Current Date

Search
Close this search box.
Search
Close this search box.

ആരാണ് നാം? ഇന്ത്യക്കാരനോ ഹിന്ദുവോ?

1980 ളുടെ ആരംഭത്തോടെയാണ് സ്വത്വ കേന്ദ്രീകൃത രാഷ്ട്രീയ ചിന്തകള്‍ ഇന്ത്യയില്‍ തുടക്കം കുറിക്കുന്നത്. സ്വത്വാധിഷ്ഠിത സമസ്യകള്‍ രാമ ക്ഷേത്രം, രഥ യാത്രകള്‍ മുതലായ പ്രശ്‌നപരിസരങ്ങളിലൂടെ വളര്‍ന്ന് ബാബരി മസ്ജിദ് ധ്വംസനത്തിലൂടെ മൂര്‍ത്തീഭാവം പൂണ്ടു. ഹിന്ദു രാഷ്ട്രം എന്ന സങ്കല്‍പ്പം വളരെ ഗൗരവ പൂര്‍വ്വം വളര്‍ത്തി കൊണ്ടുവരപ്പെടുകയും, ‘ഞങ്ങള്‍ ഹിന്ദുക്കളാണ്’ എന്ന ധാരണ ഉയര്‍ന്നുവരികയും ചെയ്തു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മോഡിയിലൂടെ ബി.ജെ.പി അനായാസം ഒറ്റകക്ഷിയായി മാറിയതിനു ശേഷം പൂര്‍വ്വാധികം ശക്തിയോടെ ഇത് നടപ്പാക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. 1990 കളില്‍ അന്നത്തെ ബി.ജെ.പി പ്രസിഡന്റ് മുരളി മനോഹര്‍ ജോഷി എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണ് എന്ന് പറഞ്ഞിരുന്നു. മുസ്‌ലിംകളെ അഹമ്മദിയ്യ ഹിന്ദുക്കളായും, ക്രിസ്ത്യാനികളെ ക്രിസ്ത്തി ഹിന്ദുക്കളായും, ജൈന്‍-സിഖ്-ബുദ്ധ മതക്കാരെ മേല്‍ പറഞ്ഞ രീതിയില്‍ തന്നെ ഹിന്ദുക്കളായും ജോഷി വിശേഷിപ്പിച്ചിരുന്നു. സിഖ്, ജൈന്‍, ബുദ്ധ മതക്കാര്‍ ആര്‍.എസ്.എസ് ന്റെ ദൃഷ്ട്ടിയില്‍ ഹിന്ദുക്കളിലെ അവാന്തര വിഭാഗങ്ങളായിരുന്നു. സിഖിസം ഒരു മതമല്ലെന്നും അത് ഹിന്ദുക്കളിലെ ഒരു അവാന്തര വിഭാഗം മാത്രമാണെന്നുള്ള മുന്‍ ആര്‍.എസ്.എസ് സര്‍സംഘ് ചാലക് കെ.സുദര്‍ശന്റെ പ്രസ്താവന പഞ്ചാബില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

മോഡി അധികാരത്തിലേറിയതോടെ എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന് സ്വയം അംഗീകരിക്കണമെന്ന് വീറോടെ വാദിച്ചു കൊണ്ട് ആര്‍.എസ്.എസ് ശൂലപാണികള്‍ രംഗത്തു വന്നിരിക്കുകയാണ്. ഇത് മനസ്സിലാക്കിയിട്ട് തന്നെയായിരിക്കണം, ‘കുനിയാന്‍ പറഞ്ഞപ്പോഴേക്കും മുട്ടിലിഴഞ്ഞവനെ പോലെ എല്ലാ ക്രിസ്ത്യാനികളും ഹിന്ദുക്കളാണ് എന്ന് പ്രഖ്യാപിച്ചു കൊണ്ട് ബി.ജെ.പി അംഗവും ഗോവയുടെ ഉപമുഖ്യമന്ത്രിയുമായ ഫ്രാന്‍സിസ് ഡിസൂസ താന്റെ വിധേയത്വം പ്രകടിപ്പിച്ചത്. ‘ലോകം മൊത്തം ഇന്ത്യക്കാരെ ഹിന്ദുക്കളായാണ് മനസ്സിലാക്കുന്നത്. അതു കൊണ്ടു തന്നെ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്. കാര്യം വളരെ ലളിതമാണ്. ഇംഗ്ലണ്ടില്‍ നിന്ന് വരുന്നവരെ ഇംഗ്ലിഷ് എന്നു വിളിക്കുന്നു, ജര്‍മന്‍കാരെ ജര്‍മന്‍സ് എന്ന് വിളിക്കുന്നു, അമേരിക്കകാരെ അമേരിക്കന്‍സ് എന്ന് വിളിക്കുന്നു. അതു പോലെ എല്ലാ ഹിന്ദുസ്ഥാനികളും ഹിന്ദുക്കളാണ്’ ആര്‍.എസ്.എസ് മുതിര്‍ന്ന നേതാവ് മോഹന്‍ ഭാഗവത് ആവര്‍ത്തിച്ചു പറഞ്ഞു. ജനിതക ഘടനയില്‍ അങ്ങേയറ്റം വ്യത്യസ്ത അര്‍ത്ഥ തലങ്ങള്‍ പ്രകടിപ്പിക്കുന്ന രണ്ട് പദങ്ങളാണ് ‘ഹിന്ദു’ എന്നതും ‘ഹിന്ദുത്വം’ എന്നതും. ഇവ രണ്ടിനേയും അശാസ്ത്രീയമായി സംയോജിപ്പിച്ചു കൊണ്ട് മോഹന്‍ ഭാഗവത് പറയുന്നു ‘ ഹിന്ദുത്വം എന്നത് എല്ലാ ഇന്ത്യക്കാരുടെയും സാംസ്‌കാരിക വ്യക്തിത്വമാണ്. ഈ മഹത്തായ സംസ്‌കാരത്തിന്റെ പിന്‍മുറക്കാരാണ് ഇപ്പോള്‍ ഇന്ത്യയില്‍ താമസിക്കുന്നവര്‍’. മോഡിയുടെ ഭരണത്തിലൂടെ ഇന്ത്യക്ക് ഒരു ഹിന്ദു രാഷ്ട്രമാവാന്‍ എളുപ്പത്തില്‍ സാധിക്കുമെന്ന് ഗോവയുടെ സഹകരണ മന്ത്രി ദീപക് ദാവലികാര്‍ നടത്തിയ പ്രസ്താവന ഇതിനു പിന്നിലുള്ള രാഷ്ട്രീയ അജണ്ഡ വ്യക്തമാക്കുന്നുണ്ട്.

ഹിന്ദു, ഹിന്ദുത്വ, ഹിന്ദുരാഷ്ട്രം എന്നിങ്ങനെയുള്ള അസംഗത ജല്‍പ്പനങ്ങളൊക്കെ തന്നെ കരുതികൂട്ടിയുള്ളതും, രാഷ്ട്രീയ അജണ്ഡയുടെ ഭാഗവുമാണ്. ഈ മൂന്നു പ്രയോഗങ്ങളും ചരിത്രപരമായി തന്നെ വിശകലനം ചെയ്യപ്പെടണം. ഹിന്ദുത്വവാദം ഇന്നത്തെ സവിശേഷ സാഹചര്യത്തിലാണ് വിശകലന വിധേയമാക്കേണ്ടത്. ഹിന്ദു എന്ന പദം ഉരുത്തിരിഞ്ഞു വരാന്‍ ഒരുപാട് കാലമെടുത്തിട്ടുണ്ട്. കാലങ്ങള്‍ക്ക് ശേഷം അതിന്റെ പ്രയോഗത്തില്‍ മാറ്റങ്ങള്‍ വന്നു. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടി ആ പദത്തെ ഉപയോഗിക്കാന്‍ തുടങ്ങി; അങ്ങനെ ഹിന്ദുത്വം ഉണ്ടായി, ഹിന്ദുത്വ വാദികളുടെ രാഷ്ട്രീയലക്ഷ്യം ഹിന്ദു രാഷ്ട്രമാണ്. സംഘ്പരിവാര്‍ അവര്‍ വിശ്വസിക്കുന്ന ദേശീയതയുടെ ഭാഗമായി ആ പദങ്ങളെയൊക്കെ പൂവിട്ട് പൂജിക്കാന്‍ തുടങ്ങി.

എട്ടാം നൂറ്റാണ്ട് വരെയുള്ള ഹിന്ദുവേദ ഗ്രന്ഥങ്ങള്‍ എന്ന് പറയപ്പെടുന്ന വേദങ്ങളൊക്കെ പരിശോധിച്ചാല്‍ അവയിലൊന്നും തന്നെ ഹിന്ദു എന്ന പദം കണ്ടെത്താന്‍ സാധിക്കുകയില്ല എന്ന രസകരമായ സംഗതി ബോധ്യപ്പെടും. ഇന്ത്യന്‍ ഉപഭുഖണ്ഡത്തിലേക്ക് സന്ദര്‍ശകരായി എത്തിയ അറബികളിലൂടെയും, പശ്ചിമേഷ്യന്‍ മുസ്‌ലിംകളിലൂടെയും ആണ് ഹിന്ദു എന്ന പദം പിറവിയെടുക്കുന്നത്. അവരാണ് സിന്ധിന്റെ കിഴക്കു ഭാഗത്തുള്ള ഭൂപ്രദേശത്തെ ഹിന്ദു എന്ന് വിളിച്ചത്. എന്നുവെച്ചാല്‍ ഹിന്ദു എന്നത് ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു വാക്കാണ്. അതുകൊണ്ടാണ് ലോകത്തിലെ ചില രാജ്യങ്ങളില്‍, പ്രത്യേകിച്ച് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ ഹിന്ദുസ്ഥാന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ലോകം മുഴുവന്‍ ഇന്ത്യയെ ഹിന്ദുസ്ഥാന്‍ എന്ന് വിളിക്കുന്നു എന്ന് പറഞ്ഞ ഭാഗവതിന് തെറ്റിപോയിരിക്കുന്നു. സൗദി അറേബ്യയിലും, പശ്ചിമേഷ്യയിലും മാത്രമേ ഹിന്ദുസ്ഥാന്‍ എന്ന നാമത്തില്‍ ഇന്ത്യ അറിയപ്പെടുന്നുള്ളു. ഹജ്ജിന് പോകുന്ന ഇന്ത്യക്കാരെ ഹിന്ദിയ്യ് എന്നാണ് സൗദികള്‍ അഭിസംബോധന ചെയ്യാറ്. അതുപോലെ ഇന്ത്യയില്‍ നിന്നുള്ള അങ്കഗണിതത്തിന് അറബി ഭാഷയില്‍ ഹിന്ദ്‌സെ എന്നാണ് പറയുന്നത്.

പിന്നീട് കാലങ്ങള്‍ക്ക് ശേഷമാണ് ഇവിടെ നിലവിലുണ്ടായിരുന്ന മതപാരമ്പര്യങ്ങളൊക്കെ ഹിന്ദു മതം എന്ന പേരില്‍ വിളിക്കപ്പെടാന്‍ തുടങ്ങിയത്. ഇവിടെ ഒരു ഹിന്ദു സംസ്‌ക്കാരം നിലനിന്നിരുന്നു എന്ന വാദം തികഞ്ഞ പ്രത്യയശാസ്ത്ര സൃഷ്ട്ടി മാത്രമാണ്. സിന്ധു നദീ തട സംസ്‌കാരത്തിന് മറ്റു ഭാഗങ്ങളില്‍ പ്രയോഗത്തിലുണ്ടായിരുന്നവയെ അപേക്ഷിച്ച് വ്യതിരിക്തമായ ഒരു അസ്തിത്വം ഉണ്ടായിരുന്നു. ആര്യന്‍മാര്‍ തുടക്കത്തില്‍ കാലികളെ മേച്ച് അലഞ്ഞു തിരിയുന്നവരായിരുന്നു. പിന്നീട് അവര്‍ ഒരു സ്ഥലത്ത് തമ്പടിച്ച് കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുകയും സാമ്രാജ്യങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. ആദിവാസികള്‍ക്ക് അവരുടേതായ സംസ്‌കാരമുണ്ട്. ബ്രാഹ്മണന്‍മാരും ബുദ്ധന്‍മാരും അങ്ങേയറ്റം വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങള്‍ വെച്ചു പുലര്‍ത്തുന്നവരാണ്. ബ്രാഹ്മണ മതം ജാതി വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ബുദ്ധമതം ആ വ്യവസ്ഥയെ എതിര്‍ക്കുന്നു. ഇവിടെ ഏകശിലാത്മകമായ ഒരു സംസ്‌കാരം നിലനിന്നിരുന്നു എന്ന വാദം ഒരു ശുദ്ധ കെട്ടുകഥ മാത്രമാണ്. സംസ്‌കാരങ്ങള്‍ എല്ലായ്‌പ്പോഴും രൂപപെട്ടു വരുന്നത് പരസ്പര വിനിമയങ്ങളിലൂടെയും, ദേശാന്തരഗമനങ്ങളിലൂടെയും ആണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം.

ഇന്ത്യയില്‍ ഉയര്‍ന്നു വന്ന ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ എതിര്‍ത്തുകൊണ്ട് രൂപപ്പെട്ട സാമുദായിക രാഷ്ട്രീയത്തിന്റെ ഉല്‍ഭവത്തോടെയാണ് 19 ാം നൂറ്റാണ്ടില്‍ ഹിന്ദുത്വം എന്ന പദം ഉയിര്‍കൊള്ളുന്നത്. 1885 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപംകൊണ്ടപ്പോള്‍ ജന്മികളായ ഹിന്ദുക്കളും മുസ്‌ലിംകളും അതിനെ എതിര്‍ത്തു കൊണ്ട് അവരവരുടേതായ സാമുദായിക പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ചു നിന്നു. അങ്ങനെ പ്രത്യേക നിര്‍ണയങ്ങളൊന്നുമില്ലാതെ ഹിന്ദു സമുദായത്തില്‍ നിന്നും രൂപം കൊണ്ട ഒന്നാണ് ഹിന്ദുത്വം. 1924 ല്‍ സവര്‍ക്കറാണ് ഇത് വ്യാപകമായി പ്രചാരത്തില്‍ കൊണ്ടുവന്നത്. മുസ്‌ലിംകളേയും ക്രിസ്ത്യാനികളേയും പുറത്തു നിര്‍ത്തി കൊണ്ട് ഈ ഭൂമിയെ പവിത്രമായി കണക്കാക്കുന്നവരെ മാത്രം ഹിന്ദു എന്ന് നിര്‍വചിച്ചത് സവര്‍ക്കറാണ്. സവര്‍ക്കറെ സംബന്ധിച്ചിടത്തോളം ഹിന്ദുത്വം എന്നത് ആര്യ-ബ്രാഹ്മണ വിശ്വാസവും, സിന്ധില്‍ നിന്ന് കടലിലേക്ക് നീണ്ടു കിടക്കുന്ന ഭൂപ്രദേശവുമാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ മുഖ്യലക്ഷ്യം ഹിന്ദു രാഷ്ട്ര സംസ്ഥാപനമാണെന്ന് അദ്ദേഹം സിദ്ധാന്തവല്‍ക്കരിച്ചു. 1925 മുതല്‍ ഹിന്ദുത്വ രാഷ്ട്ര സങ്കല്‍പ്പം ആര്‍.എസ്.എസിന്റെ സജീവ പരിഗണനയിലുണ്ട്. ഒരു മതേതര ജനാധിപത്യ രാഷ്ട്രമെന്ന സ്വപ്‌ന സാക്ഷാത്കാരത്തിനായി രൂപം കൊണ്ട ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ലക്ഷ്യത്തിന് തികച്ചും കടകവിരുദ്ധമായിരുന്നു ആര്‍.എസ്.എസ് ഉയര്‍ത്തി പിടിച്ച ഹിന്ദുത്വ രാഷ്ട്ര വാദം.

ഇന്ന് ഹിന്ദു എന്ന പദം ഒരു ഭൂമിശാസ്ത്ര മേഖലയെ കുറിക്കാനല്ല ഉപയോഗിക്കുന്നത്. മറിച്ച് അതിന് മതകീയമായ ഒരു വ്യക്തിത്വമാണ് ഇപ്പോള്‍ ഉള്ളത്. ആദ്യം ഭൂമിശാസ്ത്രപരമായി നമ്മളെയെല്ലാം ഹിന്ദുക്കളാക്കി, പിന്നെ നമുക്ക് ഒരു പൊതുവായ മുന്‍ഗാമികളുണ്ടെന്ന്‌ പറഞ്ഞു, ശേഷം നമ്മളെല്ലാവരും ഹിന്ദുക്കളാണെന്ന് പ്രഖ്യാപിച്ചു, ഇപ്പോള്‍ ഇതാ പറയുന്നു ഗീതയും മനുസ്മൃതിയും എല്ലാം നമ്മുടെ ദേശീയ ഗ്രന്ഥങ്ങളാണെന്നും പശു നമ്മുടെ ദേശീയ മൃഗമാണെന്നും. കുറച്ചു കൂടി മുന്നോട്ട് പോയാല്‍ നമ്മള്‍ രാമനെ ആരാധിക്കേണ്ടി വരും.

ഇത് ദോഷകരമായ ഫലങ്ങളുണ്ടാക്കും എന്ന കാര്യത്തില്‍ സംശയത്തിന് വകയില്ല. തുടക്കത്തില്‍ നമ്മളെല്ലാവരും ഹിന്ദുക്കളായി മാറി. പിന്നീട് നമ്മള്‍ ഹിന്ദുരാഷ്ട്രത്തിലെ പൗരന്‍മാരായി. ഇനിയങ്ങോട്ട് ഹിന്ദു ആചാര്യന്‍മാര്‍ നിര്‍ദേശിക്കുന്ന സൂക്തങ്ങളും ഉരുവിട്ടു കൊണ്ട്‌ ഇരിക്കേണ്ടി വരും നമുക്ക്. ഹിന്ദു എന്നത് മതകീയ വ്യക്തിത്വമാണെന്നും, ഇന്ത്യ എന്നതാണ് രാഷ്ട്ര വ്യക്തിത്വമെന്നും നമ്മുടെ ഭരണഘടന വളരെ വ്യക്തമായി പറയുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടന നമുക്ക് വകവെച്ചു നല്‍കുന്നത് ഇന്ത്യന്‍ എന്ന രാഷ്ട്ര വ്യക്തിത്വമാണ്. പക്ഷെ ആര്‍.എസ്.എസ് നമ്മുടെ മേല്‍ ഹിന്ദുത്വം അടിച്ചേല്‍പ്പിക്കുകയാണ്.

അടുത്തതായി എന്താണ് സംഭവിക്കുകയെന്നത് താഴെ കൊടുക്കുന്ന ആര്‍.എസ്.എസ് പരിശീലന ക്യാമ്പില്‍ നടന്ന ചര്‍ച്ചയുടെ ഒരു ചെറിയ ഭാഗം വ്യക്തമാക്കും. രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് അന്നത്തെ ആര്‍.എസ്.എസ് തലവനായിരുന്ന യാദവ് റാവു ജോഷിയോട് ഒരു സംഘ് പ്രവര്‍ത്തകന്‍ ചോദിച്ചു. ‘നമ്മള്‍ പറയുന്നു ആര്‍.എസ്.എസ് ഒരു ഹിന്ദു സംഘടനയാണെന്ന്. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും നമ്മള്‍ പറയുന്നു. അതേയവസരത്തില്‍ മുസ്‌ലിംകളേയും ക്രിസ്ത്യാനികളേയും സ്വാഗതം ചെയ്യുന്നുവെന്നും, ഈ രാജ്യത്തെ സ്‌നേഹിക്കുന്ന കാലത്തോളം അവര്‍ക്ക് തങ്ങളുടെ വിശ്വാസം മുറുകെ പിടിച്ച് ജീവിക്കാമെന്നും നമ്മള്‍ പറയുന്നു. അവരെ ഇവിടെ ജീവിക്കാന്‍ അനുവദിക്കുന്നത് എന്തിനാണ്? നമ്മള്‍ ഒരു ഹിന്ദു രാഷ്ട്രമാണെങ്കില്‍ നമുക്കെന്താ അവരോട് ഇവിടെ ജീവിക്കാന്‍ നിങ്ങള്‍ക്ക് അനുവാദമില്ലാ എന്ന് തുറഞ്ഞു പറഞ്ഞാല്‍?’  ജോഷി ആ ചോദ്യത്തിന് കൊടുത്ത മറുപടി കാണുക. ‘അത് അങ്ങനെ തുറന്ന് പറയാന്‍ തക്ക ശക്തി ഇപ്പോള്‍ ആര്‍.എസ്.എസിനോ ഹിന്ദു സമുദായത്തിനോ ഇല്ല. പക്ഷെ നമ്മള്‍ ശക്തിയാര്‍ജ്ജിച്ചാല്‍ മതം മാറുക അല്ലെങ്കില്‍ മരിക്കുക എന്ന് നാം മുസ്‌ലിംകളോടും ക്രിസ്ത്യാനികളോടും തുറന്നു പറയുക തന്നെ ചെയ്യും’.

അവ : മുസ്‌ലിം മിറര്‍
വിവ : ഇര്‍ഷാദ് കാളാച്ചാല്‍

Related Articles