Current Date

Search
Close this search box.
Search
Close this search box.

ഉസ്മാൻ ഗാസി: ഒട്ടോമൻ സാമ്രാജ്യത്തിന്റെ സ്ഥാപകൻ

നീതിമാനും ഊർജ്ജസ്വലനുമായ ഗോത്ര നേതാവുമായിരുന്നു ഉസ്മാൻ ബിൻ എർതുഗ്രുൽ. ആറു നൂറ്റാണ്ടോളം ലോക കാര്യങ്ങളിൽ ആധിപത്യം പുലർത്തിയ കായി ഗോത്രത്തിന് അദ്ദേഹം നേതൃത്വം നൽകി. ഉസ്മാൻ ഒന്നാമൻ എല്ലാ കാലത്തും അറിയപ്പെടുന്നത് ഉസ്മാൻ ഗാസി എന്ന പേരിലാണ്. ഒട്ടോമൻ സാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്ന അദ്ദേഹം ആ ഭരണകൂടത്തിന്റെ ആദ്യ സുൽത്താൻ കൂടിയായിരുന്നു. 1258-ൽ ആധുനിക തുർക്കിയുടെ വടക്കു പടിഞ്ഞാറൻ ബിലെച്ചിക് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന സോഗുത് പട്ടണത്തിലാണ് അദ്ദേഹം ജനിക്കുന്നത്. 

അന്ന് ആ നഗരം ബൈസാൻ്റിയൻ സാമ്രാജ്യത്തോട് ചേർന്ന ഒരു പ്രദേശമായിരുന്നു. മംഗോളിയൻ സൈന്യം അബ്ബാസി ഭരണകൂടത്തെ തകർത്ത അതേ വർഷം തന്നെ അദ്ദേഹം ജനിച്ചുവെന്നത് ഭാവിയെക്കുറിച്ച് പ്രതീക്ഷ നൽകുന്ന രസകരമായ ഒരു യാദൃശ്ചികതയായിരുന്നു. എർതുഗ്രുൽ ഗാസിയുടെ മൂന്ന് ആൺമക്കളിൽ ഇളയവനായിരുന്നു അദ്ദേഹം. 

ചെറുപ്പം മുതൽ പിതാവിനൊപ്പം അദ്ദേഹം യുദ്ധങ്ങളിൽ പങ്കെടുത്തിരുന്നു. പിതാവിന്റെ ഭരണകാലത്ത് അദ്ദേഹം ഏഴോ എട്ടോ തവണ സൈനിക മേധാവിയായി യുദ്ധങ്ങൾക്ക് പോയി വിജയ ശ്രീലാളിതനായി തിരിച്ചു വന്നിട്ടുണ്ട്. അത് കൊണ്ട് തന്നെയാണ് അദ്ദേഹത്തിന് “ഗാസി” എന്ന പദവി ലഭിച്ചത്. അതായത് തുർക്കി ഭാഷയിൽ വിമുക്ത ഭടൻ എന്നാണ് അർത്ഥമാക്കുന്നത്. എർതുഗ്രുൽ ഗാസി അദ്ദേഹത്തെ കൊൻയയിലെ റോമൻ സൽജൂഖ് സുൽത്താന്റെ അടുത്തേക്ക് പ്രതിനിധിയായി അയക്കുകയും അദ്ദേഹം മൗലവി ത്വരീഖത്തിലെ പണ്ഡിതന്മാരായ സൂഫികളെ സന്ദർശിക്കുകയും ചെയ്തിരുന്നു.

ഒരു സ്വപ്നത്തോടെയായിരുന്നു ഉസ്മാന്റെ അറുന്നൂറ് വർഷത്തിന്റെ ചരിത്ര പശ്ചാത്തലം തുടങ്ങുന്നത്. ഉസ്മാൻ ചെറുപ്രായത്തിൽ തന്നെ വിശുദ്ധിക്കും വിദ്യാഭാസത്തിനും പേരുകേട്ട ശൈഖ് എദബാലിയെ സന്ദർശിക്കുമായിരുന്നു. ഒരു സന്ദർശത്തിനിടയിൽ ശൈഖിന്റെ മകൾ റാബിയ ബാലാ ഹാത്തൂനെ അവിചാരിതമായി കാണുകയും അഗാധമായ പ്രണയത്തിലാവുകയും ചെയ്തു. എന്നിരുന്നാലും, ഉസ്മാൻ തന്റെ മകളെ വിവാഹം കഴിക്കുന്നതിന് ശൈഖ് എദബാലി സമ്മതം നൽകിയിട്ടില്ലായിരുന്നു. കാരണം അവരുടെ സാമൂഹിക സ്ഥാനങ്ങൾ എർതുഗ്രുൽ ഗാസിയുടെ കുടുംബ സ്ഥാനങ്ങളേക്കാൾ അകലെയായിരുന്നു.

ഒരു രാത്രി ശൈഖിന്റെ വസതിയിൽ വെച്ച്, കഴിഞ്ഞ രണ്ട് വർഷമായി തന്റെ ഹൃദയത്തെ കവർന്ന ബാലാ ഹാത്തൂനോട് തനിക്ക് തിരിച്ചുകിട്ടാത്ത പ്രണയത്തെക്കുറിച്ച് ചിന്തിച്ച് അദ്ദേഹം വിഷാദത്തിലായിരുന്നു. ഉറങ്ങാൻ കിടന്ന സമയത്ത് അലമാരയിൽ നിന്ന് വിശുദ്ധ ഖുർആൻ എടുത്ത് സൂറത്തുകൾ മാറി മാറി പാരയണം ചെയ്ത്, അന്ന് രാത്രി ആറ് മണിക്കൂർ അത് തുടർന്നു. സുബ്ഹി ബാങ്കിന്റെ സമയം അടുത്തു, ക്ഷീണിതനായ ഉസ്മാൻ, ഖുർആൻ കയ്യിൽ കരുതി ഉറക്കത്തിലേക്ക് വീണു, സ്വപ്നം കാണാൻ തുടങ്ങി: “ഉസ്മാൻ ശൈഖിനോട് ചേർന്നു കിടക്കുകയാണ്. ശൈഖിന്റെ നെഞ്ചിൽ നിന്ന് ഒരു പൂർണ്ണ ചന്ദ്രൻ ഉയർന്ന്, ഉസ്മാന്റെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി മറഞ്ഞു. പിന്നെ, ഒരു ചിനാഷ് മരം മുളച്ച് വന്നു, അത് തഴച്ചുവളർന്ന് വലുതായി, ലോകത്തിന്റെ മൂന്ന് ഭൂഖണ്ഡങ്ങളെയും മുഴുവൻ ചക്രവാളത്തെയും ആവരണം ചെയ്ത് വലിയൊരു തണൽ മരമായി അങ്ങനെ നിന്നു.”

“മരത്തിന്റെ വിശാലമായ മേലാപ്പിന് താഴെയായി അദ്ദേഹം കോക്കസ്, അറ്റ്ലസ്, ടോറസ്, ബാൽക്കൻ പർവത നിരകൾ കാണാമായിരുന്നു. മരത്തിന്റെ വേരുകളിൽ നിന്ന് ടൈഗ്രീസ്, യൂഫ്രട്ടീസ്, നൈൽ, ഡാന്യൂബ് എന്നീ വലിയ നദികൾ പൊട്ടിപ്പുറപ്പെട്ടു, അവയിലെ ജലം എല്ലാത്തരം കപ്പലുകളാലും വയലുകൾ പാകമായ വിളകളാലും നിറഞ്ഞിരുന്നു. പർവതങ്ങൾ കാടുകളാൽ മൂടപ്പെട്ടിരുന്നു, ഭൂമി പച്ചപ്പ് നിറഞ്ഞതായിരുന്നു, വാനം തിളങ്ങുന്ന നീല നിറത്തിലായിരുന്നു. ഈ സമൃദ്ധിയിൽ സൈപ്രസ്സിലെ റോസാപ്പൂ തോട്ടത്തിലൂടെ ഒഴുകുന്ന അരുവികളിൽ നീരുറവകൾ പൊട്ടിപ്പുറപ്പെട്ടു. താഴ്വാരങ്ങളിൽ വാസ്തുവിദ്യയാൽ മിന്നുന്ന നഗരങ്ങൾ നിറഞ്ഞ് നിന്നു.”

“മുസ്‍ലിം പള്ളികളുടെ സ്വർണ്ണ താഴികക്കുടങ്ങളും അവയുടെ അഗ്രങ്ങളിൽ തിളങ്ങുന്ന സ്വർണ്ണ ചന്ദ്രക്കലകളും ഉയർന്ന മിനാരങ്ങളും ബാങ്ക് വിളിക്കുന്ന മുഅദ്ദിനുകളാൽ തിളങ്ങി. എല്ലാ തരം പാട്ടു പാടുന്ന പക്ഷികളും ആ മരത്തിലുണ്ടായിരുന്നു, അവയുടെ ഇലകൾ വാളിന്റെ ആകൃതിയിലായിരുന്നു, ആ പക്ഷികളുടെ ഈണങ്ങൾ ബാങ്കിന്റെ ശബ്ദവുമായി ഇടകലർന്നിരുന്നു.  പെട്ടെന്ന് ഒരു വലിയ കാറ്റ് വീശാൻ തുടങ്ങി, അത് ആ വാൾ ഇലകളെ ലോകത്തിന്റെ മഹാനഗരങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു, പ്രത്യേകിച്ചും കോൺസ്റ്റാന്റിനോപ്പിളിലേക്കായിരുന്നു അത് പറന്നത്. രണ്ട് കടലുകൾക്കും (ബ്ലാക്ക് കടൽ, മർമറാ കടൽ) രണ്ട് ഭൂഖണ്ഡങ്ങൾക്കും (ഏഷ്യ, യൂറോപ്പ്) ഇടയിൽ സ്ഥാപിച്ചിരുന്ന വജ്രം പോലെയായിരുന്നു ആ നഗരം. ഒരു വലിയ സാമ്രാജ്യത്തിന്റെ മോതിരത്തിലെ ഏറ്റവും വിലയേറിയ രത്നമായിരുന്നു അത്. ഉണർന്നപ്പോൾ തന്റെ കൈവിരലിലെ മോതിരത്തിലാണ് ഉസ്മാന്റെ കണ്ണ് പതിഞ്ഞത്. “

രാവിലെ അത്ഭുത സ്തബ്ധനായി എഴുന്നേറ്റ ഉസ്മാൻ തന്റെ സ്വപ്നം ശൈഖ് എദബാലിയോട് വിവരിച്ചു. അത് ഉസ്മാന്റെ ജീവിതത്തിലെ പുത്തൻ വഴിത്തിരിവാകുമെന്ന ശുഭസൂചന ശൈഖ് ഉസ്മാനെ അറിയിച്ചു. സ്വപ്നം ഉസ്മാന്റെ ബഹുമാനത്തിന്റെയും ശക്തിയുടെയും നല്ല ലക്ഷണമായി വ്യാഖ്യാനിച്ചു. സ്വപ്നത്തിൽ കണ്ട ചന്ദ്രൻ തന്റെ മകൾ റാബിയ ബാല ഹാത്തൂന്റെ പ്രതീകമാണെന്നും അവരെ നിങ്ങൾ വിവാഹം കഴിക്കുമെന്നും മഹാൻ പറഞ്ഞു. നെഞ്ചിൽ പ്രത്യക്ഷപ്പെട്ട മരം പരമാധികാരത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ്. ലോകമൊട്ടാകെ അടക്കിവാഴുന്ന ഒരു സാമ്രാജ്യം നിങ്ങൾ സ്ഥാപിക്കുമെന്നും നിങ്ങൾക്കും നിങ്ങളുടെ സന്തതികൾക്കും ഭരിക്കാനുള്ള അധികാരം അള്ളാഹു നൽകുമെന്നും ശൈഖ് ഉസ്മാനോട് പറഞ്ഞു. മരങ്ങൾ തുർക്കി സംസ്കാരത്തിൽ എല്ലായിപ്പോഴും വളരെ പ്രധാന്യമർഹിക്കുന്നു. ഒട്ടോമൻ കാലഘട്ടത്തിന് മുമ്പു തന്നെ ഇത് ഇസ്ലാമിന് മുമ്പുള്ള തുർക്കി സമൂഹങ്ങളിലെ മഹത്വത്തെ പ്രതീകപ്പെടുത്തുന്നു. ചിനാഷ് മരം, അതിലെ പ്രധാനപ്പെട്ട ഒന്നാണ്.

1281-ൽ എർതുഗ്റുൽ ഗാസിയുടെ മരണശേഷം, ചെറുപ്പമായിരുന്നിട്ടും സൈനിക മേധാവികളും ഗോത്ര നേതാക്കളും ചേർന്ന് ഉസ്മാൻ ഗാസിയെ അധികാരത്തിൽ കൊണ്ടുവന്നു. അദ്ദേഹത്തിന്റെ ധാർമികത, ശക്തി, ധീരത, ഉയർന്ന അറിവ് എന്നിവക്ക് കീഴിൽ കായി ​ഗോത്രം വളർന്നു. സൽജൂഖ് സുൽത്താൻ അദ്ദേഹത്തിന് ഒരു വിജ്ഞാപനം അയച്ചു കൊണ്ട് അദ്ദേഹത്തിന്റെ ഭരണം സ്ഥിരീകരിച്ചു. അദ്ദേഹം പിതാവിന്റെ ദൗത്യം തുടരുകയും തന്റെ പ്രവിശ്യയുടെ അയൽവാസികളായ പ്രഭുക്കന്മാരായും തെക്ഫൂറുമാരായ ഗവർണർമാരുമായും നല്ല ബന്ധം തുടർന്നു. 

1288-ലെ എകിസെ യുദ്ധത്തിലൂടെ കരാജൈസാർ കോട്ട കീഴടക്കുകയും ഇനഗോൾ തെക്ഫൂർമാരുടെ ഗൂഢാലോചനയെ പരാജയപ്പെടുത്തുകയും ചെയ്ത ഉസ്മാൻ അനാട്ടോളിയൻ പ്രദേശത്ത് പ്രബലനായി മാറി. ഒരു യുദ്ധത്തിൽ അദ്ദേഹത്തിന്റെ സഹോദരൻ സാവ്ജി രക്തസാക്ഷിയാവുകയും, എസ്കിഷെഹിർ പട്ടണം ഉസ്മാൻ അവരുടെ അധീനതയിലാക്കുകയും ചെയ്തു. ഈ യുദ്ധത്തിന് ശേഷം ഉസ്മാൻ സ്വന്തമായി പതാക രൂപീകരിച്ച് ഒരു സ്വയംഭരണ പ്രഖ്യാപനം നടത്തി. അതിനു ശേഷം, ഉസ്മാൻ ഗാസി എല്ലാ ദിവസവും ഉച്ച കഴിഞ്ഞ് ഒരു മണിക്കൂർ നേരം ഒരു സൈനിക പ്രദർശനം നടത്തുകയും, സൽജൂഖ് സുൽത്താനേടുള്ള ബഹുമാനം കാണിക്കുകയും ചെയ്തിരുന്നു. സൈനിക പ്രദർശനത്തിനിടെ എഴുന്നേറ്റ് നിൽക്കുന്ന സുൽത്താനോട് ബഹുമാനം കാണിക്കുന്ന ഈ പാരമ്പര്യം സുൽത്താൻ മുഹമ്മദ് അൽഫാത്തിഹിന്റെ കാലം വരെ തുടർന്നു. 

അദ്ദേഹം കീഴടക്കിയ കരാജൈസാറിൽ ഒരു ഖാദിയെ നിയമിക്കുകയും, വെള്ളിയാഴ്ച്ച പ്രഭാഷണങ്ങളിൽ അബ്ബാസി ഖലീഫക്കും സൽജൂഖ് സുൽത്താനുമൊപ്പം ഉസ്മാൻ ഗാസിയുടെ പേരും പരാമർശിക്കാൻ തുടങ്ങുകയും ചെയ്തു. അദ്ദേഹം ഒരു പരമാധികാരത്തെ അവിടെ സൃഷ്ടിക്കുകയായിരുന്നു. ഈ പരമാധികാരത്താൽ അദ്ദേഹം ഒരു രാജ്യത്തെ തന്നെ അവിടെ സ്ഥാപിച്ചു. എന്നിരുന്നാലും, ഉസ്മാൻ ഗാസി സൽജൂഖ് സുൽത്താനോടുള്ള ഭക്തിയും മുസ്ലിം ലോകത്തോടുള്ള ആദരവും ബാഹ്യമായി തന്നെ പ്രകടിപ്പിച്ചിരുന്നു. ഇസ്ലാമിക ലോകത്ത് സ്വയംഭരണ പ്രവിശ്യയുടെ പദവി സ്വയം നേടിയെടുക്കുകയും ചെയ്തു. 

ബിലെച്ചിക്കിലെയും യാർഹിസാറിലെയും തെക്ഫൂറുമാരുടെ ഗൂഢാലോചനകളെ ഉസ്മാൻ പലനിലക്കും പരാജയപ്പെടുത്തിയിരുന്നു. ബിലെച്ചിക്കിലെ തെക്ഫൂർ യാർഹിസാറിലെ തെക്ഫൂറിന്റെ മകളുടെ വിവാഹ ദിവസം അവർ ഉസ്മാൻ ഗാസിയെയും ക്ഷണിച്ചു. ഉസ്മാനെ വധിക്കുക എന്നത് മാത്രമായിരുന്നു അവരുടെ ലക്ഷ്യം. ഹർമാൻക്യ കോട്ടയിലെ തെക്ഫൂർ തന്റെ സുഹൃത്തായ ഉസ്മാൻ ഗാസിയെ ഗൂഢാലോചനയെക്കുറിച്ച് അറിയിച്ചു. 

ഉസ്മാൻ ഗാസി വിവാഹ സമ്മാനവുമായി ബിലെച്ചിക് തെക്ഫൂറിലേക്ക് ധാരാളം ആട്ടിൻകുട്ടികളെ അയച്ചു. കല്യാണം കഴിഞ്ഞ് വേനൽക്കാലത്ത് മേച്ചിൽപ്പുറത്തേക്ക് പോകണമെന്ന് പറഞ്ഞ് അവരുടെ ചരക്കുകളെയും സ്ത്രീകളെയും കോട്ടയിലേക്ക് കൊണ്ടുപോകാനും കല്യാണം തുറന്ന സ്ഥലത്ത് നടത്താനും അഭ്യർത്ഥിച്ചു. തെക്ഫൂർ ഈ അഭ്യർത്ഥനകൾ അംഗീകരിച്ചു. ഉസ്മാൻ ഗാസി ചരക്കുകൾക്ക് പകരം കുതിരകളിൽ ആയുധങ്ങളും സ്ത്രീവേഷം ധരിച്ച നാൽപ്പത് സൈനികരെയും ബിലെച്ചികിലേക്ക് അയച്ചു. കാവൽക്കാർ മാത്രം കോട്ടയിൽ അവശേഷിച്ചതിനാൽ കോട്ടയിൽ പ്രവേശിച്ച സൈനികർ എളുപ്പത്തിൽ കോട്ട പിടിച്ചെടുത്തു. ബെലിച്ചികിയൻ പ്രദേശമായ ചകിർപിനാഷിലെ  വിവാഹ വേദിയിൽ നടന്ന തെക്ഫൂർമാരുമായുള്ള ഏറ്റുമുട്ടലിൽ ഉസ്മാൻ ഗാസി വിജയിച്ചു.

തടവുകാരിൽ പെട്ട വധു നിലൂഫർ എന്ന പേരിൽ ഇസ്ലാം മതം സ്വീകരിക്കുകയും ഉസ്മാൻ ഗാസിയുടെ മകൻ ഓർഹാൻ ബൈയെ വിവാഹം കഴിക്കുകയും ചെയ്തു. അങ്ങനെ, ബിലെച്ചിക്, യാർഹിസർ, ഇനഗോൾ, യെനിസെഹിർ എന്നിവ ക്രമേണ ഒട്ടോമൻ അധീനതയിലായി. ഉസ്മാൻ ഗാസി യെനിസെഹിറിനെ തന്റെ രാഷ്ട്രത്തിന്റെ തലസ്ഥാനമാക്കുകയും കീഴടക്കിയ പട്ടണങ്ങളെ അദ്ദേഹം വികസിപ്പിക്കുകയും ചെയ്തു. ഭൂമികളെ സ്വത്താക്കി വെക്കാതെ, യുദ്ധസേവനത്തിന് പ്രതിഫലമായും സൈനികരുടെ കുടുംബത്തിനും കമാൻഡർമാർക്കും അവരുടെ നികുതികൾ ശേഖരിക്കുന്നതിനും ഭക്ഷണം നൽകാനും ഉപയോഗിച്ചു. ഒട്ടോമൻ വംശജരുടെ ആദ്യത്തെ ഭൂനിയമം ഇതായിരുന്നു. 

ഇതിനിടയിൽ മംഗോളിയക്കാർ അനാട്ടോളിയയിൽ അക്രമണം നടത്തിയിരുന്നു. 1300 ജനുവരി 27ന് സൽജൂഖ് സുൽത്താൻ അലാവുദ്ധീൻ കേകുബാദ് മൂന്നാമനെ മംഗോളിയൻ (ഇൽഖാനൈറ്റ്) ഭരണാധികാരി ഗസാൻ ഖാൻ തടവിലാക്കിയപ്പോൾ, തുർക്കി പാരമ്പര്യമനുസരിച്ച് സൽജൂഖ് കമാൻഡർമാരും ബൈയുമാരും ഉസ്മാൻ ഗാസിയോട് കൂറ് ഉറപ്പിച്ചു.

സ്വയംഭരണാധികാരം ലഭിച്ച സൽജൂഖ് പ്രവിശ്യകൾ ഒന്നിനുപുറകെ ഒന്നായി തങ്ങളുടെ സ്വാതന്ത്ര്യ അധികാരം പ്രഖ്യാപിച്ചു. വാസ്തവത്തിൽ, ഈ സമയത്ത് സൽജൂഖിയൻ പ്രദേശങ്ങളിൽ മം​ഗോളിയക്കാർ ആധിപത്യം ചെലുത്തിയിരുന്നു. അതിനു ശേഷം. ഉസ്മാൻ ഗാസിക്കു ചുറ്റും നിരവധി കമാൻഡർമാരും ഓരോ ഗോത്രങ്ങളിലെ ബൈയുമാരും ഒരുമിച്ചുക്കൂടി. അതിർത്തിയോട് ചേർന്നുള്ള തന്റെ തന്ത്രപ്രധാനമായ സ്ഥാനം കാരണം അദ്ദേഹത്തിന്റെ ചെറിയ പ്രവിശ്യ ഒരു പ്രധാന കേന്ദ്രമായിരുന്നു. 

ഒരിക്കൽ ബൈസാൻ്റിയൻ ചക്രവർത്തി ആന്ത്രോണിണിക്കസ് രണ്ടാമൻ ഉസ്മാൻ ഗാസിയുടെ പ്രവർത്തനങ്ങൾ തെക്ഫൂറുമാരുടെ മാർഗത്തിലൂടെ തടയാൻ കഴിയാതെ പ്രവിശ്യയിലേക്ക് സൈന്യത്തെ അയച്ചു. 1301-ൽ യലോവക്കടുത്തുള്ള കൊയുൻഹിസർ (ബാഫിയൂസ്) യുദ്ധത്തിൽ ഉസ്മാൻ ഗാസി ഈ സൈന്യത്തെ പരാജയപ്പെടുത്തി. ഇസ്നിക് (നിസിയ) ഉപരോധിക്കുകയും ചെയ്തു.  ഉസ്മാൻ ഗാസി തന്റെ എളാപ്പ ദുന്താർ ബൈയെ 1302ൽ വധിക്കുകയുണ്ടായി. കാരണം ഉസ്മാന്റെ ഭരണത്തെ അംഗീകരിക്കാൻ വിസമ്മതിക്കുകയും തെക്ഫൂറുമാരുമായി സഹകരിച്ച് അദ്ദേഹത്തിനെതിരെ പ്രവർത്തിക്കുകയും ചെയ്തു എന്നതായിരുന്നു. 

1306 ൽ ബുർസയിലെ തെക്ഫൂറും അദ്ദേഹത്തിന്റെ സഖ്യകക്ഷികളായ തെക്ഫൂറുമാരും ഡിൻബോസിൽ വെച്ച് പരാജയപ്പെട്ടു. ആ വർഷം ഉലുവാബത്തിലെ തെക്ഫൂറുമായി ഒട്ടോമൻ കുടുംബം തങ്ങളുടെ ആദ്യത്തെ സൈന്യക ഉടമ്പടി ഒപ്പുവെച്ചു. കോട്ട അക്രമിക്കരുതെന്നും പട്ടണത്തിന് മുന്നിലുള്ള പാലം കടക്കരുതെന്നുമുള്ള വ്യവസ്ഥയിൽ ഉലുവാബത്തിലെ തെക്ഫൂറും മറ്റു തെക്ഫൂറുമാരും ഉസ്മാന് കീഴടങ്ങി. ഇത് “പാക്റ്റ സൻഡ് സെർവണ്ട” (കരാറുകൾ പാലിക്കേണ്ടതാണ്) എന്ന തത്വത്തിലാണ് പ്രവർത്തിക്കുന്നത്. പിന്നീട് വന്ന ഒരു ഒട്ടോമൻ സുൽത്താനും ഈ പാലം കടന്നിട്ടില്ല, ആവശ്യമുള്ളപ്പോഴെല്ലാം അവർ ബോട്ടുകൾ ഉപയോഗിച്ച് മുറിച്ചു കടക്കുകയായിരുന്നു. 

ഉസ്മാൻ ഗാസി 1307-ൽ മുദന്യ പിടിച്ചടക്കി മർമര കടലിലെത്തി. ഇമ്രാലി ദ്വീപിൽ ഒരു നാവിക താവളം സ്ഥാപിച്ചു. വാസ്തവത്തിൽ, ചില പാശ്ചാത്യ സ്രോതസ്സുകൾ അനുസരിച്ച്, ഉസ്മാൻ ഗാസി ഈജിയൻ ദ്വീപായ റോഡ്സിലേക്ക് ഒരു പര്യവേഷണം പോലും ആരംഭിച്ചു എന്ന് കാണാൻ കഴിയുന്നതാണ്. ബൈസാൻ്റിയൻ ഭരണത്തിന്റെ കാഠിന്യവും ഉയർന്ന നികുതിയും കാരണം, മർമര കടലിന്റെ കിഴക്കുള്ള ദേശങ്ങളിൽ താമസിക്കുന്ന ഗ്രാമീണർ ഉസ്മാൻ ഗാസിയുടെ ഭരണത്തെ നന്ദിയോടെ സ്വീകരിച്ചു. അവരിൽ പലരും ഇസ്ലാം സ്വീകരിക്കുകയും ഈ പക്രിയയിലൂടെ തുർക്കി വംശജരാകുകയും ചെയ്തു. ഹർമാൻക്യ കോട്ടയിലെ തെക്ഫൂറായ മിഖേയേൽ കോസസ് ഇസ്ലാം മതം സ്വീരിക്കുകയും ഉസ്മാനോടൊപ്പം നിരവധി സൈനിക പര്യവേഷണങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.

1317 മുതൽ ഉസ്മാൻ പ്രധാനമായും തന്റെ മകൻ ഊർഹാൻ ബൈയെയും “ആൽപ്” എന്ന് വിളിക്കപ്പെടുന്ന കമാൻഡർമാരെയും മിക്ക സൈനിക നടപടികളിലേക്കും അയച്ചു. ഉസ്മാൻ ഗാസിയുടെ പ്രധാന ലക്ഷ്യം അക്കാലത്തെ അതിമനോഹരമായ നഗരമായിരുന്ന ബുർസ കീഴടക്കുകയായിരുന്നു. എന്നിരുന്നാലും, കോട്ട അക്രമിച്ചാൽ നിരവധി മുസ്ലിം യുവാക്കളെ നഷ്ടപ്പെടുമായിരുന്നു. ഇത് ഉസ്മാൻ ഗാസിയുടെ സ്വഭാവത്തിന് വിരുദ്ധമായിരുന്നു. ഇക്കാരണത്താൽ, കോട്ട ഉപരോധിക്കാനും ജനങ്ങളുടെ ഹൃദയം കീഴടക്കാനും അദ്ദേഹം തീരുമാനിച്ചു. 

സജീവമായ ജീവിതം നയിച്ചിരുന്ന ഉസ്മാൻ ഗാസി ഒരിക്കൽ രോഗബാധിതനായി. 1324-ലോ 1326-ലോ സന്ധിവാതം ബാധിച്ച് അദ്ദേഹം മരിച്ചു. അദ്ദേഹത്തിന് 66 അല്ലെങ്കിൽ 68 വയസ്സുണ്ട് എന്ന് കണക്കാക്കുന്നു. 43 വർഷം അദ്ദേഹം ഭരണം നടത്തി. ബുർസ കീഴടക്കിയ ശേഷം, അദ്ദേഹത്തിന്റെ മയ്യിത്ത് ബുർസയിലെ ഒരു കുന്നിൻ മുകളിൽ അടക്കം ചെയ്തു.

അദ്ദേഹത്തിന്റെ പുത്രന്മാരിൽ ഒരാളായ സാവ്ജി ബൈ ഒരു യുദ്ധത്തിൽ രക്തസാക്ഷിയായിരുന്നു. അദ്ദേഹത്തിന്റെ ഇളയ മകൻ ഊർഹാൻ ബൈ പിതാവിന്റെ സ്ഥാനത്തേക്ക് ഉയർന്നു. ഉസ്മാന്റെ മൂന്നാമത്തെ മകൻ അലാവുദ്ധീൻ അലി പാഷ ഊർഹാന്റെ മന്ത്രിയായി. അദ്ദേഹത്തിന്റെ മറ്റു നാലു ആൺമക്കൾ ഊർഹാന്റെ ഭരണത്തിൻ കീഴിൽ സൈനിക മേധാവികളായി സേവനമനുഷ്ഠിച്ചു. ഉസ്മാൻ ഗാസിയുടെ മറ്റൊരു മകനെ എർതുഗ്രുൽ ഗാസി വളർത്തുന്നതിനായി സൽജൂഖ് കൊട്ടാരത്തിലേക്ക് അയച്ചിരുന്നു. 

അദ്ദേഹം സാധാരണ വസ്ത്രമായിരുന്നു ധരിച്ചത്. തലയിൽ ഒരു ഖുറാസാനി തലപ്പാവ് ധരിക്കുകയും, അതിൽ വീതിയേറിയതും നീളമുള്ളതുമായ ഒരു തുണി ചുവന്ന തൊപ്പിയിൽ വളച്ചൊടിച്ച രൂപത്തിൽ പൊതിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പതാക വെളുത്തതായിരുന്നു. അവർ വ്യക്തവും ലളിതവുമായ രൂപത്തിൽ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് ടർക്കിഷ് ഭാഷ സാധാരണക്കാർ സംസാരിക്കുന്ന ഒരു അശ്ശീല ഭാഷയായി കണക്കാക്കുന്നത് അവസാനിപ്പിച്ചതും സാഹിത്യപരവും വിശിഷ്ടവുമായ ഭാഷയായി മാറിയതും. 

ഉസാമാൻ ഗാസി നീതിമാനും ഉദാരമതിയമുമായ മനുഷ്യനായിരുന്നു. മൂന്ന് ദിവസത്തിലൊരിക്കൽ തന്റെ അടുക്കളയിൽ ഭക്ഷണം പാകം ചെയ്ത് പാവപ്പെട്ടവർക്കും വിധവകൾക്കും അനാഥർക്കും വിതരണം ചെയ്തിരുന്നു. അദ്ദേഹത്തിന് സ്വത്തിനോട് യാതൊരു മമതയും ഇല്ലായിരുന്നു. ദൈവത്തിന്റെ പ്രീതിയും ജനങ്ങളുടെ പ്രാർത്ഥനയും അല്ലാതെ മറ്റൊന്നും തേടിയിരുന്നില്ല. അവർ ലോകത്ത് നിന്ന് മറയുമ്പോൾ, കുറച്ച് അറേബ്യൻ കുതിരകളും വാളുകളും കവചങ്ങളും കുറച്ച് കാളകളും ആടുകളും ഉപേക്ഷിച്ചിരുന്നു. സ്വത്തും പണവും അവശേഷിപ്പിച്ചിട്ടില്ലായിരുന്നു.

ചുറ്റുമുള്ളവരുടെ അഭിപ്രായങ്ങൾ ആരായാതെ അദ്ദേഹം ഒരു തീരുമാനവും എടുത്തിരുന്നില്ല. പണ്ഡിതന്മാരെയും സൂഫികളെയും അദ്ദേഹം ബഹൂമാനിച്ചിരുന്നു. ഓരോ നാട്ടിലും ഖാദിമാരെ നിയമിച്ചു കൊണ്ട് നീതിന്യായത്തിൽ ഭരണാധികാരികളുടെ ഇടപെടൽ അദ്ദേഹം ഇല്ലാതാക്കി. അദ്ദേഹം ഒരു ലളിതനായ മുസ്ലിമായിരുന്നു, തന്റെ മതത്തോട് അർപ്പണബോധമുള്ളവനായിരുന്നു, ഭാവനകളിൽ നിന്ന് വളരെ അകലെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

കരാചൈസാർ കോട്ട കീഴടക്കുന്ന സമയത്ത്, കോട്ടയിൽ നിന്നുള്ള ഒരാൾ അദ്ദേഹത്തിന് മുമ്പിൽ പ്രത്യക്ഷപ്പെട്ട് വിപണി കുടിശ്ശിക പിരിക്കാനുള്ള അധികാരം തനിക്ക് നൽകണമെന്ന് ആവശ്യപ്പെട്ടു. ഉസ്മാൻ ഗാസി, പ്രത്യക്ഷത്തിൽ തന്റെ വ്യക്തവും ശുദ്ധവുമായ യുക്തിയിൽ ആശ്ചര്യപ്പെട്ടു. “നിങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്ന പണം വ്യപാരികൾ നിങ്ങൾക്ക് കടപ്പെട്ടിട്ടുണ്ടോ?” ഉസ്മാൻ ചോദിച്ചു. പട്ടണത്തിന്റെ സുരക്ഷിതത്വത്തിന് പകരമായി സർക്കാരിലേക്ക് അടക്കുന്ന നികുതിയായിരുന്നു ഇത്. ഈ പ്രവൃത്തി ശരീഅത്തിന് എതിരല്ലെന്നും സൽജൂഖ് സുൽത്താന്മാരുടെ പണ്ടു മുതലെയുള്ള ആചാരമാണെന്നും അറിഞ്ഞപ്പോൾ അദ്ദേഹം അനുമതി നൽകി. അതിനു ശേഷം ശരീഅത്ത് നിയന്ത്രിക്കാത്ത കാര്യങ്ങളിൽ ശരീഅത്തിന് വിരുദ്ധമല്ലാത്ത നിയമങ്ങൾ ഉണ്ടാക്കുന്നത് സുൽത്താൻമാർ ഒരു ശീലമാക്കി.

പലരും പറയും പോലെ ഉസ്മാൻ ഗാസി ഒരു സാധാരണ മധ്യകാല നായകനായിരുന്നില്ല, മറിച്ച് ചരിത്രത്തിലെ ഏറ്റവും മികച്ച വ്യക്തികളിൽ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രം അനോട്ടോളിയൻ പ്രദേശങ്ങളിൽ ഏറ്റവും ചെറുതായിരുന്നു.  ഒന്നര നൂറ്റാണ്ടിനുള്ളിൽ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രമായി അത് മാറി. നിസ്സംശയമായും, ഇത് ഉസ്മാൻ ഗാസി ശ്രദ്ധേയമായ തന്ത്രജ്ഞനായതിനാലും അദ്ദേഹത്തിന്റെ പിൻഗാമികളുടെ പരിശ്രമങ്ങളാലും സംഭവിച്ചതാണ്. ഭൂമിശാസ്ത്രത്തിൽ അതിജീവിക്കാനും ഭരിക്കാനും വേണ്ടി, അദ്ദേഹം ചെസ്സ് കളിക്കുന്നതു പോലെ ശ്രദ്ധാപൂർവം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ സൈനിക ജീവിതം തെക്ഫൂറുകളോട് യുദ്ധം ചെയ്യുകയും ക്രമരഹിതമായ കോട്ടകൾ പിടിച്ചടക്കുകയും ചെയ്യുന്നത് മാത്രമായിരുന്നില്ല.

ക്രമേണ ശിഥിലമായിക്കൊണ്ടിരുന്ന ബൈസാൻ്റിയൻ സാമ്രാജ്യത്തിന്റെ ഭൂപ്രദേശങ്ങൾ ഉസ്മാൻ ഒരു വിള്ളൽ പോലെ വിഭജിച്ചു. കടലിലെത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അങ്ങനെ, അദ്ദേഹം ഇസ്നിക്, ഉലുവാബത്ത് തടാകങ്ങളുടെ തെക്കൻ തീരങ്ങൾ കൈവശം വെക്കുകയും പോർസുക്ക്, സക്കറിയ നദികൾക്കിടയിൽ തന്റെ ഒരു പ്രവിശ്യ സ്ഥാപിക്കുകയും ചെയ്തു.  ഒടുവിൽ അദ്ദേഹത്തിന്റെ പ്രവിശ്യ മുദന്യയുടെ തീരത്തുള്ള മർമര കടലിലും സകാര്യ നദിയുടെ മുഖഭാഗത്തുള്ള കരിങ്കടലിലും എത്തി. ഈ പ്രതിഭാശാലിയായ ഭരണാധികാരിയെയും അദ്ദേഹത്തിന്റെ വിശിഷ്ട പിൻഗാമികളെയും ഭൂപ്രദേശം നല്ല നിലയിൽ സഹായിച്ചിരുന്നു. 

ഉസ്മാൻ ഗാസിയുടെ പിതാവിൽ നിന്ന് പാരമ്പര്യമായി ലഭിച്ച 4,800 ചതുരശ്ര കീലോമീറ്റർ രാഷ്ട്രം അദ്ദേഹം അന്തരിച്ചപ്പോഴേക്കും 16,000 ചതുരശ്ര കീലോമീറ്ററായി വളർന്നിരുന്നു. ഇന്നത്തെ തുർക്കിയിലെ ബിലെസിക്, ഡൊമാനിക്, എസ്കിസെഹിർ, ഗെയ്വ്, തരക്ലി, അക്യാസി, ഹെൻഡെക്, മുദാനിയ, യെനസെഹിർ, ഇനഗോൾ എന്നീ പട്ടണങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഓരോന്നിനും അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നോ അല്ലെങ്കിൽ കമാൻഡർമാരിൽ നിന്നോ ഒരു ഗവർണറെ അദ്ദേഹം നിയമിച്ചു. ശത്രുവിനോട് നല്ല രീതിയിൽ ഇടപഴകാൻ ശ്രമിച്ചു, അക്രമിക്കപ്പെട്ടില്ലെങ്കിൽ വാഗ്ദാനങ്ങൾ പാലിച്ചു.

ഉസ്മാൻ തന്റെ മകന് നൽകിയ വസ്വിയ്യത്ത് ഏതാണ്ട് ഒട്ടോമൻ സാമ്രാജ്യത്തിന്റെ ഭരണഘടനയെ പോലെയാണ്, അവ ചരിത്ര ഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുണ്ട്. “അവസാനം, എല്ലാവരും മരിക്കും. ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു, മതത്തെ സേവിക്കുന്നതല്ലാതെ മറ്റൊരു കാര്യങ്ങളിലും നിങ്ങൾ ഏർപ്പെടരുത്. അല്ലാഹുവിന്റെ മാർഗത്തിൽ പ്രവർത്തിക്കുകുയും അവന്റെ മതം പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അല്ലാതെ, നമ്മുടെ യുദ്ധവും കീഴടക്കലുകളും വ്യർത്ഥമായ രീതിയിലുള്ളതല്ല. രാജ്യത്ത് നീതി പാലിക്കുക. ശരീഅത്തിനെ അംഗീകരിച്ച് പണ്ഡിതരെ ബഹുമാനിക്കുക. സൈനികരുടെയും സ്വത്തുക്കളുടെയും സമൃദ്ധിയിൽ അഭിമാനിക്കരുത്. മതത്തിനും രാജ്യത്തിനും എതിരായ ഒരു പ്രവൃത്തി പോലും ആഗ്രഹിക്കരുത്. എല്ലാവരോടും ദയ കാണിക്കുക. രാജ്യത്തെ എല്ലാ അവസ്ഥകളെയും ദർശിക്കുക. നിങ്ങളുടെ ആളുകളെ സംരക്ഷിക്കുന്നതിനും അവരുടെ ക്ഷേമത്തിനുമായി രാവും പകലും പ്രവർത്തിക്കുക. ഇങ്ങനെയായാൽ ദൈവ കൃപ നിങ്ങൾക്ക് ലഭിക്കും!”, ഇതായിരുന്നു ആ ചരിത്ര പ്രഖ്യപനം. 

ഉസ്മാൻ ഗാസിയുടെ കരുതലോടെയുള്ള മുന്നേറ്റം ചുറ്റുമുള്ളവരെയും തന്റെ പ്രജകളെയും ഒരു വിശുദ്ധ ലക്ഷ്യത്തിലേക്ക് നയിക്കുന്ന പ്രോത്സാഹനവും പണ്ഡിതന്മാരോടും സൂഫികളോടുമുള്ള ദയയും അദ്ദേഹത്തിന്റെ പിൻഗാമികൾക്ക് പാരമ്പര്യമായി നൽകി. അദ്ദേഹം വിട്ടുപോയ സമൂഹം ഭൗതികമായും ആത്മീയമായും ഒരു ആകർഷണ കേന്ദ്രമായി മാറി.  അമ്പത് വർഷത്തിനിടെ ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രങ്ങളിലൊന്നായി തന്റെ പ്രദേശത്തെ മാറ്റിയ അദ്ദേഹം അനോട്ടോളിയയിലെയും ഇസ്ലാമിക ലോകത്തിന്റെയും ആദർശത്തെ ഒരു ബിന്ദുവിൽ എത്തിക്കുകയായിരുന്നു എന്ന കാര്യമാണ് ചെയ്തത്.

 

Referances: 

التَّاريخ السرّي للإمبراطوريَّة العُثمانيَّة: جوانب غير معروفة من حياة سلاطين بني عُثمان (الطبعة الأولى). بيروت – لُبنان: الدار العربيَّة للعُلوم ناشرون. 

2. Kermeli, Eugenia (2009). “Osman I”. In Ágoston, Gábor; Masters, Bruce 

3. Murphey, Rhoads (2008). Exploring Ottoman Sovereignty: Tradition, Image, and Practice in the Ottoman Imperial Household, 1400-1800.

4. ഇബ്നു കസീർ, ബിദായത്തു വന്നിഹായ

محمد سهيل طقوش (2013). تاريخ العُثمانيين من قيام الدولة إلى الانقلاب على الخلافة . بيروت: دار النفائس

6. DAILY SABAH

 

Related Articles