Current Date

Search
Close this search box.
Search
Close this search box.

കാഴ്ചക്കാരെ ആനന്ദത്തിലാറാടിക്കുന്ന ബോസ്ഫറസ് എന്ന നീലക്കടല്‍

‘യൂറോപ്പിലെ രോഗി’ എന്ന് എവിടെയൊക്കെയോ കേട്ടും വായിച്ചും തലയില്‍ കടന്നുകൂടിയിരുന്ന രാജ്യമായിരുന്നില്ല, കണ്‍മുന്നില്‍ നേര്‍ക്കാഴ്ചയായ തുര്‍ക്കി. മനോഹരമായ രാജ്യം. സ്വഭാവ, പെരുമാറ്റരീതികള്‍ കൊണ്ട് അതിനെ അതിലും മനോഹരമാക്കുന്ന ജനങ്ങളും. തികച്ചും ശാന്തപ്രകൃതര്‍. ഒരു നഗരത്തിന്റെ സൗന്ദര്യത്തിന്റെ മാനദണ്ഡം അന്നാട്ടിലെ ജനങ്ങളും കൂടിയാണെങ്കില്‍ ഇസ്താംബൂള്‍ സുന്ദരമാണ്, അതിസുന്ദരം.

അങ്കാറയാണ് തലസ്ഥാനമെങ്കിലും സഞ്ചാരികള്‍ക്ക് തുര്‍ക്കിയെന്നാല്‍ ഇസ്താംബൂളാണ്; ഇസ്താംബൂളെന്നാല്‍ ബോസ്ഫറസ് കടലിടുക്കും. ഫോട്ടോയെ വെല്ലുന്ന ഒറിജിനല്‍ – അതാണ് ബോസ്ഫറസ് എന്ന നീലക്കടല്‍. വക്കുകളില്‍പ്പോലും അടിത്തട്ട് കാണാത്ത നീല നിറം. നിശ്ശബ്ദ സുന്ദരം. തീരത്തിരുന്നങ്ങിനെ തിരയിളക്കങ്ങളില്ലാത്ത നീലക്കടിലേക്ക് നോക്കിയിരിക്കുമ്പോള്‍ നിങ്ങള്‍ക്കവള്‍ പ്രിയപ്പെട്ടവളായിക്കൊണ്ടിരിക്കും. അതുകൊണ്ടാണല്ലോ രാജാക്കന്മാരും പാഷമാരും പ്രഭുക്കളും സമ്പന്നരുമൊന്നുപോലെ ബോസ്ഫറസിന്റെ തീരങ്ങളില്‍ കൊട്ടാരങ്ങളും രമ്യഹര്‍മ്യങ്ങളും ബംഗ്ലാവുകളും പണിതത്.

കാഴ്ചക്കാരെ ആനന്ദത്തിലാറാടിക്കുന്ന, എഴുത്തുകാരെ ഒരുപാടൊരുപാട് മോഹിപ്പിക്കുന്ന ബോസ്ഫറസ്. ‘ഇസ്താംബൂള്‍: ഒരു നഗരത്തിന്റെ ഓര്‍മ്മകള്‍’ എഴുതിയ നോബല്‍ ജേതാവായ ഓര്‍ഹാന്‍ പാമുക്കിന്റെ പ്രിയനഗരം. തുര്‍ക്കിയെക്കുറിച്ച പാമൂക്കിന്റെ എഴുത്തുകളില്‍ നിരാശ പാട കെട്ടിയതായി കാണാമെങ്കില്‍, ബോസ്ഫറസിനെക്കുറിച്ചാവുമ്പോള്‍ അത് പ്രതീക്ഷാ നിര്‍ഭരമാകുന്നു. തന്റെ ബാല്യത്തില്‍ ‘ബോസ്ഫറസിലേക്ക് അച്ഛനോ അമ്മാവനോ ഞങ്ങളെ കൊണ്ടുപോകാത്ത ഞായറാഴ്ച ഒരു ഞായറാഴ്ചയേ ആയിരുന്നില്ല’ എന്നെഴുതിയ അദ്ദേഹം, ബോസ്ഫറസിന് ഒരു ആത്മാവുണ്ടോ എന്നും അത്ഭുതംകൂറിയിട്ടുണ്ട്.

കടലുകളുടെ ഭൂപടത്തില്‍ വെറുമൊരു മുടിനാരുപോലെ നേര്‍ത്തതാവും ബോസ്ഫറസ് കടലിടുക്ക്. എന്നാല്‍ സൗന്ദര്യത്തിലും ഗാംഭീര്യത്തിലും കിടയറ്റവള്‍. മാത്രമല്ല, രണ്ടു വന്‍കരകളെ തമ്മില്‍ വേര്‍തിരിക്കുന്ന ഇത്തിരി വല്യ പുള്ളിക്കാരിയാണ്. തുര്‍ക്കിക്ക് രണ്ടു വന്‍കരകളുടെ ഭാഗമാവുകയെന്ന അപൂര്‍വ്വ ഭാഗ്യം നല്‍കുന്നത് ബോസ്ഫറസാണ്. കടലിന്റെ ഗണത്തില്‍ പെടുത്തിയാല്‍ ഇത്തിരിപ്പോന്ന, പല എഴുത്തുകാരും പുഴ എന്ന് വിളിക്കുന്ന, ഈ കൊച്ചു കടലില്‍ ഒരു ദിവസം സഞ്ചരിക്കുന്നവര്‍ എത്രയുണ്ടാവും?! പതിനായിരങ്ങള്‍ വരുമെന്ന് ഉറപ്പ്. ഒരു പക്ഷേ അതിലും വളരെ കൂടുതലുണ്ടാവും..

ഏഷ്യയില്‍നിന്നും ബോസ്ഫറസ് കടന്ന് യൂറോപ്പിലേക്ക് പടരുന്ന നഗരമാണല്ലോ ഇസ്താംബൂള്‍. മര്‍മറ കടലിനും കരിങ്കടലിനും ഇടയില്‍ തുര്‍ക്കിയെ രണ്ടായി നെടുകെ പിളര്‍ക്കുന്ന സ്വാഭാവിക കടലിടുക്കാണ് ബോസ്ഫറസ് കടലിടുക്ക്. യൂറോപ്യന്‍ ഭാഗത്ത് ത്രോസ്സും, ഏഷ്യയില്‍ അനറ്റോളിയയുമാണ് ബോസ്ഫറസ്സിന്റെ അതിരുകള്‍.

ഒന്നര കിലോമീറ്റര്‍ നീളത്തില്‍, നൂറു മീറ്ററിലേറെ മൊത്തം ഉയരത്തില്‍, മൊത്തമായും തൂങ്ങിനില്‍ക്കുന്ന മൂന്ന് വമ്പന്‍ തൂക്കുപാലങ്ങള്‍ ബോസ്ഫറസിന് മുകളിലൂടെ ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്നു. ഫസ്റ്റ്, സെക്കന്‍ഡ്, ആന്റ് തേര്‍ഡ് ബോസ്ഫറള്‍സ് ബ്രിഡ്ജുകള്‍ എന്ന പേരില്‍ പ്രശസ്തമായ ഇവയില്‍ ഒന്നാമത്തെ ബ്രിഡ്ജ് ഇപ്പോള്‍ അറിയപ്പെടുന്നത് ‘ജൂലായ് 15 മാര്‍ട്ടയേഴ്‌സ് ബ്രിഡ്ജ്’ എന്ന പേരിലാണ് (പഴയ പേര്: Bosphorus bridge). രാത്രിയില്‍ ഇവന്‍ വെളിച്ചത്തില്‍ കുളിച്ചങ്ങിനെ കിടക്കും, ചുറ്റിനും ‘ചുവന്ന’ സൗന്ദര്യം വിതറി. (രണ്ടാമത്തെ പാലം Fatih Sultan Mehmet bridgeDw, മൂന്നാമത്തേത് Yavuz Selim BridgeDw)

തന്റെ ഇരു കരകളിലുമായി നിരവധി സാമ്രാജ്യങ്ങളുടെ ഉത്ഥാന-പതനങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ബോസ്ഫറസ്. ഒരുപക്ഷെ ഇത്തരമൊരു ‘ഭാഗ്യം’ അവകാശപ്പെടാവുന്ന മറ്റൊരു കടല്‍ ഉണ്ടോ? രണ്ട് വന്‍കരകളിലായി സ്ഥിതിചെയ്യുന്ന ലോകത്തെ ഒരേയൊരു വന്‍ നഗരമാണല്ലോ ഇസ്താംബുള്‍. വിവിധ സാമ്രാജ്യങ്ങള്‍ ദീര്‍ഘകാലം ആധിപത്യം പുലര്‍ത്തുന്നതിനും, പിന്നീട് കീഴടക്കപ്പെട്ട് പുതിയ സാമ്രാജ്യങ്ങള്‍ക്ക് വഴിമാറുന്നതിനും ബോസ്ഫറസ് സഹസ്രാബ്ദങ്ങള്‍ സാക്ഷിയായി.

പുരാതന ബൈസാന്റിയം മുഖ്യമായും ഗ്രീക്ക് ആധിപത്യത്തിന് കീഴിലായിരുന്നു. റോമാ ചക്രവര്‍ത്തി കോണ്‍സ്റ്റന്റൈന്‍ ഒന്നാമന്‍ ഇസ്തംബൂള്‍ നഗരത്തെ കോണ്‍സ്റ്റാന്റിനോപോളിസ് എന്ന് പേര് വിളിച്ചു. ഇത് പിന്നീട്, കോണ്‍സ്റ്റാന്റിനോപ്പിള്‍ ആയി. ആയിരത്തിലേറെ വര്‍ഷങ്ങള്‍ ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ (കിഴക്കന്‍ റോമാ സാമ്രാജ്യം) തലസ്ഥാനമായിരുന്നു, കോണ്‍സ്റ്റാന്റിനോപ്പിള്‍. ഗ്രീക്ക് ആധിപത്യത്തിന് ശേഷം ആദ്യം റോമാ സാമ്രാജ്യവും പിന്നീട് കിഴക്കന്‍ റോമാ സാമ്രാജ്യവും ഇടയ്ക്ക് ലാറ്റിന്‍ സാമ്രാജ്യവും ഏറ്റവുമൊടുവില്‍ ഒട്ടോമന്‍ സാമ്രാജ്യവും ഇസ്താംബൂള്‍ വാണു. ഈ സാമ്രാജ്യങ്ങളുടെയെല്ലാം തലസ്ഥാനമായിരുന്നു, ഇസ്താംബൂള്‍ (കോണ്‍സ്റ്റാന്റിനോപ്പിള്‍). ഓട്ടോമന്‍ സുല്‍ത്താന്‍ മഹമ്മദ് രണ്ടാമന്‍ 1453-ല്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയതോടെ ഇസ്താംബൂള്‍ എന്ന പേര് നഗരത്തിന് പ്രസിദ്ധമായി.

ടോപ്കാപി പാലസ്, ഹാഗിയാ സോഫിയ, സുലൈമാനി മോസ്‌ക് തുടങ്ങി പള്ളികളും കൊട്ടാരങ്ങളും കോട്ടകളുമൊക്കെ ചേര്‍ന്ന തുര്‍ക്കി സാമ്രാജ്യത്തിന്റെ ശേഷിപ്പുകളുടെ ഒരു വിഹഗ വീക്ഷണം ബോസ്ഫറസ് യാത്ര നമുക്ക് നല്‍കുന്നു. സാമ്രാജ്യാധിപതികളുടെ അധികാരത്തിന്റെയും ശക്തിയുടെയും കരുത്തിന്റെയുമൊക്കെ പ്രതീകങ്ങളായ നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ നിര്‍മ്മിതികളുടെ ബാക്കിപത്രങ്ങള്‍. മറുവശത്ത്, സാമ്രാജ്യങ്ങളുടെ ശോഭന കാലത്ത്, പാഷമാര്‍ക്കും മന്ത്രിമാര്‍ക്കുമൊക്കെ ഈ കെട്ടിടങ്ങള്‍ ബോസ്ഫറസ് കാഴ്ചയൊരുക്കി. ബോസ്ഫറസിലെ ചരക്കുകപ്പലുകളുടെയും മറ്റും നീക്കങ്ങള്‍ തങ്ങളുടെ കൊട്ടാരങ്ങളിലും കോട്ട കൊത്തളങ്ങളിലും ഇരുന്ന്തന്നെ അവര്‍ക്ക് കാണാനായി. എല്ലാം അവരുടെ കാഴ്ച്ചവട്ടത്തിലൊതുങ്ങി..

യെമ്മിനൂന്‍ ബോട്ട് ജെട്ടിയില്‍നിന്നാണ് വിവിധ സ്ഥലങ്ങളുള്ള സര്‍ക്കാര്‍ ബോസ്ഫറസ് റൂട്ടുകളുടെ തുടക്കം. യൂറോപ്യന്‍ സൈഡിലുള്ള മറ്റു ജെട്ടികളിലൊക്കെ നിര്‍ത്തി ആളെയെടുത്തും ഇറക്കിയും അങ്ങിനെ മൂന്നാമത്തെ ബോസ്ഫറസ് ബ്രിഡ്ജുവരെ, ഏകദേശം കരിങ്കടലിന്റെ പരിസരത്തുവരെ, ബോട്ടുകള്‍ പോകും. പിന്നെ അതേ റൂട്ടില്‍ തിരിച്ചുവരും. ‘ഗോള്‍ഡന്‍ ഹോണി’നപ്പുറത്തുള്ള കാരക്കോയ് ആണ് മറ്റൊരു പ്രധാന ജെട്ടി.

പ്രൈവറ്റ് ബോസ്ഫറസ് ടൂറുകള്‍ എല്ലായിടത്തുനിന്നും ഉണ്ടെങ്കിലും, മുഖ്യമായും തുടങ്ങുന്നത് യെമ്മിനൂന്‍ ജെട്ടിയില്‍നിന്ന് തന്നെ. ഒന്നൊന്നരമണിക്കൂര്‍ ഇവ ബോസ്ഫറസില്‍ കറങ്ങും. ഇരുപതു ലിറയാണ് ശരാശരി ചാര്‍ജ്ജ്. മറ്റു ബോട്ടുജെട്ടികളിലൊന്നും നിര്‍ത്താതെ കറങ്ങണമെന്നുള്ളവര്‍ക്ക് ഇവയെ ആശ്രയിക്കാം. ഉസ്‌ക്ദാര്‍, കദിക്കോയ് തുടങ്ങിയ ജെട്ടികളില്‍നിന്നും ഏഷ്യന്‍ സൈഡിലും ബോസ്ഫറസ് ട്രിപ്പുകളുണ്ട്.

വെറും പത്തുനാളത്തെ സന്ദര്‍ശനത്തിനിടയില്‍ അഞ്ചാറു തവണ ബോസ്ഫറസിലലയാന്‍ ഭാഗ്യമുണ്ടായി. അതില്‍ നാലെണ്ണമെങ്കിലും സാമാന്യം നീണ്ട യാത്രകളായിരുന്നു. ഇരു കരകളിലും മനോഹരമായ വീടുകളും ബംഗ്ലാവുകളും അരമനകളും സുഖവാസകേന്ദ്രങ്ങളും ആകര്‍ഷകമായ കെട്ടിടങ്ങളും കൊട്ടാരങ്ങള്‍ തന്നെയും നിരന്നു നില്‍ക്കുന്ന ബോസ്ഫറസ് തീരങ്ങളുടെ കടലില്‍നിന്നുള്ള കാഴ്ച്ച ഓരോ യാത്രയെയും വ്യത്യസ്തമാക്കുന്നു. അസ്തമയ സമയത്തെ ബോസ്ഫറസിന്റെ ഭംഗി അതിലും അപാരമാണ്. ചക്രവാളത്തോടൊപ്പം ചുവപ്പില്‍ കുളിച്ചങ്ങനെ..

Related Articles