കഴിഞ്ഞ മെയ് 28 ഞായറാഴ്ച വൈകുന്നേരം തുർക്കിയയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ടിന് തിരശ്ശീല വീണപ്പോൾ തുർക്കിയ ജനാധിപത്യം അതിന്റെ ചരിത്ര വഴിയിലെ ഒരു പ്രധാന കടമ്പ പിന്നിട്ടു. ആ ജനാധിപത്യം എത്ര പരിപക്വമാണെന്ന് അത് ബോധ്യപ്പെടുത്തി. രണ്ടാം റൗണ്ട് തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തവരുടെ എണ്ണം 85 ശതമാനം കടന്നു. അപൂർവതയെന്ന് വിശേഷിപ്പിക്കാവുന്ന ഈ വൻ ജനപങ്കാളിത്തം കൊണ്ടും സക്രിയത കൊണ്ടും രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തിയായി തങ്ങൾ ഉണ്ടാവുമെന്നാണ് തുർക്കിയ ജനത ലോകത്തെ ബോധ്യപ്പെടുത്തിയത്.
വോട്ടെടുപ്പ് കഴിഞ്ഞ് മൂന്ന് മണിക്കൂറുകളേ വേണ്ടി വന്നുള്ളൂ, പോൾ ചെയ്ത 55 ദശലക്ഷം വോട്ടുകളും എണ്ണിത്തീർന്നു. എണ്ണുന്നത് അപ്പപ്പോൾ വലിയ ഇലക്ട്രോണിക് സ്ക്രീനിൽ കാണിക്കുന്നുണ്ടായിരുന്നു. എല്ലാം ലോകത്തിന്റെ കൺമുമ്പിൽ പൂർണ്ണ സുതാര്യതയോടെ. സകല അന്താരാഷ്ട്ര നിരീക്ഷകരും അത് കാണുന്നുണ്ട്. തെരഞ്ഞെടുപ്പിന്റെ സുതാര്യതയിൽ ഒരാൾക്കും ഒരു സംശയവും അവശേഷിപ്പിക്കാത്ത തരത്തിൽ.
തുർക്കിയ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം അത് തീർത്തും അഭിമാനകരം തന്നെ. എതിരാളികൾ ഡിക്ടേറ്റർ എന്ന് ചീത്ത വിളിക്കുന്ന ഉർദുഗാന്ന് ഒന്നാം റൗണ്ടിൽ ജയിക്കാൻ വേണ്ട ഭൂരിപക്ഷം കിട്ടിയില്ല. 0.5 ശതമാനത്തിന്റെ കുറവുണ്ടായിരുന്നു. ആദ്യ റൗണ്ടിന് ശേഷമുള്ള രണ്ടാഴ്ചക്കാലം ജനാധിപത്യ വഴികളിലൂടെ വോട്ടഭ്യർഥിച്ചു കൊണ്ട് അദ്ദേഹം എപ്പോഴും ജന മധ്യത്തിലുണ്ടായിരുന്നു. ഇതൊക്കെ കണ്ട അമേരിക്കയിലെ ന്യൂയോർക്ക് ടൈംസ് ലേഖകൻ എഴുതി: അദ്ദേഹം ഒരു സ്വേച്ഛാധിപതി ആണെങ്കിൽ ഈ പ്രക്രിയകളിലൂടെയൊക്കെ കടന്നുപോകേണ്ട കാര്യമെന്തുണ്ട്! ഡിക്ടേറ്റർമാരൊന്നും രണ്ടാം റൗണ്ടിലേക്ക് വരാറില്ല. തെരഞ്ഞെടുപ്പ് റിസൾട്ടുകളെക്കുറിച്ച് അവർക്ക് ആധിയും ഉണ്ടാകാറില്ല. ഫലമറിയാൻ ആകാംക്ഷയുടെ മുൾമുനയിൽ അവർ നിങ്ങളെ നിർത്തുകയുമില്ല. തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് തന്നെ ഫലം വന്നിരിക്കും. ഇവിടെ അതല്ലല്ലോ സംഭവിച്ചത്. എന്ത് സംഭവിക്കുമെന്ന ആകാംക്ഷയിലായിരുന്നു വോട്ടെണ്ണുന്ന രാത്രി എല്ലാവരും. അവസാനം വരെ ആ ആകാംക്ഷ നിലനിൽക്കുകയും ചെയ്തു. അവിടത്തെ വോട്ടർമാർ മാത്രമല്ല, ലോകം മുഴുക്കെ അക്ഷമരായി കാത്തിരിക്കുക തന്നെയായിരുന്നു. കപ്പൽ ഉദ്ദേശിക്കാത്ത ദിശയിലേക്ക് കാറ്റടിക്കുമോ എന്ന ഉത്കണ്ഠ. അവസാന വോട്ടും എണ്ണിത്തീരുന്നത് വരെ ഇതായിരുന്നു സ്ഥിതി.
ഒടുവിൽ ഉർദുഗാൻ വിജയിച്ചു. വിജയിച്ചു എന്നല്ല പറയേണ്ടത്, വീണ്ടും വിജയിച്ചു എന്നാണ്. ബാലറ്റ് ബോക്സിൽ അദ്ദേഹം ഒരിക്കലും പരാജയം രുചിച്ചിട്ടില്ല. മത്സരത്തിൽ ഒരു എതിരാളിക്കും അദ്ദേഹത്തെ വീഴ്ത്താനായിട്ടില്ല. ആറ് പാർട്ടികൾ (ഒടുവിലത് ഏഴും എട്ടുമായി ) ഒന്നിച്ച് മുന്നണിയുണ്ടാക്കി മുഴുവൻ എതിരാളികളെയും അണിനിരത്തിയിട്ടും വിലപ്പോയില്ല.
ഈ വിജയം അദ്ദേഹത്തിന്റെ 2002 ലെ പാർലമെൻറ് തെരഞ്ഞെടുപ്പ് വിജയത്തെ അനുസ്മരിപ്പിക്കുന്നു. നിരോധിക്കപ്പെടുകയും രാഷ്ട്രീയമായി അവസരം നൽകപ്പെടാതിരിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ പാർട്ടി വൻ വിജയമാണ് ആ വർഷം നേടിയത്. നിശ്ചിത ശതമാനം വോട്ട് ലഭിക്കാതിരുന്നതിനാൽ മറ്റൊരു പാർട്ടിക്കും അന്ന് പാർലമെന്റിൽ പ്രാതിനിധ്യം പോലുമുണ്ടായിരുന്നില്ല. പിന്നെ വർഷങ്ങളായി അദ്ദേഹത്തിന് ഭൂരിപക്ഷം ലഭിച്ചു കൊണ്ടേയിരിക്കുന്നു. ഇതിനൊന്നും പൂർവ്വമാതൃകകളില്ല. ഓരോ തെരഞ്ഞെടുപ്പിനും ഓരോ കഥയുണ്ട്, തീർത്തും വ്യത്യസ്തമായ സന്ദർഭമുണ്ട്. പക്ഷെ എപ്പോഴും വിജയി ഉർദുഗാൻ ആയിരുന്നു.
തന്റെ വിജയ പ്രഭാഷണത്തിൽ ഉർദുഗാൻ ഊന്നിപ്പറഞ്ഞ ഒരു കാര്യമുണ്ട്. തന്റെ വിജയം ഒരിക്കലും മറ്റുള്ളവരുടെ പരാജയമല്ല. ഇത് ഒന്ന് സുഖിപ്പിക്കാൻ പ്രാസംഗികമായി പറഞ്ഞതാണെന്ന് കരുതരുത്. കാരണം അദ്ദേഹത്തിന്റെ വിജയങ്ങളോരോന്നും മുഴുവൻ തുർക്കിയക്കാരുടെയും മുഴുവൻ പീഡിതരുടെയും മൊത്തം ഇസ്ലാമിക ലോകത്തിന്റെയും വിജയമായിരുന്നു.
ഞാൻ പറയുന്നത് അതിശയോക്തിയായി നിങ്ങൾ കരുതുന്നുണ്ടാവും. എന്നാൽ അങ്ങനെയല്ല. നോക്കൂ, ഞാൻ ഈ കുറിപ്പ് എഴുതാൻ തുടങ്ങുമ്പോൾ മുതൽ ഇസ്ലാമിക ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രസിഡന്റിന് അഭിനന്ദനമറിയിച്ചു കൊണ്ടുള്ള വിളികൾ എന്റെ ഫോണിലേക്ക് പ്രവഹിച്ചു കൊണ്ടിരിക്കുകയാണ്. യമൻ, ടുണീഷ്യ, ഇറാഖ്, സഊദി അറേബ്യ, ഖത്തർ, കുവൈത്ത്, ഈജിപ്ത്, സുഡാൻ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, മാലിദ്വീപ്, അൾജീരിയ, മൊറോക്കോ, മോറിത്താനിയ, ലിബിയ, സിറിയ, ഫലസ്തീൻ, സെർബിയ, ബോസ്നിയ, ഐരിത്രിയ, ലബനാൻ…. എവിടെ നിന്നൊക്കെയാണ് അഭിനന്ദകർ വിളിക്കുന്നത്! അനിർവചനീയമായ ഒരു ഹൃദയ വികാരം, ആഹ്ളാദം ആ വിളികളിൽ എനിക്ക് അനുഭവിക്കാനാകുന്നുണ്ട്. അവർ സർവശക്തന് സ്തുതികളർപ്പിച്ചു കൊണ്ടിരിക്കുകയാണ്.
നിങ്ങൾ അറിയണം, ഈ നാടുകളിലെ ചില ഗ്രൂപ്പുകൾ കഴിഞ്ഞ രണ്ടാഴ്ചയായി ഓരോ രാത്രിയും ഉർദുഗാന്റെ വിജയത്തിന് വേണ്ടി തഹജ്ജുദ് നമസ്കരിക്കാറുണ്ടായിരുന്നു! കാരണം അവർക്കറിയാം, തങ്ങളുടെ ഭാഗധേയം ബന്ധപ്പെട്ടു നിൽക്കുന്നത് തുർക്കിയയുടെയും ഉർദുഗാന്റെയും ഭാഗധേയവുമായിട്ടാണെന്ന്. അവരാണ് ഞാൻ ഈ കുറിപ്പെഴുതുന്ന വേളയിൽ നിരന്തരം വിളിച്ചു കൊണ്ടിരിക്കുന്നത്. ഒരു വാക്യമെഴുതുമ്പോഴേക്ക് രണ്ട് കാൾ എങ്കിലും വന്നിരിക്കും.
ഉർദുഗാൻ മഹാനായ നേതാവാണ്. കഴിഞ്ഞ കാല നേതൃത്വങ്ങളെപ്പറ്റി ഞാനൊരു സാമൂഹിക പഠനം നടത്തിയിരുന്നു. അപ്പോൾ വ്യക്തമായ ഒരു കാര്യമുണ്ട്. ഏതൊരു സമൂഹത്തിന്റെയും സാമൂഹിക മൂലധനത്തിൽ മർമപ്രധാനമായിട്ടുള്ളത് ശക്തനായ നേതാവ് തന്നെയാണ്. ഉർദുഗാനെപ്പോലെ വിശ്വസ്തനും പരിണതപ്രജ്ഞനുമായ ഒരാളെ തെരഞ്ഞെടുക്കുക വഴി തുർക്കിയ ജനത വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ 21 വർഷമായി നേട്ടങ്ങളുടെ ഒരു പരമ്പര സമ്മാനിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടല്ലോ. ശക്തമായ നേതൃത്വമില്ല എന്നതാണ് ഇന്ന് പല നാടുകളും അഭിമുഖീകരിക്കുന്ന പ്രശ്നം. നേതൃത്വത്തിന്റെ വില നന്നായി മനസ്സിലാക്കിയിരിക്കുന്നു തുർക്കിയ ജനത.
ആവർത്തിക്കുന്നു, ഉർദുഗാന്റെ വിജയം മുഴുവൻ തുർക്കിയ വിഭാഗങ്ങളുടെയും വിജയമാണ്. കുർദ് – അലവി വിഭാഗങ്ങൾക്കും സമൂഹത്തിലെ പീഡിതരും അവശരും ദരിദ്രരുമായ ജനങ്ങൾക്കും ഈ വിജയം അനുഗ്രഹമായിരിക്കും. കഴിഞ്ഞ 21 വർഷമായി ആ ഭരണത്തിന്റെ സദ്ഫലങ്ങൾ അവർക്ക് ലഭിച്ചു കൊണ്ടിരിക്കുന്നുണ്ടല്ലോ. എതിരാളികൾ അദ്ദേഹത്തിനെതിരെ വിദ്വേഷമിളക്കി വിടാൻ ശ്രമിച്ചെങ്കിലും, എല്ലാവരെയും കൈ നീട്ടി സ്വീകരിക്കുന്ന നിലപാടിലാണ് അദ്ദേഹം.
രണ്ട് റൗണ്ട് തെരഞ്ഞെടുപ്പുകളെയും വിശകലനം ചെയ്ത് സൂക്ഷ്മ പഠനങ്ങനങ്ങളാണ് നടക്കേണ്ടത്. വോട്ടിങ്ങിൽ വന്നിട്ടുള്ള ദിശാമാറ്റങ്ങൾ അപ്പോൾ വ്യക്തമാവും. ഉദാഹരണത്തിന് കുർദ് മേഖലയിലെ വോട്ടിംഗ് പ്രവണതകൾ പരിശോധിക്കുക. ആദ്യ റൗണ്ട് വോട്ടിംഗിൽ പ്രതിപക്ഷ സ്ഥാനാർഥി കമാൽ കലീഗ്ദാർ ജയിക്കുമെന്ന പ്രതീതിയാണ് കുർദ് ഗ്രാമങ്ങളിൽ പൊതുവെ ഉണ്ടായിരുന്നത്. ഒന്നാം റൗണ്ട് കഴിഞ്ഞതോടെ കലീഗ്ദാറിന് ജയസാധ്യതയില്ലെന്ന് വ്യക്തമായി. ഇത് രണ്ടാം റൗണ്ടിൽ ഉർദുഗാന് അനുകൂലമായി മാറിയിട്ടുണ്ടെന്ന് കാണാം.
വിവ. അശ്റഫ് കീഴുപറമ്പ്
🪀 കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE