Current Date

Search
Close this search box.
Search
Close this search box.

എന്താണ് നാം ഇനിയും ഉണരാന്‍ മടിക്കുന്നത്?

chapterhill.jpg

അങ്ങേയറ്റം ഭീതിയോടെയും ഞെട്ടലോടെയുമാണ് അമേരിക്കയിലെ ചാപ്പല്‍ ഹില്ലില്‍ നടന്ന മൂന്ന് മുസ്‌ലിം യുവമിഥുനങ്ങളുടെ കൊലപാതക വാര്‍ത്ത ഞാന്‍ പത്രത്തില്‍ വായിച്ചത്. അസ്വസ്ഥകളിലാത്തതും, എല്ലാവരും സമാധാനത്തോടെ ജീവിക്കാവുന്നതുമായ ഒരു ലോകത്തെ കുറിച്ച് മാത്രം ചിന്തിക്കുന്ന എല്ലാ സുബോധമുള്ള ആളുകള്‍ക്കുമുള്ള ഒരു ഉണര്‍ത്തലായി ഈ സംഭവം മാറേണ്ടതുണ്ട്.

ശക്തരായ മാധ്യമമുതലാളിമാര്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് തെറ്റായ ധാരണകള്‍ സൃഷ്ടിക്കുകയും, അവരെ കുറിച്ചുള്ള വാര്‍പ്പുമാതൃകകള്‍ ഉണ്ടാക്കുകയും ചെയ്യുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ആശ്ചര്യമുണര്‍ത്തുന്ന കാര്യമല്ല. നശിപ്പിക്കപ്പെടേണ്ടവരും, ഉന്മൂലനം ചെയ്യപ്പെടേണ്ടവരുമായ ഭീകരന്‍മാരാണ് മുസ്‌ലിംകള്‍ എന്ന് ചിത്രീകരിക്കുകയാണ് അവരുടെ പ്രധാന ഉദ്ദേശം. ‘ഇല്ലാതാക്കേണ്ട വിപത്താണ് മുസ്‌ലിംകള്‍’, ‘ആണവായുധം ഉപയോഗിച്ച് മക്ക തകര്‍ക്കുക തന്നെ വേണം’ എന്ന് തുടങ്ങിയ വാചകകസര്‍ത്തുകള്‍ നിരന്തരമായി ടെലിവിഷനിലൂടെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്.

ഉന്മൂലനം ചെയ്യപ്പെടേണ്ട ‘ശത്രുക്കളാണ്’ മുസ്‌ലിംകള്‍ എന്ന് ചിത്രീകരിക്കാന്‍ പെടാപാടുപെടുന്ന യുദ്ധക്കൊതിയന്‍മാരുടെ ഉടമസ്ഥതയിലാണ് മാധ്യമങ്ങളില്‍ ഭൂരിഭാഗവും എന്ന് കാണാന്‍ സാധിക്കും. ഈ ലക്ഷ്യം നേടിയെടുക്കുന്നതിന് വേണ്ടി ലഭ്യമായ എല്ലാ വിദ്യാഭ്യാസപരവും സാങ്കേതികവുമായ വിഭവങ്ങളും അവരാണിപ്പോള്‍ നിയന്ത്രിക്കുന്നത്.

ഇസ്‌ലാമോഫോബിയയുടെ ഒരു ഉല്‍പ്പന്നമാണിത്, പെരുംനുണകളും, വ്യാജവാര്‍ത്തകള്‍ പടച്ചുണ്ടാക്കലും അമേരിക്കയില്‍ മാത്രം മില്ല്യന്‍ കണക്കിന് ഡോളര്‍ വരുമാനമുണ്ടാക്കിത്തരുന്ന ബിസിനസ് മേഖലയാണ്. ഇസ്‌ലാമിനെ കരിവാരിതേക്കാന്‍ പുത്തന്‍ രീതികള്‍ ആവിഷ്‌കരിച്ച് എളുപ്പത്തില്‍ പണം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരെ ബിസിനസ് തമ്പുരാക്കന്‍മാര്‍ വലയെറിഞ്ഞ് പിടിക്കുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. പേരുകേട്ട സര്‍വകലാശാലകളില്‍ പോലും ഉന്നത ജോലികളില്‍ പ്രവേശിക്കാന്‍ ഇസ്‌ലാം വിരുദ്ധത ഒരു തുറുപ്പുചീട്ടായി ഉപയോഗിക്കുന്നവരുടെ എണ്ണവും കുറവല്ല. മികച്ച നിലവാരവും യോഗ്യതകളുമുള്ള അക്കാദമീഷ്യന്‍മാര്‍ക്ക് പോലും ഈ ‘വ്യാജ സ്‌പെഷലിസ്റ്റ്’ കളുടെ മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കാറില്ല.

മാധ്യമ സ്വാതന്ത്ര്യം മാധ്യമ മുതലാളിമാര്‍ തീരുമാനിക്കുന്നതാണെന്ന വിരോധാഭാസം മുസ്‌ലിംകള്‍ നന്നായി മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ഈ ചോദ്യം ഉയരുന്നത്: നമ്മുടെ സമുദായത്തിലെ കോടീശ്വരന്‍മാര്‍ എവിടെപ്പോയി? യാതൊരു വിലയുമില്ലാത്ത കാര്യങ്ങള്‍ക്ക് വേണ്ടി അമൂല്യമായ വിഭവങ്ങള്‍ പാഴാക്കി കളയുന്നതിന് പകരം, ഇസ്‌ലാമിനെ കുറിച്ചും മുസ്‌ലിംകളെ കുറിച്ചുമുള്ള യഥാര്‍ത്ഥ സത്യങ്ങള്‍ വിളിച്ചു പറയുന്നതിന് വേണ്ടി ശ്രദ്ധേയമായ ഒരു മാധ്യമ സംരംഭം ഒരുമിച്ച് നിന്ന് തുടങ്ങാന്‍ അവര്‍ക്ക് സാധിക്കില്ലേ?

അധികാര വര്‍ഗത്തിന് മുന്നില്‍ എഴുന്നേറ്റ് നിന്ന് സത്യം വിളിച്ചു പറയാന്‍ കെല്‍പ്പുള്ള സാമൂഹിക ശാസ്ത്രജ്ഞന്‍മാരെയും മാധ്യമപ്രവര്‍ത്തകരെയും വാര്‍ത്തെടുക്കാന്‍ ഈ വിഭവങ്ങള്‍ ഉപയോഗപ്പെടുത്താമെന്നിരിക്കെ, ഹജ്ജും ഉംറയും വീണ്ടും വീണ്ടും നിര്‍വഹിക്കുന്നതിന് വേണ്ടി മക്കയിലേക്കും മദീനയിലേക്കും കൂട്ടംകൂട്ടമായി നീങ്ങാറുള്ള ദശലക്ഷകണക്കിന് വരുന്ന ദൈവഭക്തര്‍ എവിടെ പോയിരിക്കുകയാണ്?

ജീവനുള്ള ഒരു സമൂഹമായി തുടര്‍ന്നും ജീവിക്കാന്‍ നാം ആഗ്രഹിക്കുന്ന ഈ ആധുനിക ലോകത്ത് നമ്മുടെ മുന്‍ഗണനാ ക്രമത്തില്‍ എന്തൊക്കെയാണ് മുന്‍പന്തിയില്‍ വരേണ്ടത് എന്ന കാര്യത്തില്‍ പെട്ടെന്ന് തന്നെ ഒരു തീരുമാനത്തിലെത്താനുള്ള ഒരു ഉണര്‍ത്തലായി മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇത്തരം ഭീതിപ്പെടുത്തുന്ന വാര്‍ത്തകള്‍ മാറണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍

Related Articles