Current Date

Search
Close this search box.
Search
Close this search box.

മത രാഷ്ട്രം, മതേതര രാഷ്ട്രം-വിരുദ്ധ സ്വഭാവം എത്രത്തോളം

മത രാഷ്ട്രം, മതേതര രാഷ്ട്രം എന്ന ആശയത്തിന്റെ വിരുദ്ധ സ്വഭാവം എത്രത്തോളമെന്നു പരിശോധിക്കപ്പെടേണ്ടതുണ്ട്. രാഷ്ട്രീയം എന്ന മതേതതരമായ അർഥത്തിന്റെയും ദൈവശാസ്ത്രം എന്ന മതപരമായ അർഥത്തിന്റെയും കലർപ്പായാണ് ആധുനിക ദേശ രാഷ്ട്രത്തിന്റെ പ്രയോഗമെന്നാണ് വിലയിരുത്താൻ കഴിയുന്നത്. ഭരണകൂടം തന്നെ ജനങ്ങളിൽ നിന്നു മാറി ദൈവത്തെ പോലെ ഒരു പുറം അധികാരമായി പെരുമാറുന്ന അനുഭവം പൂർണ ലിബറൽ പൗരത്വത്തിന്റെ വാഗ്ദാനം ലഭിക്കാത്തതിനാലായിരിക്കും കശ്മീരികൾകെങ്കിലും വ്യക്തമായി കാണാൻ കഴിയുന്നുണ്ട്. അതിനാൽ, ആധുനിക മതേതര ഭരണകൂടത്തിന്റെ ഈ ദൈവിക ഭാവം ഒരു വ്യതിയാനമല്ലെന്നും അതിനകത്ത് അന്തർഹിതമായ ഘടകമാണെന്നും വാദിക്കുന്ന നിരവധി പഠനങ്ങളുണ്ട്.

നിയമവാഴ്ച അടക്കമുള്ളവയെക്കുറിച്ചുള്ള സങ്കൽപങ്ങളെ തോന്നും പടി മാറ്റാൻ കഴിയുന്ന തരത്തിൽ ആധുനിക ഭരണകൂടത്തിനൊരു രാഷ്ട്രീയ ദൈവശാസ്ത്രപരമായ പരമാധിക സ്വഭാവമുണ്ടെന്നും അനുമാനിക്കാം. ആയതിനാൽ ആധുനിക രാഷ്ട്രം എന്നത് മതത്തിന്റെയും മതേതരത്വത്തിന്റെയും ഘടകങ്ങളാൽ മുൻകൂർ നിർണയിക്കപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെ മത രാഷ്ട്രം/ മതേതര രാഷ്ട്രം എന്ന രീതിയിൽ വിഭജന ചർച്ച അതിന്റെ പരിധിയിൽ എത്തിയിട്ടുണ്ട്. മാത്രമല്ല, രാഷ്ട്രത്തിന്റെ പ്രശ്നം എന്ന നിലയിൽ രാഷ്ട്രീയ ദൈവശാസ്ത്രത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങാൻ ശ്രമങ്ങളുണ്ടാവേണ്ടതുണ്ട്.

ആധുനിക ദേശ രാഷ്‌ട്രത്തിന്റെ ദൈവശാസ്ത്ര സ്വഭാവം സെക്കുലറിസം ഉപയോഗിച്ച് മറച്ചു പിടിക്കാനാണ് മത രാഷ്ട്രവാദത്തെക്കുറിച്ച് ഭീതികൾ നിർമിക്കപ്പെട്ടത്. എന്നാൽ മതേതര രാഷ്ട്രം എന്ന സങ്കൽപം ആധുനിക ദേശ രാഷ്ട്രമുണ്ടാക്കിയ രാഷ്ട്രീയ ദൈവശാസ്ത്രത്തിന്റെ അനേകം ആവിഷ്കാരങ്ങളുടെ മാധ്യമമായി നിലകൊള്ളുകയാണ് പതിവ്. അതുകൊണ്ടാണ് , മത രാഷ്ട്രവാദമായാലും മതേതര രാഷ്ട്രവാദമായാലും ആധുനിക രാഷ്ട്രത്തിന്റെ ഭാഷ സ്വീകരിച്ചപ്പോൾ അടിസ്ഥാന മനുഷ്യാവകാശങ്ങളെ അട്ടിമറിച്ചതിന് കഴിഞ്ഞ നൂറ്റാണ്ടിലെ ദേശ രാഷ്ട്ര ചരിത്രം പോലെ തന്നെ ഇന്ത്യ, അമേരിക്ക പോലുള്ള വികസിത ജനാധിപത്യ ഉദാഹരണങ്ങളും പഠിച്ചാൽ മതിയാവുമെന്നു പറയാൻ സാധിക്കുന്നത്. ഇന്ത്യൻ ദേശ രാഷ്ട്രത്തിന്റെ രാഷ്ട്രീയ ദൈവശാസ്ത്ര സ്വഭാവം എന്താണ്? അതിനോടുള്ള നീക്കുപോക്കായി വ്യത്യസ്ത മത / മതേതര വിഭാഗങ്ങൾ പുലർത്തുന്ന രാഷ്ട്ര സങ്കൽപങ്ങൾ എന്താണ്?

മുസ്ലിംങ്ങൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾ ദേശ രാഷ്ട്രത്തിനു മേൽ നടത്തുന്ന “മത രാഷ്ട്രവാദം” എന്ന അഭിപ്രായം നിലനിൽക്കുന്ന ദേശ രാഷ്‌ട്രത്തിന്റെ രാഷ്ട്രീയ ദൈവശാസ്ത്ര ഘടനയോടു എന്താണ് പറയാൻ ശ്രമിക്കുന്നത്? ഇതൊക്കെ മതം/ മതേതരത്വം ഇവയുടെ പ്രശ്നവൽക്കരണത്തിലൂടെയാണ് ചർച്ച ചെയ്യപ്പെടേണ്ടത്. രണ്ടു രീതിയിൽ “മത രാഷ്ട്ര വാദ”മാവാമെന്നു നാസി രാഷ്ട്രീയ ദൈവശാസ്ത്രത്തോടു വിയോജിച്ച ചില കാതലിക് ദൈവശാസ്ത്രജ്ഞർ പണ്ട് പറഞ്ഞത്.

ഒന്ന്, ആധുനിക ദേശ രാഷ്ട്രത്തിന്റെ രാഷ്ട്രീയ ദൈവശാസ്ത്ര സ്വഭാവത്തെ സ്വീകരിച്ച് മറ്റൊരു അടിച്ചമർത്തൽ സ്ഥാപനമായി മതേതര/ മത രാഷ്ട്രവാദത്തെ മാറ്റുക. ആധുനിക ദേശരാഷ്ട്രത്തിന്റെ ദൈവിക പരമാധികാര സ്വഭാവത്തോടു വിമർശനപരമായി ഇടപെടുന്ന മതത്തിന്റെ/മതേതരത്വത്തിന്റെ വിമോചന രാഷ്ട്രീയ ദൈവശാസ്ത്രത്തിനു കരുത്തു പകരുക. ഈ പരിഹാരം എല്ലാ തരം രാഷ്ട്രവാദികൾക്കും അതിന്റെതായ തലത്തിൽ ബാധകമാണ് എന്നാണ് പറയാനുള്ളത്.

Related Articles