Current Date

Search
Close this search box.
Search
Close this search box.

കുടിയേറ്റ തൊഴിലാളികളെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത; തമിഴ്‌നാടിനെ ലക്ഷ്യം വെക്കുന്ന ബി.ജെ.പി

മാര്‍ച്ച് ഒന്നിന്, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള, സമാജവാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവ്, രാഷ്ട്രീയ ജനതാദളിന്റെ തേജസ്വി യാദവ് എന്നിവരുള്‍പ്പെടെ നിരവധി ബി.ജെ.പി ഇതര നേതാക്കള്‍ തമിഴ്‌നാട്ടിലെത്തി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ 70-ാം ജന്മവാര്‍ഷികമായിരുന്നു സംഗമത്തിനാധാരം. എന്നാല്‍ ഈ ഒത്തുചേരല്‍ പ്രതിപക്ഷ ഐക്യം പ്രകടിപ്പിക്കുന്ന ചടങ്ങായി മാറി. ബി.ജെ.പിയെ നേരിടാന്‍ ശക്തമായ ദേശീയ തലത്തിലുള്ള മുന്നണി രൂപീകരിക്കാന്‍ നേതാക്കള്‍ അവിടെ വെച്ച് താല്‍പര്യം പ്രകടിപ്പിക്കുകയും ‘വിഘടന ശക്തികള്‍’ക്കെതിരെ പോരാടുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

അടുത്ത ദിവസം മാധ്യമപ്രവര്‍ത്തകര്‍ സ്റ്റാലിനോട് ദേശീയ രാഷ്ട്രീയത്തിലേക്ക് കണ്ണു വെക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ‘ഇതിനകം തന്നെ അവിടെയുണ്ടല്ലോ’ എന്നായിരുന്നു മറുപടി. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷം ഉത്തരേന്ത്യയില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെ തമിഴ്‌നാട്ടില്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്ന തരത്തില്‍ കിംവദന്തികളും വ്യാജ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങി.

നിരവധി വസ്തുതാന്വേഷണ പരിശോധകര്‍ ഇത്തരം വാര്‍ത്തകളെക്കുറിച്ചും വീഡിയോകളെക്കുറിച്ചുമുള്ള അവകാശവാദങ്ങള്‍ തെറ്റാണെന്നും തള്ളിക്കളയണമെന്നും ആവശ്യപ്പെട്ടെങ്കിലും ഇതിന് പിന്നില്‍ ഒരു രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

അതില്‍ ഒന്ന്, തമിഴ്നാട് മുഖ്യമന്ത്രി പ്രമുഖ ദേശീയ നേതാക്കളുമായി വേദി പങ്കിടുന്നത് തീര്‍ച്ചയായും ഈ വ്യാജ വാര്‍ത്താ ഫാക്ടറികള്‍ ഇങ്ങനെ ചെയ്യുന്നതിന് ഒരു കാരണമാണ്. ബി.ജെ.പിക്കെതിരെ രാഷ്ട്രീയ യോജിപ്പുണ്ടാക്കുന്നത് അത്തരക്കാര്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് ഡിഎംകെ വക്താവ് മനു ഷണ്‍മുഖസുന്ദരം പറഞ്ഞു.

തമിഴ്നാടിന്റെ ‘എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയുടെ മാതൃക’ ഇതിന് മറ്റൊരു കാരണമാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. ”ഇത് അവരെ വേദനിപ്പിച്ചു. ഏറ്റവും കൂടുതല്‍ നഗരവല്‍ക്കരിക്കപ്പെട്ട സംസ്ഥാനമായി തമിഴ്‌നാട് റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്, കൂടാതെ രാജ്യത്തെ ഏറ്റവും വലിയ ഉല്‍പ്പാദന മേഖലകളിലൊന്നാണ് തമിഴ്‌നാട്. ഇവിടെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഉപജീവനമാര്‍ഗം നല്‍കുന്നു. ഗുജറാത്ത് മോഡലിനെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് തമിഴ്‌നാടിനോട് അസൂയ തോന്നാന്‍ ഇങ്ങനെ പല കാരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ തമിഴ്നാട് പോലീസ് കേസെടുത്തു. ഇതിനെ നേരിടാന്‍ ഒരു ഹെല്‍പ്പ് ലൈന്‍ അവതരിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കുടിയേറ്റ തൊഴിലാളികളെ സമീപിച്ചു. സ്റ്റാലിന്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഫോണില്‍ സംസാരിക്കുകയും തമിഴ്‌നാട്ടിലെ കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ച് എല്ലാ ഉറപ്പും നല്‍കുകയും ചെയ്തു.

മാര്‍ച്ച് 7 ന് തിരുനെല്‍വേലി ജില്ലയിലെ കാവല്‍ക്കിനരുവിലുള്ള ഗ്ലൗസ് നിര്‍മാണ യൂണിറ്റ് സന്ദര്‍ശിച്ച സ്റ്റാലിന്‍ അവിടെ ജോലി ചെയ്യുന്ന അന്തര്‍സംസ്ഥാന തൊഴിലാളികളോട് നേരിട്ട് സംസാരിക്കുകയും അവരുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചറിയുകയും അവര്‍ക്ക് വേണ്ട സുരക്ഷ ഉറപ്പ് നല്‍കുകയും ചെയ്തു. അവര്‍ക്കിടയില്‍ സാഹോദര്യത്തിന്റെയും സുരക്ഷിതത്വത്തിന്റെയും വികാരമുണ്ടെന്നും തൊഴിലാളികളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പിന്നീട് സ്റ്റാലിന്‍ ട്വീറ്റില്‍ പറഞ്ഞു. സന്ദര്‍ശനത്തിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചു.

തമിഴ്നാടിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമോ ?

വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ദേശീയ തലത്തില്‍ തമിഴ്‌നാടിനെ ‘അപകീര്‍ത്തിപ്പെടുത്താനുള്ള’ വലിയ ശ്രമങ്ങളുടെ ഭാഗമായി വ്യാജ ആഖ്യാനം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെല്ലാം എന്നാണ് നിരീക്ഷകര്‍ കാണുന്നത്. കുറെ കാലമായി ഇങ്ങനെ സംഭവിക്കുന്നുണ്ട്. ബി.ജെ.പിയും വലതുപക്ഷ ഗ്രൂപ്പുകളും അതിനായി പണിയെടുക്കുന്നുണ്ട്,” ചെന്നൈ ആസ്ഥാനമായുള്ള പത്രപ്രവര്‍ത്തകനും വസ്തുതാന്വേഷണ പരിശോധനകനുമായ ഇയാന്‍ കാര്‍ത്തികേയന്‍ പറഞ്ഞു.

2022 മാര്‍ച്ചില്‍ തഞ്ചാവൂരില്‍ ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തപ്പോള്‍, വലതുപക്ഷ സംഘടനകള്‍ പ്രചരിപ്പിച്ചത്, സ്‌കൂള്‍ അവളെ മതം മാറ്റാന്‍ നിര്‍ബന്ധിച്ചതിനാല്‍ അവള്‍ ആത്മഹത്യ ചെയ്തു എന്നായിരുന്നു. ഇത് സ്ഥാപിക്കുന്നതിനായി ഒരു വീഡിയോയും അവര്‍ പ്രചരിപ്പിച്ചു.
എന്നാല്‍ മുഴുവന്‍ വീഡിയോയും പുറത്തുവന്നപ്പോള്‍ കാരണം തികച്ചും വ്യത്യസ്തമായിരുന്നു. ബിണ്ടി ധരിക്കരുതെന്നോ പൊങ്കല്‍ ആഘോഷിക്കരുതെന്നോ നിര്‍ബന്ധിച്ചോ എന്ന ചോദ്യങ്ങള്‍ക്ക് പോലും അവര്‍ ഇല്ല എന്നാണ് പ്രതികരിച്ചത്. അതൊരു ദേശീയ ചര്‍ച്ചയായി മാറിയിരുന്നു.

അതുപോലെ ഹൈവേകള്‍ക്ക് വഴിയൊരുക്കുന്നതിന്റെ ഭാഗമായി മതപരമായ കെട്ടിടങ്ങള്‍ നീക്കം ചെയ്യുന്നതിനെ കുറിച്ച് ഡി.എം.കെ നേതാവ് ടി.ആര്‍. ബാലു സംസാരിച്ചപ്പോള്‍ ക്ഷേത്രങ്ങള്‍ മാത്രമാണ് ഇങ്ങിനെ നീക്കം ചെയ്യുന്നതെന്ന് പറയുന്നതായുള്ള ഒരു വീഡിയോ ക്ലിപ്പ് എഡിറ്റ് ചെയ്ത് അവര്‍ പ്രചരിപ്പിച്ചിരുന്നുവെന്നും കാര്‍ത്തികേയന്‍ പറഞ്ഞു. എന്നാല്‍ മസ്ജിദുകളും പള്ളികളും പോലും നീക്കം ചെയ്‌തെന്നും ഈ പ്രത്യേക സംഭവത്തില്‍ ക്ഷേത്രങ്ങള്‍ വലിയ രീതിയില്‍ പുനര്‍നിര്‍മിച്ചുവെന്നും ബാലു പറഞ്ഞിരുന്നു. എന്നാല്‍ അത് സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റി വളച്ചൊടിക്കപ്പെടുകയായിരുന്നു.

അടുത്തിടെ, തമിഴ്‌നാട്ടിലെ ഒരു സൈനികന്റെ കൊലപാതകം ദേശീയ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകം. എന്നാല്‍ അദ്ദേഹം ഒരു പട്ടാളക്കാരനായതുകൊണ്ടാണ് കൊല്ലപ്പെട്ടത് എന്ന രീതിയിലായിരുന്നു ചര്‍ച്ച. തമിഴ്നാടിനെ ഹിന്ദു വിരുദ്ധ, ദേശവിരുദ്ധ സംസ്ഥാനമായി കാണിക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടക്കുന്നത്. എന്നാല്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രശ്നം വരുന്നതുവരെ ഇതൊന്നും തമിഴ്‌നാടിനെ ബാധിച്ചില്ല. എന്നാല്‍ ഇപ്പോഴത്തേത് ക്രമസമാധാന പ്രശ്നത്തിലേക്കും ഗുരുതരമായ പ്രതിസന്ധിയിലേക്കും നയിച്ചേക്കമെന്നും കാര്‍ത്തികേയന്‍ പറഞ്ഞു. 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇതെല്ലാം സംഘ്പരിവാര്‍ പുറത്തെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിക്ക് തമിഴ്‌നാട്ടില്‍ ഇപ്പോഴും സ്വാധീനം ചെലുത്താനാകുന്നില്ലെങ്കിലും, ദേശീയ തലത്തില്‍ ബിജെപിക്ക് ഇത് നന്നായി ഉപയോഗിക്കാനാകും. തമിഴ്നാടിനെ ഒരു ഉദാഹരണമായി കാണിച്ച്, ‘നോക്കൂ, ഞങ്ങള്‍ നിങ്ങളെ ഭരിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ ഇതുപോലുള്ള വിവേചനത്തിന് വിധേയരാകും എന്നാണ് അവര്‍ പ്രചരിപ്പിക്കുക.

തമിഴ്‌നാട്ടിലെ ബി.ജെ.പി

എന്നാല്‍ ബി.ജെ.പിയുടെ ബിഹാര്‍ ഘടകം മുന്നോട്ടുവെച്ച പ്രചാരണം തമിഴ്നാടിലെ ബി.ജെ.പിയെ അങ്കലാപ്പിലാക്കി. ബിഹാറില്‍ ബിജെപി അത് പ്രചരിപ്പിച്ചാലും വ്യാജവാര്‍ത്തയെ അപലപിക്കുന്നതായി തമിഴ്നാട് ബിജെപി വൈസ് പ്രസിഡന്റ് നാരായണന്‍ തിരുപ്പതി സൗത്ത് ഫസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.എന്നിരുന്നാലും, തമിഴ്നാട്ടിലെ നിരവധി നേതാക്കള്‍ ഭരണകക്ഷിയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ – കുടിയേറ്റ തൊഴിലാളികളെ തരംതാഴ്ത്തിയിട്ടുണ്ടെന്നും ഇത് ആക്രമണങ്ങളെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ അവര്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവരോട് അനുകൂല വീക്ഷണങ്ങള്‍ പ്രചരിപ്പിച്ചതിന് ബിജെപി തമിഴ്നാട് പ്രസിഡന്റ് കെ. അണ്ണാമലൈയ്ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.സംസ്ഥാനത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ നടത്തുന്ന സമരത്തെ ഹിന്ദി സംസാരിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെ എന്ന തരത്തില്‍ തമിഴ്നാട് ബിജെപി തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ഡിഎംകെ നേതാക്കള്‍ പറയുന്നു.

സംസ്ഥാനത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ഡിഎംകെ എപ്പോഴും ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ഹിന്ദി സംസാരിക്കുന്ന ആളുകള്‍ക്ക് മാത്രം വിവിധ കേന്ദ്ര ഗവണ്‍മെന്റ് വകുപ്പുകളില്‍ ജോലികള്‍ ഏറ്റെടുക്കുന്നതിനെ കുറിച്ചും ഞങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ പ്രത്യയശാസ്ത്ര പ്രശ്നങ്ങളെ കുടിയേറ്റ തൊഴിലാളികളോടുള്ള വെറുപ്പായി തെറ്റിദ്ധരിപ്പിക്കുന്നത് ഒരു ദുഷിച്ച പ്രചാരണമാണ്, ”എഴുത്തുകാരിയും ഡിഎംകെ വക്താവുമായ സല്‍മ പറയുന്നു. ഡിഎംകെ സര്‍ക്കാര്‍ എല്ലായ്പ്പോഴും ചെയ്തതുപോലെ കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കുന്നത് തുടരുമെന്നും അവര്‍ പറഞ്ഞു.

അവലംബം: ദി വയര്‍
വിവ: സഹീര്‍ വാഴക്കാട്

Related Articles