Current Date

Search
Close this search box.
Search
Close this search box.

വിശപ്പിനും വീടിനും നമ്മുടേതു പോലെയല്ലാത്ത നിർവ്വചനങ്ങളുണ്ട്

വായനയുണ്ടായിരുന്ന കാലത്തോളം തന്നെ പഴക്കമുണ്ടായിരുന്നു ബംഗാളിൽ പോകണം എന്ന ആഗ്രഹത്തിന്. ബിഭൂതി ഭൂഷൺ ബന്ധോപാദ്യയയുടെ, മഹാശ്വേതാ ദേവിയുടെ വരികളിലൂടെ എത്രയോ തവണ അലഞ്ഞ എഴുത്തു ദേശത്ത് എത്തിച്ചേരാനുള്ള കൊതി. ഭാവനാ ലോകത്ത് ആനന്ദം കണ്ടെത്തിയിരുന്ന സ്ഥല കാല ബോധങ്ങളിൽ നിന്നെല്ലാം ഏറെ ദൂരം മുന്നോട്ടു പോയെങ്കിലും ഈ യാത്രാ സ്വപ്നം മാത്രം ഉള്ളിൽ കെടാതെ നിന്നു. അങ്ങനെയാണ് പ്രിയപ്പെട്ടവനോടൊപ്പം കഴിഞ്ഞ ആണ്ടറുതിക്ക് കൊൽക്കത്തയിലേക്ക് വണ്ടി കയറിയത്.
ശരിക്കു പറഞ്ഞാൽ, 2024 എന്ന, ഏറ്റവും പുതിയ വർഷത്തിൻ്റെ തുടക്കത്തിൻ്റെയന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ളൊരു കെട്ടിടത്തിൻ്റെ മുറ്റത്ത്, അക്കാലത്തോളം പഴകിയ സൗകര്യങ്ങൾ മാത്രമുള്ള, വർഷങ്ങളുടെ തിരിച്ചറിയൽ നമ്പറുകൾ മാറുന്നത് ശ്രദ്ധിക്കാൻ പോലും സമയമില്ലാത്ത ഒരു ജനതയെ നേരിൽ കണ്ട് വെന്തു പിടഞ്ഞ് നിൽക്കുകയായിരുന്നു ഞാൻ.

യാത്രയുടെ ഒന്നാം ദിവസം പോകാനുണ്ടായിരുന്നത് കൊൽക്കത്തയിലെ പഴയ

പള്ളികളിലേക്കായിരുന്നു. മുഗളന്മാർ എന്നാൽ ഭാര്യക്ക് ആഡംബര ശവകുടീരം പണിയുക മാത്രം ചെയ്ത ധൂർത്തരായിരുന്നു എന്ന് ഏറെ തെറ്റിദ്ധരിച്ചു പോയതിൻ്റെ പ്രായശ്ചിത്തമായി, കടന്നു ചെല്ലുന്ന നാടുകളിലെയെല്ലാം പുരാതനമായ മസ്ജിദുകൾ സന്ദർശിച്ച് പ്രാർഥിക്കാറുണ്ട് ഞാൻ. മസ്ജിദുകൾ മാത്രമല്ല, അകവും പുറവും വിശാലമായി, ഏറ്റവും ഭംഗിയോടെ മുഗളന്മാരും നവാബുമാരും നിർമിച്ച നഗരങ്ങൾ, ദർവാസകൾ, കാരവൻസരായികൾ എല്ലാം.

പശ്ചിമ ബംഗാളിലെ തന്നെ ഏറ്റവും വലിയ നാഖോഡ ജമാ മസ്ജിദ്, മുർഷിദാബാദിലെ കത്ര മസ്ജിദ്, നിസാമത്ത് ഇമാം ബാര, മാൾഡയിലെ അഥീന മസ്ജിദ്, കൊൽക്കത്ത നഗരമധ്യത്തിലെ ടിപ്പു സുൽത്താൻ മസ്ജിദ് തുടങ്ങി, അറിവുള്ളവർ പറഞ്ഞുതന്നതും സ്വയമന്വേഷിച്ച് മനസ്സിലാക്കിയതുമായ പേരുകൾ ഒരുപാടുണ്ടായിരുന്നു. മരണ ശേഷവും, ജനനത്തിന് മുന്നേയും പോലുമുള്ള അതിക്രമങ്ങളോട് പേര് ചേർത്ത് ശത്രുക്കൾ ഭീകരനാക്കുന്ന, മഹാനായ ടിപ്പു സുൽത്താന്റെ പേരിൽ തലയുയർത്തി നിൽക്കുന്ന പ്രൗഢമായ മിനാരങ്ങൾ കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി. മസ്ജിദിൻ്റെ അകത്തളത്തിൽ തണലു തേടിയവരെ കണ്ടു. പ്രതാപകാലത്തിൻ്റെ തലയെടുപ്പ് കണ്ടു. മനസ്സു നിറഞ്ഞു.

ബാബരിയെ ഓർമിപ്പിക്കുന്ന ഒന്നിലധികം പള്ളികളുണ്ട് ബംഗാളിൽ. ഹിന്ദുത്വർ തകർത്തു കളഞ്ഞ അതേ രൂപത്തിലുള്ള താഴികക്കുടങ്ങൾ കാണുമ്പോൾ കനമുള്ള കല്ലുവെച്ച പോലെ മനസ്സ് ഭാരപ്പെടും. ഒരേ സമയം പ്രതീക്ഷയാലും നിരാശയാലും കണ്ണു കലങ്ങും. അവയിലൊന്നിൽ – മുർഷിദാബാദിലെ മോതി ജീൽ ജമാ മസ്ജിദിൽ, സ്ത്രീകൾക്ക് അനുവാദമില്ലാത്തിടത്ത് നമസ്കരിക്കാൻ ഭാഗ്യം കിട്ടിയിരുന്നു. ഒട്ടുമേ അറ്റകുറ്റപ്പണികൾ നടത്താത്ത, പൊളിഞ്ഞു വീഴാറായ അകം കണ്ട് വേദന തോന്നി. പരസ്യമായി തകർക്കാൻ കഴിയാത്തതിൻ്റെ ഈർഷ്യ തീർക്കും പോലെയാണ് അധികാരികൾ ആ നാട്ടിലെ പള്ളികളോട് വിവേചനം കാണിക്കുന്നത്. വധശിക്ഷക്ക് പകരം കഠിന തടവെന്നോണമാണത് തോന്നുക. ഒട്ടും പരിഗണിക്കാതെ, നശിക്കാൻ വിട്ടിരിക്കുന്നത് കാണുമ്പോൾ നെഞ്ചു നീറും. നിലനിർത്തണമേയെന്ന നല്ല മനുഷ്യരുടെ പ്രാർഥന കൊണ്ട് മാത്രമാവും നൂറ്റാണ്ടുകൾ പഴക്കമുള്ള അവയൊന്നും തകർന്നു വീഴാത്തത്.

പല പുരാതന ദേവാലയങ്ങളും വെറും പ്രദർശന വസ്തുക്കളാണിന്ന്. നമസ്കാരത്തിന് അനുവാദമില്ല. എങ്കിലും ഹിന്ദു ആചാരങ്ങൾക്ക് സൗകര്യങ്ങളുണ്ട്. സംരക്ഷണത്തിൻ്റെ പേരിൽ ഏറ്റെടുത്ത് അധികാരികൾ നശിപ്പിക്കുന്നവ. വർഷങ്ങൾ പലത് കഴിഞ്ഞാൽ ഇവയൊക്കെ ഞങ്ങളുടേതായിരുന്നു എന്നാക്രോശിച്ച് തീവ്രഹിന്ദുക്കൾ വരുമെന്നും അതിനുള്ള സൗകര്യപ്പെടുത്തലാണ് വേണ്ടപ്പെട്ടവർ ചെയ്ത് കൊടുക്കുന്നതെന്നും അന്ന് കൂടെ വന്ന ബംഗാളുകാരനായ അക്തർ ഹുസൈൻ പറഞ്ഞിരുന്നു.

വർഷങ്ങളൊന്നും വേണ്ടി വന്നില്ല. നല്ലൊരു ചരിത്രം സ്വന്തമായില്ലാത്തതിൻ്റെ ചൊരുക്ക് തീർക്കാൻ മുസ്‌ലിംകളുടെ പൈതൃക സമ്പത്ത് തട്ടിയെടുക്കുന്ന, അനീതിയുടെ ഇരയാക്കപ്പെട്ട /പെടാൻ പോകുന്ന മസ്ജിദുകളുടെ ഹിറ്റ് ലിസ്റ്റിൽ വെറും മൂന്നു മാസത്തിനുള്ളിൽത്തന്നെ അഥീന മസ്ജിദ് എന്ന പേര് കണ്ടപ്പോൾ അദ്ദേഹത്തിന് വേദനയോടെ ഒരു മെസേജ് അയച്ചിരുന്നു. മറുതലക്കൽ അദ്ദേഹം ഒരു ജ്ഞാനിയുടെ മൗനമവലംബിച്ചു. എങ്കിലും, അതിലുൾക്കൊള്ളുന്ന ആശങ്കയുടെ ആഴം ദൂരെയിരുന്നും എനിക്ക് മനസ്സിലാവുന്നുണ്ട്.

തണുപ്പ് കാലത്തുടക്കമായിരുന്നു. കടുകു പാടങ്ങൾ പൂവണിഞ്ഞ കാലം. പുകമഞ്ഞ് മൂടിയ തെരുവിലേക്കിറങ്ങിയവരെല്ലാം ഒന്നിലധികം വസ്ത്രങ്ങൾ ധരിക്കുകയും ഷാള് കൊണ്ട് പുതച്ചുമൂടുകയും ചെയ്തിരുന്നു. ഗ്രാമങ്ങളിലേക്കുള്ള വഴികളിൽ കാണുന്ന ആടുമാടുകൾക്ക് കട്ടിയുള്ള ചാക്കുകൊണ്ടും പഴയ വസ്ത്രങ്ങൾ കൊണ്ടും പുതച്ചു കൊടുത്തിരിക്കുന്നു!! മഞ്ഞുകാലം താണ്ടാനുള്ള അലിവും കരുതലുമായിരുന്നു അത്. മനുഷ്യരോടെന്ന പോലെ സകല ജീവജാലങ്ങളോടും കരുണയുള്ളവർ. ആ ഒരൊറ്റക്കാഴ്ച മതിയായിരുന്നു അന്നത്തെ ദിവസം ഏറെ ഭംഗിയുള്ളതാവാൻ.

 

ഒരു ചായ കുടിക്കണം. കാഴ്ചകൾ കണ്ട് നടക്കണം. അത്രയുമായിരുന്നു അപ്പോഴത്തെ മോഹം. എത്തുന്നിടം ലക്ഷ്യമാക്കി നടന്നു. ഒരേ നരച്ച നിറമാണ് തെരുവിന്. പുതിയതൊന്നുമിലാത്ത, സ്വപ്നങ്ങൾക്കുപോലും കടന്നുചെല്ലാനാകാത്തത്ര ഇടുങ്ങിയ വഴികൾ. ഭംഗിയിൽ പുഞ്ചിരിച്ച ഒരാളുടെ ചായക്കട കണ്ടു. ചെറുത്, ഒരു ചായപ്പാത്രവും, രണ്ടു ചില്ലു പാത്രങ്ങളിലെ ബിസ്കറ്റും. അത്രയുമായിരുന്നു ആ കട. (ബംഗാളിലെല്ലായിടത്തും അതങ്ങനെ തന്നെയാണ്. ഭക്ഷണം വിൽക്കുന്ന ഒരു കടയുണ്ടായിരുന്നു. മാവ് കുഴക്കാനുള്ള വലിയ പാത്രവും ഒരാൾക്കിരിക്കാനുള്ള ഇടവും മാത്രം. സ്ഥലം തീർന്നതിനാൽ അടുപ്പിരിക്കുന്നത് തെരുവിലാണ്! പലതിൻ്റെയും ഇടുക്കം കണ്ട്, ദൈവമേ എന്ന് ആഴത്തിള്ളൊരു നിലവിളി തൊണ്ടക്കുഴിയോളം വന്ന് കുരുങ്ങി നിന്നു).

ചായക്കടയുടെ പുറത്ത് മരത്തിൻ്റെ പഴകിയ ഇരിപ്പിടമുണ്ട്. അതിലിരുന്ന് വെറുതെ പുറത്തേക്ക് നോക്കി. പലതരം കാഴ്ചകളാണ്. തെരുവിൽത്തന്നെ കുളിക്കുകയും ഉറങ്ങുകയും ചെയ്യുന്നവർ, കളിക്കുന്ന കുഞ്ഞുങ്ങൾ, അവരുടെ അരികിലിരിക്കുന്ന അമ്മമാർ, അമ്മൂമ്മമാർ, പല തരം പണികളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾ. ചെരുപ്പുകുത്തി, മുളപോലെയെന്തോ ഉന്തികൊണ്ടു പോകുന്ന അദ്ധ്വാനിയായ മനുഷ്യൻ, ചായ വിൽക്കുന്നവർ, ബീഡി തെറിക്കുന്നവർ, റൊട്ടിയുണ്ടാക്കുന്നവർ, സൈക്കിൾ റിക്ഷ വലിക്കുന്ന, കുഴിഞ്ഞ കണ്ണുകളും ഉന്തിയ എല്ലുകളുമുള്ളവർ, തെരുവിൽ നിന്ന് തുന്നൽ പണി ചെയ്യുന്നവർ, പഴക്കമേറെ ചെന്ന കെട്ടിടങ്ങൾ, അവിശ്വസനീയമാം വിധം ചെറിയ കട മുറികൾ, ദാരിദ്ര്യം വിളിച്ചറിയിക്കുന്ന വാഹനങ്ങൾ, കുടിലുകൾ, ചെളിയും മാലിന്യങ്ങളും നായകളും മനുഷ്യരും നിറഞ്ഞ വഴികൾ, അതിൽ കിടന്നുറങ്ങുന്നവർ, കഴിക്കുന്നവർ, കാലങ്ങളായി പാലത്തിനു താഴെ മുറി കെട്ടിപ്പാർക്കുന്നവർ, ഒരു ചാക്ക് വിരിച്ച് അതിൽ കൊള്ളാവുന്ന പച്ചക്കറി മാത്രം വിൽക്കുന്നവർ… വിശപ്പിനും വീടിനും വൃത്തിക്കും നമ്മുടേതു പോലെയല്ലാത്ത നിർവ്വചനങ്ങളുള്ള ദേശം.

ഏതോ ഇരുട്ടു ഗുഹയിൽ യുഗങ്ങളോളം ഉറങ്ങിപ്പോയതു പോലെ നിസ്സംഗരും നിസ്സഹായരുമായവരുടെ നാട്. കാലത്തിന് പാകമാകാനെന്നോണം പകലിരവുകളിൽ മുഴുവൻ പൊള്ളിപ്പായുന്ന മനുഷ്യർ! ഒരു നിമിഷം വെറുതെ ഇരുന്നാൽ, വലുതെന്തോ നഷ്ടം വരുമെന്ന പോലെ നിർത്താതെ ഓടുന്നു. നോക്കിയിരിക്കവേ നമ്മൾ വേറൊരു ലോകത്താണെന്ന് തോന്നും. നൂറ്റാണ്ടുകൾക്ക് മുന്നേയുള്ള സമയത്തേക്ക് വലിച്ചറിയപ്പെടതു പോലെ.

താങ്ങാനാകാത്ത അനുഭവങ്ങളുടെ മലവെള്ളപ്പാച്ചിലു പോലെയുള്ള ആ തെരുവ് കടന്ന് പുറത്തെത്തിയപ്പോൾ കൊടുങ്കാറ്റിൽ പെട്ടതുപോലെ നിലയില്ലാതെ ആടിയുലയുന്നുണ്ടായിരുന്നു ഞാൻ. ഇരുമ്പു വടി കൊണ്ട് അടിയേറ്റിട്ടെന്ന വണ്ണം തല പെരുക്കുകയും വേദനിക്കുകയും ചെയ്ത ദിവസം. അതിൽപ്പിന്നെയാണ് ഒരുപാടൊന്നും വിശക്കരുത് എന്നും, ഒരു വറ്റുപോലും കളയരുത് എന്നും സ്വന്തത്തോട് ശാസിക്കാൻ പഠിച്ചത്.

ചെറു വിരലിനോളം പോലുമില്ലാത്ത ഭംഗിയുള്ള മൺകോപ്പയിലാണ് ബംഗാളിലുള്ളവർ ചായ തരിക. ഒരിക്കലുപയോഗിച്ചാൽ കളയുന്നവ. ആ ദേശത്തു കണ്ട ഒരേയൊരു ആർഭാടവും അതായിരുന്നു. കളയാൻ തോന്നിയില്ല. കഴുകി എടുക്കുന്നത് കണ്ട് കടക്കാരൻ കൗതുകത്തോടെ, നിഷ്കളങ്കമായി ചിരിച്ചു. കഴിച്ചു തീർത്ത പാത്രങ്ങളുടെ മാത്രം നാട്. ഭക്ഷണാവശിഷ്ടങ്ങൾ മാലിന്യത്തിൽ എവിടെയും കണ്ടതേയില്ല. ഒരു വറ്റോ ഒരു ചെറിയ കഷണം ചപ്പാത്തിയോ കളയുമ്പോൾ എത്ര പാവങ്ങളുടെ എത്ര കാലത്തെ അധ്വാനത്തെയാണ്, എത്ര കുഞ്ഞുങ്ങളുടെ സ്വപ്നത്തെയാണ് നിസ്സാരമാക്കിക്കളയുന്നത് എന്ന് തിരിച്ചറിവു തന്ന നാടാണ് എനിക്ക് കൊൽക്കത്ത.

മാൾഡയിലാണ് പശ്ചിമ ബംഗാളിലെ ജാമിഅ കെട്ടിടമുള്ളത്. കടുകുപാടങ്ങളും ഉരുളക്കിഴങ്ങ് കൃഷിയും കടന്ന് ചെന്നാൽ വിശാലമായൊരിടത്ത് കാണുന്ന ഏറ്റവും വൃത്തിയും കെട്ടുറപ്പുമുള്ള കെട്ടിടം. നന്മ നിറഞ്ഞ മലയാളികൾ നിർമിച്ചു നൽകിയത്. പല വാഹനങ്ങൾ മാറിക്കയറി, മണിക്കൂറുകളോളം ദൂരത്തു നിന്നു വന്ന് ഞങ്ങൾക്ക് ഭംഗിയായി ആതിഥേയത്വം തന്ന അക്തർ ഹുസൈൻ തന്നെയാണ് ഇതും കൊണ്ടു പോയി കാണിച്ചു തന്നത്. ഉൾനാട്ടിലുള്ളവർക്ക് പറക്കാനുള്ള ചിറകുമാകാശവും നൽകുന്ന ആ നല്ല മനുഷ്യരോട്, ഉത്തരേന്ത്യയുടെ കണ്ണീരൊപ്പിയ, അതിനായൊരുപാടു പേരെ പറഞ്ഞയച്ച പൂവു പോലെയുള്ള മനുഷ്യനായ സിദ്ധീഖ് ഹസൻ സാഹിബിനോട് അടങ്ങാത്ത ആദരവ് തോന്നി. നല്ലതു മാത്രം വരുത്തണേയെന്ന് പ്രാർഥിച്ചു. ഉത്തരേന്ത്യയിലേക്ക് സംഭാവന ചെയ്യുക എന്ന പത്രപരസ്യത്തിന് ഇവിടെ, സുഖ സൗകര്യങ്ങൾക്കിടയിലിരുന്ന് മനസ്സിലാകുന്നതിനേക്കാൾ കൂടുതൽ ആഴവും പരപ്പുമുണ്ടെന്ന് ബോധ്യമായി.

തിരികെ വീടെത്തിയാലും അവസാനിക്കാത്ത ചില യാത്രകളുണ്ട്. ഓർമകളും തിരിച്ചറിവുകളും അനുഭവങ്ങളും കൊണ്ട് പിന്നീടങ്ങോട്ടും തുടർന്നുകൊണ്ടേയിരിക്കുന്നവ. ജീവനുള്ള കാലത്തോളം ഒരു നോവായും തിരിച്ചറിവായും പിന്തുടരുന്നതാണ് എനിക്ക് ബംഗാൾ യാത്ര. ജീവിതത്തിൽ സംഭവിച്ച മുപ്പത്തിനാലു കൊല്ലം കൊണ്ട് പഠിക്കാതിരുന്ന പലതും ഏതാനും ദിവസങ്ങൾക്കുള്ളിൽ പഠിപ്പിച്ചു തന്ന നാട്.

Related Articles