Current Date

Search
Close this search box.
Search
Close this search box.

ആതിഥ്യം, ശുചിത്വം സിഖ് മുത്തുമണികളെ കണ്ട് പഠിക്കണം

അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നയാൾ തൻ്റെ അതിഥിയെ ആദരിക്കട്ടെ എന്ന് പഠിപ്പിക്കപ്പെട്ട വല്ല സമുദായവുമുണ്ടോ എന്നറിയില്ല ,മുഅ്മിനീങ്ങളല്ലാതെ . അതിഥിയെ വീട്ടുകാരനായി (അഹ് ലൻ ) കാണുന്ന വല്ല സംസ്കാരവുമുണ്ടോ എന്നറിയില്ല , അറബി സംസ്കാരത്തിലല്ലാതെ . മൂന്നു ദിവസത്തേക്ക് ആഗമനോദ്ദേശ്യം ചോദിക്കാതെ തന്നെ സൽകരിക്കുന്നതായിരുന്നു നമ്മുടെ പാരമ്പര്യം.എന്നാൽ ഇന്ന് ആ സംസ്കാരത്തിന്റെ 100% യഥാർത്ഥ വാഹകർ നമ്മുടെ രാജ്യത്തെ സിഖ് മതവിശ്വാസികളാണെന്ന് നിസ്സംശയം പറയാമെന്ന് കുറിപ്പുകാരൻ തന്റെ അനുഭവ പരിചയം വെച്ച് പറയാൻ ആഗ്രഹിക്കുന്നു. കോവിഡ് കാലത്തിന്റെ തൊട്ടു മുമ്പ് ശാഹീൻ ബാഗിലെ പ്രക്ഷോഭകർക്ക് സൗജന്യ ഭക്ഷണം നല്കിയ സിഖ് സഹോദരന്മാരുടെ ഔദാര്യവും നനവും നാം മറന്നു കാണില്ല.

എന്നാൽ ആ അതിഥി സൽക്കാരം കണ്ണും വയറും നിറഞ്ഞനുഭവിച്ചത് കൊണ്ട് ചില സംഗതികൾ പ്രിയപ്പെട്ട വായനക്കാരുമായി പങ്കുവെയ്ക്കുന്നു. വർഷങ്ങൾക്ക് മുമ്പ് തന്നെ ദൽഹിയിലും സൻസദ് മാർഗിലും ലങ്കർ – പങ്കർ – മങ്കറിന്റെ ദൂരക്കാഴ്ചക്കുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. എന്നാൽ ലങ്കറിൽ ‘മനസ്സാ വാചാ കർമണാ’ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നത് ഈയിടെ പെരുന്നാളവധിക്ക് കുറിപ്പുകാരനും നാട്ടുകാരനുമായ സൈനുദ്ദീൻ കോമുവിനോടൊപ്പം നടത്തിയ ലാസ്റ്റ് ഉത്തരേന്ത്യൻ യാത്രയിലാണ്. അത്താറി -വാഗാ ബോർഡറിലേക്കുള്ള യാത്രാ മധ്യേ അമൃത്സർ റെയിൽ വേ സ്റ്റേഷന്റെ മൂന്നു കിലോ മീറ്റർ ദൂരത്തിലുള്ള സുവർണ്ണ ക്ഷേത്രം (Golden temple) അടുത്തു നിന്നു കണ്ടതാണ് സംഭവം. ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖ സിഖ് ഗുരുദ്വാരയാണ് സുവർണ്ണ ക്ഷേത്രം . ഹർമന്ദർ സാഹിബ്, ദർബാർ സാഹിബ് എന്നെല്ലാം അറിയപ്പെടുന്ന ഈ സിഖ് കേന്ദ്രം ശരിക്കും ആകർഷണീയമായ കാഴ്ചയാണ്. ദിവസവും 40,000 വരെ തീർത്ഥാടകർ ഇവിടെ ദർശനത്തിനായി വരുന്നു. പലരും ക്ഷേത്രത്തിൽ തന്നെ താമസിക്കുന്നു, പ്രതിദിനം 80000 വരെ ആളുകൾക്ക് ഇവിടെ ഭക്ഷണം വിളമ്പുന്നു. തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും അവിടെയെത്താൻ ട്രെയിൻ സ്റ്റേഷനും സുവർണ്ണ ക്ഷേത്രത്തിനും ഇടയിൽ സൗജന്യ ബസ് സർവീസ് പോലും ഉണ്ട്. നിരവധി തീർത്ഥാടകർ നീന്തൽക്കുളം, പ്രാർത്ഥനാ ഹാൾ എന്നിവയുടെ മുറ്റത്ത് പുറത്ത് വെറും തറയിൽ രാപകൽ ഭേദമില്ലാതെ ഉറങ്ങുന്നു. ക്ഷേത്ര സമുച്ചയത്തിൽ വിവിധയിടങ്ങളിലായി ആർക്കും സൗജന്യമായി താമസിക്കാം എന്നത് ഊരു തെണ്ടികളായ മലയാളി ബാക്ക് പേക്കർസ് അറിയുന്നത് നല്ലത്.

മുറി ആവശ്യമുള്ളവർക്ക് 200-500 രൂപ നാമമാത്ര നിരക്കിൽ അതും കൊടുക്കുന്നു. “ഗുരു അർജൻ നേവ് നിവാസ്” പോലെയുള്ള തൊട്ടടുത്തുള്ള ഡോർമിറ്ററികളിലും മറ്റും താമസസ്ഥലത്തേക്ക് കൊണ്ടുപോയി സൗജന്യമായി താമസിപ്പിക്കാൻ സിഖ് മതവിശ്വാസികൾ സൗകര്യമൊരുക്കുന്നുണ്ട്. 3 ദിവസത്തേക്ക് വരെ സൗജന്യമായി ഇവിടെ താമസിക്കാൻ ഏതു മതവിശ്വാസിക്കും കഴിയും. കയ്യിൽ ഏതെങ്കിലും ഒരു ഐഡന്റിറ്റി പ്രൂഫ് വേണമെന്നു മാത്രം.

വിദേശ ടൂറിസ്റ്റുകൾക്കായി റിസർവ് ചെയ്‌തിരിക്കുന്ന ലളിതമായ താമസ സൗകര്യം കാണേണ്ടതു തന്നെയാണ് . ചപ്പാത്തി, ചോറ്, പരിപ്പ്, അരിപ്പായസം എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ പാചകം ചെയ്യുന്ന സ്ഥലം കാണുന്നത് തന്നെ അത്ഭുതകരമായ അനുഭവമാണ്. മുങ്ങിക്കുളിക്കുന്ന സ്നാനഘട്ടും ദുർഗന്ധമില്ലാത്ത ഊട്ടുപുരയും കമ്മ്യൂണിറ്റി കിച്ചനും ഉത്തരേന്ത്യയുടെ കണ്ണായ സ്ഥലത്ത് സങ്കല്പിക്കാൻ പോലും കഴിയില്ല. പച്ചക്കറികൾ മുറിക്കാനും ഭക്ഷണം തയ്യാറാക്കുന്നതിലും പാത്രങ്ങൾ കഴുകുന്നതിലും ആർക്കും സ്വയം സന്നദ്ധരായി പങ്കെടുക്കാം. പാത്രങ്ങൾ
ഒരാൾ നിന്നു മോറുകയല്ല ഓരോ മൂലകളിലും ഡസൻ കണക്കിന് വളണ്ടിയർമാർ അതിസൂക്ഷ്മമായ നിർവഹിക്കുന്ന രംഗം ഫോട്ടോയെടുക്കാൻ ശ്രമിച്ചപ്പോൾ മൊബൈൽ പണി മുടക്കി.

ക്ഷേത്രത്തിൽ ചിലയിടങ്ങളിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്യുന്നുണ്ട് , അതും കണ്ടാൽ വായിൽ വെള്ളം വരുന്ന രീതിയിൽ . സുവർണ ക്ഷേത്രത്തിൽ കയറുമ്പോൾ ( മറ്റു ഗുരുദ്വാരകളിലും ) പാദരക്ഷകൾ അഴിച്ചുമാറ്റണം.ആണും പെണ്ണും തല മറയ്ക്കണം എന്നതു ലിഖിത നിയമമാണ്. ഗോൾഡൻ ടെമ്പിളിന്റെ പല മൂലകളിലുമുള്ള ജലപാനത്തിന്റെ ഇടങ്ങളും പാദരക്ഷകൾ , ബാഗേജുകൾ എന്നിവ സൂക്ഷിക്കുന്ന സ്ഥലങ്ങളും വൃത്തിയുടെ ഇടങ്ങൾ തന്നെ. “അത്തഹൂറു ശത്രുൽ ഈമാൻ ” (വൃത്തി വിശ്വാസത്തിന്റെ ഭാഗം ) എന്ന് പറഞ്ഞു വൃത്തിയുടെ മേലാളന്മാര് ചമയുന്ന മാപ്ലമാർ ഏതായാലും കാണേണ്ട ഇടനാഴികളാണിവ . ശുചിമുറിയിൽ പോലും ഏതു നിമിഷവും വൃത്തിയാക്കാനും സുഗന്ധം പൂശാനും ഏതാനും വളണ്ടിയേഴ്സ് 24 x 7 കാവലുണ്ട്. വാഗാ ബോർഡറിലേക്ക് പോവുന്ന വഴിക്ക് 11 മണിക്ക് ഇവിടെ നിന്ന് ഒരു ബ്രഞ്ച് കഴിച്ചാൽ പിന്നെ പരേഡ് കഴിഞ്ഞിട്ടേ വല്ലതും കഴിക്കേണ്ടതുണ്ടാവൂ.

നമസ്കരിക്കാനാഗ്രഹിക്കുന്നവർക്ക് തൊട്ടടുത്ത് 200 വർഷം പഴക്കമുള്ള ഒരു ജുമാ മസ്ജിദുണ്ട്. ഗോൾഡൻ ടെമ്പിളിന്റെ പരിസരത്തായുള്ള ധാരാളം ഗുരുദ്വാരകളും മന്ദിറുകളും മസ്ജിദുകളും കാണേണ്ട കാഴ്ച തന്നെ. അധികം സമയമില്ലാത്തത് കൊണ്ട് 200 വർഷം പഴക്കമുള്ള മുഹമ്മദ് ഷാഹ് പള്ളിയിൽ കയറി ലേശം വിശ്രമിച്ചു. ഉത്തരേന്ത്യയിലെ മറ്റു പള്ളികൾ പോലെ മൂത്രപ്പുരകൾ കൊതുകു വളർത്തൽ കേന്ദ്രമാണെങ്കിലും അവിടെയുള്ള പള്ളികളിൽ ഫാൻ/ എയർ കൂളർ ഇട്ടാൽ ഓഫ് ചെയ്യാൻ ആരും മുതലാളി ചമഞ്ഞ് വരുന്നില്ല എന്ന കാര്യവും അവിടങ്ങളിലെ പള്ളികളിൽ പ്രത്യേകം ശ്രദ്ധിച്ചു.

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles