Current Date

Search
Close this search box.
Search
Close this search box.

ഇറാഖിലെ ജനഹിതപരിശോധന പൂര്‍ത്തിയായപ്പോള്‍

Untitled-2.jpg

ഐ.എസിനെതിരെ വിജയം കൈവരിച്ചതിനു ശേഷം നടക്കുന്ന ആദ്യ പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ് ശനിയാഴ്ച ഇറാഖില്‍ പൂര്‍ത്തിയായത്. 2014ലെ പൊതു തെരഞ്ഞെടുപ്പില്‍ നിന്നും തീര്‍ത്തും വിഭിന്നമാണ് ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പ്. ഇറാഖിന്റെ വിവിധ ഭാഗങ്ങളില്‍ ഐ.എസ് പിടിച്ചടക്കിയതിനു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു അന്ന് നടന്നത്.

അന്ന് ഇറാഖിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഐ.എസിന്റെ ആക്രമണങ്ങളില്‍ 27 പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍,കഴിഞ്ഞ വര്‍ഷാവസനത്തോടെ ഐ.എസിനെ രാജ്യത്തു നിന്നും പൂര്‍ണമായും തുരത്തിയെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. അതിനാല്‍ തന്നെ ഈ തെരഞ്ഞെടുപ്പിന് രാജ്യത്ത് വലിയ രാഷ്ട്രീയപ്രാധാന്യമുണ്ട്. ഹൈദര്‍ അല്‍ അബാദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കിയതോടെയാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

സുന്നി,ഷിയ,കുര്‍ദിഷ് എന്നീ മൂന്ന് സഖ്യങ്ങളാണ് ഇറാഖില്‍ പ്രധാനമായും തെരഞ്ഞെടുപ്പ് രംഗത്തുള്ളത്. 2005 മുതല്‍ ഷിയാ പാര്‍ട്ടികള്‍ക്കാണ് ഇറാഖ് രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമുള്ളത്. സ്ഥാനാര്‍ത്ഥികള്‍ക്ക് അവരുടെ പാര്‍ട്ടിയിലുള്ള സ്ഥാനം കണക്കാക്കിയാണ് അവരെ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുത്തയക്കുക. രാജ്യത്ത് ഉയര്‍ന്ന രീതിയിലുള്ള പോളിങ് ആണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാവിലെ ആറു മണി മുതല്‍ വൈകീട്ട് ഏഴു വരെയാണ് വോട്ടെടുപ്പ് നടന്നത്. രാജ്യത്ത് ആദ്യമായി പുതുതായി സജ്ജമാക്കിയ ഇലക്ട്രോണിക് വോട്ടിങ് സിസ്റ്റം വഴിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. അതിനാല്‍ തന്നെ ഫലപ്രഖ്യാപനവും ഉടന്‍ ഉണ്ടാകും. വോട്ടെടുപ്പ് പൂര്‍ത്തിയായി 24 മണിക്കൂറിനകം ഫലം പ്രഖ്യാപിക്കും. കള്ള വോട്ടുകള്‍ തടയാനും തെരഞ്ഞെടുപ്പ് പ്രക്രിയ വേഗം പൂര്‍ത്തിയാക്കാനുമാണ് ഇല്‌ക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഉപയോഗിച്ചത്.

24.5 മില്യണ്‍ വോട്ടര്‍മാരാണ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളായത്. പോളിങ് സ്‌റ്റേഷനുകള്‍ക്ക് നേരെ ആക്രമമുണ്ടാകുമെന്ന് ഐ.എസ് ഭീഷണിയുയര്‍ത്തിയതിനെത്തുടര്‍ന്ന് കര്‍ശന സുരക്ഷയാണ് ബൂത്തുകളില്‍ ഒരുക്കിയിരുന്നത്. 87 പാര്‍ട്ടികളില്‍ നിന്നായി 6990 സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇതില്‍ 2011 പേര്‍ സ്ത്രീകളാണ്. 25 ശതമാനം അല്ലെങ്കില്‍ 83 സീറ്റുകള്‍ വനിതകള്‍ക്കായി മാറ്റിവെച്ചതാണ്. 9 സീറ്റുകള്‍ രാജ്യത്തെ ന്യൂനപക്ഷത്തിനുള്ളതാണ്. ഇതില്‍ 5 എണ്ണം ക്രിസ്ത്യാനികള്‍ക്കാണ്. 329 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 18 ്പ്രവിശ്യകളില്‍ നിന്നായി 237 സീറ്റുകളാണുള്ളത്.

ആഭ്യന്തര യുദ്ധം മൂലം സംഘര്‍ഷകലുശിതമായ ഇറാഖ് അഴിമതി,പട്ടിണി എന്നീ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. നിലവില്‍ ഇറാഖിലുള്ള അമേരിക്കന്‍ സൈന്യത്തിന്റെ ഭാവിയും തെരഞ്ഞെടുപ്പിലെ മുഖ്യഘടകമാവും. ബഗ്ദാദിലും മൊസൂളിലും തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇരു പ്രവിശ്യകളിലേക്കും യാത്ര ചെയ്യുന്നതിനു വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി എയര്‍പോര്‍ട്ടുകളും അതിര്‍ത്തികളും അടക്കുകയും ചെയ്തിരുന്നു.

അഞ്ച് ശിയാ സഖ്യങ്ങളും നാല് ഖുര്‍ദ് സഖ്യവുമാണ് തെരഞ്ഞെടുപ്പ് രംഗത്തുള്ളത്.
പാര്‍ലമെന്റില്‍ ഏറ്റവും കൂടുതല്‍ ബ്ലോക്കുകള്‍ കിട്ടിയ കക്ഷികള്‍ 30 ദിവസത്തിനകം സര്‍ക്കാര്‍ രൂപീകരിക്കണം. 165 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. അതിനാല്‍ തന്നെ തനിച്ച് ഒരു കക്ഷിക്കും ഈ ഭൂരിപക്ഷം നേടാന്‍ കഴിയില്ലെന്നാണ് വിദഗ്ദരുടെ കണക്കൂകൂട്ടല്‍. അതിനാല്‍ തന്നെ വിജയിച്ചവര്‍ പുതിയ സഖ്യം രൂപീകരിച്ചാകും പുതിയ സര്‍ക്കാര്‍ രൂപീകരിക്കുക.

Related Articles