Current Date

Search
Close this search box.
Search
Close this search box.

എന്തുകൊണ്ട് സഞ്ചാര സാഹിത്യം

കാലങ്ങളായി ഗവേഷകരും പണ്ഡിതരും വലിയ പ്രാധാന്യത്തോടെ കാണുകയും ഭൂമിശാസ്ത്രം, നരവംശശാസ്ത്രം, സാഹിത്യം തുടങ്ങി വിവിധ വീക്ഷണകോണുകളിലൂടെ അന്വേഷണം നടത്തുകയും ചെയ്ത മേഖലയായിരുന്നു സഞ്ചാര സാഹിത്യം. വ്യത്യസ്തമായ വിമര്‍ശന രീതികളും അതില്‍ അവര്‍ സ്വീകരിച്ചു. പുരാതന കാലത്തെന്ന പോലെ ആധുനിക യുഗത്തിലും അതിപ്രധാനമാണ് സഞ്ചാര സാഹിത്യമെന്ന കല. പഴയ കാലത്ത് തന്നെ ഗോത്രങ്ങള്‍ക്കിടയില്‍ അതിന് പ്രചാരമുണ്ടായിരുന്നു. ഇബ്‌നു ബത്തൂത്ത, ഇബ്‌നു ജുബൈര്‍, ഇബ്‌നു ഫള്‌ലാന്‍ എന്നിവരെപ്പോലെ നിരവധി സഞ്ചാര സാഹിത്യകാരന്മാര്‍ ചരിത്രത്തില്‍ വന്നു പോയിട്ടുണ്ട്.

ജ്ഞാന പാത്രവും സാംസ്‌കാരിക വിരിപ്പും
വിവിധ മനുഷ്യ സംസ്‌കാരത്തെ ഉള്‍കൊള്ളുന്ന ഒരു വൈജ്ഞാനിക ഖനിയാണ് സഞ്ചാര സാഹിത്യം. സമൂഹങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ചും ചിലത് മറ്റുചിലതിനെ സ്വാധീനിക്കുന്ന രീതിയും അത് പറഞ്ഞുതരും. നാഗരിക സംഘട്ടനങ്ങളുടെയും സാംസ്‌കാരിക ബന്ധത്തെക്കുറിച്ചും അത് കഥ പറയും. ചരിത്രം, രാഷ്ട്രീയ സംവിധാനം, സാമൂഹിക ജീവിതശൈലി തുടങ്ങിയ വിഷയങ്ങളില്‍ താല്‍പര്യപ്പെടുന്നവര്‍ക്കെല്ലാം ഉചിതമായ ഉള്ളടക്കം തന്നെ സഞ്ചാര സാഹിത്യം നല്‍കുന്നു. അതിനോടൊപ്പം തന്നെ ജനങ്ങളും നാഗരികതകളും തമ്മിലുള്ള വ്യത്യാസവും സ്വാധീനവും അനന്തരഫലവുമെല്ലാം സഞ്ചാര സാഹിത്യം രേഖപ്പെടുത്തി വെക്കും. ഗവേഷകരും പണ്ഡിതന്മാരും വലിയ പ്രാധാന്യത്തോടെ കണ്ടിരുന്ന സഞ്ചാര സാഹിത്യം പഴയ ഗദ്യ കലാ രീതികളില്‍ പെട്ടതായിരുന്നു. അറിവുകള്‍ അതിന്റെ ഉറവിടത്തില്‍ നിന്നു തന്നെ നേടിയെടുക്കാനുള്ള മാര്‍ഗമായിരുന്നു. മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന നാടുകളും അവിടുത്തെ സംസ്‌കാരവും ജീവിത രീതികളും അതോടൊപ്പം തന്നെ വളരുകയും തളരുകയും ചെയ്യുന്ന നാഗരികതയും മനസ്സിലാക്കാനുള്ള തന്ത്രമായിരുന്നു.

സഞ്ചാരികള്‍: യാത്രാ പശ്ചാത്തലവും താല്‍പര്യവും
സഞ്ചാരികളില്‍ ഭൂരിഭാഗവും മതപണ്ഡിതരും ജ്ഞാനികളുമായിരുന്നു. ഭൂമിയെക്കുറിച്ചും മനുഷ്യ സമൂഹത്തെക്കുറിച്ചും ഗോപ്യമായ അറിവുകളോടുള്ള അതിയായ ആഗ്രഹം ചിലരെ ലോകം ചുറ്റാന്‍ പ്രേരിപ്പിച്ചു. ചരിത്രപരമായ ഡോക്യുമെന്റേഷന് വേണ്ടിയായിരുന്നു ചില സഞ്ചാരികള്‍ യാത്ര നടത്തിയത്, ചിലര്‍ ഭൂമിശാസത്രപരമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയും. ഇന്ന് നരവംശശാസ്ത്രം എന്ന് അറിയപ്പെടുന്ന മനുഷ്യനുമായി ബന്ധപ്പെട്ട അന്വേഷണമാണ് ചിലരെ യാത്രികരാക്കിയത്. യാത്രക്കിടയില്‍ അവര്‍ കണ്ട ഓരോ സമൂഹത്തെക്കുറിച്ചും അവരുടെ ശീരീരിക, മാനസിക അവസ്ഥകളെക്കുറിച്ചും സാമൂഹിക വ്യവസ്ഥിതിയെക്കുറിച്ചും സഞ്ചാരികള്‍ കൃത്യമായി രേഖപ്പെടുത്തിവെച്ചു. നാഗരികവും സാംസ്‌കാരികവുമായ സംഘട്ടനങ്ങളെ രേഖപ്പെടുത്തി വരും തലമുറക്ക് അതിന്റെ പൂര്‍ണ്ണ വിവരം നല്‍കാനും ചിലര്‍ താല്‍പര്യം കാണിച്ചു.

Also read: ആൾക്കൂട്ടത്തിൽ തനിയെ

ലക്ഷ്യങ്ങള്‍ എന്തുതന്നെയായിരുന്നാലും വ്യത്യസ്ത ശൈലികള്‍, മനുഷ്യാവസ്ഥകള്‍, വിവരണങ്ങള്‍, ആവിഷ്‌കാരങ്ങള്‍ എന്നിവ നിറഞ്ഞ സമ്പന്നമായ ഒരു ഗദ്യ കലയാണ് ഇന്ന് സഞ്ചാര സാഹിത്യം. ഓരോ വ്യക്തിയുടെയും ശ്രദ്ധ പിടിച്ചുപറ്റാനുതകുന്ന മൂല്യവത്തായ ജ്ഞാനമാണ് സഞ്ചാര സാഹിത്യത്തിന്റെ മൂലധനം. ഓരോ സമൂഹത്തിന്റെയും സാംസ്‌കാരികവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നിരീക്ഷണങ്ങളും വിഷകലനങ്ങളും വായനക്കാരനെ ഹഠാതാകര്‍ഷിക്കും. ഒരുപാട് സഞ്ചാര സാഹിത്യകാരന്മാര്‍ ഇതിന്റെ ഭാഗമായി വളര്‍ന്നുവന്നിട്ടുണ്ട്. യാത്രയില്‍ അവര്‍ കണ്ട കാഴ്ചകളും അതിനോടുള്ള അവരുടെ പ്രതികരണങ്ങളും വായനക്കാരനെ ആവേശഭരിതനാക്കുന്ന രീതിയില്‍ വളരെ മനോഹരമായ സാഹിത്യശൈലി ഉപയോഗിച്ചാണ് അവരതെല്ലാം രേഖപ്പെടുത്തി വെച്ചത്. ആ യാത്ര വിവരണങ്ങള്‍ക്കൊപ്പം വായനക്കാരനും സാങ്കല്‍പികമായ യാത്ര പോകുന്ന അത്യാകര്‍ഷക രീതിയിലായിരുന്നു അവരുടെ രചനകള്‍.

സഞ്ചാര സാഹിത്യത്തിന്റെ ലക്ഷ്യങ്ങളും പരിവര്‍ത്തനങ്ങളും
ഇസ്‌ലാമിക ഭരണകൂടങ്ങളുടെ നിലവിലുണ്ടായിരുന്ന കാലഘട്ടങ്ങളില്‍ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തപ്പെട്ടത് ഹജ്ജ് യാത്രാ വിവരണങ്ങളായിരുന്നു. അതിനുപുറമെ, രാഷ്ട്രീയ ആവശ്യങ്ങള്‍ അറിയാന്‍, ജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ പരിശോധിക്കാന്‍, അതിര്‍ത്ഥികളുടെ സ്ഥിതി അന്വേഷിക്കാന്‍, രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കാന്‍, സമ്പത്തും നികുതിയും പിരിച്ചെടുക്കാന്‍ തുടങ്ങി ഔദ്യോഗികമായ ചുമതലകള്‍ നിര്‍വഹിക്കുന്നതിനും യാത്രകള്‍ നടത്തിയിരുന്നു.

ഇസ്‌ലാമിന്റെ പടയോട്ടവും വിജയവും വര്‍ദ്ധിച്ചതോടെ യാത്രകളും വര്‍ദ്ധിച്ചു. ഇസ്‌ലാമിക രാഷ്ട്രം വികസിക്കുന്നതിനനുസരിച്ച് ഭൂമിശാസ്ത്രത്തിലും മാറ്റം വന്നു. ഇസ്‌ലാം വ്യാപനത്തിനനുസരിച്ച് അതിര്‍ത്ഥികള്‍ ഭേദിച്ചുള്ള യാത്രകളും സജീവമായി. പതിമൂന്നാം നൂറ്റാണ്ടിലായിരുന്നു അത്തരം യാത്രകള്‍ കൂടൂതല്‍ സജീവമായി നിലനിന്നത്. അതിന്റെ ഫലമായി ഒരുപാട് ധാര്‍ഷനിക സഞ്ചാരികളും ലോകത്തുടനീളം രൂപപ്പെട്ടു. ലോകത്ത് വിജയികളായി വാണവരുടെ സംസ്‌കാരത്തിന്റെ വക്താക്കളായിരുന്നതിനാലായിരുന്നു ചിലര്‍ക്ക് വലിയ പ്രാധാന്യം ലഭിച്ചത്. എന്നാല്‍ സഞ്ചാര സാഹിത്യത്തിലെ അതികായന്മാരോട് താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ അവരുടേത് കേവലം സ്റ്റീരിയോടൈപ്പുകള്‍ മാത്രമായിരുന്നു. അവരും മനുഷ്യസമൂഹത്തിന്റെ സ്വഭാവവിശേഷണങ്ങളും വ്യത്യസ്തങ്ങളായ പ്രകൃതങ്ങളും രേഖപ്പെടുത്തിവെക്കാന്‍ ശ്രമിച്ചു. പക്ഷെ, അതൊന്നും അത്രയധികം കാലം നീണ്ടുനിന്നില്ല. പത്തൊമ്പതാം നൂറ്റാണ്ടോടെ അറബ് സഞ്ചാരികള്‍ പാശ്ചാത്യ സഞ്ചാരികളുടെ രീതികള്‍ സ്വീകരിക്കാന്‍ തുടങ്ങി. അതോടെ സഞ്ചാര സാഹിത്യത്തില്‍ അവര്‍ക്കു മാത്രമായിരുന്ന പ്രത്യേകതകളും മേല്‍കോയ്മകളും നഷ്ടപ്പെടുകയും ചെയ്തു.

Also read: ചരിത്രം നൽകുന്ന തിരിച്ചറിവുകൾ

എന്താണ് സഞ്ചാര സാഹിത്യം?
സഞ്ചാര സാഹിത്യത്തെ ജനപ്രിയസാഹിത്യങ്ങളുടെ ഭാഗമായാണ് ചില പണ്ഡിതന്മാര്‍ കണക്കാക്കിയിട്ടുള്ളത്. ജനപ്രയ സാഹിത്യങ്ങളുടെ എല്ലാ രീതികളും ഘടകങ്ങളും അതിലുണ്ടെങ്കിലും അതിനപ്പുറം ഒരുപാട് ആശയങ്ങളും ചിന്തകളും സഞ്ചാര സാഹിത്യം വായനക്കാര്‍ക്ക് നല്‍കുന്നുണ്ട്. സഞ്ചാര സാഹിത്യത്തിന്റെ ആഖ്യാന ലക്ഷ്യം അടിസ്ഥാനപരമായി വിവരണവും ജ്ഞാനവും സാംസ്‌കാരിക ചിത്രവുമാണ്. യാത്രയിടെ നാളുകളും സാഹിത്യമായി എഴുതുന്ന സമയവും വായികുന്നു നേരവുമാണ് അതിന്റെ കാലയളവ്. ഏത് കാലത്തും ഏത് ദേശത്ത് വെച്ചും വായനക്കാരന് അനുഭവേദ്യമാകുന്ന കാല, ദേശാതീതമായ സാഹിത്യമാണത്. കാരണം, അനുഭവങ്ങളെ പ്രത്യേക കാഴ്ചപ്പാടുകളും രീതികളുമുള്ള ശൈലി ഉപയോഗിച്ച് എഴുതപ്പെട്ട കുറിപ്പുകളാണത്.

യാഥാര്‍ത്ഥ്യത്തിനും സങ്കല്‍പത്തിനുമിടയില്‍
യാത്രകളെ സാങ്കല്‍പികമെന്നും യാഥാര്‍ത്ഥ്യമെന്നും രണ്ടായി തരം തിരിക്കാം. അതില്‍ യാഥാര്‍ത്ഥ്യമായത്, ചില പ്രത്യേക ലക്ഷ്യങ്ങള്‍ക്ക് വേണ്ടി സഞ്ചാരികള്‍ നടത്തിയ യാത്രകളാണ്. ജ്യോതിശാസ്ത്രം, സാംസ്‌കാരികം, സാമ്പത്തികം, സാമൂഹികം, ചരിത്രപരം എന്നീ മേഖലയിലെ യാഥാര്‍ത്ഥ്യങ്ങളെയും വസ്തുതകളെയും രേഖപ്പെടുത്തി വെക്കുകയെന്ന മഹത്തായ ദൗത്യമാണ് അതിന് പിന്നിലുള്ളത്. അതിലേറ്റവും പ്രശസ്തമായത് ഹജ്ജ് യാത്രകളാണ്.

ലിസാനുദ്ധീന്‍ ബ്‌നു ഖത്തീബിന്റെ യാത്രകള്‍ ഈ ഗണത്തില്‍ പെടുത്താം. ഹി. 748ല്‍ ഗ്രാനഡയുടെ കിഴക്കന്‍ പ്രവിശ്യകളിലേക്ക് ഔദ്യോഗിക പരിശോധനക്കായി ഗ്രനേഡയന്‍ രാജാവായ അബുല്‍ ഹജ്ജാജ് യൂസുഫിനൊത്തുള്ള യാത്രയില്‍ കണ്ട കാഴ്ചകളാണ് അദ്ദേഹം മനോഹരമായി രേഖപ്പെടുത്തിവെച്ചത്. പ്രജകളുടെ ക്ഷേമാന്വേഷണവും ഗ്രാനഡയുടെ കിഴക്കന്‍ അതിര്‍ത്ഥി നിര്‍ണയവുമായിരുന്നു യാത്രയുടെ ലക്ഷ്യം. ‘ഖത്ത്‌റത്തുത്വൈഫ് ഫീ രിഹ്‌ലത്തിശ്ശിതാഇ വസ്സ്വയ്ഫ്’ എന്നാണ് ലിസാനുദ്ധീന്‍ തന്റെ യാത്രാ കുറിപ്പിന് പേര് നല്‍കിയത്. സാങ്കല്‍പകതയിലൂടെ യാഥാര്‍ത്ഥ്യത്തിലേക്ക് കൊണ്ടു പോകുന്ന ശൈലി ഉപയോഗിച്ചതു കൊണ്ടാണ് അദ്ദേഹം അതിന് ഈ പേര് തന്നെ നല്‍കിയത്. ഖത്ത്‌റത്ത് എന്നതിന്റെ ഭാഷാര്‍ത്ഥം മനസ്സില്‍ തോന്നുന്നത് എന്നാണ്. ത്വൈഫ് എന്ന് പറഞ്ഞാല്‍ ഭാവനയും, അത് ഉറക്കത്തിലായാലും അല്ലെങ്കിലും. ത്വൈഫ് എന്നത് ഭ്രാന്തിന്റെ ഭാഗമാണെന്ന് പറഞ്ഞ ഭാഷാ പണ്ഡിതന്മാരുമുണ്ട്. ആ സാങ്കില്‍പികതയില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേക്കാണ് ഈ യാത്രാ കുറിപ്പ് വായനക്കാരെനെ കൊണ്ടുപോകുന്നത് എന്ന് വ്യക്തമാക്കാനാണ് പിന്നീട് ‘ഫീ രിഹ്‌ലത്തിശ്ശിതാഇ വസ്സ്വയ്ഫ്’ എന്ന് ഉപയോഗിച്ചത്. ഒരു ഇസ്‌ലാമിക ചട്ടക്കൂടില്‍ നിന്നാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ അവരുടെ യാത്ര ഹജ്ജ് ലക്ഷ്യം വെച്ചുള്ളതായിരിക്കാനാണ് സാധ്യത.

Also read: വ്യക്തിത്വവും വിശാലമനസ്ക്കതയും

സാങ്കില്‍പികമായ യാത്രകളെ സംബന്ധിച്ചെടുത്തോളം, സൂഫികള്‍ നടത്തുന്ന യാത്രകളുമായാണ് അതിന് കൂടുതല്‍ അടുപ്പം. പ്രാപഞ്ചികമായ സാഹചര്യങ്ങളില്‍ നിന്നുള്ള രക്ഷയും ദൈവിക സാമീപ്യവും ആത്മരക്ഷയും തേടി ആകാശ ലോകത്തേക്കുള്ള ദിവ്യ പ്രയാണമാണത്. ഗ്രന്ഥങ്ങളില്‍ നാം വായിക്കുന്ന എല്ലാ യാത്ര വിവരണങ്ങളും ആത്മാക്കള്‍ കാണുകയം കേള്‍ക്കുകയും അനുഭവിക്കുകയും രേഖപ്പെടുത്തിവെക്കുകയും ചെയ്തതിന്റെ ബാക്കിപത്രങ്ങളാണ്. എന്നാല്‍ നാം എന്താണ് ചെയ്തിട്ടുള്ളത്? നാം യാത്ര ചെയ്തു തുടങ്ങിയിട്ടുണ്ടോ? ആത്മാവിലേക്കുള്ള നമ്മുടെ യാത്രള്‍, അത് അന്വേഷിക്കുന്നതിനും മനസ്സിലാക്കുന്നതിനുമെല്ലാം സുരക്ഷിതമായ മാര്‍ഗങ്ങളാണ് നാം തിരയുന്നത്. നീ നിന്റെ യാത്രകള്‍ ആരംഭിച്ചോ, അതോ ഇനിയും ആരംഭിക്കുന്നില്ലേ?

വിവ- മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍

Related Articles