Current Date

Search
Close this search box.
Search
Close this search box.

1992-ലെ നല്ല ഭീകരവാദവും 1993-ലെ ചീത്ത ഭീകരവാദവും

terror.jpg

1993 ജനുവരിയില്‍ ബോംബെ നഗരത്തില്‍ അരങ്ങേറിയ സ്‌ഫോടന പരമ്പരയിലെ കുറ്റവാളികളെ ശിക്ഷിച്ചു കൊണ്ട് 2017 സെപ്റ്റംബര്‍ 7-ന് ടാഡ കോടതി ജഡ്ജി ജി.എ സനാപ് വിധി പുറപ്പെടുവിച്ചതോടെ, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം നീണ്ടുനിന്ന ഭീകരവാദ കേസ് വിചാരണക്കായിരിക്കും ചിലപ്പോള്‍ അന്ത്യം കുറിച്ചിട്ടുണ്ടാവുക. വിചാരണയുടെ പ്രഥമഘട്ടത്തില്‍ കുറ്റക്കാരില്‍ 12 പേര്‍ക്ക് വധശിക്ഷയും, 20 പേര്‍ക്ക് ജീവപര്യന്തം തടവും പ്രത്യേക ടാഡ കോടതി ജഡ്ജ് പി.ഡി കോഢെ 2006 സെപ്റ്റംബര്‍ 12-ന് വിധിച്ചിരുന്നു. ഏറ്റവും പുതിയ കോടതി വിധിയോടെ മൊത്തം 123 കുറ്റാരോപിതരില്‍ 100 പേരും ശിക്ഷിക്കപ്പെട്ടു കഴിഞ്ഞു.

സബാഷ്! 1993 ജനുവരി മാസം 257 പേരെ കൊലപ്പെടുത്തുകയും, ബോംബെ നിവാസികളായ നൂറുകണക്കിന് നിരപരാധികളെ അംഗച്ഛേദം സംഭവിച്ചവരായി മാറ്റുകയും ചെയ്ത മുസ്‌ലിം ഭീകരവാദികള്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. കുറ്റക്കാരില്‍ നിരവധിപേര്‍ തൂക്കുമരത്തിലേക്ക് അയക്കപ്പെടുകയും, ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. എന്നാല്‍, അതേ നഗരത്തില്‍ 1992 ഡിസംബര്‍ മാസം ന്യൂനപക്ഷ സമുദായാംഗങ്ങളായ 575 പേരെ കൊന്നുതള്ളുകയും, നൂറുകണക്കിന് പേരെ പാതിജീവനോടെ അവശേഷിപ്പിക്കുകയും ചെയ്ത ഭീകരവാദികളുടെ അവസ്ഥ എന്താണ്. അതിന്റെ മുഖ്യസൂത്രധാരന്‍മാരില്‍ ചിലര്‍ പിന്നീട് ജനാധിപത്യ-മതേതര ഇന്ത്യയിലെ ഉന്നത ഭരണഘടനാപദവികള്‍ വഹിക്കുകയുണ്ടായി എന്നതാണ് വസ്തുത. ‘ഖാലിസ്ഥാനി ഭീകരവാദികളുടെ’ കാര്യത്തിലും ഇതുതന്നെയാണ് സത്യം. അവര്‍ തൂക്കിലേറ്റപ്പെടുകയും, കൊല്ലപ്പെടുകയും ചെയ്തു, പക്ഷെ 1984-ലെ സിഖ് കൂട്ടക്കൊലയുടെ കാര്യത്തില്‍ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ ഇന്ത്യന്‍ ഭരണകൂടത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

സങ്കടകരമെന്ന് പറയട്ടെ, സാമുദായികവും, ജാതീയവുമായ ഹിംസയുടെ കാര്യത്തില്‍ ഇന്ത്യക്ക് രണ്ട് തരത്തിലുള്ള നിയമങ്ങളാണുള്ളത്, ഒന്ന് ന്യൂനപക്ഷ/ദലിതുകള്‍ക്ക് വേണ്ടിയുള്ളതും, മറ്റേത് ഭൂരിപക്ഷ/ മേല്‍ജാതികള്‍ക്ക് വേണ്ടിയുള്ളതും. എപ്പോഴൊക്കെ ന്യൂനപക്ഷ/ദലിതുകള്‍ ദുരിതമനുഭവിക്കുന്നുവോ അപ്പോഴൊക്കെ ഇന്ത്യന്‍ ഭരണകൂടം കമ്മീഷനുകള്‍ രൂപീകരിക്കുന്ന കളി കളിക്കും. ന്യൂനപക്ഷങ്ങള്‍ക്കും, ദലിതുകള്‍ക്കും എതിരെയുള്ള ഹീനമായ കുറ്റകൃത്യങ്ങളുടെ ഓര്‍മ്മകള്‍ പൊതുമനസ്സില്‍ നിന്നും നീക്കംചെയ്യുന്നത് ഉറപ്പുവരുത്താനാണ് ഈ കമ്മീഷനുകള്‍. ഇത്തരത്തില്‍ പഠനാര്‍ഹമായ ഒരു കേസാണ് 1992-93 ബോംബെ കൂട്ടക്കൊല. എന്നാല്‍, കുറ്റകൃത്യം ചെയ്തത് ന്യൂനപക്ഷ/ദലിത് വിഭാഗങ്ങളില്‍ നിന്നുള്ളവരാണെങ്കില്‍, ശിക്ഷ അതിവേഗം നടപ്പാക്കപ്പെട്ടിരിക്കും. 1993 ജനുവരി സംഭവത്തിന് പിന്നിലെ കുറ്റക്കാര്‍ക്കുള്ള ശിക്ഷ ഉറപ്പുവരുത്തുന്നതാണ് ഏറ്റവും പുതിയ വിധി, പക്ഷെ 1992 ഡിസംബറില്‍ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട ആളുകളെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ ഏതാണ്ട് എല്ലാ ഹിന്ദുത്വ സംഘടനകള്‍ക്കും പങ്കുണ്ടെന്ന് ജസ്റ്റിസ് ബി.എന്‍ ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ടെങ്കിലും, കുറ്റാരോപിതരെ പേരിനൊന്ന് ചോദ്യംചെയ്യുക പോലും ഉണ്ടായിട്ടില്ല.

സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ഭരണസംവിധാനത്തിന്റെ ദൗര്‍ഭാഗ്യകരമായ ഒരു വശം എന്താണെന്നാല്‍, ന്യൂനപക്ഷ-ദലിത് വിഭാഗങ്ങള്‍ക്കെതിരെ വന്‍തോതിലുള്ള അക്രമത്തിന് രാജ്യം സാക്ഷിയാകുമ്പോഴെല്ലാം കുറ്റവാളികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം അനന്തമായി നീളുന്നത് കാണാം. കൂടാതെ വളരെ അപൂര്‍വ്വമായി മാത്രമേ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുകയുള്ളു. നെല്ലീ കൂട്ടക്കൊല (1983), സിഖ് കൂട്ടക്കൊല (1984), ഹാഷിംപുര മുസ്‌ലിം യുവാക്കളുടെ കസ്റ്റഡി കൂട്ടക്കൊല (1987), ബാബരി മസ്ജിദ് ധ്വംസനത്തിന് മുമ്പും ശേഷവും നടന്ന മുസ്‌ലിം വിരുദ്ധ കലാപം (1990-92), ഗുജറാത്ത് വംശഹത്യ (2002), കണ്ഡമാല്‍ ക്രിസ്ത്യന്‍ കൂട്ടക്കൊല (2008) തുടങ്ങി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ നടന്ന മുഖ്യ അക്രമസംഭവങ്ങള്‍ ഈ യാഥാര്‍ത്ഥ്യത്തിന്റെ സാക്ഷ്യപത്രമാണ്.

ദലിത് വിരുദ്ധ ഹിംസയുടെ അവസ്ഥയും വ്യത്യസ്തമല്ല. 1968 കില്‍വെന്‍മണി കൂട്ടക്കൊല, 1997 മേലാവളവു കൂട്ടക്കൊല, 2013 മറക്കാനം ദലിത് വിരുദ്ധ അക്രമം, 2012 ധര്‍മ്മപുരി ദലിത് വിരുദ്ധ കലാപം (ഇതെല്ലാം തമിഴ്‌നാട്ടില്‍ സംഭവിച്ചതാണ്), 1985 കരംച്ഛേഡു കൂട്ടക്കൊല, 1991 സുണ്ടൂര്‍ കൂട്ടക്കൊല (എല്ലാം ആന്ധ്രാപ്രദേശില്‍), 1996 ബഥനി ടോള കൂട്ടക്കൊല, 1997 ലക്ഷമണ്‍പൂര്‍ ബാത്തെ കൂട്ടക്കൊല (ബീഹാര്‍), 1997 മുംബൈ രമാഭായ് കൊലപാതകങ്ങള്‍, 2006 ഖൈര്‍ലഞ്ജി കൂട്ടക്കൊല, 2014 ജവ്‌ഖേദ കൂട്ടക്കൊല (മഹാരാഷ്ട്ര), 2000-ല്‍ കര്‍ണാടകയിലെ ജാതിക്കൊല, 2006-ല്‍ ചത്തപശുവിന്റെ തോല്‍ ഉരിഞ്ഞതിന്റെ പേരില്‍ അഞ്ച് ദലിതുകള്‍ മര്‍ദ്ദിക്കപ്പെട്ട് ജീവനോടെ ചുട്ടെരിക്കപ്പെട്ട സംഭവം, 2011 മിര്‍ച്ച്പൂര്‍ ദലിത് കൊലപാതകങ്ങള്‍ (എല്ലാം ഹരിയാന), 2015 ദംഗവാസ് ദലിത് വിരുദ്ധ കലാപം (രാജസ്ഥാന്‍) തുടങ്ങിയവ ദലിതുകള്‍ക്കെതിരെ നടന്ന ആയിരക്കണക്കിന് ആക്രമണങ്ങളില്‍ ചിലതുമാത്രമാണ്. കുറ്റവാളികളില്‍ ഭൂരിഭാഗത്തെയും ഇന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനേക്കാളുപരി, ഒട്ടുമിക്ക ദലിത് വിരുദ്ധ കലാപ കേസുകളിലെയും പ്രതികള്‍ക്കെതിരെ കൊലപാതക കേസ് ഉണ്ടായിരിക്കുമെങ്കിലും, അവര്‍ വെറുതെ വിടപ്പെടുകയോ, അല്ലെങ്കില്‍ ജാമ്യത്തില്‍ വിട്ടയക്കപ്പെടുകയോ ചെയ്യാറാണ് പതിവ്.

ജനാധിപത്യം, മതേതരത്വം, സമത്വം എന്നീ ഉന്നതമൂല്യങ്ങളോട് പ്രതിജ്ഞാബദ്ധരായ ഒരു ജനത എന്ന നിലക്ക്, മതഭ്രാന്തിനും, ജാതി അധീശത്വത്തിനും മുന്നില്‍ നാം തോറ്റുമുട്ടുമടക്കിയിട്ടില്ലെന്ന് നമുക്ക് തോന്നുവെങ്കില്‍, ഇത്തരത്തിലുള്ള ഇരട്ടനീതിയെ കുറിച്ച് വിമര്‍ശനാത്മകമായി അന്വേഷിക്കുന്നതില്‍ നിന്ന് നാം ഒരിക്കലും നാണിച്ച് പിന്‍മാറരുത്.

മൊഴിമാറ്റം: irshad shariathi
അവലംബം: countercurrents

Related Articles