Current Date

Search
Close this search box.
Search
Close this search box.

‘പപ്പയില്ലാത്ത ജീവിതം മറ്റൊന്നിനും പകരമാവില്ല’

11കാരനായ ആസാദും കൊച്ചുസഹോദരന്‍ 9കാരനായ അയാനും അവരുടെ രണ്ടാമത്തെ വീടായ ഗാസിയാബാദിലെ ലോനിയിലെ ടെറസില്‍ ഇരിക്കുകയാണ്. അവര്‍ കളിചിരിയിലാണെങ്കിലും ഉള്ളില്‍ സങ്കടം അടക്കിപിടിച്ചിരിക്കുകയാണ്. ‘ഞങ്ങളുടെ പിതാവില്ലാതെ, എല്ലാം മാറി, ഞങ്ങള്‍ക്ക് പഴയതുപോലെ ഒന്നുമില്ല’ സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ ഇരുവരും പറഞ്ഞു.

ഫാറൂഖാബാദിലെ ഒരു കുടുംബ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ അന്നാണ് അവര്‍ അവസാനമായി അവരുടെ പിതാവ് ജമാലുദ്ദീനിനെ കണ്ടത്. 2020 ഫെബ്രുവരി 27നാണ് ജമാലുദ്ദീനെ ഹിന്ദുത്വ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്. 2020, ഡല്‍ഹിയില്‍ നടന്ന ഇന്ത്യയിലെ ഏറ്റവും മോശമായ മുസ്ലീം വിരുദ്ധ കൂട്ടക്കൊലകളില്‍ ഒന്നായിരുന്നു അത്. ഫെബ്രുവരി 24ന് ആരംഭിച്ച് മൂന്ന് ദിവസം നീണ്ടുനിന്ന അക്രമത്തില്‍ 54 പേരാണ് കൊല്ലപ്പെട്ടത്.

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ശിവ് വിഹാറിലാണ് ജമാലും കുടുംബവും താമസിച്ചിരുന്നത്. അക്രമത്തെ തുടര്‍ന്ന് ഗാസിയാബാദിലെ ലോനിയിലേക്ക് പലായനം ചെയ്യാന്‍ അദ്ദേഹത്തിന്റെ കുടുംബം നിര്‍ബന്ധിതരായി. 2020 ഫെബ്രുവരി 27ന് ശിവ് വിഹാറിലെ തന്റെ അയല്‍വാസികളില്‍ നിന്ന് ജമാലിന് ഒരു ഫോണ്‍ കോള്‍ ലഭിച്ചു, ഒരു ജനക്കൂട്ടം അവരുടെ വീടിന് തീയിടാന്‍ ശ്രമിക്കുന്നതായി അറിയിച്ചുകൊണ്ടുള്ള വിവരമായിരുന്നു അത്.

ഉടന്‍ തന്നെ ജമാലും സഹോദരന്‍ നിസാമുദ്ദീനും ഫറൂഖാബാദിലെ വിവാഹ പരിപാടി ഉപേക്ഷിച്ച് വീട് സുരക്ഷിതമാണോ എന്നറിയാന്‍ ഡല്‍ഹിയിലേക്ക് മടങ്ങുകയായിരുന്നു. വഴിയില്‍ വെച്ച് ഒരു ജനക്കൂട്ടം അവരെ തടഞ്ഞുനിര്‍ത്തി തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടു, അതിനുശേഷം ജനക്കൂട്ടം അവരെ മര്‍ദ്ദിക്കാന്‍ തുടങ്ങി. ജമാല്‍ വടികൊണ്ട് മര്‍ദ്ദനമേറ്റ് ബോധരഹിതനായി വീണ്ു. സഹോദരന്‍ നിസാമുദ്ദീന്‍ അവരില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.

‘അന്ന് കല്യാണത്തിന് പോകുമ്പോള്‍, രാത്രിയില്‍ തിരിച്ചെത്തുമെന്ന് എന്റെ ഭര്‍ത്താവ് എന്നോട് പറഞ്ഞു. അത് എന്റെ ഭര്‍ത്താവിനെ അവസാനമായുള്ള കാഴ്ചയാകുമെന്ന് എനിക്കറിയില്ലായിരുന്നു,’ ജമാലിന്റെ ഭാര്യ നജീസ് പറഞ്ഞു. ഇരുവര്‍ക്കും നാല് ആണ്‍മക്കളുണ്ട്, അനസ് (13), അസദ് (11), അയാന്‍ (9), അര്‍മാന്‍ (5) എന്നിവര്‍. ദുരന്തം വന്നപ്പോള്‍ ആസാദിനും സഹോദരങ്ങള്‍ക്കും ഒന്നും അറിയില്ലായിരുന്നു. പതിവുപോലെ പിതാവ് മടങ്ങിവരുമെന്ന് അവര്‍ പ്രതീക്ഷിച്ചു, പക്ഷേ അവരുടെ കുടുംബത്തിലെ എല്ലാവരും കരയുന്നതും ഉമ്മയെ കാണാനില്ലായതും ശ്രദ്ധിച്ച അവര്‍ അമ്മായിയുടെ അടുത്തേക്ക് പോയി.

എന്താണ് സംഭവിച്ചതെന്നും എന്റെ മാതാപിതാക്കള്‍ എവിടെയാണെന്നും ഞാന്‍ അമ്മായിയോട് ചോദിച്ചു. ‘നിങ്ങളുടെ മാതാപിതാക്കള്‍ ഡല്‍ഹിയിലെ ആശുപത്രിയിലാണെന്ന് നിങ്ങള്‍ക്കറിയില്ലേ? നിങ്ങളുടെ പിതാവിനെ അവിടെ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന് പരിക്കേറ്റു,’ അമ്മായി പറഞ്ഞ മറുപടി അസദ് പറഞ്ഞു.

ആസാദും സഹോദരങ്ങളും അതിനു ശേഷം പിന്നീട് പിതാവിനെ കണ്ടിട്ടില്ല; ‘ആ ഇരുണ്ട ദിവസത്തിന് ശേഷം ഞങ്ങള്‍ക്ക് ഞങ്ങളുടെ പിതാവിനെ കാണാന്‍ കഴിഞ്ഞില്ല,’ അസദ് പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു. ഗാസിയാബാദിലെ ലോനി ആസ്ഥാനമായുള്ള എന്‍.ജി.ഒയായ മൈല്‍ ടു സ്‌മൈല്‍ സംഘടനയുടെ സണ്‍റൈസ് പബ്ലിക് സ്‌കൂളിലാണ് അസദും അയാനും പഠിക്കുന്നത്.

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നൂറുകണക്കിന് ആളുകളാണ് കലാപം മൂലം അവരുടെ വീടു വിട്ടൊഴിയാന്‍ നിര്‍ബന്ധിതരായത്. ഇത് കുട്ടികളെ സ്‌കൂളിലേക്ക് മടങ്ങുന്നത് തടഞ്ഞു. ഈ ചെറുപ്രായത്തില്‍ തന്നെ ഒരുപാട് ദുരന്തങ്ങള്‍ക്ക് കുട്ടികള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഡല്‍ഹി വംശഹത്യയുടെ ഇരകള്‍ക്ക് ഒരിക്കലും നീതി ലഭിച്ചില്ല, മതിയായ നഷ്ടപരിഹാരം ലഭിച്ചില്ല, മാനസിക സഹായമില്ല; ഈ കുട്ടികള്‍ക്ക് അത്തരം സഹായം ആവശ്യമാണ്; അവരില്‍ മാനസിക ആഘാതം വളരെ വലുതാണ്- മെല്‍ ടു സ്‌മൈലിന്റെ സ്ഥാപകന്‍ ആസിഫ് മുജ്തബ പറഞ്ഞു.

‘രണ്ട് വര്‍ഷം മുമ്പ്, ഞങ്ങളുടെ ബിസിനസ്സ് നന്നായി നടന്നു, ഞങ്ങള്‍ സന്തോഷവതിയായിരുന്നു, ഞങ്ങളുടെ ജീവിതം തലകീഴായി മാറുമെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഫെബ്രുവരി 27ന് രാത്രി എട്ടിന്, ആക്രമണത്തില്‍ ജമാലിന് പരിക്കേറ്റതായി പോലീസ് ഞങ്ങളെ അറിയിച്ചുവെന്ന് കണ്ണ് തുടച്ചുകൊണ്ട് നജീസ് പറഞ്ഞു.

സംഭവമറിഞ്ഞ് മാര്‍ച്ച് 2ന് ഞാന്‍ ഫറൂഖാബാദില്‍ നിന്ന് പുറപ്പെട്ടു, എന്റെ അമ്മാവന്മാര്‍ എന്നെ പോകാന്‍ അനുവദിച്ചില്ല, അത് മറികടന്ന് ഞാന്‍ പോയി. ഞാന്‍ നേരെ പോയത് ഗുരു തേജ് ബഹാദൂര്‍ (ജിടിബി) ആശുപത്രിയിലേക്കാണ് – എന്റെ ഭര്‍ത്താവ് ആ സമയത്ത് വെന്റിലേറ്ററിലായിരുന്നു, ചികിത്സയിലിരിക്കെ മാര്‍ച്ച് 3 ന് അദ്ദേഹം മരണപ്പെട്ടു.

ഹിന്ദുക്കളാല്‍ ചുറ്റപ്പെട്ട പ്രദേശത്ത് തങ്ങള്‍ ജീവിതകാലം മുഴുവന്‍ ശിവവിഹാറിലാണ് ജീവിച്ചതെന്നും ഒരിക്കലും ശത്രുത തോന്നിയിട്ടില്ലെന്നും നജീസ് പറഞ്ഞു. എല്ലാവരും അവിടെ സമാധാനത്തോടെ ജീവിച്ചു; എന്റെ ഭര്‍ത്താവിനെയും സഹോദരന്‍ നിസാമുദ്ദീനെയും ആക്രമിച്ചത് ആരാണെന്ന് ഞങ്ങള്‍ക്ക് അറിയില്ല. നിസാമുദ്ദീന്‍ രക്ഷപ്പെട്ടു, പക്ഷേ അക്രമികളെ കുറിച്ച് അവന്‍ ഞങ്ങളോട് പറഞ്ഞിട്ടില്ല; അവര്‍ വീണ്ടും തന്റെ പിന്നാലെ വരുമെന്ന ഭയമായിരിക്കാം അതിന് കാരണം.
ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരം പര്യാപ്തമല്ല. ആരെയും കുറ്റപ്പെടുത്തുന്നില്ല, കോടതിയില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല, എന്നാല്‍ തന്റെ കുട്ടികളുടെ പിതാവിനെ കൊന്നവരെ ദൈവം ശിക്ഷിക്കുമെന്ന് അവള്‍ പറഞ്ഞു. എന്റെ അല്ലാഹു ആ കൊലപാതകികളെ ശിക്ഷിക്കും, എനിക്ക് ക്ഷമയും എന്റെ നാഥനില്‍ വിശ്വാസവുമുണ്ട്,’ നജീസ് കൂട്ടിച്ചേര്‍ത്തു.

അവലംബം: മക്തൂബ് മീഡിയ
വിവ: സഹീര്‍ വാഴക്കാട്

Related Articles