Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ ഉപരോധം; നേട്ടം ലഭിച്ചത് ആര്‍ക്കൊക്കെ ?

പരസ്പര വിദ്വേഷവും അസ്വസ്ഥതകളും നിറഞ്ഞതായിരുന്നു കഴിഞ്ഞ മൂന്നര വര്‍ഷത്തെ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ നയതന്ത്ര ബന്ധം. വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് സൗദിയുടെ നേതൃത്വത്തിലുള്ള അയല്‍രാജ്യങ്ങള്‍ ഖത്തറിനെതിരെ വ്യോമ-കര-നാവിക മേഖലകളില്‍ സമ്പൂര്‍ണ ഉപരോധമേര്‍പ്പെടുത്തിയതോടെ ഗള്‍ഫ് സമൂഹത്തിനിടയില്‍ അക്ഷരാര്‍ത്ഥത്തില്‍ ഖത്തര്‍ ഒറ്റപ്പെട്ടു. ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ അമാന്തിച്ചുനിന്ന ഖത്തര്‍ ഉടനടി തന്നെ ഈ ഉപരോധത്തിന്റെ ചങ്ങലക്കണ്ണിയില്‍ നിന്നും പുറത്തുവരുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞിരുന്നത്.

യു.എസ് പ്രസിഡന്റായി അധികാരമേറ്റെടുത്തതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപ് സൗദി സന്ദര്‍ശിക്കുകയും സൗദി ഭരണാധികാരികളുമായി ചര്‍ച്ചനടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഒരു മാസത്തിന് ശേഷമാണ് സൗദി പൊടുന്നനെ ഖത്തറിനെതിരെ ഉപരോധമേര്‍പ്പെടുത്തുന്നതായി ഉത്തരവിറക്കിയത്. ഉപരോധം പ്രാബല്യത്തില്‍ വന്നതോടെ അയല്‍രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്ന ഭക്ഷ്യോത്പനങ്ങള്‍ നിലച്ചു എന്നതായിരുന്നു ഖത്തര്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ നിന്നും ഭക്ഷ്യോത്പന്നങ്ങളും പാലും മാംസവും പച്ചക്കറികളുമെല്ലാം എത്തിച്ച് ഉടനടി തന്നെ ഈ പ്രതിസന്ധി മറികടക്കാന്‍ ഖത്തര്‍ എന്ന കൊച്ചുരാഷ്ട്രത്തിനായി. ഖത്തറിനെ സഹായിക്കാനായി ഇറാന്‍, തുര്‍ക്കി എന്നീ രാഷ്ട്രങ്ങള്‍ പ്രത്യേക വിമാനങ്ങളില്‍ ഭക്ഷ്യോത്പന്നങ്ങള്‍ അടക്കം എത്തിച്ചു നല്‍കി.

പിന്നീട് ഖത്തറിനകത്ത് തന്നെ കാര്‍ഷിക ഉത്പന്നങ്ങളും പാലും മാംസവും ഉത്പാദിക്കാനാവശ്യമായ പദ്ധതികളാണ് ഭരണകൂടം കൈകൊണ്ടത്. ഇതിനായി മറ്റു രാജ്യങ്ങളില്‍ നിന്നും ആട് മാടുകളെ ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ ദോഹയിലെത്തിച്ചു. കാര്‍ഷിക ഉത്പാദനത്തെ സ്വദേശീയര്‍ക്കും വിദേശീയര്‍ക്കുമിടയില്‍ വലിയ രീതിയില്‍ പ്രോത്സാഹിപ്പിച്ചു. ഇത്തരത്തില്‍ സര്‍വ മേഖലകളിലും സ്വാശ്രയത്വം കൈവരിക്കാന്‍ ശ്രമിച്ചു. മാത്രമല്ല, പാലും പാലുത്പന്നങ്ങളും കയറ്റിയയക്കാന്‍ സാധിച്ചെന്നതും ഉപരോധം തീര്‍ത്ത പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ആകെയുള്ള എട്ട് ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ മൂന്ന് എണ്ണത്തിന്റെയും പ്രവൃത്തി പൂര്‍ത്തിയാക്കി തുറന്നു നല്‍കി എന്നതും എടുത്തു പറയേണ്ടതാണ്. ബാക്കിയുള്ളവയുടെ പ്രവൃത്തി അവസാന ഘട്ടത്തിലുമാണ്.

പൊടുന്നനെയുള്ള ഉപരോധം സാമ്പത്തിക മേഖലക്ക് ചെറിയ രീതിയിലുള്ള തിരിച്ചടി നേരിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇത് എല്ലാ രാജ്യങ്ങളെയും ഒരു പോലെ ബാധിച്ചിരുന്നു. ഉപരോധം പിന്‍വലിക്കണമെങ്കില്‍ 13 ഇന ഉപാധികള്‍ മുന്നോട്ടു വെച്ചിരുന്നെങ്കിലും അതില്‍ ഒന്നു പോലും അംഗീകരിക്കാന്‍ ഖത്തര്‍ തയാറായിരുന്നില്ല. ആത്മാഭിമാനവും ഭരണഘടന മൂല്യങ്ങളും വിട്ടുവീഴ്ച ചെയ്തുള്ള യാതൊരു ഒത്തുതീര്‍പ്പിനും തയാറല്ല എന്നായിരുന്നു ഖത്തര്‍ അമീര്‍ വിവിധ അഭിമുഖങ്ങളിലായി ആവര്‍ത്തിച്ചിരുന്നത്. ഉപാധിയില്ലാത്ത ഏത് തരം ചര്‍ച്ചകള്‍ക്കും തയാറാണെന്നും ഖത്തര്‍ അറിയിച്ചിരുന്നു. ആരെയും പ്രകോപിപ്പിക്കാതെയും ആരുടെ മുന്‍പിലും കൈനീട്ടാതെയുമാണ് ഖത്തര്‍ ഈ ഉപരോധത്തെ മറികടന്നത്. യു.എന്നിനും അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ന്യായം തങ്ങളുടെ ഭാഗത്താണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനാണ് അയല്‍ രാജ്യങ്ങള്‍ നടത്തിയതെന്ന് കാണിക്കുന്നതിലും ഖത്തര്‍ വിജയിച്ചു.

മാത്രമല്ല, ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ വിള്ളല്‍ വീഴാതിരിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ച കുവൈത്ത് ഭരണകൂടത്തിന്റെയും വിജയം കൂടിയാണിതെന്ന് പറയേണ്ടി വരും. അടുത്തിടെ അന്തരിച്ച കുവൈത്ത് മുന്‍ അമീര്‍ ഷെയ്ഖ് ജാബിര്‍ അല്‍ സബാഹും ഒമാന്‍ മുന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിന്റെയും നയതന്ത്ര ശ്രമങ്ങളുടെ വിജയം കൂടിയാണിത്.

ഇതോടെ ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ തന്നെ സ്വയം ഉപരോധം പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിന് പിന്നില്‍ രാഷ്ട്രീയ-സാമ്പത്തിക താല്‍പര്യങ്ങളോ ആത്മാര്‍ത്ഥമായ സഹിഷ്ണുതയോ വിട്ടുവീഴ്ച മനോഭാവമോ ഉണ്ടായിരിക്കാം. എന്നാല്‍ ഗള്‍ഫ്-അറബ് രാജ്യങ്ങളെ തമ്മിലടിപ്പിച്ച് ചോരയൂറ്റാനും നേട്ടം കൊയ്യാനും മറുപുറത്ത് ശത്രപക്ഷം നിലകൊള്ളുന്നുണ്ടെന്നത് വൈകിയെങ്കിലും ജി.സി.സി നേതൃത്വം തിരിച്ചറിഞ്ഞത് അഭിനന്ദനാര്‍ഹമാണ്. മേഖലയുടെ സുരക്ഷയെയും ഐക്യത്തെയും ബാധിക്കുന്ന ഇത്തരം പ്രവൃത്തികള്‍ ഇനി ആവര്‍ത്തിക്കാതെ നോക്കുകയാണ് ഗള്‍ഫ് രാഷ്ട്രങ്ങളിലെ നേതൃത്വം ശ്രമിക്കേണ്ടത്.

പതിവു പോലെ ഗള്‍ഫ് ഐക്യവും ഇപ്പോഴുണ്ടായ അനുരഞ്ജനവും ഇഷ്ടപ്പെടാത്ത ഒരു വിഭാഗം മറുപുറത്തുണ്ട്. അവര്‍ ഇതിനകം തന്നെ ജി.സി.സി രാജ്യങ്ങളിലെ തങ്ങളുടെ കുഴലൂത്തുകാരായ മാധ്യമങ്ങളെയും നേതാക്കളെയും ഉപയോഗപ്പെടുത്തി ഐക്യത്തിനെതിരെയുള്ള ജോലികള്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഐക്യത്തിന് തുരങ്കം വെക്കുന്ന വാര്‍ത്തകള്‍ അത്തരത്തില്‍ ഭിന്നിപ്പ് ആഗ്രഹിക്കുന്നവരുടേതാണ്.

ഉപരോധമേര്‍പ്പെടുത്തിയതോടെ അമേരിക്ക ലക്ഷ്യമിട്ട പദ്ധതികള്‍ എത്രത്തോളം വിജയിച്ചു എന്നത് ഇപ്പോഴും ചോദ്യചിഹ്നമായി കിടക്കുകയാണ്. എന്നാല്‍ സര്‍വ മേഖലകളിലും സ്വയം പര്യാപ്തത കൈവരിച്ച് സ്വന്തം കാലില്‍ നില്‍ക്കാന്‍ ഖത്തറിനെ പ്രാപ്തമാക്കി എന്നത് ഉപരോധം കൊണ്ടുണ്ടായ നേട്ടം എന്നു തന്നെയെന്ന് നിസ്സംശയം പറയാം.

Related Articles