Current Date

Search
Close this search box.
Search
Close this search box.

ഹിന്ദുത്വവും മതരാഷ്ട്രീയവത്കരണവും

ആജ്ഞേയവാദികളായിരുന്നിട്ടും ചരിത്രത്തിന്റെ ഗതി മാറ്റാൻ മതങ്ങളെ സമർഥമായി ഉപയോഗിച്ചവരായിരുന്നു വി.ഡി സവർക്കറും മുഹമ്മദലി ജിന്നയും. ജിന്നയുടെ ദ്വിരാഷ്ട്ര വാദം രാജ്യവിഭജനത്തിലേക്ക് നയിച്ചപ്പോൾ സവർക്കറുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രം രാഷ്ട്രത്തിന്റെ ബഹുസ്വര സ്വഭാവത്തെ നശിപ്പിക്കുന്ന അപകടകരമായ സാഹചര്യത്തെയാണ് നമ്മൾ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നത്.

1893ൽ ചിക്കാഗോയിൽ അരങ്ങേറിയ ലോക മത സമ്മേളനത്തിൽ സ്വാമി വിവേകാനന്ദൻ നടത്തിയ പ്രസ്ഥാവന ചരിത്ര പ്രസിദ്ധമാണ്;
”സാർവത്രിക സ്വീകാര്യതയും സഹിഷ്ണുതയും ലോകത്തിന് പകർന്നു നൽകിയ മതത്തിന്റെ വിശ്വാസിയാകാൻ കഴിഞ്ഞതിൽ ഞാനേറെ അഭിമാനിക്കുന്നു. എന്നിലേക്ക് വരുന്നവരെ ഞാൻ ഇരുകൈയ്യും നീട്ടി സ്വീകരിക്കും എന്നിലവസാനിക്കുന്ന പാതയിൽ എത്തിപ്പെടാനാണ് സർവ്വരും ശ്രമിക്കുന്നതെന്നാണ് ഗീതയിൽ പ്രതിപാദിച്ചിരിക്കുന്നത്. വിഭാഗീയതയും മതഭ്രാന്തും പണ്ടുമുതലേ സുന്ദരമായ ഈ ഭൂമിയെ വികൃതമാക്കിയിരിക്കുന്നു. മനുഷ്യ രക്തം ചീന്തലും പാവനമായ സംസ്കാര സമ്പന്നതയുടെ ശിഥിലീകരണവും മാത്രമാണ് വിഭാഗീയതയുടെ അനന്തരഫലം. ലോക രാഷ്ട്രങ്ങൾക്ക് നിരാശസമ്മാനിക്കാൻ മാത്രമാണ് ഇത്തരം വികല ആശയങ്ങൾ വഴിവെച്ചത്.

വസുദൈവ കുടുംബകമെന്ന (ലോകം മുഴുക്കെയും ഒരു കുടുംബമാണ്) വിശിഷ്ടമായ ആശയമാണ് ധാർമ്മിക വീക്ഷണം മുന്നോട്ടു വെക്കുന്നത്. സത്യം ഒന്നു മാത്രമേയുള്ളൂ, എന്നാൽ ജ്ഞാനികൾ അവ പലരീതിയിൽ വ്യഖാനിക്കുന്നുവെന്ന ഹിന്ദുമത പ്രാമാണിക ഗ്രന്ഥമായ ഋഗ്വേദയുടെ തത്വവും ലോകസമാധാനത്തിന്റെ ആവിശ്യകതയിലേക്ക് വെളിച്ചം വീശുന്നുവെന്ന് നിസ്സംശയം പറയാം. ഒരിക്കൽ പോലും രാഷ്ട്രത്തിന്റെ മഹത്വരമേറിയ ഭൂതകാല ചരിത്രത്തിന്റെ ഭാഗവാക്കാത്തതിനാൽ പൗരന്മാരെ ബോധവത്കരിക്കാനുള്ള അർഹത ബി.ജെ.പിക്കില്ലെന്ന് നിസ്സംശയം പറയാം.

കേവലമൊരു രാഷ്ട്രീയ സിദ്ധാന്തമായിട്ട് കൂടി ഹൈന്ദവ മതത്തിന്റെ അഭിവാജ്യ ഘടകമാണ് ഹിന്ദുത്വയെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്.
സവർക്കർ എഴുതുന്നു; നമ്മുടെ രാജ്യക്കാരായ ചില മുഹമ്മദീയരുടേയും ക്രസ്താനികളുടേയും പുണ്യഭൂമി അറേബ്യയും ഫലസ്തീനുമൊക്കെയാണ്. അവരുടെ പുരാണങ്ങളും ദൈവങ്ങളും ഈ മണ്ണിന്റെ സന്തതികളല്ല. സിന്ധിൽ നിന്നാരംഭിക്കന്ന ഭൂപ്രദേശങ്ങളെ തങ്ങളുടെ പിതൃഭൂമിയായി കാണുന്നവരാണ് യഥാർഥ ഹിന്ദുമതവിശ്വാസികൾ”.

ഹിന്ദുത്വവും ഹിന്ദുമതവും തമ്മിലുള്ള അന്തരം കൃത്യമായി വിശദീകരിച്ച പ്രഥമ വ്യക്തിയാണ് സവർക്കർ. ഹിന്ദുമതത്തിലെ വിശ്വാസ സംഹിതകളോട് യാതൊരു സാമ്യതയും പുലർത്താത്ത ആശയങ്ങളാണ് ഹിന്ദുത്വയുടെ അന്തസത്ത എന്നായിരുന്നു സവർക്കർ പലയവസരങ്ങളിലായി ആവർത്തിച്ചത്. ‘ഹിന്ദുക്കൾ സ്വയം ഒരു രാഷ്രട്രമാണെന്ന ഖണ്ഡിതമായ വാദം സവർക്കർ ഉയർത്തിപ്പിടിച്ചിരുന്നതായി ‘Thoughts on Pakistan ‘ എന്ന ഗ്രന്ഥത്തിൽ അംബേദ്കർ സൂചിപ്പിക്കുന്നതായി കാണാം. 1937ൽ അഹമ്മദാബാദിൽ വെച്ച് നടന്ന ഹിന്ദുമഹാസഭ സമ്മേളനത്തിൽ ‘ഇന്ത്യയിലെ മുസ്ലീംകളും ഹിന്ദുക്കളും ഇരു രാഷ്ടക്കാരാണെന്നായിരുന്നു സവർക്കർ പ്രഖ്യാപിച്ചത്. രാജ്യവിഭജനത്തിന്റെ സാധ്യതയെ കുറിച്ച് ചിന്തിക്കാതിരുന്ന സവർക്കർ ഒരു ഭരണഘടനക്കു കീഴിൽ ഇരു സമൂഹങ്ങളും അധിവസിക്കുമെന്നും മുസ്ലീംകൾ കീഴാളരായി ജീവിക്കേണ്ട രാഷ്ട്രത്തിൽ ഹിന്ദു മതവിശ്വാസികൾക്ക് സർവ്വാധിപത്യം അനുവദിച്ചു നൽകുന്ന സാഹചര്യം നടപ്പിലാകണമെന്ന് വ്യാമോഹിച്ചു.
ഇന്ന് പ്രായോഗികവത്കരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ഹിന്ദു ഭൂരിപക്ഷവാദത്തിന്റെ പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കുമെന്ന് ജിന്ന ആദ്യകാലത്തേ ഭയപ്പെട്ടിരുന്നുവെന്ന് വേണം മനസ്സിലാക്കാൻ.

സമകാലിക രാഷ്ട്രീയ സാഹചര്യങ്ങൾ കൂട്ടി വായിക്കുമ്പോഴാണ് 1995 ഡിസംബർ പതിനൊന്നിന് ഡോ. രമേശ് യശ്വന്ത് പ്രഭു വി പ്രഭാകർ കാശിനാഥ് കുന്ദയുടെ കേസിൽ സുപ്രീംകോടതി പുറപ്പെടുവിപ്പിച്ച വിധിയിലെ വിരോധാഭാസം വ്യക്തമാകുന്നത്. ഹിന്ദു, ഹിന്ദുത്വ, ഹിന്ദൂയിസം തുടങ്ങിയ വാക്കുകൾക്ക് കൃത്യമായ അർഥ വ്യാഖ്യാനങ്ങൾ നൽകാൻ സാധിക്കില്ലെന്നായിരുന്നു കോടതി ഭാഷ്യം. ഹിന്ദുത്വ, ഹിന്ദൂയിസം തുടങ്ങിയ വാക്കുകൾ ചുരുക്കി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന പദമാണ് ഹിന്ദുത്വയെന്ന് കൂടി കോടതി വ്യക്തമാക്കി.

വിശ്വാസിയുടെ ജീവിത സംബന്ധിയായ മുഴുവൻ കാര്യങ്ങളിലും ഇടപഴകുന്ന രീതിശാസ്ത്രമാണ് സെമറ്റിക് മതങ്ങളും ഇന്ത്യൻ വേദ മതങ്ങളും മുന്നോട്ട് വെക്കുന്നതെന്നിരിക്കെ കേവലം ആരാധനരീതികളെന്നതിനപ്പുറം ജീവിതരീതികളാകാൻ കൂടി ആ പദപ്രയോഗങ്ങൾ യോഗ്യരല്ലേയെന്ന് ആർ.എസ്.എസ് ചിന്തകൻ റാം മാധവൻ ‘The Hindutva Paradigm’ എന്ന പുസ്തകത്തിൽ ചോദ്യമുന്നയിക്കുന്നതായി കാണാം.
രാജ്യത്ത് നിലനിൽക്കുന്ന വൈവിധ്യമായ സംസ്കാര സമ്പന്നതയിൽ ഏകീകൃത സ്വഭാവം കൊണ്ടുവരുന്നതിന്റെ ഭാഗമായി ഇന്ത്യൻവത്കരണത്തിന്റെ പര്യായമായി ഹിന്ദുത്വയെന്ന പദമുപയോഗിക്കാമെന്ന സുപ്രീം കോടതിയുടെ വാദം തീർത്തും അസ്വസ്ഥജനകമായിരുന്നു.

നേരത്തെ ‘Secularism – India At A Cross Roads’ എന്ന ഗ്രന്ഥത്തിൽ സൂചിപ്പിച്ച പോലെ രാജ്യത്ത് വസിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിന്റെ മത,സംസ്കാര സ്വത്വബോധം നശിപ്പിക്കപ്പെടുമോയെന്ന ഭയം സൃഷ്ടിക്കാൻ മാത്രമാണ് വിചിത്രമായ കോടതി വിധി ഉപകാരപ്പെടുക.
ആ ഭയം ഇന്ന് സാക്ഷാത്കരിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്.

ഭരണഘടനയുടെ അടിസ്ഥാന ഘടകമാണ് മതേതരത്വമെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചപ്പോഴും തങ്ങളുടെ സ്ഥാനാർഥികളെ വിജയിപ്പിച്ചാൽ രാജ്യത്തിലെ ആദ്യ ഹിന്ദു ഭരണം മഹാരാഷ്ട്രയിൽ സ്ഥാപിക്കപ്പെടുമെന്ന ബി.ജെ.പി, ശിവസേന പ്രഖ്യാപനം മതവിവേചനം സൃഷ്ടിക്കുന്നില്ലെന്ന 1995 സുപ്രീം കോടതി വിധി അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു, കോടതി നിലപാടിലെ വൈരുദ്ധ്യാത്മകത തിരുത്തപ്പെടേണ്ടത് അത്യന്താപേക്ഷികമാണ്.

പ്രസ്തുത കേസിൽ വിചാരണ നടക്കുമ്പോഴെങ്കിലും വ്യക്തത വരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പിനിടെ അഴിമതി നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ മാത്രമായിരുന്നു കോടതി താത്പര്യപ്പെട്ടത്. കഴിയുന്നത്രയും വേഗം പ്രശനം പരിഹരിക്കപ്പെട്ടില്ലെങ്കിൽ ഇന്ത്യയിലെ മതേതരത്വത്തിന്റെ ഭാവി അപകടകരമായ സാഹചര്യത്തിലാണെന്നതിൽ സംശയമില്ല. മതേതര സ്വഭാവം എത്രകാലം ഇന്ത്യ നിലനിർത്തുമെന്ന് സുപ്രീംകോടതി തന്നെ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്.

2021ഡിസംബറിൽ ഹരിദ്വാറിൽ സംഘടിപ്പിക്കപ്പെട്ട ധർമ്മ സൻസദിൽ മുഴങ്ങികേട്ട മുസ്ലിം നരഹത്യയെ പ്രോഝാഹിപ്പിക്കുന്ന തരത്തിലുള്ള വിദ്വേശ പ്രസംഗങ്ങൾ മേൽപ്രസ്ഥാവിതമായ ഹിന്ദുമത ദർശനങ്ങളെ അപഹസിക്കുന്നുവെന്ന കാര്യത്തിൽ തർക്കമില്ല.

കേസ് കോടതി പരിഗണിക്കുന്നത് വരെ കലാപാഹ്വാനത്തിൽ ആരും അറസ്റ്റ് ചെയ്യപ്പെടാതിരുന്നത് തീർത്തും വിചിത്രമായിരുന്നു, സംസ്ഥാന, കേന്ദ്ര നേതാക്കളുടെ മൗനം അതി ഗുരുതരമായ സ്ഥിതിവിശേഷമാണ് രാജ്യത്ത് സംജതമായിരിക്കുന്നതെന്ന് അടിവരയിടുന്നു. രാജ്യത്ത് തുടർന്നു കൊണ്ടിരിക്കുന്ന മതധ്രുവീകരണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ 80;20 പരാമർശം.

ഹിന്ദു രാഷ്ട്രത്തിലേക്കുള്ള അതി വേഗത്തിലുള്ള ഇന്ത്യയുടെ പ്രയാണത്തിന്റെ അരോചകരമായ അടയാളങ്ങളാണിവ. അഞ്ച് സംസ്ഥാനങ്ങൾ പോളിംങ്ങ് ബൂത്തിലേക്ക് നടന്നടുക്കുന്നതോടെ തെരഞ്ഞെടുപ്പ് ചൂട് രാജ്യത്തകമാനം കാര്യമായി ബാധിച്ചിരിക്കുകയാണ്. മതവും രാഷ്ട്രീയവും വേർതിരിക്കുമെന്നുറപ്പുനൽകുന്ന പാർട്ടികൾക്ക് മാത്രമേ വോട്ടുചെയ്യുള്ളൂവെന്ന് ഓരോ പൗരനും ശപഥം ചെയ്യേണ്ടതുണ്ട്. ആ ലക്ഷ്യത്തിലേക്ക് നടന്നടുക്കുന്ന സുന്ദരമായ ഇന്ത്യയെ തന്നെയാണ് ഭരണഘടന നിർമ്മാണ സമിതി സ്വപ്നം കണ്ടതും

വിവ: ആമിർ ശഫിൻ

Related Articles