Current Date

Search
Close this search box.
Search
Close this search box.

ആത്മീയ ചൂഷണങ്ങള്‍ മറ നീക്കുമ്പോള്‍

ആത്മീയതയുടെ മറവില്‍ അമൃതാനന്ദമയി മഠത്തില്‍ നടക്കുന്ന ചൂഷണങ്ങളും തട്ടിപ്പുകളും ലോക തലത്തില്‍ തന്നെ വലിയ വാര്‍ത്തയും ചര്‍ച്ചയും ആയി മാറിയിട്ടും മലയാളത്തിലെ മുത്തശ്ശി പത്രങ്ങള്‍ അത് അറിഞ്ഞതായി പോലും നടിക്കുന്നില്ല. അമൃതാനന്ദമയിയുടെ അടുത്ത സഹായിയായിരുന്ന ആസ്‌ത്രേലിയക്കാരി ഗെയ്‌ലിന്റെ ഹോളി ഹെല്‍ എന്ന പുസ്തകം ആത്മയീയതയുടെ മറവില്‍ നടക്കുന്ന തട്ടിപ്പുകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. തട്ടിപ്പിനെ കുറിച്ച വാര്‍ത്ത സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെല്ലാം നിറഞ്ഞു നില്‍ക്കുമ്പോഴും ചര്‍ച്ച നടക്കുമ്പോഴും പ്രമുഖ മലയാള പത്രങ്ങളിലെ ആദ്യ പേജില്‍ ‘അമ്മ’യുടെ പരസ്യം തന്നെയാണ് മുഖ്യ വാര്‍ത്ത. വലിയ വലിയ തട്ടിപ്പുകള്‍ പിന്നാമ്പുറത്ത് നടക്കുമ്പോള്‍ അതിനെല്ലാം മറയിടാനുള്ള മാര്‍ഗമാണ് ഇത്തരം സാന്ത്വന സ്പര്‍ശങ്ങള്‍. ആത്മീയ വ്യവസായത്തില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് എത്രത്തോളം ഷെയറുണ്ടെന്നതിലേക്കാണ് ഇത് വെളിച്ചം വീശുന്നത്. ആത്മീയ വ്യവസായ കേന്ദ്രങ്ങളില്‍ നടക്കുന്ന തട്ടിപ്പുകള്‍ അവര്‍ക്കൊരിക്കലും വാര്‍ത്തയായി മാറാത്തത് അതുകൊണ്ടാണ്.

ഇരുപത് വര്‍ഷത്തോളം അമ്മയുടെ സഹായിയായി കഴിഞ്ഞ ഗെയ്‌ലാണ് ആശ്രമത്തില്‍ നടക്കുന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ചും അമ്മയുടെ സ്വിസ് ബാങ്ക് അക്കൗണ്ടിലെ നിക്ഷേപത്തെ കുറിച്ചും വെളിപ്പെടുത്തുന്നത്. ആശ്രമത്തിലെ രഹസ്യങ്ങളെല്ലാം അറിയുന്ന ഗെയ്ല്‍ ചെറിയ ചുറ്റുപാടില്‍ തുടങ്ങിയ സംവിധാനം എങ്ങനെയാണ് വലിയൊരു കച്ചവട സാമ്രാജ്യമായി വളര്‍ന്നതെന്ന് വിവരിക്കുന്നുണ്ട്. എല്ലാ ആള്‍ ദൈവങ്ങളും വളര്‍ന്നു വികസിക്കുന്നത് സമാനമായ രീതിയില്‍ തന്നെയാണ്. ജനങ്ങളുടെ അറിവില്ലായ്മയാണ് അവരുടെയെല്ലാം പ്രധാന മുടക്കു മുതല്‍. അതുകൊണ്ട് എത്ര തന്നെ വെളിപ്പെടുത്തലുകളും തട്ടിപ്പുകളും പുറത്തു വന്നാലും ജനങ്ങള്‍ അത്തരം കേന്ദ്രങ്ങളിലേക്ക് ഒഴുകി കൊണ്ടിരിക്കുകയാണ്.

തിരക്കു പിടിച്ച ജീവിതത്തില്‍ അല്‍പം സമാധാനവും ആത്മശാന്തിയും കണ്ടെത്തുന്നതിനാണ് ആളുകള്‍ പലപ്പോഴും ഇത്തരം കേന്ദ്രങ്ങളിലെത്തുന്നത്. തുടക്കത്തില്‍ പലര്‍ക്കും അത് ലഭിക്കുകയും ചെയ്യുന്നുണ്ട്. സ്വാഭാവികമായും അവര്‍ അതിന്റെ പ്രചാരകരും വക്താക്കളുമായി മാറുന്നതാണ് കാണുന്നത്. എന്നാല്‍ തങ്ങള്‍ അനുഭവിച്ചിരുന്നത് ആത്മശാന്തിയോ സമാധാനമോ അല്ല, അവയെല്ലാം വ്യാജാനുഭവങ്ങള്‍ മാത്രമായിരുന്നു എന്ന് വൈകാതെ അവര്‍ തിരിച്ചറിയുന്നു. എന്നാല്‍ തിരിച്ചറിഞ്ഞ യാഥാര്‍ഥ്യം പുറത്തു പറയാന്‍ ധൈര്യപ്പെട്ട് മുന്നോട്ടു വരുന്നവര്‍ വളരെ ചുരുക്കമാണ്. അതിന് തയ്യാറായി ആരെങ്കിലും മുന്നോട്ടു വരുന്നുവെങ്കില്‍ തന്നെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പ്രലോഭനങ്ങളും ഭീഷണികളും പുറകെ വരും. അതിന് തയ്യാറായി ആരെങ്കിലും വന്നാല്‍ തന്നെ മുഖ്യധാരാ മാധ്യമങ്ങളെന്ന് അറിയപ്പെടുന്ന മാധ്യമങ്ങളൊന്നും അതിന് ഇടം നല്‍കുകയുമില്ല. കാരണം അവരും ഈ ബിസിനസില്‍ പങ്കാളികളാണെന്നത് തന്നെ കാരണം.

ആത്മീയത തേടിക്കൊണ്ട് ജനങ്ങള്‍ നെട്ടോട്ടം ഓടിക്കൊണ്ടിരിക്കുക്കുകയും അവര്‍ക്ക് യഥാര്‍ത്ഥ ആത്മീയത കണ്ടെത്താന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന കാലത്തോളം ആള്‍ ദൈവങ്ങള്‍ മതങ്ങളുടെ തണലിലും അല്ലാതെയും വളരുകയും വികസിക്കുകയും ചെയ്യും. രാഷ്ട്രീയക്കാരെയും മാധ്യമങ്ങളെയും തങ്ങളുടെ വരുതിക്കുള്ളിലാക്കാനും അവര്‍ക്ക് സാധിക്കും എന്നതാണ് വര്‍ത്തമാന ലോകം നമുക്ക് കാണിച്ചു തരുന്നത്. ജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ കഴിയാത്ത സ്ഥാനമാണ് ആത്മീയതക്കുള്ളത്. എന്നാല്‍ അത് എവിടെ കിട്ടും എന്ന അന്വേഷണത്തില്‍ പലര്‍ക്കും തെറ്റു പറ്റുന്നു. യഥാര്‍ത്ഥ ആത്മീയ സ്രഷ്ടാവില്‍ നിന്ന് മാത്രമേ ലഭിക്കൂ എന്ന് തിരിച്ചറിഞ്ഞവരാണ് മുസ്‌ലിംകള്‍. യഥാര്‍ത്ഥ സ്രഷ്ടാവിനെ കണ്ടെത്തി അവനില്‍ വിശ്വസിക്കുന്നവര്‍ക്ക് മറ്റൊരു ആത്മീയ കേന്ദ്രത്തിന്റെ ആവശ്യം വരുന്നില്ല. ഇത്തരത്തില്‍ സ്രഷ്ടാവില്‍ നിന്ന് യഥാര്‍ത്ഥ ആത്മീയത കണ്ടെത്തിയവര്‍ മറ്റുള്ളവരെ കൂടി ആ ആത്മീയതയിലേക്ക് നയിക്കുകയാണ് വേണ്ടത്. ഒപ്പം ആള്‍ ദൈവങ്ങള്‍ക്ക് പിന്നിലെ കപട ആത്മീയത തുറന്നു കാണിക്കുകയും ചെയ്യേണ്ടതുണ്ട്.

Related Articles