Current Date

Search
Close this search box.
Search
Close this search box.

അബ്ദുല്‍ അഹദ് തങ്ങള്‍ വിശുദ്ധ ജീവിതത്തിന്റെ ആള്‍രൂപം

ആറു പതിറ്റാണ്ടുകാലം ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന നേതൃരംഗത്ത് വിവിധ തലങ്ങളില്‍ മഹത്തായ സേവനമര്‍പ്പിച്ച മഹദ്വ്യക്തിയാണ് മുഹമ്മദ് അബ്ദുല്‍ അഹദ് തങ്ങള്‍. സൗമ്യമായ പെരുമാറ്റത്തിന്റെയും കര്‍മനിരതമായ ജീവിതത്തിന്റെയും കറയറ്റ സേവനത്തിന്റെയും കണിശമായ സത്യസന്ധതയുടെയും വിട്ടുവീഴ്ചയില്ലാത്ത നീതിബോധത്തിന്റെയും കാണപ്പെടുന്ന രൂപമായിരുന്നു അദ്ദേഹം. നാലര പതിറ്റാണ്ടുകാലം വളരെ അടുത്തിടപഴകാന്‍ അവസരം ലഭിച്ചിട്ടും അനിഷ്ടകരമായ ഒരു വാക്കുകേള്‍ക്കുകയോ അലോസരമുണ്ടാക്കുന്ന എന്തെങ്കിലും സമീപനമുണ്ടാവുകയോ ചെയ്തതായി ഓര്‍ത്തെടുക്കാന്‍ സാധ്യമല്ല. ഇസ്‌ലാമിക് പബ്‌ളിഷിങ് ഹൗസിന്റെ ചുമതല ഏറ്റെടുത്തപ്പോള്‍ നല്‍കിയ ഉപദേശ നിര്‍ദേശങ്ങള്‍ സ്ഥാപനം കൊണ്ടുനടത്തുന്നതിലെന്നപോലെ ജീവിതത്തിലും ഏറെ ഉപകരിക്കുകയുണ്ടായി. തുടര്‍ന്ന് രോഗശയ്യയിലാകുന്നതുവരെ അദ്ദേഹത്തില്‍നിന്ന് കലവറയില്ലാത്ത സ്‌നേഹം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായി.

ധരിക്കുന്ന വസ്ത്രംപോലെ വെണ്‍മയുള്ളതാണ് അബ്ദുല്‍ അഹദ് തങ്ങളുടെ ജീവിതം. സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്കുപോലും ധന്യമായ ആ ജീവിതത്തില്‍ നന്മയല്ലാതൊന്നും കാണാനാവില്ല. സംസാരത്തിലോ പ്രവൃത്തിയിലോ അരുതാത്തത് കണ്ടത്തെുക സാധ്യമല്ല. വളരെ സൗമ്യമായി സംസാരിക്കുന്ന തങ്ങള്‍ കള്ളം പറഞ്ഞതായോ പരുക്കന്‍ പദങ്ങള്‍ പ്രയോഗിച്ചതായോ സഹപ്രവര്‍ത്തകര്‍ക്കുപോലും അനുഭവപ്പെട്ടിട്ടില്ല. സാമ്പത്തിക ഇടപാടുകളില്‍ പുലര്‍ത്തിയ സൂക്ഷ്മത വളരെയേറെ എടുത്തു പറയേണ്ടതും പ്രശംസാര്‍ഹവുമാണ്. പൊതുമുതലില്‍നിന്ന് ഒരു പൈസ പോലും എടുത്തുപറ്റാതിരിക്കാന്‍ മാത്രമല്ല, നഷ്ടപ്പെടാതിരിക്കാനും തികഞ്ഞ ജാഗ്രത പുലര്‍ത്തി. 1974 മുതല്‍ പതിനാറു വര്‍ഷം ജമാഅത്തെ ഇസ്‌ലാമിയുടെ സെക്രട്ടറിയായും ഒട്ടേറെ ട്രസ്റ്റുകളുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ച അബ്ദുല്‍ അഹദ് തങ്ങള്‍ കണക്കുകള്‍ സൂക്ഷിക്കുന്നതിലും അതില്‍ കൃത്യത വരുത്തുന്നതിലും നിതാന്ത ശ്രദ്ധ പതിപ്പിച്ചു.

ജമാഅത്തെ ഇസ്‌ലാമിയുടെ നേതാവെന്ന നിലയില്‍ പ്രവര്‍ത്തകരെ സംബന്ധിച്ച് നന്നായി പഠിച്ച് മനസ്സിലാക്കുകയും അവരോട് അടുത്തിടപഴകുകയും ചെയ്തു. എനിക്കെന്നപോലെ പലര്‍ക്കും അദ്ദേഹം സ്‌നേഹനിധിയായ പിതാവിനെപ്പോലെയായിരുന്നു. അല്ലാത്തവര്‍ക്ക് വത്സലനായ ജ്യേഷ്ഠസഹോദരനെപ്പോലെയും. പ്രവര്‍ത്തകരുമായി പരിചയപ്പെടുമ്പോള്‍ അവരുടെ കുടുംബ വിവരങ്ങളും മറ്റു ജീവിതാവസ്ഥകളും സൂക്ഷ്മമായി ചോദിച്ചറിയുക പതിവായിരുന്നു. എഴുത്തുകാരനോ പ്രസംഗകനോ അല്ലാതിരുന്നിട്ടും അബ്ദുല്‍ അഹദ് തങ്ങള്‍ പ്രവര്‍ത്തകര്‍ക്കെല്ലാം ഏറെ പരിചിതനും പ്രിയപ്പെട്ടവനുമായി. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ അസമാനനായ നിശബ്ദ സേവകനാണ് ആ കര്‍മയോഗി.

അസൂയയോ പകയോ ഒട്ടുമില്ലാത്ത തെളിഞ്ഞ മനസ്സിന്റെ ഉടമയാണ് തങ്ങള്‍. അതോടൊപ്പം, മനുഷ്യരെ മനസ്സിലാക്കാനും അവരുടെ ശക്തിദൗര്‍ബല്യങ്ങള്‍ കണ്ടത്തൊനുമുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. സംഘടനാ നടത്തിപ്പില്‍ ഇത് വളരെയേറെ പ്രയോജനപ്പെടുകയും ചെയ്തു. 1990 മുതല്‍ ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ അസിസ്റ്റന്റ് അമീറായി സേവനമനുഷ്ഠിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു.

പ്രകൃതം സൗമ്യമായിരുന്നെങ്കിലും വിശ്വാസപരമായ കരുത്തും അത് നല്‍കുന്ന ധീരതയും അബ്ദുല്‍ അഹദ് തങ്ങളില്‍ വേണ്ടുവോളമുണ്ടായിരുന്നു. അടിയന്തരാവസ്ഥയില്‍ അറസ്റ്റ് ചെയ്യപ്പെട്ട ജമാഅത്തെ ഇസ്‌ലാമി നേതാക്കളില്‍ ഏറ്റവും അവസാനം ജയില്‍ മോചിതരായവരില്‍ ഒരാള്‍ അദ്ദേഹമാണ്. ജയിലിലായിരിക്കെ ചെന്നുകാണുമ്പോള്‍ പതിവുപോലെ പുഞ്ചിരി തൂകുന്ന മുഖവുമായല്ലാതെ സമീപിച്ചിരുന്നില്ല. എഴുപത്തിരണ്ടു ദിവസത്തെ ജയില്‍ ജീവിതത്തിനുശേഷം പുറത്തുവന്ന അബ്ദുല്‍ അഹദ് തങ്ങള്‍ അടിയന്തരാവസ്ഥയുടെ പ്രതികൂല സാഹചര്യം ഒട്ടും പരിഗണിക്കാതെ ഇസ്‌ലാമിക പ്രവര്‍ത്തന രംഗത്ത് കര്‍മനിരതനായി. പ്രബോധനം വാരികയുടെ പ്രസിദ്ധീകരണം മുടങ്ങിയിരുന്നതിനാല്‍ സ്വയം മുന്‍കൈയെടുത്ത് ബോധനം മാസികക്ക് ഡിക്‌ളറേഷന്‍ വാങ്ങിയെടുക്കുകയും കൃത്യമായി പുറത്തിറക്കുകയും ചെയ്തു. അത് പ്രവര്‍ത്തകരെ കൂട്ടിയിണക്കുന്ന കണ്ണിയായും അവര്‍ക്ക് ആവേശവും പ്രചോദനവും പ്രതീക്ഷയും നല്‍കുന്ന പ്രസിദ്ധീകരണമായും നിലകൊണ്ടു. 1993 മേയ് മുതല്‍ ജമാഅത്തിന്റെ നിരോധത്തെ തുടര്‍ന്ന് പ്രബോധനം വീണ്ടും മുടങ്ങിയപ്പോള്‍ ബോധനം വാരികയായി പ്രസിദ്ധീകരിക്കാന്‍ മുന്‍കൈയെടുത്തതും അദ്ദേഹം തന്നെ.

1982ല്‍ ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ കൂടിയാലോചനാ സമിതിയില്‍ അംഗമായതു മുതല്‍ രോഗം കാരണം തടസ്സമുണ്ടാകുന്നതുവരെ ഒരുമിച്ചിരുന്ന് സുപ്രധാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും തീരുമാനങ്ങളില്‍ പങ്കാളിയാകാനും അവസരം ലഭിച്ചു. കൂടിയാലോചനാ സമിതി യോഗങ്ങളില്‍ വളരെ കുറച്ചേ സംസാരിക്കാറുണ്ടായിരുന്നുള്ളൂ. അളന്നുമുറിച്ച് വാക്കുകളില്‍ എപ്പോഴും പ്രകടിപ്പിച്ചിരുന്നത് പക്വവും ഏറെ പ്രസക്തവുമായ അഭിപ്രായങ്ങളായിരുന്നു. പറയുന്നതിനെക്കാള്‍ പ്രവര്‍ത്തിക്കുന്നതിലാണ് തങ്ങള്‍ താല്‍പര്യം പ്രകടിപ്പിച്ചത്. രാത്രി വളരെ വൈകുംവരെ തനിച്ചിരുന്ന് ജോലി ചെയ്തിരുന്ന ആ കര്‍മയോഗിയുടെ ജീവിതം ഭക്തിനിര്‍ഭരമായിരുന്നു. ഓഫിസുകളുടെയും സ്ഥാപനങ്ങളുടെയും ഭരണനിര്‍വഹണത്തിലാണ് അബ്ദുല്‍ അഹദ് തങ്ങള്‍ ഊന്നല്‍ നല്‍കിയത്.
ഔപചാരികമായ മത വിദ്യാഭ്യാസം ഏറെയൊന്നും ലഭിച്ചിട്ടില്‌ളെങ്കിലും ഇസ്‌ലാമിക വിഷയങ്ങളില്‍ സൂക്ഷ്മമായ അറിവും ബോധവുമുണ്ടായിരുന്നു. സ്വന്തം ജീവിതത്തിലും പ്രവര്‍ത്തകരിലും ഇസ്‌ലാമിക സംസ്‌കാരവും മൂല്യങ്ങളും നന്മയും വിശുദ്ധിയും ഉറപ്പുവരുത്താന്‍ നിതാന്തശ്രദ്ധ പുലര്‍ത്തി. ഇക്കാരണങ്ങളാലെല്ലാം അബ്ദുല്‍ അഹദ് തങ്ങള്‍ പരിചയപ്പെട്ടവര്‍ക്കെല്ലാം പ്രിയപ്പെട്ടവനും പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് മാതൃകായോഗ്യനായ നേതാവും മാര്‍ഗദര്‍ശിയുമായിതീര്‍ന്നു. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത് എടുത്തുപറയാവുന്ന ഒട്ടേറെ നന്മകളുടെയും കിടയറ്റ ജീവിത വിശുദ്ധിയുടെയും ഉടമയായ ഒരു മഹദ്വ്യക്തിയെയാണ്. കരുണാനിധിയായ നാഥന്‍ അദ്ദേഹത്തിന്റെ മരണാനന്തര ജീവിതത്തെ വിജയകരവും അനുഗൃഹീതവുമാക്കട്ടെ.

കടപ്പാട് : മാധ്യമം

Related Articles