Current Date

Search
Close this search box.
Search
Close this search box.

പാമുക്കലെ

പകലിലെ വിമാനയാത്രകൾ സമ്മാനിക്കുന്ന മനോഹരമായയൊരു കാഴ്ചയുണ്ട്. സൂര്യവെളിച്ചത്തിൽ പഞ്ഞിക്കെട്ടുകൾ കൂട്ടിയിട്ടതുപോലെ അനന്തമായങ്ങിനെ പരന്നുകിടക്കുന്ന വെള്ളിമേഘങ്ങൾ. ഇവയെ ഭൂമിയിലിറക്കി, അതൊരു മലയായാൽ എങ്ങനെയുണ്ടാവും?! ഏതാണ്ട് അത്തരമൊരു കാഴ്ചയാണ് പാമുക്കലേ നമുക്ക് സമ്മാനിക്കുന്നത്.

ചുണ്ണാമ്പുകല്ലുകളാൽ (limestone) രൂപംകൊണ്ട ഒരു വലിയ മല – അതാണ് പാമുക്കലെ. തുർക്കിയിലെ ഡെനിസ്‌ലി (Denizli) പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന അതീവ ചാരുതയാർന്ന പഞ്ഞിക്കോട്ട! ‘പരുത്തിക്കോട്ട’ (Cotton Castle) എന്നാണ് തുർക്കി ഭാഷയിൽ ‘Pamukkale’ എന്ന വാക്കിന്റെ അർഥം. pamuk എന്നാൽ പരുത്തി. kale എന്നാൽ കോട്ടയും. വേൾഡ് ഹെറിറ്റേജ് സൈറ്റിൽപ്പെടുന്ന പ്രകൃതിയുടെ ഈ വിസ്മയം കാണാൻ പ്രതിവർഷം പാമുക്കലെ സന്ദർശിക്കുന്നവരുടെ എണ്ണം രണ്ടു മില്യൺ വരുമത്രെ.

വിഖ്യാത തുർക്കി എഴുത്തുകാരൻ ഓർഹൻ പാമുകിന്റെ പേരിലുമുണ്ടല്ലോ ഒരു ‘പാമുക്’. അദ്ദേഹത്തിന്റെ വലിയച്ചനും വലിയമ്മയും തുർക്കിയിലെ മനിസ എന്ന സ്ഥലത്തിനടുത്തുള്ള ഗോർഡസ് പട്ടണത്തിൽ നിന്നുള്ളവരായിരുന്നു. വിളറിയ തൊലിയും വെളുത്ത മുടിയും കാരണം അവരുടെ കുടുംബം അറിയപ്പെട്ടത് ‘പാമുക്’ അഥവാ ‘പരുത്തി’ എന്നായിരുന്നെന്ന് അദ്ദേഹം എഴുതുന്നുണ്ട്. അങ്ങിനെയാവണം പാരമ്പര്യമായി അദ്ദേഹത്തിനും ആ പേര് ലഭിക്കുന്നത്.

കോന്യയിൽനിന്ന് രാത്രി പന്ത്രണ്ടുമണിക്കുള്ള ബസ്സിനാണ് ഞങ്ങൾ പാമുക്കലെയിലേക്ക് തിരിച്ചത്. ടിക്കറ്റ് നേരത്തെ റിസർവ്വ് ചെയ്തിരുന്നു. കോന്യയിൽനിന്ന് പാമുക്കലെ സ്ഥിതിചെയ്യുന്ന ഡെനിസ്‌ലിയിലേക്ക് നാന്നൂറ് കിലോമീറ്ററിനുമേൽ ദൂരമുണ്ട്. രാത്രിയും, നല്ല റോഡുമായതിനാൽ അഞ്ചാറ് മണിക്കൂറുകൾ കൊണ്ട് ബസ്സ് ലക്ഷ്യത്തിലെത്തും.

ദീർഘദൂര ബസ്സുകൾ വളരെ സൗകര്യപ്രദമാണ്. ഓരോ സീറ്റിലും സ്‌ക്രീനുണ്ട്. സിനിമ കാണേണ്ടവർക്ക് അതാവാം. യാത്രക്കാർക്ക് സ്‌നാക്‌സും ലഘു പാനീയങ്ങളും ചായയും ലഭിക്കും. ഭക്ഷണത്തിനും പ്രാഥമികാവശ്യങ്ങൾക്കുമായി വലിയ ബസ്റ്റാന്റുകളിൽ കുറച്ചധികം സമയം ഒന്നോ രണ്ടോ സ്റ്റോപ്പുണ്ടാവും. സ്വകാര്യ സർവീസുകളാണ്. ഹൈവേയിൽനിന്നും പാമുക്കലെയിലേക്ക് അവർതന്നെ മിനിബസ് ഏർപ്പെടുത്തുന്നു.

ഞങ്ങൾ പാമുക്കലെയെത്തുമ്പോൾ സമയം രാവിലെ ആറുമണി കഴിഞ്ഞതേയുള്ളൂ. അടുത്തൊരു ഹോട്ടലിൽ പ്രഭാത കൃത്യങ്ങൾക്കും ബ്രേക്‌ഫാസ്റ്റിനുമായി കയറി. അതിരാവിലെയായതിനാൽ ഒട്ടും തിരക്കില്ല. സമയമെടുത്ത് തുർക്കിഷ് ബ്രേക്‌ഫാസ്റ്റും കഴിച്ച് ഉഷാറായി എട്ടരയോടെ ഞങ്ങൾ പുറപ്പെട്ടു. ഏതാനും ചുവടുകളുടെ ദൂരമേയുള്ളൂ, പ്രവേശന കവാടത്തിലേക്ക്. അറുപത് ലിറയാണ് ഒരാൾക്ക് ടിക്കറ്റിന്. കയ്യിലുണ്ടായിരുന്ന ലഗ്ഗേജുകൾ സ്വന്തം ഉത്തരവാദിത്തത്തിൽ ടിക്കറ്റിങ് ക്യാബിന് പുറത്ത് വച്ചു.

അകത്തു കയറി. മലകയറ്റം തുടങ്ങുന്നിടം മുതൽ ചെരുപ്പ് അഴിച്ചുവച്ച് വേണം കയറാൻ. ചെരുപ്പ് കവറിലിട്ട് കയ്യിൽപ്പിടിക്കാം. മുകളിൽ ആവശ്യം വരും. ഏജൻസികൾ വഴി വരുന്ന പല ടൂറിസ്റ്റുകളും അവരുടെ വാഹനത്തിൽ വന്ന്, നേരെ കുന്നിനു മുകളിലാണ് ഇറങ്ങുന്നത്. മേലെനിന്നുള്ള കാഴ്ചകൾ കണ്ട് മുകളിൽ തങ്ങുന്ന അവരിൽ പലരും താഴോട്ട് മലയിറങ്ങുന്നില്ലെന്നതിനാൽ മനോഹരമായൊരു മലകയറ്റമാണ് അവർക്ക് നഷ്ടമാകുന്നത്!

പുറംഭാഗം ഇത്തിരി പരുക്കനായാണ് ചുണ്ണാമ്പ് മലയുടെ ഉപരിതലം. ഭൂമിക്കടിയിലെ ഉറവകളിൽനിന്നും വരുന്ന വെള്ളം പുറത്തേക്ക് ഊർന്നിറങ്ങുകയാണ്. കുന്ന്, അവിടവിടെ തട്ടുകളായി തിരിച്ചിരിക്കുന്നു. തട്ടുകളിൽ കുളങ്ങളെപ്പോലെ വെള്ളം നിറഞ്ഞിരിക്കുന്നു. അടിയിലെ ചുണ്ണാമ്പ് കല്ല് കാരണം, തെളിഞ്ഞിരിക്കുമ്പോൾ ഇതിലെ വെള്ളത്തിന് ആകാശ നീല നിറം.

ചെറിയൊരു ഇളം ചൂടാണ് ഇവിടുത്തെ വെള്ളത്തിന്റെ പ്രത്യേകതയെങ്കിലും, സൂര്യൻ ഉച്ചിയിൽ നിൽക്കുന്ന ജൂൺമാസത്തിലെ ചൂടിൽ തണുപ്പാണ് നമുക്ക് അനുഭവപ്പെടുക. ശൈത്യകാലമാണെങ്കിൽ വെള്ളത്തിൽനിന്ന് നീരാവി പൊങ്ങുന്നത് കാണാമത്രെ. വെള്ളത്തിൽ കാലിട്ടിറങ്ങാൻ നല്ല രസം. അടിയിൽ പൂഴിപോലെ ചുണ്ണാമ്പ് ഇളകി വരും. കാലിൽ ശരിക്കും നമുക്ക് അതിന്റെ ഫീൽ ലഭിക്കും. ശരിക്കും വെള്ളത്തിൽ കുമ്മായം കലക്കിയ പോലെത്തന്നെ. തൊലിപ്പുറത്ത് ഇത് തേക്കുന്നത് സ്കിന്നിന് നല്ലതാണെന്ന ധാരണയിൽ സഞ്ചാരികളിൽ പലരും കുമ്മായം കയ്യിൽക്കോരി ദേഹത്ത് തേച്ചുപിടിപ്പിക്കുന്നതു കാണാം.

ഏതു കാലാവസ്ഥയിലും 36 ഡിഗ്രി ചൂടുള്ള ഇവിടുത്തെ വെള്ളത്തിന് രോഗശാന്തി നല്കാനാവുമെന്ന വിശ്വാസത്തിൽ സഹസ്രാബ്ധങ്ങളായി സന്ദർശകർ ‘healing waters’ തേടി ഇവിടെയെത്തുന്നുണ്ടത്രേ! അതേ വിശ്വാസംകൊണ്ടാവാം ഇപ്പഴും ശരീരത്തിലിത് പിടിപ്പിക്കുന്നത്. എന്നാൽ തൊലിയിൽ ഇത് തേക്കുന്നത് ആരോഗ്യപരമായിത്തന്നെ നല്ലതല്ലെന്നും പറയുന്നു.

പരമാവധി മുട്ടിനുമേൽ വെള്ളമേയുള്ളൂ ഈ ‘കുള’ങ്ങളിൽ. പക്ഷെ ടൂറിസ്റ്റുകൾക്ക് അതൊന്നും പ്രശ്നമല്ല. കുട്ടികൾ ഇറങ്ങി തിമർത്തു കളിക്കുന്നു. വലിയവർ പലരും ഇവയെ സ്വിമ്മിങ് പൂളാക്കിയ മട്ടുണ്ട്!

നടന്നങ്ങിനെ കയറി മുകളിലെത്തുമ്പോൾ തണൽമരങ്ങളുള്ള ഒരു പാർക്ക് പോലെ ഒരുക്കിയിരിക്കുന്നു. ജ്യൂസും സ്‌നാക്‌സുമൊക്കെ വിൽക്കുന്ന കടയുമുണ്ട്. മലയ്ക്ക് താഴെയുള്ളതിന്റെ ഇരട്ടിയിലേറെയാണ് നിരക്കെന്നുമാത്രം! ഇതിനു തൊട്ടുപിന്നിലായി ഒരു സ്വിമ്മിങ് പൂളുമുണ്ട്, ഫാസ്റ്റ് ഫുഡ് സൗകര്യവും. ഇവിടെ ടോയ്‌ലറ്റ്, ഷവർ സൗകര്യങ്ങളുമുണ്ട്.

വെള്ളത്തിന് ശരിക്കും പകൽക്കൊള്ളയാണ്! വെള്ളം കയ്യിൽ കരുതുന്നത് നന്നാവും. കുന്നു കയറുംമുമ്പ് പ്രവേശനകവാടത്തിനു പുറത്ത് ഒരു കച്ചവടക്കാരൻ വെള്ളം വാങ്ങിക്കൊള്ളാൻ പറഞ്ഞിരുന്നെങ്കിലും, തിരിച്ചുവന്നപ്പോഴാണ് ഞങ്ങൾക്കത് കത്തിയത്!

ഗ്രീക്കോ റോമൻ നഗരമായിരുന്ന ഹൈറാപോളിസ് ആണ് ഇവിടുത്തെ മറ്റൊരു ആകർഷണം. ‘ചുണ്ണാമ്പ് മല’യുടെ മുകളിലെത്തിക്കഴിഞ്ഞ് കുറേക്കൂടി മുന്നോട്ട് നടന്നാൽ അവശേഷിപ്പുകളെ ഭംഗിയായി സംരക്ഷിച്ചിരിക്കുന്ന ഹൈറാപോളിസ് കാണാം. മനോഹരമായ ആംഫി തീയേറ്റർ ആണ് ഇവിടത്തെ മുഖ്യ കാഴ്ച. വൃത്താകൃതിയിൽ തുറന്ന മേൽക്കൂരയും നിറയെ ഗാലറികളുമുള്ള പ്രാചീന പ്രദർശനശാലയാണ് ആംഫി തീയേറ്റർ. റോമൻ നിർമ്മിതികളാണിവ. റോമൻ കാലഘട്ടത്തിൽ മല്ലയുദ്ധ പ്രദർശനങ്ങൾ, യുദ്ധാഭ്യാസ പ്രകടനങ്ങൾങ്ങൾ, കായികാഭ്യാസങ്ങൾ, മൃഗങ്ങൾ തമ്മിലുള്ള പോരുകൾ തുടങ്ങി, പരസ്യമായ വധ ശിക്ഷകൾ വരെ സാധാരണക്കാർക്ക് കാണാൻ വേണ്ടി ഇത്തരം തുറന്ന വേദികളിൽ നടത്താറുണ്ടായിരുന്നു. റോമൻ ആംഫി തീയേറ്റർ ഓഫ് പാമുക്കാലേ എന്നാണിപ്പോൾ ഇത് അറിയപ്പെടുന്നത്.

സന്ദർശകർക്ക് കൂടെനിന്ന് ഫോട്ടോയെടുക്കാനായി പഴയ റോമൻ ഭടന്മാരുടേയും രാജാവിന്റെയുമൊക്കെ വേഷം ധരിച്ച് ആജാനബാഹുക്കൾ പുറത്തു നിൽപ്പുണ്ട്. തകർന്ന പഴയൊരു റോമൻ ക്ഷേത്രത്തിന്റെ ശേഷിപ്പുകളും ഈ വേൾഡ് ഹെറിറ്റേജ് സൈറ്റിലുണ്ട്. അപ്പോസ്‌തലനായ സെന്റ് ഫിലിപ്പ് രക്തസാക്ഷിയായി എന്ന് കരുതപ്പെടുന്ന സ്ഥലത്തു ഒരു ഓപ്പൺ മ്യൂസിയവും ഇവിടെയുണ്ട്, Martyrion of St Philip എന്ന പേരിൽ.

പാരാഗ്ലൈഡിങ് തല്പരർക്ക് അതിനും, ഹോട്ട് എയർ ബലൂൺ റൈഡിനും പാമുക്കലെയിൽ സൗകര്യമുണ്ട്. കപ്പദോക്കിയയാണ് ബലൂൺ റൈഡിനു കൂടുതൽ പ്രസിദ്ധമെങ്കിലും ഇവിടെയും ഹോട്ട് എയർ ബലൂൺ റൈഡിന് സൗകര്യമുണ്ട്. ബലൂണിൽ പറക്കണമെന്നുണ്ടെങ്കിൽ പക്ഷെ അതിരാവിലെ, ഏഴുമണിക്ക് മുമ്പായെങ്കിലും സ്ഥലത്തെത്തണം. ഏഴരയോടെ അവർ ബലൂൺ റൈഡ് മതിയാക്കി മലയിറങ്ങും.

പാമുക്കലെ സന്ദർശനത്തിന് ഏറ്റവും പറ്റിയ സമയം മാർച്ച്-മേയ്, അതുപോലെ സെപ്റ്റംബർ ഒക്ടോബര് മാസങ്ങളാണ്. സമ്മർ മാസങ്ങളിൽ നേരെ തലയ്ക്കുമുകളിൽ സൂര്യനായതുകൊണ്ട് സാമാന്യം നല്ല ചൂട് അനുഭവപ്പെടും. സമ്മറിൽ കുട വേണമെങ്കിൽ കരുതാം.

Related Articles