാധീനം, രാഷ്ട്രം, അധികാരം തുടങ്ങി എല്ലാമുപയോഗിച്ച് നിങ്ങളുടെ പ്രസ്ഥാനത്തെ വികൃതമാക്കിക്കാണിക്കാനും ഭീകര സംഘടനയായി ചിത്രീകരിക്കാനും അവരൊത്തു ശ്രമിക്കും. അപ്പോഴാണ് നിങ്ങള്‍ മര്‍ദനത്തിന്റെയും പരീക്ഷണത്തിന്റെയും ഘട്ടത്തില്‍ പ്രവേശിക്കുക. നിങ്ങള്‍ കല്‍ത്തുറുങ്കിലടക്കപ്പെടും ; നാട്ടില്‍ നിന്നും പുറത്താക്കപ്പെടും. നിങ്ങളുടെ വീടുകള്‍ കൊള്ളയടിക്കപ്പെടുകയും സ്വത്തുക്കള്‍ കണ്ടുകെട്ടുകയും പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കുകയും ചെയ്യും. ആ പരീക്ഷണ ഘട്ടം കുറേ നീണ്ടുനിന്നെന്നുവരാം. പക്ഷെ അന്ത്യവിജയം സത്യത്തിന്ന്, അല്ലാഹുവിന്റെ പാര്‍ട്ടിക്ക് മാത്രം, നിശ്ചയം. പരീക്ഷണപരമ്പരകളുടെ നടുവില്‍ ഒരുകാര്യം നാം വിസ്മരിക്കരുത്. ഭൂമുഖത്തെ ഏറ്റവും മഹത്തായ പ്രസ്ഥാനത്തിലേക്കാണ് നാം ക്ഷണിക്കുന്നത്. ഇസ്‌ലാമിന്റെ ദൗത്യമാണ് നാം ഉയര്‍ത്തിപ്പിടിക്കുന്നത്. ലോകം അതിന് വേണ്ടി ദാഹിക്കുന്നു. നമ്മുടെ ദൗത്യത്തിന്റെ ശക്തിയും ലക്ഷ്യത്തിന്റെ മഹത്വവും ദിവ്യസഹായത്തെ കുറിച്ച പ്രതീക്ഷയും നമുക്ക് വിജയവാഗ്ദാനങ്ങളാണ്.

പശ്ചാത്യരുടെ ഇരട്ടത്താപ്പ്
ചരിത്രത്തിലുടനീളം പശ്ചാത്യര്‍ കൈക്കൊണ്ട കാപട്യത്തെ കുറിച്ച് ബന്ന താക്കീത് നല്‍കി : ‘പാശ്ചാത്യരാഷ്ട്രങ്ങള്‍- അവയുടെ വര്‍ണമേതുവട്ടെ- ഒരിക്കലും നമ്മെ സഹായിക്കുകയില്ലെന്ന കാര്യം തീര്‍ച്ചയാണ്. അവരുടെ നിഷ്പക്ഷതയും സ്‌നേഹപ്രകടനങ്ങളുമെല്ലാം വെറും പുറംപൂച്ചുകള്‍ മാത്രം. സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി ആത്മവഞ്ചന നടത്തുന്നതില്‍ തെല്ലും സങ്കോചമില്ലാത്തവരാണവര്‍. അതിനാല്‍, നാമൊരിക്കലും നിഷ്പക്ഷന്‍മാരാല്‍ കളിപ്പിക്കപ്പെട്ടുപോകരുത്. കഴിയുന്നതും വേഗം എല്ലാ അര്‍ഥത്തിലുമുള്ള സജ്ജീകരണങ്ങള്‍ ചെയ്യേണ്ടിയിരിക്കുന്നു. ആരുടെ ചേരിയിലും ചേരാതെ നാം സ്വന്തം കാലില്‍ നില്‍ക്കുക. സമയം സമാഗതമാവുമ്പോള്‍ കര്‍മരംഗത്തിറങ്ങി സമരം ചെയ്യുക’.

രാഷ്ട്രീയ ഇസ്‌ലാം എന്ന വിമര്‍ശനത്തെ കുറിച്ച് :
ബ്രദര്‍ഹുഡിനെ കുറിച്ചുള്ള പ്രധാന വിമര്‍ശനം അവര്‍ രാഷ്ട്രീയ ഇസ്‌ലാമിന്റെ ആളുകളാണ് എന്നതാണ്. അതിനെ കുറിച്ച് ഇമാം ഹസനുല്‍ ബന്ന വിവരിക്കുന്നു: ‘ സഹോദരങ്ങളേ, നിങ്ങള്‍ കേവലം ഒരു സാംസ്‌കാരിക സംഘടനയല്ല; രാഷ്ട്രീയ സംഘടനയല്ല ; പരിമിതമായ ഉദ്ദേശലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ള ഒരു സംഘടനയുമല്ല. ഈ സമുദായത്തിന്റെ ഹൃദയത്തിലൂടെ പ്രസരിച്ചുകൊണ്ടിരിക്കുന്ന നവചൈതന്യമാണ് നിങ്ങള്‍. ദൈവിക വിജ്ഞാനം കൊണ്ട് ഭൗതികത്വത്തിന്റെ അന്ധകാരത്തെ തൂത്തെറിഞ്ഞുയര്‍ന്നുവരുന്ന പുതിയ പ്രകാശമാണ് നിങ്ങള്‍. പ്രവാചക പ്രബോധനത്തിന്റെ പടഹധ്വനിയാണ് നിങ്ങളുടെ ശബ്ദം. ഇസ്‌ലാം ജീവിതത്തിന്റെ നിഖില മേഖലകളെയും ചൂഴ്ന്നു നില്‍ക്കുന്ന വ്യവസ്ഥിതിയാണ്. അത് രാഷ്ട്രമാണ്, ദേശമാണ്. ഭരണകടമാണ്, ജനതയാണ്. കരുണയാണ്, നീതിയാണ്, നിയമമാണ്, ധര്‍മമാണ്. സംസ്‌കാരമാണ്, വിജ്ഞാനമാണ്. ശാസ്ത്രമാണ്, പദാര്‍ഥമാണ്. സമ്പത്താണ്. സമ്പത്താണ്, സമരമാണ്. സൈന്യമാണ് , പ്രബോധനമാണ്. ചിന്തയാണ്, ആദര്‍ശമാണ്. ആരാധനയാണ്, വിശ്വാസമാണ്, കര്‍മമാണ്.

നിങ്ങള്‍ എന്തിലേക്കാണ് വിളിക്കുന്നതെന്നവര്‍ ചോദിക്കും. പറയുക : പ്രവാചകന്‍ മുഹമ്മദ്(സ) കൊണ്ടുവന്ന ഇസ്‌ലാമിലേക്ക്. ഭരണം അതിന്റെ ഭാഗമാണ്. സ്വാതന്ത്ര്യത്തിന് വേണ്ടി അടരാടാന്‍ അതനുശാസിച്ചിരിക്കുന്നു. ഇത് രാഷ്ട്രീയമല്ലേ എന്ന് ചോദിക്കും. പറയുക; ഇതാണിസ്‌ലാം ഈ കൃത്രിമ വിഭജനങ്ങളൊന്നും ഞങ്ങളറിയില്ല’.

Related Articles