Current Date

Search
Close this search box.
Search
Close this search box.

കെട്ടുകഥകളെ വസ്തുതകളാക്കി പരിഗണിക്കുന്ന ദൂരദര്‍ശന്‍ ‘ഡോക്യുമെന്ററി’

‘രാഷ്ട്രമെന്നാല്‍ ഒരു സാങ്കല്‍പ്പിക സമൂഹമാണ്’ എന്നാണ് പ്രമുഖ എഴുത്തുകാരനായ ബെനഡിക്റ്റ് ആന്‍ഡേഴ്‌സണ്‍ തന്റെ ‘സാങ്കല്‍പ്പിക സമൂഹങ്ങള്‍: ദേശീയതയുടെ ഉത്ഭവത്തെയും വ്യാപനത്തെയും കുറിച്ചുള്ള പ്രതിഫലനങ്ങള്‍’ എന്ന പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. ബഹുഭൂരിപക്ഷം പേരും അപരിചിതരാണെങ്കിലും അതിലെ അംഗങ്ങള്‍ക്ക് പരസ്പരം ഐക്യദാര്‍ഢ്യം തോന്നുന്നതിനാലാണ് ഒരു രാഷ്ട്രം സങ്കല്‍പ്പിക്കപ്പെടുന്നത് എന്നാണ് അദ്ദേഹം വാദിച്ചത്. രാഷ്ട്രങ്ങള്‍ എന്നാല്‍ പ്രകൃതിയാലോ മുന്‍കാലങ്ങളാലോ ഉണ്ടായ ഒന്നല്ല, മറിച്ച് ആധുനിക സാമൂഹിക നിര്‍മ്മിതിയാണ്. ഓരോ സമൂഹത്തിലെയും പ്രബല വര്‍ഗങ്ങളാല്‍ അവര്‍ കെട്ടിച്ചമച്ചതാണത്. അവര്‍ ചില സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ ആശയങ്ങള്‍ ഊന്നിപ്പറയുന്നു, അത് ആളുകളെ പരസ്പരം വ്യക്തിത്വത്തിന്റെ സ്വത്വബോധത്തിലേക്ക് ഒട്ടിപ്പിടിപ്പിക്കുന്നു.

ഓരോ രാജ്യത്തിനും, ‘സാങ്കല്‍പ്പിക സമൂഹം’ സൃഷ്ടിക്കുന്നതില്‍ ഭൂതകാലം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഒരു രാജ്യത്തിന്റെ ഭൂതകാലത്തെക്കുറിച്ചുള്ള കഥകള്‍, അതിന്റെ അംഗങ്ങളുടെ കൂട്ടായ ഓര്‍മ്മയും സ്വത്വവും രൂപപ്പെടുത്തുകയും ഒരു ‘ദേശീയ അവബോധം’ സൃഷ്ടിക്കുകയും ചെയ്യുന്നു. ചില ചരിത്ര മുഹൂര്‍ത്തങ്ങളും രൂപങ്ങളും ചിഹ്നങ്ങളും സങ്കല്‍പ്പിക്കപ്പെടുന്ന സമൂഹത്തിനുള്ളില്‍ വലിയ പ്രാധാന്യമുള്ള സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുന്നു.

ഒരു ‘ദേശീയ സ്വത്വ’ത്തിന് അടിവരയിടുന്നതായി പറയപ്പെടുന്ന ആശയങ്ങളും വിശ്വാസങ്ങളും മൂല്യങ്ങളും ശക്തിപ്പെടുത്താന്‍ ഇവ സഹായിക്കുന്നു. ചരിത്ര പാഠ്യപദ്ധതികളില്‍ രാജ്യങ്ങള്‍ വളരെയധികം സ്വാധീനം ചെലുത്തുന്നതും ഇതുകൊണ്ടാണ്. ചരിത്രത്തെ തീര്‍ച്ചയായും പല തരത്തില്‍ സമീപിക്കാം. അങ്ങനെ ചെയ്യുന്നതിന് തികച്ചും വസ്തുനിഷ്ഠമായ മാര്‍ഗമില്ല, എന്നാല്‍ ചില സമീപനങ്ങള്‍ മറ്റുള്ളവയേക്കാള്‍ മികച്ചതാണ്.

ഛായരൂപത്തിന്റെ ഒരറ്റത്ത് വിവിധ സമൂഹങ്ങളിലെ അക്കാദമിക് പണ്ഡിതര്‍ ഉണ്ട്, അവര്‍ ഏറ്റവും പുതിയ തെളിവുകളില്‍ ആശ്രയിക്കുകയും യുക്തിസഹമായ വ്യാഖ്യാനങ്ങള്‍ നടത്തുകയും ഭൂതകാലത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് വികസിപ്പിക്കുന്നതിനായി പരസ്പരം ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു. മറുവശത്ത്, ഒരു പ്രത്യേക വിഭാഗത്തിന് അനുകൂലമായി ഭൂതകാലത്തെ വ്യാഖ്യാനിക്കുന്ന, പലപ്പോഴും വസ്തുതകളെ മനഃപൂര്‍വ്വം അവഗണിക്കുകയോ തെളിവുകള്‍ കെട്ടിച്ചമയ്ക്കുകയോ ചെയ്യുന്ന വര്‍ഗ്ഗീയവാദികളുമാണുള്ളത്. അവരുടെ പക്ഷപാതപരമായ സമീപനം മേധാവിത്വത്തില്‍നിന്നുള്ളതാണ്. അഹങ്കാരം, മേല്‍ക്കോയ്മ എന്നിവയുമായാണ് അവര്‍ മുന്നോട്ടു പോകുന്നത്. അവര്‍ ഭൂരിപക്ഷമായാല്‍ അത് ന്യൂനപക്ഷങ്ങളുടെ ചെലവില്‍ ഭൂരിപക്ഷ രാഷ്ട്രീയം സൃഷ്ടിക്കുന്നു. അതുവഴി ആഭ്യന്തരവും സാമുദായികവുമായ സംഘര്‍ഷം രൂക്ഷമാക്കുന്നു.

പഴയകാല ചരിത്ര കഥപറച്ചിലുകളില്‍ മുങ്ങിത്താഴുകയാണ് ഇന്ത്യയിപ്പോള്‍. അതിന്റെ സമീപകാല ഉദാഹരണം ഒരു ഹിന്ദി സിനിമയാണ്.
‘ധരോഹര്‍ ഭാരത് കി പുനരുത്താന്‍ കി കഹാനി’ (ഇന്ത്യന്‍ പൈതൃകത്തിന്റെ പുനരുജ്ജീവനത്തിന്റെ കഥ) എന്ന് പേരിട്ടിരിക്കുന്ന ഒരു ഹിന്ദി ചലച്ചിത്രമാണത്. ഇത് അടുത്തിടെ ദൂരദര്‍ശനില്‍ 30 മിനിറ്റ് ദൈര്‍ഘ്യമുള്ള രണ്ട് എപ്പിസോഡുകളായി സംപ്രേഷണം ചെയ്തിരുന്നു. (ദൂരദര്‍ശനിലേക്കുള്ള എല്ലാ വാര്‍ത്തകളും ആര്‍.എസ്.എസ് അനുബന്ധ ഏജന്‍സിയില്‍ നിന്ന് സ്വീകരിക്കാന്‍ തീരുമാനിച്ചതോടെ സ്വയംഭരണാവകാശം ഈയടുത്ത് തകര്‍ന്നിരുന്നു)

ചില ന്യായമായ ചോദ്യങ്ങളോടെയാണ് സിനിമ ആരംഭിക്കുന്നത്. നമ്മുടെ പൂര്‍വ്വികര്‍ എവിടെ നിന്നാണ് വന്നത്? നമ്മുടെ സംസ്‌കാരത്തിന്റെയും നാഗരികതയുടെയും വേരുകള്‍ എവിടെ തുടങ്ങുന്നു? അഭിമാനകരമായ ഒരു രാഷ്ട്രം അതിന്റെ ഭൂതകാലത്തിന്റെ കഥകളും പൈതൃകവും സംരക്ഷിക്കേണ്ടതല്ലേ? എന്നിങ്ങനെയുള്ള വാചാടോപം എന്നാല്‍ പെട്ടെന്ന് പാളം തെറ്റുന്നു. നമ്മുടെ പൈതൃകത്തിന് അര്‍ഹമായ ബഹുമാനം പുനഃസ്ഥാപിക്കാനുള്ള ചുമതല ആരാണ് ഏറ്റെടുക്കുന്നത്? വരും തലമുറകള്‍ക്കായി ആരാണ് അതിനെ സംരക്ഷിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നത്? മറ്റാരുമല്ല നമ്മുടെ സ്വന്തം പ്രധാനമന്ത്രി നരേന്ദ്ര മോദിജി. എന്നാണ് പിന്നീട് അതില്‍ പറയുന്നത്.

അവിടെ നിന്ന്, സിനിമ കുത്തനെ പരിഹാസ്യത്തിലേക്ക് ഇറങ്ങുന്നു, കാരണം, ഹിന്ദു തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, ഹിന്ദു ദേശീയവാദികള്‍ ഇഷ്ടപ്പെടുന്ന കൊളോണിയല്‍ വിരുദ്ധ നേതാക്കളുമായി ബന്ധപ്പെട്ട സ്മാരകങ്ങള്‍ എന്നിവ സംരക്ഷിക്കപ്പെടേണ്ട പൈതൃകമാണെന്ന് അതിന്റെ വികലമായ വീക്ഷണം വെളിപ്പെടുത്തുന്നു. സത്യയുഗത്തില്‍ നിന്നുള്ള ഒരു കഥയിലൂടെയാണ് ചിത്രത്തില്‍ ഇന്ത്യയുടെ ഭൂതകാലത്തിന്റെ വിവരണം ആരംഭിക്കുന്നത്. ബ്രഹ്‌മാവിനോടും വിഷ്ണുവിനോടുമുള്ള ശിവന്റെ കോപം ഭൂമിയിലെ 12 സ്ഥലങ്ങളില്‍ ശിവലിംഗമായി പ്രകാശിപ്പിക്കുന്നുണ്ട്. തിയതികളോ സന്ദര്‍ഭമോ വിവരിക്കാതെ ഇതിനെ ചരിത്രസത്യമായി അവതരിപ്പിക്കുകയാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ ചെയ്യുന്നത്. ഇത് സിനിമയിലുടനീളം ആവര്‍ത്തിക്കുന്നു

ഒരു ഗ്രാമീണ കാരണവനെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ ഈ രീതിയില്‍ വിവരിക്കുന്നതിന് കുഴപ്പമില്ല, എന്നാല്‍, ദേശീയ പബ്ലിക് ടെലിവിഷനിലെ ഒരു പ്രൈം-ടൈം ഡോക്യുമെന്ററിയില്‍ ഇങ്ങനെ ആഖ്യാനിക്കുന്നതിന്റെ താല്‍പര്യം മറ്റൊന്നാണ്. ഏറ്റവും മോശമായ കാര്യം. ഫിക്ഷനില്‍ നിന്ന് വസ്തുതയെ വേര്‍തിരിക്കുന്നതില്‍ ചലച്ചിത്ര നിര്‍മ്മാതാക്കളുടെ താല്‍പ്പര്യമില്ലായ്മ ആകസ്മികമല്ല, മറിച്ച് ബോധപൂര്‍വമാണെന്ന് സംശയിക്കേണ്ടി വരും. തീര്‍ച്ചയായും, ഇന്ത്യന്‍ പൈതൃകത്തെക്കുറിച്ചുള്ള ചരിത്രപരമായ ഉള്‍ക്കാഴ്ചകളൊന്നും ഈ സിനിമയില്‍ കണ്ടെത്താനാവില്ല. അതിന് നിരവധി ഉദാഹരണങ്ങള്‍ ആ സിനിമയില്‍ കാണാം.

സിനിമ പിന്നീട് യുഗങ്ങള്‍ കടന്ന് ഉജ്ജയിനിലെ മഹാകാല്‍ ക്ഷേത്രം സ്ഥാപിച്ചതിലേക്ക് നീങ്ങുന്നു. ഒരു അസുരനെ കൊല്ലാന്‍ ശിവന്‍ ഇവിടെ പ്രത്യക്ഷപ്പെട്ടു എന്നാണ് പുരാണ ഐതിഹ്യം. എന്നാല്‍ ഇതും ചരിത്രസത്യമായാണ് സിനിമ അവതരിപ്പിക്കുന്നത്. സോമനാഥ ക്ഷേത്രം, മഹാകാല്‍ ക്ഷേത്രം, പാവഗഢ് ക്ഷേത്രം, കാശി വിശ്വനാഥ ക്ഷേത്രം, കേദാര്‍നാഥ് ക്ഷേത്രം, അയോധ്യയിലെ വരാനിരിക്കുന്ന രാമക്ഷേത്രം എന്നീ നവീകരിച്ച ക്ഷേത്ര സമുച്ചയങ്ങളുടെ ഗംഭീരമായ ഡ്രോണ്‍ ഫൂട്ടേജും ഇതില്‍ കാണിക്കുന്നു. ഓരോന്നും ഭക്തിനിര്‍ഭരമായും ഭക്തിയോടെയും ചര്‍ച്ച ചെയ്യുന്നു. രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി മോദിജിയല്ലാതെ മറ്റാരുമല്ല സ്ഥാപിക്കേണ്ടതെന്ന് ദൈവം തന്നെ കല്‍പ്പിച്ചിരിക്കാം എന്നാണ് സിനിമ പ്രേക്ഷകരോട് പറയുന്നത്.

സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ചുള്ള ഭാഗത്തില്‍ ആര്‍.എസ്.എസ് സ്ഥാപകന്‍ വി.ഡി സവര്‍ക്കരുടെ ആന്‍ഡമാന്‍ ദ്വീപിലെ സെല്ലുലാര്‍ ജയിലിലെ ദൃശ്യമാണ് കാണിക്കുന്നത്. പട്ടേലിന്റെ സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്കും ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റിനടുത്തുള്ള സുഭാഷ് ചന്ദ്ര ബോസിന്റെ പുതിയ പ്രതിമയിലേക്കും ചിത്രം നമ്മെ കൊണ്ടുപോകുന്നു. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഗോഡ്ഫാദറായിരുന്ന സവര്‍ക്കര്‍, നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന നിരവധി സ്വാതന്ത്ര്യ സമര സേനാനികളുടെ മേല്‍ വിചിത്രമായി ആധിപത്യം സ്ഥാപിക്കുമ്പോള്‍, നെഹ്റുവിനെ പൂര്‍ണ്ണമായും തുടച്ചുനീക്കുന്നു. ഹാസ്യപരവും ബാലിശവും ദുഷ്‌കരവുമായ നീക്കമാണിത്.

അതുപോലെ, അംബേദ്കറുമായി ബന്ധപ്പെട്ട അഞ്ച് സ്ഥലങ്ങള്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പദ്ധതികളെക്കുറിച്ചാണ് നമ്മെ പഠിപ്പിക്കുന്നത്. ജാതിയെക്കുറിച്ചോ തൊട്ടുകൂടായ്മയെക്കുറിച്ചോ ഒരു പരാമര്‍ശവുമില്ല. ജാലിയന്‍ വാലാബാഗിലെ തകര്‍ന്ന പുനരുദ്ധാരണ പ്രവര്‍ത്തനത്തിന് ഞമ്മള്‍ സാക്ഷ്യം വഹിക്കുന്നു. ഡല്‍ഹിയില്‍ ഒരു ദേശീയ യുദ്ധ സ്മാരകം മോദി ഉദ്ഘാടനം ചെയ്യുന്നതും ഞമ്മള്‍ കാണുന്നു. നികൃഷ്ടമായ ദേശസ്നേഹം സിനിമയെ തളര്‍ത്തുന്നു, നീചന്മാരുടെ അവസാനത്തെ അഭയം ഇത് വിളിച്ചോതുന്നു.

മുസ്ലീങ്ങളുമായി ബന്ധപ്പെട്ട ഒരു പൈതൃകമോ മതപരമായ സ്ഥലമോ ഈ സിനിമയിലില്ല. അജ്മീര്‍ ഷെരീഫും നിസാമുദ്ദീന്‍ ഔലിയയും പോലെയുള്ള സൂഫി ആരാധനാലയങ്ങള്‍ പോലും കാണിക്കുന്നില്ല. അതുപോലെ ക്രൈസ്തവ, ബുദ്ധ പൈതൃക കേന്ദ്രങ്ങളും സിനിമയിലില്ല. ഇത് ഇന്ത്യയെ ഭക്തിയുള്ള ഒരു ഹിന്ദു രാഷ്ട്രമായാണ് കാണുന്നത്. ഇത് എന്ത് ലക്ഷ്യത്തിനും രാഷ്ട്രത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനമാണെന്ന് വ്യക്തമാണ്.

കേന്ദ്രസംരക്ഷിതമായ 3693 സ്മാരകങ്ങളില്‍ 50 എണ്ണം കാണാനില്ലെന്ന് അടുത്തിടെ കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയത് ഇതിനോട് ചേര്‍ത്ത് വായിക്കണം. കാണാതായത് എന്നാല്‍ ഇനി കണ്ടെത്താന്‍ കഴിയില്ല എന്നാണ്. കാണാതായതില്‍ ഭൂരിഭാഗവും ഹിന്ദു-ഇതര സ്മാരകങ്ങളാണ്. ദേശീയ പ്രാധാന്യമുള്ള ഈ 3,693 സ്മാരകങ്ങളില്‍ 248 എണ്ണത്തില്‍ മാത്രമേ സുരക്ഷാ ഗാര്‍ഡുകള്‍ ഉള്ളൂ.

അവരുടെ പ്രിയ നേതാവ് ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നു, ഉദ്ഘാടനം ചെയ്യുന്നു, സാമൂഹികവും മതപരവുമായ പ്ലോട്ടുകള്‍ ഉച്ചരിക്കുന്നു, പൂജ ചെയ്യുന്നു, വിവിധ സൈറ്റുകളുടെ പരിവര്‍ത്തനത്തില്‍ അഭിമാനിക്കുന്നു. തന്റെ സെന്‍ട്രല്‍ വിസ്ത വാനിറ്റി പ്രോജക്റ്റും രാജ് പാതയെ കര്‍ത്തവ്യ പാത എന്ന് പുനര്‍നാമകരണം ചെയ്തതും അപകോളനിവല്‍ക്കരണത്തിന്റെ പ്രവര്‍ത്തനങ്ങളാണെന്ന് അദ്ദേഹം കരുതുന്നു, വിഭജിച്ച് ഭരിക്കുക എന്ന സമൂലമായ കൊളോണിയല്‍ പ്രത്യയശാസ്ത്രത്തിലാണ് അദ്ദേഹം വസിക്കുന്നത്.

അവസാനിപ്പിച്ചുകൊണ്ട് എനിക്ക് പറയാനുള്ളത്, പ്രിയ വായനക്കാരേ, ഒരു മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന നിരന്തരമായ വെറുപ്പ്, മടുപ്പ് എന്നിവയില്‍ നിന്ന് നിങ്ങള്‍ സ്വയം രക്ഷ തേടുക. നിങ്ങള്‍ ഒരു നരവംശശാസ്ത്രജ്ഞനോ മാസോക്കിസ്റ്റോ യഥാര്‍ത്ഥ സംഘ ഭക്തനോ ആണെങ്കില്‍ മാത്രം ഈ സിനിമ കാണുക. ഈ വിഭാഗീയ സിനിമ യഥാര്‍ത്ഥത്തില്‍ ഇന്ത്യയെ ബാധിക്കുകയും അതിന്റെ ചക്രവാളങ്ങളെ ഇരുണ്ടതാക്കുകയും ചെയ്യുന്ന വലിയ അസ്വാസ്ഥ്യത്തിന്റെ ലക്ഷണമാണ്. ഒരു രാഷ്ട്രം ഉണ്ടാക്കാന്‍ വംശീയമോ മതപരമോ ആയ സ്വത്വങ്ങളെ ആശ്രയിക്കുന്നത് സംഘര്‍ഷങ്ങള്‍ നിറഞ്ഞ രാഷ്ട്രീയങ്ങള്‍ മാത്രമേ സൃഷ്ടിക്കൂ. എങ്കിലും അയല്‍രാജ്യങ്ങളായ പാകിസ്താന്‍, ശ്രീലങ്ക എന്നിവിടങ്ങളിലുള്‍പ്പെടെ ഇത്തരം പരീക്ഷണങ്ങള്‍ ധാരാളമുണ്ട്, ഇപ്പോള്‍ ഇന്ത്യയിലും ഇത് വര്‍ധിച്ചുവരികയാണ്. ഇന്ത്യക്കാര്‍ ഗതി മാറ്റി പടുകുഴിയില്‍ വീഴുന്നത് ഒഴിവാക്കുമോ ?

 

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

 

Related Articles