Current Date

Search
Close this search box.
Search
Close this search box.

പരാജിത രാഷ്ട്രമാവുന്ന തുനീഷ്യ

രാഷ്ട്രം ഏകാധിപത്യത്തിലേക്ക് വഴിമാറുന്നുവെന്ന നിരീക്ഷണങ്ങളെ ബലപ്പെടുത്തുന്ന നടപടിക്രമങ്ങളാണ് പ്രസിഡന്റ് ഖൈസ് സഈദിക്ക് കീഴിൽ തുനീഷ്യയിൽ അരങ്ങേറികൊണ്ടിരിക്കുന്നത്. തുനീഷ്യയുടെ പ്രധാന പ്രതിപക്ഷ നേതാവും അന്നഹ്ദ പാർട്ടി തലവനുമായ റാഷിദ് ഗനൂഷിയും അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. പിരിച്ചുവിടപ്പെട്ട അന്നഹ്ദ ഗവൺമെന്റിലെ സ്പീക്കർ കൂടിയായിരുന്നു റാഷിദ് ഗനൂഷി. ഇസ്‌ലാമിക കലണ്ടർ പ്രകാരം പവിത്രമായ റമദാൻ ഇരുപത്തി ഏഴിനാണ് 81കാരനായ ഗനൂഷി അറസ്‌റ്റ് ചെയ്യപ്പെടുന്നത്. അറസ്റ്റിനെ തുടർന്നുള്ള 48 മണിക്കൂർ അഡ്വക്കറ്റിന്റെ സഹായം തേടാൻ പോലും ഗനൂഷിയെ അനുവദിച്ചിരുന്നില്ല. പ്രതിപക്ഷങ്ങളെ ഇല്ലാതാക്കാൻ മനുഷ്യാവകാശത്തിന്റെയും നിയമവാഴ്ച്ചയുടെയും ആനുകൂല്യങ്ങൾ പോലും നൽകാതെ വിമർശകരെ നേരിടുമെന്നാണ് ഗനൂഷിയെ തടഞ്ഞു വെക്കുന്നതിലൂടെ ഖൈസ് സഈദി വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നത്.

വ്യാജ ആരോപണങ്ങളും ഏകപക്ഷീയമായ തടങ്കലുകളും കൊണ്ട് രാഷ്ട്രീയ എതിരാളികളെ നിശബ്ദമാക്കാൻ ശ്രമിക്കുന്ന സഈദി വിചിത്രമായ രീതിയിൽ തുനീഷ്യൻ മുൻ ഏകാധിപതി സൈനുൽ ആബിദീൻ ബിൻ അലിയെ അനുസ്മരിപ്പിക്കുന്നു. ബിൻ അലിയുടെ ഭരണത്തിൽ തുനീഷ്യ അനുഭവിച്ചതിന് സമാനമായ ഏകാധിപത്യവും പാരതന്ത്ര്യവുമാണ് രാജ്യത്ത് നിലവിലുള്ളതെന്ന് കഴിഞ്ഞ ഒരു മാസത്തെ സംഭവങ്ങൾ മാത്രം പരിശോധിച്ചാൽ മനസിലാവുന്നതാണ്. എന്നല്ല, ഖൈസ് സഈദിയുടെ നടപടിക്രമങ്ങളായിരിക്കും ബിൻ അലിയുടേതിനേക്കാൾ കൂടുതൽ തുനീഷ്യയുടെ ഭാവിയെ പരിക്കേൽപ്പിക്കുന്നത്. അധികാരത്തെ കുത്തകയാക്കുന്നതിനായി തന്റെ മുൻഗാമിയേക്കാൾ അക്രമോത്സുകവും ഭ്രാന്തവുമായാണ് സഈദി വിയോജിപ്പുക്കളെ അടിച്ചമർത്തി കൊണ്ടിരിക്കുന്നത്. തന്റെ അജണ്ടകൾ നടപ്പിലാക്കുന്നതിനായി തുനീഷ്യൻ സംസ്കാരത്തിന്റെ അടിസ്ഥാനശിലകൾക്ക് തുരങ്കം വെക്കാൻ പോലും ഖൈസ് സഈദിക്ക് ഒട്ടും ഭയമില്ല. എല്ലാവിധ പ്രതിപക്ഷങ്ങളെയും അടിച്ചമർത്തുക, ധ്രുവീകരണം, വംശങ്ങൾക്കിടയിലുള്ള സംഘർഷങ്ങൾ രൂക്ഷമാക്കുക, ഗോത്രവാദം പ്രോത്സാഹിപ്പിക്കുക, സ്വതന്ത്ര സ്ഥാപനങ്ങളിൽ പൊതുജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുക തുടങ്ങി ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് കാരണമാവുന്ന നയങ്ങളാണ് അദ്ദേഹം സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ഏകാധിപത്യ രാഷ്ട്രമെന്നതിലുപരി ഒരു പരാജിത രാഷ്ട്രമെന്ന അവസ്ഥയിലേക്കാണ് ഘട്ടം ഘട്ടമായി സഈദി തുനീഷ്യയെ കൊണ്ടെത്തിക്കുന്നത്.

അട്ടിമറിയിലൂടെ 2021ൽ ഭരണത്തിലേറിയ ഖൈസ് സഈദി രാഷ്ട്രീയ എതിരാളികളെ അവമതിച്ച് ക്രിമിനൽ കുറ്റം ചാർത്തി ജയിലിലടച്ചു കൊണ്ടിരിക്കുകയാണ്. സബ് സഹാറൻ അഭയാർഥികളോട് പുറം തിരിച്ച സഈദി പൗരസമൂഹത്തിനും രാഷ്ട്രീയ ശക്തികൾക്കുമിടയിലെ സഹകരണവും വിശ്വാസവും ആശയവിനിമയവും ഇല്ലാതാക്കുകയും ചെയ്തു.

ഏകാധിപത്യ പ്രവണതകളെ പ്രതിരോധിച്ച് ഇല്ലാതാക്കാൻ ശേഷിയുള്ള സ്ഥാപനങ്ങളിൽ ബാക്കിയായ ഒരേയൊരു ജുഡീഷ്യറിയെയും സഈദി നിരായുധമാക്കുന്നു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും വസ്തുനിഷ്ഠതയെയും സംശയത്തിൽ നിർത്തുകയും തനിക്ക് മുന്നിൽ കുനിഞ്ഞു നിൽക്കാത്ത ജഡ്ജിമാരുടെ വിശ്വസ്തതയെ ചോദ്യം ചെയ്യുകയും എതിരാളികളെ ആക്രമിക്കാനുള്ള കേവല ഉപകരണമായി അദ്ദേഹം ജുഡീഷ്യറിയെ മാറ്റിയെടുക്കുകയും ചെയ്യുന്നു. ഒരുകാലത്ത് ആപേക്ഷികമായെങ്കിലും സ്വതന്ത്ര പ്രവർത്തനം നടത്തിയ മുൻനിര മാധ്യമങ്ങളെയും സഈദി കൈപിടിയിലാക്കിയിരിക്കുന്നു. തന്റെ പ്രസിഡന്റ്ഷിപ്പിനെതിരെ നിൽക്കുന്ന പ്രതിപക്ഷ രാഷ്ട്രീയക്കാരെയും മറ്റു വിമർശകരെയും ജനാധിപത്യ വിരുദ്ധമായും മനുഷ്യത്വ രഹിതമായും അക്രമിക്കാനാണ് സഈദി ഈ മാധ്യമങ്ങളെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്.

ഖൈസ് സഈദി ഭരണം കുറച്ചു വർഷങ്ങൾ പിന്നിടുമ്പോൾ സുരക്ഷ, പൊതു സേവനങ്ങൾ, സുസ്ഥിര രാഷ്ട്രീയ അന്തരീക്ഷം തുടങ്ങിയ അടിസ്ഥാന ബാധ്യതകൾ പോലും നിർവഹിക്കാനാവതെ തുനീഷ്യ ബുദ്ധിമുട്ടുകയാണ്. ഈ ചുരുങ്ങിയ കാലയളവ് കൊണ്ട് പവർ കട്ടും ജലക്ഷാമവും തുനീഷ്യൻ ജനതയുടെ ദൈനംദിന പ്രശ്‌നങ്ങളായി മാറിയിരിക്കുന്നു. വിഭവങ്ങളുടെ ദുരുപയോഗവും ഭക്ഷണം വെള്ളം പാർപ്പിടം തുടങ്ങിയ അവശ്യ കാര്യങ്ങളുടെ ലഭ്യതയില്ലായ്മയും വ്യാപകമായ സാമൂഹിക ഉത്കണ്ഠതക്കും രാഷ്ട്രീയ നിരാശക്കും വഴിവെച്ചിരിക്കുന്നു. സഈദിയും ഭരണകൂടവും പൊതു നന്മയേക്കാൾ മുൻഗണന സ്വന്തം താത്പര്യങ്ങൾങ്ങൾക്ക് കൊടുക്കുന്നുവെന്ന് തിരിച്ചറിയുന്ന ജനങ്ങൾക്ക് രാഷ്ട്രത്തിലുള്ള വിശ്വാസം കൂടുതൽ നഷ്ടപ്പെടുകയാണ്.

തുനീഷ്യൻ സിസ്റ്റത്തിലെ എല്ലാവിധ പരിശോധനകളെയും ബാലൻസിനെയും (ചെക്സ് ആന്റ് ബാലൻസ്) ഇല്ലാതാക്കുന്ന ഖൈസ് സഈദിയുടെ ഭരണം രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്കാണ് രാജ്യത്തെ കൊണ്ടു പോവുന്നത്. ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കാത്ത പക്ഷം രാഷ്ട്ര നിയമവാഴ്ച്ചയുടെ സമ്പൂർണ്ണ തകർച്ചക്ക് ഇത് കാരണമാവുന്നതായിരിക്കും. ഭരണഘടന കോടതി പോലും സ്ഥാപിക്കാതെ രാഷ്ട്രീയ എതിരാളികളെ നിരന്തരം അടിച്ചമർത്തുന്ന സഈദിയുടെ തുനീഷ്യക്ക് ജനാധിപത്യത്തിലേക്കുള്ള മടക്കം ഏറെ ദുസ്സഹമാണെന്നത് അഭിപ്രായവിത്യാസത്തിന് പഴുതില്ലാത്തതാണ്. അനിശ്ചിതവും അരക്ഷിതവുമാണ് തുനീഷ്യയുടെ ഭാവി. വിട്ടുമാറാത്ത രോഗങ്ങളുള്ള പ്രസിഡൻറ് പെട്ടെന്ന് മരണപ്പെട്ടാൽ പ്രസിഡൻറ് സ്ഥാനവും തുനീഷ്യയുടെ ഭാവിയും എന്താവുമെന്ന് പോലും നിശ്ചയമില്ലാത്ത അനിശ്ചിതത്വം. സഈദിൻ്റെ അസാധാരണവും സ്വേഛാധിപത്യപരവുമായ ഭരണരീതിയും അധികാരം പങ്കിടാനുള്ള വിസമ്മതവും കാരണം രാജ്യത്ത് സംഘർഷങ്ങളും അക്രമങ്ങളും സംഭവിക്കാൻ സാധ്യതകളുണ്ട്. ഭയവും അവിശ്വാസവും നിറഞ്ഞതും നിയമവും ശിക്ഷയുമില്ലാത്തതുമായ സാമൂഹിക അന്തരീക്ഷത്തിൽ ആഭ്യന്തര വയലൻസുകൾക്ക് പുറമേ ബാഹ്യ ഇടപെടലുകളും സംഭവിക്കുന്നു.

തുനീഷ്യൻ ബോർഡറുകൾ നിയന്ത്രണ വിധേയമാക്കാനും സംരക്ഷിക്കാനും സഈദി ഭരണകൂടത്തിന്‌ സാധ്യമാകുന്നില്ല. അതോടൊപ്പം രാഷ്ട്രത്തിന്റെ അഖണ്ഡതയെ തകർക്കുന്ന വിധത്തിൽ ക്രിമിനൽ അതിക്രമങ്ങൾ വളരുകയാണ്. ജനങ്ങളെ അടിച്ചമർത്തുന്ന സെക്യൂരിറ്റി സേന കാരണം ഈ തകർച്ചക്ക് ആക്കം കൂടുകയും ജനങ്ങൾ നിരാശയിലേക്ക് പതിക്കുകയും ചെയ്യുന്നു. നഗര കുറ്റകൃത്യങ്ങൾ, സ്ത്രീഹത്യകൾ, മനുഷ്യകടത്ത് തുടങ്ങിയവ പരിഹരിക്കാനാവാത്ത അരക്ഷിതാവസ്ഥയിലേക്കും ക്രമരാഹിത്യത്തിലേക്കും തുനീഷ്യയെ കൊണ്ടെത്തിച്ചിരിക്കുന്നു.

അധികാരം കുത്തകയാക്കാനുള്ള സഈദിയുടെ ശ്രമങ്ങൾ തുനീഷ്യയുടെ പരമാധികാരത്തിന് പോലും ക്ഷതമേൽപ്പിക്കുന്നു. രേഖകളില്ലാത്ത കുടിയേറ്റത്തിനെതിരെ സഈദിനെ സഖ്യകക്ഷിയാക്കുന്നതിന്റെ പ്രയോജനത്തെക്കുറിച്ച് ബോധ്യപ്പെട്ട ഇറ്റാലിയൻ ഗവൺമെന്റ് സഈദി ഭരണകൂടത്തിനുവേണ്ടി പ്രാദേശികവും അന്തർദേശീയവുമായ ഇടപെടലുകൾ നടത്തുന്നുണ്ട്. തുനീഷ്യയുടെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും തുരങ്കം വെക്കുന്ന ഈ പ്രക്രിയ രാജ്യത്ത് പ്രതിപക്ഷത്തിന്റെ സ്വാധീനം ദുർബലപ്പെടുത്തുകയും ചെയ്യുന്നു. രേഖകളില്ലാത്ത കുടിയേറ്റത്തിനെതിരായ തങ്ങളുടെ പോരാട്ടത്തിന് മുന്നിൽ തുനീഷ്യയുടെ അതിർത്തികളും നിയമങ്ങളും ജനാധിപത്യം എന്ന നിലയിലുള്ള ഭാവി സാധ്യതകളും തങ്ങൾക്കു മുന്നിൽ അപ്രസക്തമാണെന്നാണ് സഈദി ഭരണകൂടത്തെ പിന്തുണക്കുന്നതിലൂടെ ഇറ്റലിയും ഫ്രാൻസും വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര പിന്തുണയും ഐ.എം.എഫ് ലോണും ലഭിക്കാത്തതിനാൽ പ്രത്യഘാതങ്ങൾ പരിഗണിക്കാതെ സഖ്യങ്ങൾ ചേരുകയും എല്ലാവരിൽ നിന്നും സഹായങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു.

ഏകാധിപത്യം എന്നതിലുപരി പരാജിത രാഷ്ട്രമായി തുനീഷ്യ കൂപ്പുകുത്തുന്നത് തെളിയിക്കുന്ന സൂചനകളിൽ ഒടുവിലത്തേതാണ് ഗനൂഷിയുടെ അറസ്റ്റും തടവും. തുനീഷ്യയുടെ ജനാധിപത്യത്തിനേൽക്കുന്ന പരിക്കിനെ കുറിച്ച് ഖൈസ് സഈദിയെ ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം ദാരുണമായ പ്രത്യാഘാതങ്ങൾക്ക്‌ തുനീഷ്യൻ ജനത ഇരയാക്കപ്പെടുന്നതായിരിക്കും.

വിവ: ഇര്‍ശാദ് പേരാമ്പ്ര 

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles