Current Date

Search
Close this search box.
Search
Close this search box.

മനുഷ്യകവചത്തിന്റെ കാര്യത്തിലും അന്താരാഷ്ട്ര നിയമം ഇല്ലേ?

human-sheild.jpg

ബ്രിട്ടീഷ് രാജിന്റെ തകര്‍ച്ചയോടെ ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും മൂന്ന് സൈന്യമായി രൂപപ്പെട്ടത് മുതല്‍ ആധുനിക ഇന്ത്യന്‍ സൈന്യം ചില സവിശേഷതകള്‍ കാത്തുസൂക്ഷിക്കുന്നുണ്ട്. പാകിസ്താനിലെയും ബംഗ്ലാദേശിലെയും സൈന്യങ്ങളെ പോലെ ഇന്ത്യന്‍ സൈന്യം അട്ടിമറി നടത്തുകയോ പ്രാദേശിക രാഷ്ട്രീയത്തില്‍ ഇടപെടുകയോ ചെയ്യാറില്ല. കലാപബാധിത പ്രദേശങ്ങളില്‍ പോലും ഇന്ത്യന്‍ സൈന്യം ഹൃദയങ്ങളെയും മനസ്സുകളെയും കീഴടക്കുന്ന അഭിമാനകരമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ നിലവിലെ രാഷ്ട്രീയ വ്യവഹാരത്തില്‍ പ്രസ്തുത പ്രവണതക്ക് മങ്ങലേല്‍ക്കുന്നതായിട്ടാണ് കാണപ്പെടുന്നത്.

കഴിഞ്ഞ മാസം ജമ്മു കാശ്മീരില്‍ ഒരാളെ തന്റെ ജീപ്പിന്റെ ബോണറ്റില്‍ കെട്ടിവെച്ച മേജര്‍ നിതിന്‍ ഗോഗോയ്ക്ക് ഇന്ത്യന്‍ സൈന്യം പിന്തുണ പ്രഖ്യാപിക്കുന്ന പുതിയ പ്രവണതയാണിപ്പോള്‍ പ്രകടമായിട്ടുള്ളത്. ‘തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നേരിടുന്നതിലുള്ള നിരന്തര ശ്രമങ്ങളുടെ’ പേരില്‍ കരസേനാ മേധാവി ജനറല്‍ വിപിന്‍ റാവത്ത് അദ്ദേഹത്തിന് പ്രശംസാപത്രം നല്‍കിയിരിക്കുന്നു.

ഏത് സൈന്യമാണൈങ്കിലും ‘മനുഷ്യകവചം’ ഉപയോഗിക്കുന്നത് അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണ്. യഥാര്‍ത്ഥത്തില്‍ സാധാരണ ജനങ്ങളുടെ ജീവന് ദ്രോഹമുണ്ടാക്കുന്നത് തടയുന്ന അടിസ്ഥാന ഏറ്റുമുട്ടല്‍ വ്യവസ്ഥകള്‍ക്ക് നിരക്കാത്തതാണത്. ജനീവ കണ്‍വെന്‍ഷനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് രൂപം നല്‍കിയ റോം പ്രമാണവും മനുഷ്യകവചത്തിന്റെ ഉപയോഗത്തെ യുദ്ധക്കുറ്റമായിട്ടാണ് പരിഗണിക്കുന്നത്. ഈ ഏറ്റുമുട്ടല്‍ മാനദണ്ഡങ്ങള്‍ അവഗണിക്കാന്‍ ഒരുപക്ഷേ സൈന്യത്തെ പ്രേരിപ്പിച്ചത് ഭരണകക്ഷിയായ ബി.ജെ.പിയുടെ അകമഴിഞ്ഞ രാഷ്ട്രീയ പിന്തുണയായിരിക്കാം.

വിരോധാഭാസമെന്ന് പറയട്ടെ, അന്താരാഷ്ട്ര നിയമം ഉപയോഗിച്ച പാകിസ്താന്‍ പട്ടാളക്കോടതി വധശിക്ഷ വിധിച്ചിരിക്കുന്ന ഇന്ത്യന്‍ പൗരന്‍ കല്‍ഭൂഷണ്‍ യാദവിനെ മോചിപ്പിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം ശ്രമിച്ചു കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണിത് സംഭവിക്കുന്നത്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഇന്ത്യ പ്രാഥമിക വിജയം നേടിക്കഴിഞ്ഞിരിക്കുകയാണ്. കേസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് വരെ അദ്ദേഹത്തിന്റെ വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തിരിക്കുകയാണ് കോടതി. അതേ കോടതിയാണ് മനുഷ്യകവചം ഉപയോഗിക്കുന്നത് വിലക്കിയിരിക്കുന്നത്. യാദവിന്റെ കേസില്‍ പാകിസ്താന്‍ ആഭ്യന്തര നിലപാടിന് പരിഗണന നല്‍കുമ്പോള്‍ അന്താരാഷ്ട്ര നിയമങ്ങളെ അവഗണിക്കുന്നതായിട്ടാണ് കാണുന്നത്. മനുഷ്യകവചത്തിന്റെ ഉപയോഗം അന്താരാഷ്ട്ര സമൂഹത്തില്‍ രാജ്യത്തിന്റെ സ്ഥാനത്തെ ഏതര്‍ത്ഥത്തില്‍ ബാധിക്കുമെന്ന് ഇന്ത്യ പരിഗണിക്കേണ്ടതുണ്ട്.

അതിലുപരിയായി കാശ്മീരില്‍ ആളുകളുടെ മനസ്സും ഹൃദയവും നേടിയെടുക്കലാണ് ഇന്ത്യയുടെ ലക്ഷ്യമെങ്കില്‍ മനുഷ്യകവചത്തിന്റെ ചിത്രം – സൈനിക ജീപ്പിന് മുന്നില്‍ ബന്ധിക്കപ്പെട്ടിരിക്കുന്ന നിസ്സഹായനായ ഒരാളുടെ ചിത്രം – പ്രചരിപ്പിക്കപ്പെട്ട ഏറ്റവും മോശപ്പെട്ട കാര്യമായിരിക്കാം. കാശ്മീരിന്റെ മാത്രം വിഷയമല്ല ഇത്. മനുഷ്യനെ കവചമായി ഉപയോഗിക്കുന്നതിലെ ക്രൂരത രാജ്യത്തുടനീളമുള്ള പൊതുഇടപെടലുകളെയും ബാധിച്ചിട്ടുണ്ട്. ‘സൈനിക ജീപ്പിന് മുമ്പില്‍ കല്ലെറിഞ്ഞവര്‍ക്ക് പകരം അരുന്ധതി റോയിയെയായിരുന്നു കെട്ടിയിടേണ്ടിയിരുന്നത്’ എന്ന് പറഞ്ഞ ബി.ജെ.പി എംപി പരേഷ് റാവലിന്റെ ട്വീറ്റ് ഒരുദാഹരണം മാത്രമാണ്.

മനുഷ്യകവചം ഉപയോഗിക്കുന്നതിന്റെ ക്രൂരത കാശ്മീരികളെ മാത്രമല്ല ബാധിക്കുന്നതെന്നാണ് നീചമായ പ്രസ്താവന അര്‍ത്ഥമാക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ തന്നെ അറിയപ്പെടുന്ന എഴുത്തുകാരിയായ അരുന്ധതിക്ക് നേരെ ഭരണകക്ഷി എം.പി ഭീഷണി ഉയര്‍ത്തിയെങ്കില്‍, ഭരണകൂടത്തെ എതിര്‍ക്കാന്‍ ധൈര്യപ്പെടുന്ന അത്രയൊന്നും പ്രസിദ്ധരല്ലാത്ത ഒരാളുടെ അവസ്ഥ എന്തായിരിക്കുമെന്ന് നമുക്ക് സങ്കല്‍പിക്കാവുന്നതേയുള്ളൂ.

അവലംബം: scroll.in

Related Articles