Current Date

Search
Close this search box.
Search
Close this search box.

മഹല്ലുകളില്‍ വിദ്യാഭ്യാസ സമിതികള്‍ കാര്യക്ഷമമാകണം

signal.jpg

‘ഒരു പ്രദേശത്ത് ഒരു പണ്ഡിതന്‍, ഒരു ഡോക്ടര്‍, ഒരു എഞ്ചിനീയര്‍… ഉണ്ടായിരിക്കേണ്ടത് ഫര്‍ളുകിഫ(സാമൂഹ്യ ബാധ്യത)യാണ്’ എന്ന് ഇമാം ഗസ്സാലി(റ) പഠിപ്പിക്കുന്നു. ഇതില്‍ നിന്നു തന്നെ ഇസ്‌ലാമിക ഖിലാഫത്തിന്റെ തിരുശേഷിപ്പായ മഹല്ലിലെ ജനങ്ങളുടെ സേവനത്തിനും, സാംസ്‌കാരിക നിലനില്‍പിന്നും ആവശ്യമായ മനുഷ്യവിഭവങ്ങളെ ഉണ്ടാക്കിയെടുക്കുക എന്നത് അവരുടെ സാമൂഹ്യ ബാധ്യതയാണെന്ന് നമുക്ക് മനസ്സിലാക്കാം.

അഡ്മിനിസ്‌ട്രേഷന്‍ (ഭരണനിര്‍വഹണ) രംഗത്ത് ആളുകളുണ്ടാകുമ്പോള്‍ ഭൗതിക സമൂഹത്തില്‍ അംഗീകാരം ഉണ്ടാകും. അതിനാല്‍ തന്നെ ഈ സ്വാധീനം സംസ്‌കരണ രംഗത്ത് ഫലപ്രദമായി ഉപയോഗിക്കാന്‍ അയാള്‍ക്ക് കഴിയും. മാത്രമല്ല, ഒരാള്‍ സര്‍ക്കാര്‍ ജോലിയില്‍ എത്തുന്നതോടെ അവന്റെ മക്കളും കുടുംബവുമെല്ലാം വിദ്യാസമ്പന്നരായി മാറും. അതോടൊപ്പം തന്നെ കൃത്യമായ വരുമാനം ഉണ്ടാകുമ്പോള്‍ പൊതുവെ ശാസ്ത്രീയമായ ഫാമിലിയായിരിക്കും. ജോലിയില്‍ പ്രവേശിച്ചാലും വായന ശീലമുള്ളതുകൊണ്ട് കാര്യങ്ങളെ കുറിച്ച് ബോധവാന്മാരാകും. പുരുഷന്മാര്‍ക്ക് വിദ്യാഭ്യാസം ഉണ്ടാകുന്നതു കൊണ്ട് പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും വിദ്യാഭ്യാസ രംഗത്ത് ഉണര്‍വുണ്ടാകും.മാത്രമല്ല ഇന്ന് സമൂഹം അനുഭവിക്കുന്ന ധാര്‍മിക-കുടംബ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ ഇതിലൂടെ പരിഹാരമുണ്ടാകുകയും ചെയ്യും – .ഇത്തരം സ്വാഭാവികമായ ഫലങ്ങള്‍ നിരവധിയാണ്.

ഓരോ മഹല്ലിന് കീഴിലും വിദ്യാഭ്യാസ സമിതികള്‍ രൂപപ്പെടേണ്ടതുണ്ട്. വിദ്യാഭ്യാസ സമിതിക്ക മുഴുവന്‍ ജനങ്ങളുടെയും പിന്തുണയും പങ്കാളിത്തവും ഉണ്ടായിരിക്കുക എന്നത് വളരെ പ്രധാനമാണ്. മഹല്ല് കമ്മറ്റി മഹല്ലിലെ വിവിധ കാര്യങ്ങള്‍ ഏറ്റെടുത്തു നിര്‍വഹിക്കുന്നതു പോലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ അര്‍ഥത്തിലുമുള്ള പിന്തുണ നല്‍കണം. യുവാക്കളും വിദ്യാസമ്പന്നരും ഉദ്യോഗസ്ഥന്മാരും ചേര്‍ന്ന ഒരു ബോഡിയാണ് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത്. റമദാന്‍ പോലുള്ള സന്ദര്‍ഭങ്ങളില്‍ ഒരു വര്‍ഷത്തേക്കുള്ള കമ്മറ്റിയെ ജനറല്‍ബോഡി ചേര്‍ന്നുകൊണ്ട് തെരഞ്ഞെടുക്കുക. വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കുക. ഓരോ പരിപാടിയും മഹല്ലില്‍ തന്നെയുള്ള ഓരോ കണ്‍വീനര്‍മാരെ നിയമിച്ച് അവരുടെ ഉത്തരവാദിത്വത്തില്‍ നടത്തുകയാണെങ്കില്‍ നേതൃശേഷിയും സംഘാടന മികവുമുള്ള കുറേ പേരെ വളര്‍ത്തിയെടുക്കാനും സാധിക്കും. മദ്രസാ ബില്‍ഡിങ്ങുകളെല്ലാം ഇതിന് ഉപയോഗപ്പെടുത്താവുന്നതാണ്.

എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ഥികളെ നിരന്തരമായി ശ്രദ്ധിക്കുക, ആവശ്യമായ ഗൈഡന്‍സ്, കൗണ്‍സിലിങ്ങ് ക്ലാസുകള്‍ അവര്‍ക്ക് നല്‍കുക. അവരില്‍ ധാര്‍മിക ബോധം പകര്‍ന്നുനല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ സമിതിയുടെ ഭാഗത്ത് നിന്നുണ്ടാവേണ്ടതുണ്ട്. പിന്നീട് വ്യത്യസ്ത മത്സര പരീക്ഷകളെ പറ്റി അറിയിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുന്ന സ്ഥലങ്ങളില്‍ നോട്ടീസ് ബോര്‍ഡ് തയ്യാറാക്കുക. യോഗ്യരായവര്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുക. അവര്‍ക്ക് പഠിക്കാനുള്ള സജ്ജീകരണങ്ങളും കരിയര്‍ ഗൈഡന്‍സ് ക്ലാസുകളും സംഘടിപ്പിക്കുക. ക്ലാസുകള്‍ പൊതുവില്‍ നടത്തുകയാണെങ്കില്‍ അത് മഹല്ലിന്റെ പൊതുമുഖം നിലനിര്‍ത്താന്‍ സഹായകമാകും. നാടിന്റെ സാഹചര്യങ്ങള്‍ക്കനുസരിച്ച് രക്ഷിതാക്കള്‍ക്ക് പാരന്റിംഗ്, കൗണ്‍സിലിംഗ് ക്ലാസുകളും മദ്രസ അധ്യാപകര്‍ക്ക് ടീച്ചേര്‍സ് ട്രൈനിംഗ് ക്ലാസുകളും സംഘടിപ്പിക്കാം.

കുറ്റിയാടി കേന്ദ്രീകരിച്ച പ്രവര്‍ത്തിക്കുന്ന സീഗേറ്റ് പോലുള്ള സംഘടനകള്‍ ഇതിന് മികച്ച മാതൃകയാണ്. സീ ഗേറ്റ് ഇപ്പോള്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന മേഖലയിലെ 150-ഓളം ബ്രൈറ്റായ കുട്ടികളെ കണ്ടെത്തി അവര്‍ക്ക് സിവില്‍ സര്‍വീസിന്റെ അടിസ്ഥാനങ്ങളെ കുറിച്ച് ഓരോ ഞായറാഴ്ചയും പരിശീലനം  നല്‍കിവരുന്നു. പ്ലസ് ടു കഴിയുന്നതുവരെ അഞ്ചു വര്‍ഷമാണ് ഇത് നല്‍കുന്നത്. ഓരോ വര്‍ഷവും പ്രത്യേക എന്‍ട്രന്‍സ് പരീക്ഷ നടത്തി വിദഗ്ധരായ ആളുകളുടെ മേല്‍ നോട്ടത്തിലാണ് സിഗേറ്റ് ഇപ്രകാരം ചെയ്യുന്നത്.

പ്ലസ് ടു, ഡിഗ്രി പഠിക്കുന്ന വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുക എന്നത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ നടക്കേണ്ട പ്രധാന പരിപാടിയായിരിക്കണം. മുമ്പ് എസ് എസ് എല്‍ സി ,പ്ലസ് ടു പരാജയപ്പെവര്‍ക്ക് അവരുടെ യോഗ്യതക്കനുസരിച്ചുള്ള പ്രത്യേക പരീക്ഷകളുണ്ട്. അവയിലും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇലക്ട്രിസിറ്റി മസ്ദൂര്‍ എസ് എസ് എല്‍ സി പാസ്സാകാത്തവര്‍ക്ക് മാത്രം പങ്കെടുക്കാന്‍ കഴിയുന്ന പരീക്ഷകയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ട്രാവന്‍കൂറിന്റെ പ്യൂണ്‍ പരീക്ഷ പ്ലസ് ടു പാസ്സാകാത്തവര്‍ക്ക് മാത്രമുള്ളതാണ്. ഇത്തരത്തില്‍ നിരവധി സാധ്യതകളുണ്ട്.

എല്‍ ഡി ക്ലര്‍ക്കിന് ഇപ്പോള്‍ സമൂഹം വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. കാരണം പെട്ടെന്ന് പ്രൊമോഷന്‍ കിട്ടുന്ന സര്‍ക്കാറിലെ നല്ലൊരു തസ്തികയാണ്. എസ് എസ് എല്‍ സി പാസ്സായവര്‍ക്കും ഈ പരീക്ഷയില്‍ പങ്കെടുക്കാം എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. പിന്നീട് ഓരോരുത്തരുടെയും യോഗ്യതയനുസരിച്ച് എത്ര ഉന്നതിയിലും എത്താന്‍ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്. ഡിഗ്രി കഴിഞ്ഞിട്ട് ലഭിക്കുന്ന സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, സബ് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവയെല്ലാം അഡ്മിനിസ്‌ട്രേഷന്‍ രംഗത്ത് നല്ല സാധ്യതയുള്ള തസ്തികകളാണ്. പെട്ടെന്ന് പ്രൊമോഷന്‍ ലഭിക്കുകയും റിട്ടയര്‍ ചെയ്യുമ്പോഴേക്കും അണ്ടര്‍ സെക്രട്ടറിയോ ഐ പി എസോ കിട്ടാന്‍ സാധ്യതയുള്ള പോസ്റ്റാണിത്.

പഠന രംഗത്ത് മികവ് പുലര്‍ത്തുന്ന കുട്ടികളെ കണ്ടെത്തി ആവശ്യമായ ഗൈഡന്‍സുകളും പഠന സഹായങ്ങളും നല്‍കുകയാണെങ്കില്‍ ഭാവിയില്‍ മഹല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ ഒരു മുതല്‍ക്കൂട്ടാകും.സര്‍ക്കാര്‍ സര്‍വീസ് രംഗത്തുള്ളവര്‍ പൊതുവെ ഇന്ന് മതപരമായ ബോധവുമുള്ളവരായിട്ടാണ് കാണുന്നത്. മഹല്ലിന്റെ സഹായ സഹകരണത്തോടെ ഇത്തരം തസ്തികകളില്‍ എത്തിപ്പെടുന്നവര്‍ക്ക് മഹല്ലിനോട് ഉത്തരവാദിത്തം സ്വാഭാവികമായും ഉണ്ടാകും. മഹല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും അവ സഹായകരമാകുകയും ചെയ്യും.

Related Articles