Current Date

Search
Close this search box.
Search
Close this search box.

അന്ന് പറഞ്ഞത് വസ്ത്രം കണ്ടാല്‍ തിരിച്ചറിയാമെന്നാണ്

അന്ന് മൂപ്പര്‍ പറഞ്ഞത് വസ്ത്രം കണ്ടാല്‍ തിരിച്ചറിയാമെന്നാണ്. കോലം കണ്ടും പ്രസംഗം കേട്ടും നമുക്കും ആളെ തിരിച്ചറിയാം. അതാണ് ഇന്നലെ കാശിയില്‍ കേട്ടത്. മുഗള്‍ ഭരണാധികാരി ഔറംഗസീബിനെ ഇകഴ്ത്തിയും മറാത്താ രാജാവ് ഛത്രപതി ശിവജിയെ പ്രകീര്‍ത്തിച്ചും ഒരു പ്രസംഗം ഇപ്പോള്‍ നടത്തുന്നതിന്റെ ഔചിത്യത്തെക്കുറിച്ചൊന്നും ആലോചിക്കേണ്ട.

വരാനിരിക്കുന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പാണ് ഉന്നം. പരമാവധി വര്‍ഗീയത പറഞ്ഞു വോട്ടുറപ്പിക്കുക.
എണ്‍പതുകളിലും തൊണ്ണൂറുകളിലും മുസ്ലിംകളെ ‘ബാബറുടെ സന്തതികള്‍’ എന്നാണ് ആക്ഷേപിച്ചിരുന്നതെങ്കില്‍ പിന്നീടത് ‘ഔറംഗസീബിന്റെ സന്തതികള്‍’ എന്നായിട്ടുണ്ട്. ബാബർ പണിത പള്ളി പൊളിക്കുകയും സുപ്രീം കോടതിയെ കയ്യിലെടുത്ത് അവിടെ ക്ഷേത്രം പണിയാൻ വിധി പുറപ്പെടുവിക്കുകയും ചെയ്തു. ഇന്ത്യൻ മുസ്ലിംകള്‍ പേറേണ്ട മറ്റൊരു ഭാരമായി ഔറംഗസീബിനെ മാറ്റാനുള്ള പരിപാടിക്ക് അരങ്ങൊരുങ്ങി. അതാണ് മോദിയുടെ കാശി പ്രസംഗത്തിലെ കണ്ടന്റ്. ഓരോ ഔറംഗസീബുമാർക്കും പകരം ഓരോ ശിവജിമാർ ഉദയം കൊള്ളുമെന്ന പ്രസ്താവനയിൽ പലതും അടങ്ങിയിട്ടുണ്ട്. കാശിയില്‍ രണ്ട് ദിവസം ക്യാമ്പ് ചെയ്ത് വർഗീയത ആളിക്കത്തിക്കാൻ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ രംഗത്തി റങ്ങിയിരിക്കുന്നു.

‘മത ഭ്രാന്ത’നായ ഔറംഗസീബിനെ വിദ്യാലയങ്ങളിലൂടെ നേരത്തെ അവതരിപ്പിച്ചതാണ്. അതു മാത്രമാണ് ചരിത്ര സത്യം എന്ന് അതിന്റെ വക്താക്കൾ തീരുമാനിക്കുകയും ചെയ്തു. ഇങ്ങനെയാണല്ലോ പല ചരിത്ര പുസ്തകങ്ങളും എഴുതപ്പെട്ടത്. ടിപ്പുവും വാരിയൻ കുന്നനും ഉൾപ്പെടെയുള്ളവർ ഹിന്ദു വിരോധികളും ശിവജിയും പഴശ്ശിരാജയും പോലുള്ളവർ മാത്രം ധീര ദേശാഭിമാനികളും ആകുന്നത് അങ്ങനെയാണ്.

ഔറംഗസീബിന്റെ ജീവിതത്തിലെ അറിയപ്പെടാത്ത സംഭവങ്ങൾ വില്യം ഡാല്‍റിംബ്ളും യുഥിക ശര്‍മയും ചേര്‍ന്ന് എഡിറ്റ് ചെയ്ത ‘പ്രിന്‍സസ് ആന്റ് പെയിന്റേഴ്സ് ഇന്‍ മുഗള്‍ ദല്‍ഹി 1707-1857’ എന്ന പുസ്തകത്തിൽ (2012) പറയുന്നുണ്ട് . ഹൈന്ദവ സ്ഥാപനങ്ങള്‍ക്ക് പലപ്പോഴും സംരക്ഷകനായി വര്‍ത്തിച്ച പ്രായോഗികമതിയായ ഭരണാധികാരിയായിരുന്നു ഔറംഗസീബ് എന്ന് ആമുഖത്തില്‍ വിശദീകരിക്കുന്നു. ഔറംഗസീബിനെ പുനര്‍വായന നടത്തണമെന്നും ജിസ് യ അടക്കമുള്ള അദ്ദേഹത്തിന്റെ ഭരണനടപടികള്‍ മതപ്രോക്തം അ ല്ലായിരുന്നുവെന്നും ഭരണ സൗകര്യത്തിനായിരുന്നുവെന്നും വ്യക്തിപരമായ സംഭാഷണത്തില്‍ ഡാല്‍റിംബ്ള്‍ പറഞ്ഞതായി ഫ്രെന്റ് ലൈൻ അസോസിയേറ്റ് എഡിറ്റർ സിയാവുസ്സലാമും ചൂണ്ടിക്കാട്ടുന്നു (ഫ്രന്റ്‌ലൈന്‍, 2017 മാര്‍ച്ച് 17).

ഔറംഗസീബിന്റെ കാലത്ത് ഒരൊറ്റ വര്‍ഗീയസംഘര്‍ഷങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്ന വസ്തുത ഡാല്‍റിംബ്ളിന്റെ വാദത്തെ ബലപ്പെടുത്തുന്നതാണ്. ഒരു കൈയില്‍ ഖുര്‍ആനും മറുകൈയില്‍ വാളുമേന്തി ഹിന്ദുക്കളെ കൂട്ട മതപരിവര്‍ത്തനം നടത്തുന്ന നടപടിയൊന്നും ഔറംഗസീബിന്റെ കാലത്തുണ്ടായിട്ടില്ല.

പഞ്ചാബ്: എ ഹിസ്റ്ററി ഫ്രം ഔറംഗസീബ് ടു മൗണ്ട് ബാറ്റണ്‍ (2013) എന്ന പുസ്തകത്തില്‍, രാജ്മോഹന്‍ ഗാന്ധി ഔറംഗസീബിന്റെ രാഷ്ട്രീയ നേട്ടങ്ങളും മാനുഷികവശങ്ങളും വിശദീകരിച്ചിട്ടുണ്ട്. മതകാര്യങ്ങളില്‍ തികഞ്ഞ സൂക്ഷ്മത പുലര്‍ത്തിയിരുന്ന ഔറംഗസീബിന്റെ ലാളിത്യത്തെയും രാജ്മോഹന്‍ ഗാന്ധി വാഴ്ത്തുന്നുണ്ട്.

350 വർഷം മുമ്പ് ജീവിച്ച ഔറംഗസീബിന്റെ ‘ഭീകര കഥകൾ’ പ്രചരിപ്പിക്കുകയും കഴിഞ്ഞ ആറു മാസത്തിനിടയിലെ മനുഷ്യ വിരുദ്ധ ഭരണ നടപടികൾ പോലും ജന മനസ്സുകളിൽ നിന്ന് വിസ്‌മൃതമാക്കുകയും ചെയ്യലാണ് സംഘ് പരിവാറിന്റെ പുതിയ തന്ത്രം.

പെഗാസസ്, കര്‍ഷക സമരം, പെട്രോള്‍, ഡീസല്‍ ഉല്‍പന്നങ്ങളുടെ അടിക്കടിയുള്ള വില വര്‍ധന, സൈനിക അതിക്രമങ്ങൾ, ന്യൂനപക്ഷ വിരുദ്ധ നടപടികൾ, ജനങ്ങളെ വെറുപ്പിച്ച യു പിയിലെ യോഗി ഭരണം തുടങ്ങിയവ ബി.ജെ.പിക്ക് വലിയ വെല്ലുവിളിയായി മാറിയ സാഹചര്യത്തില്‍ 2014ലെ മുസഫര്‍ നഗര്‍ മാതൃകയില്‍ വര്‍ഗീയ ചേരിതിരിവും കലാപവും ഉണ്ടാക്കി ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാനുള്ള നീക്കം നേരത്തെ തുടങ്ങിയതാണ്.
യോഗി ആദിത്യനാഥിനെ താക്കൂറുകളുടെ നേതാവായി അവതരിപ്പിച്ചത് യാദവര്‍ക്കും ബ്രാഹ്മണന്മാര്‍ക്കുമിടയില്‍ വലിയ അസ്വസ്ഥകള്‍ ഉണ്ടാക്കിയതിനാൽ പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്. എന്തു വില കൊടുത്തും യു പി ഭരണം നിലനിർത്തണം. അതിന് ഔറംഗസീബും കാശിയും കിട്ടാവുന്ന എല്ലാ ആയുധങ്ങളും സംഘ് പരിവാർ ഉപയോഗിക്കുമെന്നതിന്റെ ടെസ്റ്റ്‌ ഡോസാണ് മോദിയുടെ പ്രസംഗം.

Related Articles