Current Date

Search
Close this search box.
Search
Close this search box.

ആരെ സേവിക്കേണ്ടവനാണ് പ്രധാനമന്ത്രി?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്‌ത്രേലിയന്‍ പര്യടനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. ആസ്‌ത്രേലിയന്‍ ഭരണകൂടവുമായി അദ്ദേഹം പല കരാറുകളിലും ഒപ്പിടുകയും വിവിധ പദ്ധതികള്‍ക്ക് അംഗീകാരം നേടുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ഇന്ത്യയെന്ന രാഷ്ട്രത്തിനും രാഷ്ട്രത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്കും ഈ യാത്ര കൊണ്ട് എന്ത് ലഭിച്ചു എന്നിടത്താണ് ആസ്‌ത്രേലിയന്‍ യാത്രയുടെ നേട്ടങ്ങള്‍ വിലയിരുത്തപ്പെടുന്നത്.

ആസ്‌ത്രേലിയന്‍ യാത്രയുടെ സുപ്രധാന നേട്ടങ്ങളിലൊന്നാണ് ക്വിന്‍സ്ലന്‍ഡില്‍ 700  കോടി ഡോളറിന്റെ (ഉദ്ദേശം 42,000 കോടി രൂപ) കല്‍ക്കരിപ്പാടം നിര്‍മിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചുവെന്നത്. എന്നാല്‍ ഇതിന്റെ സുപ്രധാന ഗുണഭോക്താക്കള്‍ കോര്‍പറേറ്റുകള്‍ ആണെന്നിടത്താണ് മോദിയുടെ യാത്രയുടെ ഗൂഢലക്ഷ്യങ്ങള്‍ വെളിപ്പെടുന്നത്.  കല്‍ക്കരി ഖനനം നടത്തുന്നതിനെ സ്വാഗതം ചെയ്ത അദാനി ഗ്രൂപ്പിന്റെ പ്രസ്താവന ഇതിന്റെ സാക്ഷി പത്രമാണ്. ഇതിനകം അദാനി ഗ്രൂപ്പ് 300 കോടി ഡോളര്‍ ആസ്‌ട്രേലിയയില്‍ മുടക്കിയിട്ടുണ്ട്. മോദി ഭരണകൂടത്തിന്റെ നടപടികളെല്ലാം കോര്‍പറേറ്റുകളുടെയും കുത്തകകളുടെയും പോക്കറ്റ് വീര്‍പ്പിക്കാനും വയറു നിറക്കാനും വേണ്ടിയുള്ളതാെണന്നതിന്റെ ഒടുവിലത്തെ ഉദാഹരമാണ് ആസ്‌ത്രേലിയയില്‍ കണ്ടത്.

ഉത്തരവാദിത്ത ബോധമില്ലാത്ത ഒരു ഭരണാധികാരിയേയാണ് മോദിയിലൂടെ ലോകം കാണുന്നത്. രാജ്യത്തിന്റെ നട്ടെല്ലായ സാധാരണ ജനങ്ങള്‍ ഒരു നേരത്തെ അന്നത്തിന് വേണ്ടി പെടാപ്പാട് പെടുമ്പോള്‍ രാജ്യത്തോട് യാതൊരു പ്രതിബദ്ധതയുമില്ലാതെ കോര്‍പ്പറേറ്റുകളെ തീറ്റിപ്പോറ്റുകയാണ് പ്രധാനമന്ത്രി.  2008 ലെ ലോക പട്ടിണി സൂചിക പ്രകാരം ഇന്ത്യയില്‍ 350 മില്യണ്‍ ജനങ്ങള്‍ ഭക്ഷ്യദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. ലോകത്തെ പല രാജ്യങ്ങളിലെയും ജനസംഖ്യയേക്കാള്‍ എത്രയോ അധികം വരുമിത്. രാജ്യത്ത് 20 കോടിയോളം ജനങ്ങള്‍ ശരിയാംവണ്ണം വൈദ്യസഹായം പോലും ലഭിക്കാത്തവരാണ്. ദാരിദ്ര്യം രൂക്ഷമായത് കാരണം പട്ടിണി കിടന്ന് മരിക്കുന്നവര്‍ അനവധി. എന്നാല്‍ നരേന്ദ്രമോദി രാജ്യത്തിന്റെ ഈ പരിതാപകരമായ അവസ്ഥയെ മുഖവിലക്കെടുക്കുന്നില്ലെന്നു മാത്രമല്ല, കൂടുതല്‍ ദുരിതകരമായ ആഴങ്ങളിലേക്ക്  പൗരന്മാരെ തള്ളിവിടുകയും ചെയ്യുന്നു. അടുത്ത കാലത്തുണ്ടായ അദ്ദേഹത്തിന്റെ പല നടപടികളും ഇതിന്റെ സാക്ഷിപാത്രമാണ്.

രാജ്യത്ത് മരുന്ന് വില വര്‍ധിച്ചത് ഇതിന്റെ സുപ്രധാന തെളിവാണ്. 108 മരുന്നുകളുടെ വില അമിതമായി വര്‍ധിച്ചത് പൗരന്മാര്‍ക്ക് വലിയ ആഘാതമാണേല്‍പിച്ചത്. സെപ്റ്റംബര്‍ 22 ന് ഔഷധവില നിയന്ത്രണ ഉത്തരവിലെ ശ്രദ്ധേയമായ 19ാം വകുപ്പ് പ്രധാനമന്ത്രി റദ്ദു ചെയ്തുവെന്നതാണിതിന് കാരണം. കാന്‍സര്‍, ക്ഷയം, വൃക്കരോഗങ്ങള്‍, പേവിഷബാധ, ഹൃദ്രോഗം, കരള്‍ രോഗങ്ങള്‍ തുടങ്ങി വലിയ ചികിത്സാച്ചെലവ് ആവശ്യമായ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വിലയാണ് അമിതമായി വര്‍ധിപ്പിച്ചത്. ഈ നടപടിക്കെതിരെയുള്ള ഇരകളുടെ സ്വരങ്ങളെ അവഗണിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. രാജ്യത്തെ പല വാണിജ്യ- വ്യാവസായിക മേഖലകളിലെയും വില നിയന്ത്രണാധികാരം കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുത്തതും ഇത്തരം പ്രവണതകളുടെ ഭാഗമായിത്തന്നെയാണ്.

വിദേശ ബാങ്കുകളിലെ കള്ളപ്പണം തങ്ങള്‍ ഭരണത്തിലേറിയാല്‍ തിരിച്ചെത്തിക്കുമെന്ന ബി.ജെ.പിയുടെ തെരെഞ്ഞെടുപ്പ് വാഗ്ദാനം ലംഘിക്കപ്പെട്ടതിന്റെ മുഖ്യകാരണവും ഈ കോര്‍പ്പറേറ്റ് സേവ തന്നെയാണ്. രാജ്യത്തിന്റെ പൊതു താല്‍പര്യത്തെ ഹനിച്ചു കൊണ്ടുള്ള ഈ സേവ ആശങ്കാജനകമായ ഭാവിയേയാണ് രാഷ്ട്രത്തിന് പ്രാദാനം ചെയ്യുന്നതെന്നതില്‍ സംശയത്തിന് വകയില്ല. മുതലാളിത്ത ചൂഷണത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാവുകയാണ് മോദി. രാജ്യത്തെ മാധ്യമങ്ങളെയും കോടതികളെയും വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലകളെയുമെല്ലാം തന്റെ ദൗത്യ(കോര്‍പ്പറേറ്റ് സേവ) നിര്‍വ്വണത്തിന് വേണ്ടി പാകപ്പെടുത്തുന്ന തിരക്കിട്ട പ്രവര്‍ത്തനങ്ങളിലാണ് അദ്ദേഹം. വിദേശ യാത്രകളുടെയും ലക്ഷ്യം മറ്റൊന്നല്ല. 

Related Articles