Current Date

Search
Close this search box.
Search
Close this search box.

അങ്ങാടിയിലിറങ്ങാത്ത പണ്ഡിതന്‍മാര്‍

ഗ്രന്ഥങ്ങള്‍ക്ക് മുന്നില്‍ ചടഞ്ഞു കൂടിയിരിക്കുന്ന പണ്ഡിതന്‍മാര്‍, വിജ്ഞാനത്തിന്റെ സമുദ്രത്തില്‍ ഊളിയിട്ടു കൊണ്ടിരിക്കുകയാണവര്‍. തങ്ങളുടെ പഠനത്തിലും ഗവേഷണത്തിനുമായി ജീവിതം മാറ്റിവെച്ചിരിക്കുന്നവര്‍, സ്വന്തമായി തീര്‍ത്ത കോട്ടക്കകത്ത് മാറി നില്‍ക്കുകയാണവര്‍. അവരിലൂടെ ഒരു വിപ്ലവമോ നവോത്ഥാനമോ പരിഷ്‌കരണമോ ഉണ്ടാവുകയില്ല. പൈതൃകമായി കിട്ടിയ വിജ്ഞാനങ്ങളുടെ പകര്‍ത്തിയെഴുത്തും വ്യാഖ്യാനവും തര്‍ജ്ജമയും മാത്രമേ അവരില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതുള്ളൂ.

പണ്ഡിതന്‍മാര്‍ ജീവിതത്തിന്റെ വിവിധ തുറകളിലേക്കും അങ്ങാടികളിലേക്കും ഇറങ്ങേണ്ടത് വളരെ പ്രധാനം തന്നെയാണ്. ഈ സ്വഭാവമാണ് ഇസ്‌ലാമിന്റെ ശത്രുക്കളെ ചൊടിപ്പിക്കുകയും അവരുടെ കോപത്തിന് കാരണമാക്കുകയും ചെയ്തത്. ഇസ്‌ലാമും അതിന്റെ പണ്ഡിതന്‍മാരും അപരിഷ്‌കൃതരും പാര്‍ശവല്‍കരിക്കപ്പെട്ടവരും ഒറ്റപ്പെട്ടവരുമായി നിലകൊള്ളണമെന്നതാണ് അവരുടെ താല്‍പര്യം. അതുകൊണ്ട് തന്നെ മുസ്‌ലിം പണ്ഡിതന്‍മാരും പ്രബോധകരും അങ്ങാടികളിലും പൊതുഇടങ്ങളിലും പ്രത്യക്ഷപ്പെടുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ല. ഇത് പുതിയ ഒരു നിലപാടല്ല, മക്കയിലെ ബഹുദൈവാരാധകര്‍ പറഞ്ഞിരുന്നതും ഇത് തന്നെയായിരുന്നു എന്ന് ഖുര്‍ആന്‍ വിശദീകരിക്കുന്നു: ‘അവര്‍ പറയുന്നു: അന്നം തിന്നുകയും അങ്ങാടികളില്‍ നടക്കുകയും ചെയ്യുന്ന ഇയാള്‍ എന്തു ദൈവദൂതന്‍?’ (25 : 7) അവര്‍ക്ക് അല്ലാഹു തന്നെ മറുപടി നല്‍കുന്നുണ്ട്: ‘ആഹാരംകഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്നവരല്ലാത്ത ആരെയും നിനക്കുമുമ്പും നാം ദൂതന്മാരായി അയച്ചിട്ടില്ല. യഥാര്‍ഥത്തില്‍ നിങ്ങളില്‍ ചിലരെ മറ്റുചിലര്‍ക്കു നാം പരീക്ഷണമാക്കിയിരിക്കുന്നു. നിങ്ങള്‍ ക്ഷമിക്കുമോ എന്നറിയാന്‍. നിന്റെ നാഥന്‍ എല്ലാം കണ്ടറിയുന്നവനാണ്.’ (25 : 20)

അല്ലാഹു തെരെഞ്ഞെടുത്ത ദൂതന്‍മാര്‍ ഭക്ഷണം കഴിക്കുകയും അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നവരായിരുന്നു എന്നാണ് ഖുര്‍ആന്‍ തന്നെ പറയുന്നത്. അപ്പോള്‍ നമ്മുടെ പല പണ്ഡിതന്‍മാരുടെയും അവസ്ഥ എന്താണ്? അവര്‍ ഭക്ഷണം കഴിക്കുന്നുണ്ട്, അങ്ങാടികളിലൂടെ നടക്കുന്നില്ല. രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും അങ്ങാടികളില്‍ അവര്‍ എത്തുന്നില്ല. പണമിടപാടുകള്‍ നടക്കുന്ന മേഖലകളിലേക്കും അവരെത്തുന്നില്ല. സാംസ്‌കാരിക, മാധ്യമ മേഖലകളിലൂടെ അവര്‍ നടക്കുന്നില്ല. പിന്നെ എന്ത് പരിഷ്‌കരണവും സ്വാധീനവുമാണ് അവര്‍ക്കുണ്ടാവുക!

വിവ : നസീഫ്‌

Related Articles