Current Date

Search
Close this search box.
Search
Close this search box.

ശിറീൻ അബൂ ആഖില …..നടുറോട്ടിലെ കൊല

അറസ്റ്റോ വിചാരണയോ ഒന്നുമില്ലാതെ നടുറോട്ടിൽ വെച്ചുള്ള വധശിക്ഷ നടപ്പാക്കൽ(Summary execution ). ഫലസ്തീനിലെ ജനീൻ അഭയാർഥി ക്യാമ്പിന് മുമ്പിൽ വെച്ച് പ്രശസ്ത അൽജസീറ റിപ്പോർട്ടർ (ശഹീദ ) ശറീൻ അബൂ ആഖിലയെ വെടിവെച്ച് കൊന്ന ഇസ്രായേൽ അധിനിവേശ സൈന്യത്തിന്റെ ചെയ്തിയെ അങ്ങനെയാണ് വിശേഷിപ്പിക്കാനാവുക. 2000 മുതൽക്കുള്ള കണക്ക് പരിശോധിച്ചാൽ ഫലസ്തീൻകാരും അല്ലാത്തവരുമായ നാൽപ്പത്തി അഞ്ചിലധികം പത്രപ്രവർത്തകരെ അധിനിവേശ സേന കൊലപ്പെടുത്തിയിട്ടുണ്ട്. കാമറക്ക് മുമ്പിൽ റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് അവരിൽ ചിലർക്ക് വെടിയേറ്റത്. ചില പത്രപ്രവർത്തകരെ വധിച്ചത് അവരുടെ ഓഫീസിലേക്ക് വിമാനത്തിൽ നിന്ന് ബോംബെറിഞ്ഞു കൊണ്ടായിരുന്നു. ഈ കുറ്റകൃത്യങ്ങളിൽ ഒരൊറ്റ ഇസ്രായേലി സൈനികനോ ഓഫീസറോ വിചാരണ നേരിടുകയുണ്ടായില്ല. തുറന്ന മൈതാനത്ത് വെച്ച് ഇത് പോലെ ഫലസ്തീനികൾ നിരന്തരം സത്വര വധശിക്ഷകൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്നുണ്ട്. അതെല്ലാം നിയമ വ്യവസ്ഥക്ക് പുറത്താണ്. അതിലൊന്നിൽ മാത്രമാണ് പേരിനെങ്കിലും വിചാരണയും ശിക്ഷ പ്രഖ്യാപിക്കലും ഉണ്ടായത്. എലിയോർ അസാരിയ എന്നാണ് വിചാരണ നേരിട്ട ആ ഇസ്രയേലി സൈനികന്റെ പേര്. യാതൊരു അനക്കവുമില്ലാതെ തറയിൽ വീണു കിടക്കുകയായിരുന്ന ശഹീദ് അബ്ദുൽ ഫത്താഹ് ശരീഫിനെ വെടിവെച്ചതിനായിരുന്നു വിചാരണ. ഈ കൊലപാതകം ക്യാമറക്കണ്ണുകൾ അപ്പടി പിടിച്ചെടുത്തത് കൊണ്ട് വിചാരണ നടത്തുകയല്ലാതെ മാർഗമില്ല. 2016 – ലാണ് സംഭവം. കൊലയാളി ജയിലിൽ കഴിഞ്ഞത് ഒമ്പത് മാസം മാത്രം. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾക്ക് ഇസ്രായേലിലെ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ചേർന്ന് വൻ വരവേൽപ്പാണ് നൽകിയത്. സൈനികനെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ‘ജനകീയ സമിതി’കളും രൂപം കൊണ്ടു. ഏതായാലും ‘നല്ല നടപ്പി’ന്റെ പേരിൽ ഇയാൾക്ക് ശിക്ഷാ കാലത്തിന്റെ പകുതി മാത്രമേ അനുഭവിക്കേണ്ടി വന്നുള്ളൂ.

ശറീൻ അബൂ ആഖില എന്ന പത്രപ്രവർത്തകയെ വെടിവെച്ച് വീഴ്ത്തിയപ്പോൾ , ആ കുറ്റകൃത്യത്തിന്റെ ഗൗരവത്തെക്കുറിച്ച് ഇസ്രായേലിന് നല്ല ബോധ്യമുണ്ട്. അതിനാൽ ഇസ്രായേലി ഭരണകൂടവും മാധ്യമങ്ങളും ഈ വാർത്തയെ നിസ്സാരവൽക്കരിക്കാനും തമസ്കരിക്കാനുമാണ് ശ്രമിച്ചത്. ഇസ്രായേൽ സൈന്യവും സായുധരായ ഫലസ്തീനികളും തമ്മിലുള്ള ഏറ്റുമുട്ടലിന് ഇടയിൽ ഉണ്ടായ സംഭവമായി അവർ ഇതിനെ ചിത്രീകരിച്ചു. ശിറീനൊപ്പം ആയുധാരിയായ ഒരു ഫലസ്തീനി നിൽക്കുന്ന ചിത്രമാണ് മുഴുവൻ ഇസ്രയേലി മീഡിയയിലും കാണാനുണ്ടായിരുന്നത്. ഇത് മനപ്പൂർവം രണ്ട് ചിത്രങ്ങൾ അടുപ്പിച്ചടുപ്പിച്ച് വെച്ചതാണ് ; ‘ ഉന്നതങ്ങളിൽ’ നിന്നുള്ള നിർദേശപ്രകാരം ! ‘കൊലയാളി അജ്ഞാതൻ’ ആയത് കൊണ്ട് ഒരു സംയുക്ത അന്വേഷണം ആകാമെന്നാണ് ഇസ്രായേൽ വിദേശകാര്യ മന്ത്രി യാഇർ ലാപിഡ് പറയുന്നത്. പക്ഷെ നമുക്ക് മുമ്പിൽ ഫലസ്തീനിലെ അൽ ജസീറ ഓഫീസ് മേധാവി വലീദ് ഉമരിയുടെയും സംഭവത്തിൽ പരിക്കേറ്റ പത്രപ്രവർത്തകൻ അലി സമൂദിയുടെയും (ശറീന് വെടിയേറ്റപ്പോൾ സഹായിക്കണേ എന്ന് ഉച്ചത്തിൽ വിളിച്ച് പറയുന്നത് ഇദ്ദേഹമാണ് ) ഒപ്പമുണ്ടായിരുന്ന ശ റീന്റെ കൂട്ടുകാരി ശദാ ഹനായിശയുടെയും (ശറീന് വെടിയേൽക്കുമ്പോൾ ശദാ രണ്ട് മീറ്റർ മാത്രം അകലത്തിലായിരുന്നു ) വളരെ വിശ്വാസ യോഗ്യമായ സാക്ഷ്യങ്ങളുണ്ട്. അവർ ഒറ്റക്കെട്ടായി പറയുന്നു: ശിറീന് വെടിയേൽക്കുമ്പോൾ അങ്ങനെയൊരു ഏറ്റുമുട്ടൽ അവിടെ നടക്കുന്നുണ്ടായിരുന്നില്ല. ഒരു ഇസ്രായേലി സ്നൈപർ ശിറീന്റെ തലക്ക് വെടിവെക്കുകയായിരുന്നു.

പത്രപ്രവർത്തകരാണ് എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ഇസ്രയേൽ സൈന്യം വെടിയുതിർക്കുന്നത്. ആ സമയത്ത് പ്രൊട്ടക്ടീവ് ജാക്കറ്റും ഹെൽമെറ്റും അവർ ധരിക്കാറുണ്ട്. പത്രപ്രവർത്തകരുടെ ലോകാംഗീകൃതമായ ബാഡ്ജും അവർ ധരിച്ചിട്ടുണ്ടാവും. പത്രപ്രവർത്തകരെ ഉന്മൂലനം ചെയത് സത്യത്തെ കുഴിച്ച് മൂടാമെന്ന് അധിനിവേശകർ കണക്ക് കൂട്ടുന്നു. സ്വതന്ത്ര പത്രപ്രവർത്തകരെ ഇല്ലാതാക്കിക്കഴിഞ്ഞാൽ ഇസ്രയേൽ സൈനിക വാഹനങ്ങളിൽ തന്നെ യാത്ര ചെയ്യുന്ന എംബഡ്ഡഡ് ജർണലിസ്റ്റകളേ പിന്നെ ബാക്കിയുണ്ടാവുകയുള്ളൂ. സ്വതന്ത്ര പത്രപ്രവർത്തകർ എന്നും ഇസ്രയേലിന് തലവേദനയായിരുന്നു. 2000-ൽ മുഹമ്മദ് ദുർറ സംഭവവും 2016 – ൽ അബ്ദുൽ ഫത്താഹ് ശരീഫിന്റെ രക്തസാക്ഷ്യവും അവർ ലോക ശ്രദ്ധയിൽ കൊണ്ട് വന്നു. ഗസ്സക്ക് നേരെയുള്ള നാലാം യുദ്ധത്തിൽ മീഡിയാ രംഗത്തും ഇസ്രയേൽ അമ്പേ പരാജയമായിരുന്നു. മീഡിയാ രംഗത്തെ പരാജയം പഠിക്കാൻ ഔദ്യോഗിക സമിതി തന്നെ ഇസ്രയേൽ രൂപീകരിച്ചിട്ടുണ്ട്.

പത്രപ്രവർത്തകർക്ക് നേരെ എപ്പോൾ വേണമെങ്കിലും വെടിവെക്കാൻ സൈനികർ ധൈര്യപ്പെടുന്നത് തങ്ങളെ സംരക്ഷിക്കാൻ ഭരണകൂടവും സൈന്യവും ഉണ്ടാകും എന്നതിനാലാണ്. നിയമ സംവിധാനങ്ങൾ വരെ കൊലയാളികൾക്കൊപ്പമായിരിക്കും. ഇത്തരം കുറ്റകൃത്യങ്ങളിൽ നിഷ്പക്ഷമായ ഒരന്വേഷണം പോലും ഇന്നേവരെ അവർ നടത്തിയിട്ടില്ല. കുറ്റവാളികൾക്കൊപ്പം നിൽക്കുക എന്ന നിലപാട് ആവർത്തിക്കുക മാത്രമാണ് ഇസ്രയേലി പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും ചെയ്തത്. ഇസ്രയേലി സൈന്യമാണ് പത്ര പ്രവർത്തകയെ കൊല ചെയ്തത് എന്ന് ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രസ്താവനയിറക്കിയപ്പോൾ അതിനെ രൂക്ഷമായി വിമർശിച്ച് ബെന്നറ്റ് പറഞ്ഞു: ‘ ഒരു തെളിവുമില്ല. മഹ്മൂദ് അബ്ബാസിന്റെ പ്രസ്താവന അബദ്ധമാണ്. ഞങ്ങൾ ഞങ്ങളുടെ സൈന്യത്തോടൊപ്പം നിൽക്കുന്നു.’

ഫലസ്തീനികളുടെയും മില്യൻ കണക്കായ അറബികളുടെയും വീടുകളിലേക്ക് തന്റെ നിശിതമായ റിപ്പോർട്ടുകളിലൂടെ കടന്നുചെന്നിട്ടുള്ള പത്രപ്രവർത്തകയാണ് ശിറീൻ. ഒരു മുഴു ഫലസ്തീനിയൻ തലമുറ ശിറീന്റെയും സഹപ്രവർത്തകരുടെയും റിപ്പോർട്ടുകളാൽ ബോധവൽക്കരിക്കപ്പെട്ടവരാണ്. അതിനാൽ വളരെയേറെ ആദരവോടെയും സ്നേഹത്തോടെയുമാണ് ഫലസ്തീൻ ജനത ശിറീന് അവസാന യാത്രാ മൊഴി ചൊല്ലുന്നത്. നിശ്ചിത സമയത്ത് സംസ്കാര ചടങ്ങുകൾ നടത്തേണ്ടതില്ലായിരുന്നുവെങ്കിൽ ജനീനും റാമല്ലയും ഖുദ്സും നാബ് ലുസും കടന്ന് നൂറ് കണക്കിന് ഫലസ്തീനിയൻ ഗ്രാമങ്ങളിലൂടെ സ്നേഹവും ആദരവും ഏറ്റുവാങ്ങി ആ ശരീരം ദീർഘയാത്ര ചെയ്യുമായിരുന്നു. ഫലസ്തീനി ബഹുജനം ഒറ്റ സ്വരത്തിൽ പറയുന്നു: രക്തസാക്ഷി ശറീൻ അബൂ ആഖിലക്ക് നീതി ലഭിക്കണം. കുറ്റവാളികൾ ഒരു കാരണവശാലും ശിക്ഷിക്കപ്പെടാതെ പോകരുത്.

( ഫലസ്തീനിലെ ഇടത് പക്ഷ മാധ്യമ പ്രവർത്തകനാണ് ലേഖകൻ. )

വിവ : അശ്റഫ് കീഴുപറമ്പ്

Related Articles