Current Date

Search
Close this search box.
Search
Close this search box.

അറബ് വസന്തത്തിന് ശേഷം സംഭവിച്ചത്

arab-spring.jpg

അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് അറബ് വസന്തത്തിന്റെ പരിമളം പശ്ചിമേഷ്യയാകെ അടിച്ചുവീശിയപ്പോള്‍ മേഖല പുരോഗതിയിലേക്ക് കുതിക്കുന്നതിനുള്ള ശുഭസൂചനയായിരുന്നു നല്‍കിയത്. പക്ഷേ, വളരെ പെട്ടെന്നാണ് എല്ലാം തകിടം മറിഞ്ഞത്. കാര്യങ്ങള്‍ മോശമാവുക മാത്രമല്ല ചീഞ്ഞ് നാറാനും തുടങ്ങി. ദൈവിക ഇടപെടല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു പരിവര്‍ത്തനം എങ്ങനെ കാര്യങ്ങള്‍ ഇത്രമേല്‍ വഷളാക്കിയെന്ന് രാഷ്ട്രീയ വിദഗ്ധരൊക്കെ തല പുകക്കുന്നു. പക്ഷേ, തെറ്റായ നിഗമനങ്ങളാണ് ഈ വിഷയത്തില്‍ ഏറെയും പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

പാശ്ചാത്യന്‍ ഇടപെടലും അറബ് യുവതയുടെ എടുത്തുചാട്ടവും കാര്യങ്ങളെ കീഴ്‌മേല്‍ മറിച്ചെന്നതാണ് പശ്ചിമേഷ്യന്‍ മാധ്യമങ്ങളില്‍ പൊതുവേ പ്രചരിക്കുന്ന വാദം. എന്നാല്‍ അറബികള്‍ പ്രതീക്ഷ നശിച്ചവരും ഇസ്‌ലാം ജനാധിപത്യത്തിന് ചേരാത്ത ആദര്‍ശവുമായത് കൊണ്ടാണ് വിപ്ലവം അട്ടിമറിക്കപ്പെട്ടതെന്ന് പാശ്ചാത്യരും നിരീക്ഷിക്കുന്നു. ഐ.എസിന്റെ വളര്‍ച്ചയിലേക്ക് നയിച്ച പ്രധാന ഘടകം അറബ് വസന്തമാണെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടവുമുണ്ട്. എന്നാല്‍ ഇവയൊക്കെ അറബ് വസന്തത്തെ കുറിച്ചും സമകാലിക പശ്ചിമേഷ്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചുമുള്ള തെറ്റായ വായനകളാണ്.

സൈനികമായി ജനാധിപത്യം നടപ്പിലാക്കാനുള്ള അമേരിക്കയുടെ നവയാഥാസ്ഥിതിക ശ്രമങ്ങള്‍ക്കെതിരെയുള്ള ആധികാരികവും സമര്‍ത്ഥവുമായ പ്രതികരണമായിരുന്നു യഥാര്‍ത്ഥത്തില്‍ അറബ് വസന്തം. അറബ് നാടുകളില്‍ വസിക്കുന്ന മുസ്‌ലിംകളും ക്രിസ്ത്യാനികളും പാശ്ചാത്യ പൗരന്മാരെ പോലെ തന്നെ ആഗോള മനുഷ്യാവകാശങ്ങളെയും നീതിയെയും രാഷ്ട്രീയ സ്വാതന്ത്ര്യത്തെയും മാനിക്കുന്നവരാണ് എന്ന് അറബ് വസന്തം ലോകത്തിന് മുന്നില്‍ തെളിയിച്ചു. ജനമുന്നേറ്റത്തെ നയിച്ച യുവനേതാക്കള്‍ക്ക് പിഴച്ചിട്ടുണ്ടെങ്കില്‍ അത് അവര്‍ പ്രവര്‍ത്തിക്കാന്‍ മടിച്ചു നിന്നതുകൊണ്ടല്ല, മറിച്ച് വേണ്ടരീതിയില്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കാത്തത് കൊണ്ട് മാത്രമായിരിക്കും. ഉദാഹരണത്തിന് അവര്‍ അവരുടെ മുദ്രാവാക്യങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളും പൊതുപരിപാടികളും സൃഷ്ടിച്ച് ബഹുജനത്തിന്റെ പിന്തുണ ആര്‍ജിക്കുന്ന തരത്തിലേക്ക് മാറ്റിയെടുത്തില്ല.

സ്വേച്ഛാധിപത്യത്തിന്റെ വേരുകള്‍ പിഴുതെറിയപ്പെട്ടപ്പോള്‍ രംഗം കൈക്കലാക്കിയ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് പോലും അറബ് തെരുവുകളിലും ചത്വരങ്ങളിലും ഉയര്‍ന്ന വിപ്ലവവികാരത്തെ മുതലെടുക്കാനായില്ല. ബഹുസ്വരതയെയും ജനാധിപത്യ സംവിധാനത്തെയും ശക്തിപ്പെടുത്തുന്നതിന് പകരം ബാലറ്റ് ബോക്‌സിലൂടെയാണെങ്കിലും തങ്ങളുടെ അധികാരം ഉറപ്പിക്കാന്‍ വേണ്ടിയാണ് ഇസ്‌ലാമിസ്റ്റുകള്‍ ശ്രമിച്ചത്. ഇത് ജനങ്ങളുടെ പിന്തുണ പൂര്‍ണമായി ആര്‍ജിക്കുന്നതിന് വിഘാതമായി. ടുണീഷ്യയില്‍ സംഭവിച്ചത് പോലെ നീതിയിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ ഒരു സമൂഹനിര്‍മിതിക്ക് വേണ്ടിയായിരുന്നു ശ്രമിച്ചിരുന്നതെങ്കില്‍ സ്ഥിതിഗതികള്‍ സമാധാനപരമായി മുന്നേറുമായിരുന്നു.

സിറിയ, ലിബിയ, യെമന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ രാഷ്ട്രീയ സ്ഥിതിയെ ഇത്രത്തോളം വഷളാക്കിയത് തക്കം പാര്‍ത്തിരുന്ന പഴയ രാഷ്ട്രീയ-വ്യവസായ-സൈനിക മേലാളന്മാരായിരുന്നു. ജനാധിപത്യത്തെ അട്ടിമറിച്ച് തങ്ങളുടെ തിരിച്ചുവരവിന് കളമൊരുക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. ജനങ്ങളെ നിലക്ക് നിര്‍ത്താനും തങ്ങളുടെ പഴയ പ്രതാപം വീണ്ടെടുക്കാനും അവര്‍ ഐ.എസിനെ സൃഷ്ടിച്ചു. അതേസമയം, നിലവിലെ അവസ്ഥകളെ വിമര്‍ശിക്കുന്നവര്‍ തങ്ങള്‍ക്ക് ലഭിച്ച ചരിത്രമുഹൂര്‍ത്തത്തെ ഉപയോഗപ്പെടുത്തിയില്ല എന്നത് തന്നെയാണ് പ്രദേശത്ത് സംഭവിക്കുന്ന രക്തച്ചൊരിച്ചിലിന്റെ കാരണവും. സമാധാനപരമായി സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി മുദ്രവാക്യം വിളിച്ചത് വളരെ പെട്ടെന്ന് കോളനിവല്‍ക്കരണാനന്തര അറബ് നാടുകളുടെ ശൈഥില്യം വെളിവാക്കുന്ന അവസ്ഥയിലേക്കെത്തി. അറബ് വസന്താനന്തര സംഭവവികാസങ്ങള്‍ അറബ് ഐക്യത്തിലേക്ക് നയിച്ചിരുന്നുവെങ്കില്‍ അത് പ്രതീക്ഷാവഹമാണ്. എന്നാല്‍ പരസ്പരം വൈരം വെച്ച് പുലര്‍ത്താനും ഭിന്നിക്കാനും കൊല്ലാനുമാണ് അറബ് സമൂഹങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

അപകടകരമല്ലാത്ത ഒരു രാഷ്ടട്രീയ മാറ്റത്തിന് ശ്രമിക്കുന്നതിന് പകരം, കൂടുതല്‍ ദുരിതങ്ങളിലേക്കാണ് രാജ്യങ്ങള്‍ നടന്നുചെല്ലുന്നത്. ഭീതിയും അരക്ഷിതാവസ്ഥയും നിറഞ്ഞ അന്തരീക്ഷം ജനങ്ങളെ വംശീയവും പ്രാദേശികവുമായ രീതിയിലാണ് ഒന്നിപ്പിച്ചത്. അത് രാജ്യങ്ങളുടെ അഖണ്ഡതക്കും ഐക്യത്തിനും വലിയ വിഘാതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. രാജ്യത്തെ വിഭജിക്കാനും കീറിമുറിക്കാനും അവര്‍ മുറവിളി കൂട്ടുന്നു. 2003-ലെ അമേരിക്കന്‍ അധിനിവേശത്തിന് ശേഷം ഇറാഖില്‍ സംഭവിച്ചത് ഇതാണ്.

മുന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ് പറഞ്ഞ ‘പുതിയ പശ്ചിമേഷ്യയ്ക്ക് വേണ്ടിയുള്ള പേറ്റുനോവ്’ ഇന്ന് പ്രദേശം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പശ്ചിമേഷ്യയെ ഈയൊരു അവസ്ഥയിലേക്ക് കൂപ്പുകുത്തിച്ചതിനുള്ള ഉത്തരവാദിത്വം പലരും ഏറ്റെടുക്കേണ്ടി വരും. പ്രത്യേകിച്ച്, ഉയര്‍ന്ന പന്തയത്തുകയും കുറഞ്ഞ മനസ്സാക്ഷിയുമുള്ള മോസ്‌കോവിലെയും തെഹ്‌റാനിലെയും കളിക്കാര്‍. എന്നാല്‍ പാശ്ചാത്യന്‍ ശക്തികളില്‍ നിന്ന് വ്യത്യസ്തമായി റഷ്യയും ഇറാനും ഒരിക്കലും അറബ് വസന്തത്തെ കുറിച്ചോ അതിന്റെ ഫലങ്ങളോ കുറിച്ചോ സംസാരിക്കാതെ മൗനം ദീക്ഷിച്ചു. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരയുദ്ധങ്ങളില്‍ ഇടപെടുന്നത് കൊണ്ട് യാതൊരു ഗുണവുമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ സമ്മതിക്കുകയുണ്ടായി. എന്നാല്‍ പശ്ചിമേഷ്യയെ രക്ഷിക്കുന്നതിന് അമേരിക്കക്ക് ചെയ്യാമായിരുന്ന കുറേ കാര്യങ്ങളുണ്ട്. പ്രദേശത്തെ രാഷ്ട്രീയ അസ്ഥിരത മുതലെടുക്കാതെ ഇന്ന് നടത്തുന്ന ഐ.എസ് വിരുദ്ധ പോരാട്ടങ്ങള്‍ നേരത്തെ ആരംഭിക്കാമായിരുന്നു. അറബ് വസന്താനന്തരം ഈജിപ്ഷ്യന്‍ യുവത്വത്തിന് അനുകൂലമായി സംസാരിക്കാമായിരുന്നു. സിറിയന്‍ ജനത നേരിടുന്ന ബോംബ് വര്‍ഷങ്ങള്‍ തടനാനായി നടപടികള്‍ കൈക്കൊള്ളാമായിരുന്നു. എന്നാല്‍ ഇതൊന്നും അമേരിക്കയുടെ ഭാഗത്തു നിന്നുണ്ടായില്ല. അമേരിക്കയും മറ്റ് പാശ്ചാത്യശക്തികളും നിഗൂഢമായ മൗനം കൈക്കൊണ്ടു.

ഒരു സ്വേച്ഛാധിപതി അധികാര ഭ്രഷ്ടനാക്കപ്പെടുമ്പോള്‍ അതിനു ശേഷം എന്ത് എന്നതിന് കൃത്യമായ ആസൂത്രണവും സംഘാടനവും ഇല്ലെങ്കില്‍ അത് വിനാശകരമായ ആഭ്യന്തരയുദ്ധങ്ങളിലേക്കാണ് വഴിവെക്കുക  എന്ന ലിബിയന്‍ പാഠമായിരിക്കാം സിറിയയില്‍ ഇടപെടുന്നതില്‍ നിന്ന് ഒബാമയെ പിന്തിരിപ്പിച്ചത്. സ്വന്തം സൈന്യത്തെ കുരുതി കൊടുക്കാന്‍ അമേരിക്കക്ക് താല്‍പര്യമില്ലായിരിക്കാം. അമ്പതു വര്‍ഷത്തോളം സ്വേച്ഛാധിപത്യവും ആഭ്യന്തരസംഘര്‍ഷങ്ങളും സഹിക്കേണ്ടി വന്ന ഈജിപ്തിനെ വസന്തകാലത്തേക്ക് നയിക്കാനൊന്നും പറ്റിയില്ലെങ്കിലും അവരുമായി ആയുധവ്യാപാരം നടത്തുന്ന ഏര്‍പ്പാടെങ്കിലും അമേരിക്കക്കും ഫ്രാന്‍സിനും അവസാനിപ്പിക്കാമായിരുന്നു. ഈജിപ്തില്‍ അബ്ദുല്‍ ഫത്താഹ് അല്‍-സീസിയും സിറിയയില്‍ അസദും അടക്കം സ്വന്തം രാജ്യങ്ങളിലെ ആഭ്യന്തരസുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ എല്ലാ സ്വേച്ഛാധിപതികളും പരാജയമാണ്. തങ്ങള്‍ക്ക് എതിരെ സംസാരിക്കുന്നവരെയൊക്കെ അവര്‍ നിശബ്ദരാക്കുന്നു എന്നല്ലാതെ അവരിലൂടെ രാജ്യം പുരോഗതിയിലേക്ക് നീങ്ങും എന്നത് ദിവാസ്വപ്‌നം മാത്രമാണ്. അവരുടെ വീഴ്ച സംഭവിച്ചില്ലെങ്കിലും ഒരു അധികാരമാറ്റം മാത്രമാണ് ഇനി ഉറ്റുനോക്കേണ്ടത്. ഇനിയും എത്രയോ ജീവനുകള്‍ ഹോമിക്കപ്പെടാനിരിക്കുന്ന ചരിത്രപരമായ പരിവര്‍ത്തനത്തിലൂടെയാണ് അറബ് ലോകം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഈ കാലുഷ്യം സമാധാനകാലത്തിന് മുമ്പുള്ള ഒരു ഘട്ടം മാത്രമായിരിക്കാം. എന്നാല്‍ ചരിത്രമൊരിക്കലും സ്വേച്ഛാധിപതികളുടെ ഒപ്പം നിന്നിട്ടില്ല എന്നത് ഓര്‍ക്കേണ്ട വസ്തുതയാണ്.

വിവ: അനസ് പടന്ന   

Related Articles