Current Date

Search
Close this search box.
Search
Close this search box.

സുഗന്ധം പിടിച്ച് കെട്ടാൻ സാധ്യമല്ല

Maulana Syed Abul A'la Maududi at the time of writing

സർക്കാർ ചെലവിൽ പ്രവർത്തിക്കുന്ന അലിഗഡ് മുസ്ലീം സർവ്വകലാശാല, ജാമിഅ മില്ലിയ ഇസ്ലാമിയ, ജാമിയ ഹംദർദ് എന്നിവയെ കുറിച്ച് രാജ്യത്തെ ചില ബുദ്ധിജീവികൾ സർക്കാരിന് കത്തെഴുതിയതായി രണ്ട് ദിവസമായി വാർത്ത പ്രചരിക്കുന്നുണ്ട്. മൗലാനാ സയ്യിദ് അബുൽ അഅ്ലാ മൗദൂദിയെ പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്നതാണ് പ്രധാന ഊന്നൽ. കത്തിൽ ഉപരിസൂചിത സർവ്വകലാശാലകളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമവും മൗലാനാ മൗദൂദിയെക്കുറിച്ച് തെറ്റായ കാര്യങ്ങളുമാണ് പറഞ്ഞിട്ടുള്ളത്.

ബിരുദ-ബിരുദാനന്തര കോഴ്‌സുകളുടെ സിലബസിൽ ഇസ്ലാമിക് സ്റ്റഡീസിൽ ജിഹാദീ ചിന്തകളും ദേശവിരുദ്ധ ഉള്ളടക്കവും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് കത്തിന്റെ ഉള്ളടക്കം. ഈ മൂന്ന് കലാശാലകളിലെയും ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം ഇന്ത്യയിലുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാതൃകയാണ്. അതിനാൽ ഇന്ത്യയിലെ ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊപ്പം അവർ സ്വീകരിക്കുന്ന ചിന്താധാരയെയും രാജ്യത്തെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ അടിസ്ഥാന തത്വങ്ങളെയും കത്ത് പ്രതിപാദിക്കുന്നു. “വിദ്വേഷകരമായ ഉള്ളടക്കം ” അടങ്ങിയ മൗലാന മൗദൂദിയുടെ പുസ്തകങ്ങൾ ഈ സർവകലാശാലകളുടെ പാഠ്യപദ്ധതിയുടെ ഭാഗമാണെന്നും കത്തിൽ ആരോപിക്കുന്നു. മൗലാനാ മൗദൂദിയുടെ ചിന്തകളെ കുറിച്ച ഭയാശങ്കകൾ കത്തിൽ വിശദമായി വിവരിക്കുന്നു. ഉദാഹരണത്തിന്, 1947 ലെ രാഷ്ട്രവിഭജനത്തെ ദേശസ്‌നേഹം കൊണ്ടല്ല അദ്ദേഹം എതിർത്തതെന്നും മറിച്ച് ‘മിഷൻ ഗസ് വതുൽ ഹിന്ദ്’ – (ഇന്ത്യയെ ഇസ്ലാം കീഴടക്കുമെന്ന ഹദീസ് മിഷൻ ) ചിന്തയോടു പ്രതിജ്ഞാബദ്ധതയാലായിരുന്നുവെന്നും അത്തരമൊരു ഓളം സൃഷ്ടിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യംമെന്നും കത്ത് സിദ്ധാന്തിക്കുന്നു. അമുസ്‌ലിംകളെയും അവരുടെ സംസ്‌കാരത്തെയും പൂർണ്ണമായും തുടച്ചുനീക്കി ഒരു ആഗോള ഇസ്ലാമിക ഉമ്മത്ത് എന്നതായിരുന്നുവത്രെ മൗദൂദിയൻ തിയറി . അദ്ദേഹത്തിന്റെ രചനകൾ അമുസ്‌ലിംകൾക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്യുകയും ആൾക്കൂട്ട കൊലപാതകം അല്ലെങ്കിൽ നിർബന്ധിത മതപരിവർത്തനം നടത്തുവാൻ പ്രോത്സാഹിപ്പിക്കുന്നതാണത്രെ. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് (JIH ) എന്ന സംഘടനയുടെ സ്ഥാപകനായിരുന്നു മൗദൂദി. ഇന്ത്യയുടെ സമ്പൂർണ ഇസ്‌ലാമികവൽക്കരണത്തിന് പ്രതിജ്ഞാബദ്ധമായ സംഘടനയാണത്രെ അത്. ഡൽഹി ആസ്ഥാനമായി അതാതു കാലത്തെ ആഭ്യന്തര മന്ത്രാലയത്തിന്റെ മൂക്കിന് കീഴിൽ തഴച്ചുവളരുകയും ചെയ്തു കൊണ്ടിരുന്നുവത്രെ.

ഇന്ത്യൻ മുജാഹിദീൻ, ഹിന്ദ് കി വിലായത്ത് (ഇന്ത്യൻ പ്രൊവിൻസ് ഓഫ് ഇസ്ലാമിക് സ്റ്റേറ്റ്) JKLF, ഹുർറിയത്ത്, റസ അക്കാദമി, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തുടങ്ങിയ നിരവധി സൃഷ്ടികൾ മൗദൂദിയുടെ ഹൈഡ്രാ-ഹെഡ് പ്രത്യയശാസ്ത്രം വളർത്തിയാതാണ്. ഇതുകൂടാതെ ജമാഅത്തെ ഇസ്ലാമി ഹിന്ദ് ആണത്രെ മുമ്പ് സിമി സ്ഥാപിച്ചതും. ഇവയെല്ലാം ഒന്നുകിൽ വിവിധ സമയങ്ങളിൽ നിരോധിക്കപ്പെട്ടവയോ നിലവിൽ NIA യുടെ ഏറ്റവും ഗുരുതരമായ ആരോപണങ്ങളും അന്വേഷണങ്ങളും നേരിടുന്നവയാണ്.

അൽ-ഖാഇദ, ഐസിസ്, ഹമാസ്, ഹിസ്ബുല്ല , മുസ്ലീം ബ്രദർഹുഡ്, താലിബാൻ തുടങ്ങിയ അന്താരാഷ്ട്രതലത്തിൽ നിയുക്ത തീവ്രവാദ സംഘടനകളെല്ലാം മൗദൂദിയുടെ അടിസ്ഥാന ആശയങ്ങളിൽ നിന്നും രാഷ്ട്രീയ ഇസ്ലാമിന്റെ ചട്ടക്കൂടിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന വിവരവും കത്ത് അനാവരണം ചെയ്യുന്നു.

കത്ത് വളരെ ദൈർഘ്യമേറിയതാണ്. അതിൽ പറഞ്ഞിരിക്കുന്ന മറ്റു കാര്യങ്ങളുമുണ്ട് _ അവയുടെ സംഗ്രഹം മുകളിലെ വരിയിൽ അവതരിപ്പിച്ചിരിക്കുന്നു. രാജ്യത്തെ സർക്കാർ തലത്തിൽ മുസ്ലീങ്ങളോടുള്ള പക്ഷപാതവും അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന രീതിയും സുതരാം വ്യക്തമാക്കുന്നതും അതിനൊരു ന്യായീകരണം നൽകാനുമാണ് ഇത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയുടെയും ന്യൂഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയയുടെയും സർക്കാർ വാർഷിക ബജറ്റ് ഗണ്യമായി വെട്ടിക്കുറച്ചതായി വാർത്ത വന്നിരുന്നു. അതേ സമയം ബനാരസ് ഹിന്ദു സർവകലാ ശാലയുടെ വാർഷിക ബജറ്റ്
ഇരട്ടിയാക്കിയതായും വാർത്തയുണ്ടായിരുന്നു. അധികാര ദുരുപയോഗത്തിനും അനീതിക്കുമെതിരെ ശബ്ദമുയരാതിരിക്കാനാണ് പേരിൽ ഇസ്ലാമുള്ള സർവ്വകലാശാലകളെ ക്രിമിനലുകളാക്കി ചിത്രീകരിച്ചു കൊണ്ടിരിക്കുന്നത്.

മൗലാനാ മൗദൂദിയെ കുറിച്ചും ജമാഅത്തെ ഇസ്‌ലാമി ഹിന്ദിനെ കുറിച്ചും കത്തിൽ തെറ്റായ വിവരണങ്ങളാണുള്ളത്. ബുദ്ധിജീവികൾ എന്ന് വിളിക്കപ്പെടുന്നവർ ഇത്ര അജ്ഞരാണെന്നും അവരിൽ ഒരു പ്രതീക്ഷയുമില്ലെന്നും അവർ മനഃപൂർവം തെറ്റിദ്ധരിപ്പിക്കുകയാണെന്നും സംശയിക്കേണ്ടിയിരിക്കുന്നു.മൗലാനാ മൗദൂദിയാണ് ജമാഅത്തെ ഇസ്ലാമി സ്ഥാപിച്ചത് .1941-ൽ അവിഭക്ത ഇന്ത്യയിൽ അത് സ്ഥാപിക്കപ്പെടുമ്പോൾ അതിന്റെ കേന്ദ്രം ലാഹോറായിരുന്നു. എന്നാൽ വിഭജനാന്തരം ഭാരതത്തിൽ അവശേഷിച്ച പ്രവർത്തകരാണ് ‘ജമാഅത്തെ ഇസ്ലാമി ഹിന്ദ്’ എന്ന് നാമകരണം പോലും തെരെഞ്ഞെടുത്തത് എന്നതാണ് വാസ്തവം. SIMI തുടക്കം മുതലേ ഒരു സ്വതന്ത്ര സംഘടനയായിരുന്നു. വിദ്യാർത്ഥികളിലും യുവാക്കളിലും പ്രവർത്തിച്ചു വന്നിരുന്ന ആ സംഘടന ജമാഅത്തെ ഇസ്ലാമി ഹിന്ദ് സ്ഥാപിച്ചതാണെന്നാണ് കത്തിൽ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്.

ജിഹാദിനെക്കുറിച്ച് ആഗോള തലത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണ ഈ ബുദ്ധിജീവിസംഘ ലേഖകരും അനുഭവിക്കുന്നുണ്ട് – ജിഹാദ് തീവ്രവാദത്തിന്റെയും കൊലപാതകത്തിന്റെയും പര്യായമായയാണ് അവർ കണക്കാക്കുന്നത്. മൗലാന ‘അൽജിഹാദ് ഫിൽ ഇസ്ലാം’ എന്ന് പുസ്തകം എഴുതിയത് തീവ്രവാദം പ്രോത്സാഹിപ്പിക്കുവാനായിരുന്നുവത്രെ. ഇസ്‌ലാമിലെ ജിഹാദ് എന്നാൽ അമുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യുകയോ ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിക്കുകയോ ചെയ്യലാണെന്നാണ് ലേഖകരുടെ സിദ്ധാന്തവത്കരണം. ജിഹാദ് എന്നത് ഇസ്‌ലാമിന്റെ പ്രബോധനത്തിന് വേണ്ടി പരിശ്രമിക്കുകയും അതിനെതിരെ ശത്രുതാ മനോഭാവം സ്വീകരിക്കുന്നവരോട് സംവദിക്കുകയും ചെയ്യുന്നതിന്റെ പേരാണെന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത് !!

മൗലാനാ മൗദൂദിയുടെ രചനകൾ തീവ്രവാദത്തെ ഉത്തേജിപ്പിക്കുന്നുവെന്നതും ലോകത്തെ എല്ലാ തീവ്രവാദ സംഘടനകൾക്കും അദ്ദേഹത്തിന്റെ രചനകളിൽ നിന്ന് പ്രചോദനം ലഭിക്കുന്നു എന്നതും തീർത്തും തെറ്റായ വിവരമാണ്. എന്ത് വിലകൊടുത്തും മൗലാനയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ബോധപൂർവ്വം നടക്കുന്നത്. രഹസ്യ – അണ്ടർഗ്രൗണ്ട് പ്രസ്ഥാനങ്ങളെ എതിർക്കുന്ന, തീവ്രവാദത്തെ പൂർണ്ണമായ നെഗേറ്റ് ചെയ്യുന്ന, സമാന്തര സൈനിക നടപടി കർശനമായി വിലക്കുന്ന, ബലപ്രയോഗത്തിലൂടെയുള്ള ഏത് വിപ്ലവത്തെയും എതിർക്കുന്ന സംഘമാണ് ജമാഅത്ത് .
ബലപ്രയോഗത്തിലൂടെ വരുന്ന മാറ്റം മറ്റൊരു ബലപ്രയോഗത്തിലൂടെയും അവസാനിക്കുമെന്നും അത് അധികകാലം നിലനിൽക്കില്ല എന്നും ബോധ്യമുള്ള സംഘമാണവർ.

ഇസ്‌ലാം ചില ആചാരങ്ങളും പാരമ്പര്യങ്ങളുമുള്ള കേവല മതമല്ലെന്നുംമറിച്ച് അത് ഒരു ‘ദീനും’ ജീവിതരീതിയുമാണെന്ന് മൗലാനാ മൗദൂദി വളരെ ശക്തമായി പറഞ്ഞിട്ടുണ്ട്.ഇന്നത്തെ കാലഘട്ടത്തിൽ ഇസ്‌ലാമിനെ ‘രാഷ്ട്രീയ ഇസ്‌ലാം’, ‘മിത ഇസ്ലാം’ എന്നിങ്ങനെ തെറ്റായി വിഭജിച്ചിരിക്കുന്നു. മിതവാദ ഇസ്‌ലാമിനെ അനുകൂലവും പൊളിറ്റിക്കൽ ഇസ്‌ലാമിനെ വെറുക്കുകയും ചെയ്യുന്ന സാഹചര്യം സംജാതമാവുകയും ചെയ്ത് കൊണ്ട് രാഷ്ട്രീയ ഇസ്‌ലാമിന്റെ’ സൈദ്ധാന്തിക പദവി ലഭ്യമാക്കിയത് കത്തെഴുതിയ പാവം ബുദ്ധി രാക്ഷസന്മാരാണ്.

വാസ്തവത്തിൽ മൗലാനാ മൗദൂദി ഇസ്‌ലാമിന്റെ സമഗ്രമായ ആശയമാണ് അവതരിപ്പിച്ചത് . അദ്ദേഹത്തിന്റെ ചിന്തകൾ ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടിട്ടുണ്ട് .അദ്ദേഹത്തിന്റെ ജമാഅത്തുമായി ബന്ധപ്പെട്ടവരുടെ എണ്ണം കേവലം ആയിരങ്ങളാണെങ്കിലും അദ്ദേഹത്തിന്റെ ചിന്ത ജനകോടികളുടെ ഹൃദയത്തിൽ പതിഞ്ഞിട്ടുണ്ട് എന്നതാണ് വാസ്തവം. അദ്ദേഹത്തിന്റെ രചനകളിലെ സുഗന്ധത്തെ തടവിലിടാനും നാടുകടത്താനും കഴിയില്ല എന്നതാണ് സത്യം.

മൂന്ന് സർവകലാശാലകളിലെ പാഠ്യപദ്ധതിയിൽ നിന്ന് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ നീക്കം ചെയ്താൽ അദ്ദേഹത്തിന്റെ ചിന്തകളെ തടയാൻ കഴിയുമെന്ന് ഈ പാവം വിഡ്ഢികൾ കരുതുന്നുണ്ടോ? ആ നിഷ്കളുടെ മറവിയുടെ തെളിവാണിത്.
അത് എത്രയും വേഗം അവർ മനസ്സിലാക്കുന്നുവോ അത്രയും നല്ലത്.

വിവ : ഹഫീദ് കൊച്ചി

Related Articles