Current Date

Search
Close this search box.
Search
Close this search box.

ആത്മനിര്‍വൃതിയുടെ അപൂര്‍വ്വ നിമിഷങ്ങള്‍

മനുഷ്യ ശരീരത്തിന് ഒട്ടേറെ പരിമിതികളുണ്ട്. കേരളത്തില്‍ നിന്നതിന് ഡല്‍ഹിയിലെത്താന്‍ ഏതാനും മണിക്കൂകള്‍ വേണം. അമേരിക്കയിലെത്താന്‍ അതിനെക്കാള്‍ എത്രയോ സമയം ആവശ്യമാണ്. വാര്‍ധക്യം ബാധിക്കുന്നതോടെ അത് ദുര്‍ബലമാവുകയും ചെയ്യുന്നു. എന്നാല്‍ മനസ്സിന് ഈ പരിമിതികളില്ല. ഇവിടെ ഇരുന്നുകൊണ്ട് തന്നെ നമ്മുടെ മനസ്സിന് ഡല്‍ഹിയിലെത്താം. ചെങ്കോട്ട കാണാം. ആഗ്രയിലെത്തി താജ്മഹല്‍ കാണാം. മക്കയിലെത്തി ഉംറയും ഹജ്ജുമൊക്കെ നിര്‍വഹിക്കാം. അമേരിക്കയിലെത്തി വൈറ്റ്ഹൗസ് കാണാം.

അപാര സാധ്യതകളുള്ള ഈ മനസ്സിനെ അല്ലാഹുവുമായി ബന്ധിപ്പിക്കുന്ന സന്ദര്‍ഭമാണ് നമസ്‌ക്കാര വേള. അപ്പോള്‍ അത് ഭൗതിക പ്രപഞ്ചത്തിന്റെ എല്ലാ പരിധികളും മറികടന്നു കൊണ്ട് അഭൗതിക ലോകത്തെത്തുന്നു. അല്ലാഹുവുമായി സംഭാഷണം നടത്തുന്നു. അവന്റെ മുമ്പില്‍ തന്റെ ആവലാതികളും വേവലാതികളും തുറന്നുവെക്കുന്നു. ആവശ്യങ്ങള്‍ ഉന്നയിക്കുന്നു. അഭ്യര്‍ത്ഥനകള്‍ നടത്തുന്നു. പരാതികള്‍ പറയുന്നു. അതോടൊപ്പം തന്റെ എല്ലാ പറച്ചിലുകളും അല്ലാഹു കേള്‍ക്കുകയും അറിയുകയും ചെയ്യുന്നുവെന്ന പൂര്‍ണ്ണ ബോധ്യം അതിനുണ്ട്. അവന്‍ അതിന്റെ എല്ലാ വിചാര വികാരങ്ങളും കണ്ടറിയുന്നുവെന്നും തന്റെ ആവശ്യങ്ങളും പ്രാര്‍ത്ഥനകളും അവന്‍ സ്വീകരിക്കുമെന്ന ഉത്തമ വിശ്വാസവും അതിനുണ്ട്. അതുകൊണ്ട് തന്നെ അത്യസാധാരണമായ സന്തോഷവും സംതൃപ്തിയും അതനുഭവിക്കുന്നു.

തന്റെ ആവശ്യങ്ങളെക്കുറിച്ച് കേട്ട് അംഗീകരിക്കുന്ന നേതാവുമായി നേരില്‍ കണ്ട് സംസാരിച്ചാല്‍ കിട്ടുന്ന ആനന്ദത്തിന്റെയും ആഹ്ലാദത്തിന്റെയും അനേകമിരട്ടി സന്തോഷവും സംതൃപ്തിയും വിശ്വാസിക്ക് നമസ്‌ക്കാരത്തിലൂടെ ലഭിക്കുന്നു. അവന്‍ അല്ലാഹുവിനെ അനുഭവിച്ചറിയുന്ന ആത്മനിര്‍വൃതിയുടെ അത്യപൂര്‍വ്വമായ സന്ദര്‍ഭമത്രെ നമസ്‌ക്കാര വേള. മനസ്സാന്നിധ്യത്തോടെ അത് നിര്‍വ്വഹിക്കുന്നുവെങ്കില്‍.

Related Articles